18 June Friday

കേന്ദ്രത്തിന്റെ കണ്ണിൽ പതിയാത്തവർ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 15, 2020

സിംഹത്തെ കാട്ടാൻ വരച്ചത് പൂച്ചയായതുപോലെയായി കേന്ദ്രസർക്കാരിന്റെ കോവിഡ് വിരുദ്ധ സാമ്പത്തികപാക്കേജ്. 20 ലക്ഷം കോടിയുടെ സഹായപദ്ധതി പ്രഖ്യാപനത്തിലൂടെ വാനോളം പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് നൽകിയത്. പക്ഷേ, ധനമന്ത്രി നിർമല സീതാരാമൻ അതിന്റെ ഉള്ള് രണ്ടുനാളിലായി തുറന്നുകാട്ടിയപ്പോൾ രാജ്യത്തിന് പൊതുവിൽ നിരാശയാണ് നൽകിയിരിക്കുന്നത്. 20 ലക്ഷം കോടി രൂപയുടെയും  ജിഡിപിയുടെ 10 ശതമാനത്തിന്റെയും പേരിൽ വലിയ അവകാശവാദവും ഉയർന്ന പ്രതീക്ഷയുമാണ് മോഡി നൽകിയത്. ജിഡിപിയുടെ 10 ശതമാനം കോവിഡ് വിരുദ്ധ പാക്കേജായി മുന്നോട്ടുവയ്ക്കുന്ന ലോകത്തിലെ ആദ്യ രാജ്യമെന്നായിരുന്നു ഒരു അവകാശവാദം. എന്നാൽ, അമേരിക്ക, ജർമനി തുടങ്ങിയ രാജ്യങ്ങളെല്ലാം അതിനേക്കാളും ഉയർന്നതോതിലുള്ള പാക്കേജാണ് നടപ്പാക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിനുവേണ്ടി സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടുവരികയായിരുന്നെങ്കിലും 50 ദിവസത്തിനുശേഷമാണ്‌ കേന്ദ്രത്തിന്‌ വീണ്ടുവിചാരം ഉണ്ടായത്. ജനങ്ങളുടെ പട്ടിണിയും തൊഴിലില്ലായ്മയും അകറ്റാനുള്ള സഹായഹസ്തമാണ് കർമപരിപാടിയിലൂടെ ലഭിക്കേണ്ടത്. എന്നാൽ, ആ കാഴ്‌ചപ്പാട് ഉണ്ടാകാതെ പോയി. ആദായനികുതി കൊടുക്കാത്ത എല്ലാ പൗരന്മാർക്കും അവരുടെ ബാങ്ക് അക്കൗണ്ടിൽ മാസം 7500  രൂപ സഹായധനമായി തുടർച്ചയായി കോവിഡ് കാലത്ത് നൽകണമെന്ന നിർദേശം സിപിഐ എം കേന്ദ്രസർക്കാരിന് മുന്നിൽവച്ചിരുന്നു. എന്നാൽ, തൊഴിലില്ലാത്തവർ, കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ ഇവരെയെല്ലാം സഹായിക്കാനുള്ള മനസ്സ് കേന്ദ്രസർക്കാരിനില്ലെന്ന് നിർമല സീതാരാമന്റെ നിർദേശങ്ങൾ ബോധ്യപ്പെടുത്തുന്നു.

കോവിഡ് വിഷയത്തിൽ മോഡി രാജ്യത്തെ ആദ്യം സംബോധന ചെയ്ത മാർച്ച് 12ന് രാജ്യത്തെ തൊഴിലില്ലായ്മ 8.7 ശതമാനം ആയിരുന്നു. എന്നാൽ, മെയ് 11ന് മോഡി പുതിയ പാക്കേജ് പ്രഖ്യാപിക്കുമ്പോൾ ഔദ്യോഗിക കണക്ക് അനുസരിച്ചുതന്നെ തൊഴിലില്ലായ്മ 27 ശതമാനം ആയി. എന്നാൽ, ഔദ്യോഗിക കണക്കിനേക്കാൾ എത്രയോ ഇരട്ടിയാണ് യഥാർഥത്തിൽ തൊഴിലില്ലായ്മ. ഈ വിഭാഗങ്ങളുടെയെല്ലാം കൈയിൽ പണം എത്തിച്ചെങ്കിൽമാത്രമേ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയൂ. ചെറുകിട ഇടത്തരം വ്യവസായങ്ങളെ ഉൾപ്പെടെ സംരക്ഷിക്കാൻ വായ്പയും ആനുകൂല്യങ്ങളും നൽകുന്നത് നല്ലതുതന്നെ. എന്നാൽ, ഈ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമുണ്ടാകണം. അതിന് സാധാരണ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കണം. അതുകൊണ്ടാണ് നവഉദാരവൽക്കരണ സാമ്പത്തികനയത്തിലെ തീവ്രവാദിയും യാഥാസ്ഥിതികനുമായ ഡോണൾഡ് ട്രംപുപോലും വ്യക്തിഗത സഹായധന പദ്ധതി നടപ്പാക്കിയത്.


 

പ്രതിസന്ധിയിലായ ചെറുകിട– ഇടത്തരം– -സൂക്ഷ്മ വ്യവസായങ്ങൾക്ക് 20,000 കോടി രൂപ മാറ്റിയിട്ടുണ്ട്. അതുകൊണ്ടുമാത്രം ഈ വ്യവസായങ്ങളെ സംരക്ഷിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ തിരിച്ചറിയണം. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിച്ചുകൊണ്ടുള്ള നടപടികൾക്ക് ഊന്നൽ നൽകണം. വ്യവസായസ്ഥാപനങ്ങളെടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള സാവാകാശം ഒരു വർഷമെങ്കിലും നീട്ടിക്കൊടുക്കുകയും ഈ കാലയളവിലെ ബാങ്ക് പലിശ ഒഴിവാക്കിക്കൊടുക്കുകയും വേണം. രാജ്യത്തെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന പാക്കേജ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. കോവിഡുമായി പൊരുത്തപ്പെട്ട് ഇനി ജീവിക്കേണ്ടിവരുമെന്നും ഈ പ്രതിസന്ധിയെ സ്വയംപര്യാപ്തത നേടാനുള്ള അവസരമാക്കണമെന്നുമായിരുന്നു മോഡിയുടെ ആഹ്വാനം. പാക്കേജിന് ആത്മനിർഭർ ഭാരത് അഭിയാൻ (സ്വയംപര്യാപ്ത ഇന്ത്യ പദ്ധതി) എന്ന പേരുമിട്ടു. എന്നാൽ, സ്വയംപര്യാപ്തത നേടാനുള്ള യജ്ഞത്തിൽ സംസ്ഥാന സർക്കാരുകളും ദരിദ്രജനവിഭാഗങ്ങളും ഇല്ലെന്നതാണ് പരിതാപകരം.

സംസ്ഥാനങ്ങളെ സഹായിക്കണം
ഇന്ത്യയെന്നത് കേന്ദ്രസർക്കാരിൽ പരിമിതപ്പെടുന്ന ഒന്നല്ല. സംസ്ഥാന സർക്കാരുകളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ സംവിധാനമാണ്. സാമ്പത്തികമായി സുശക്തമായ കേന്ദ്രവും ദുർബലമായ സംസ്ഥാനങ്ങളുമെന്നത് ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ല. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ ഖജനാവിൽ അതിന്റെ പത്തു ശതമാനം തുകപോലുമില്ല. എന്നാൽ, റിസർവ് ബാങ്കിൽനിന്ന്‌ ആവശ്യാനുസരണം പണം വാങ്ങാനും വേണമെങ്കിൽ നോട്ടടിക്കാനും അധികാരമുള്ളതുകൊണ്ട് പാപ്പരാകില്ലെന്നുമാത്രം. ഈ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്ക് നിശ്ചിതമായ തുക കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനുള്ള കടമയും ഉത്തരവാദിത്തവും കേന്ദ്രസർക്കാരിനുണ്ട്. കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾ 90 ശതമാനം നടത്തുന്നത് സംസ്ഥാനങ്ങളാണ്. കേരളമാകട്ടെ ഈ പ്രവർത്തനത്തിൽ ലോകമാതൃകയാണ്. എന്നാൽ, ഈ സംസ്ഥാനങ്ങളെല്ലാം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. അത് കണക്കിലെടുത്ത് സംസ്ഥാനങ്ങളെ സഹായിക്കാനുള്ള ഇടം ഇപ്പോഴത്തെ പാക്കേജിലുണ്ടാകണം. സാമ്പത്തിക പാക്കേജ് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുംമുമ്പുതന്നെ നടപ്പാക്കേണ്ടതായിരുന്നു. അതിലൂടെ അതിഥിത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമായിരുന്നു. വേണ്ടത്ര മുന്നറിയിപ്പും തയ്യാറെടുപ്പും കൂടാതെ അടച്ചുപൂട്ടൽ കേന്ദ്രസർക്കാർ നടപ്പാക്കിയതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്ന് അതിഥിത്തൊഴിലാളികളാണ്. അതിന്റെ ഫലമായിട്ടാണ് വീടും നാടും അണയാൻ നൂറ് കണക്കിനു കിലോമീറ്റർ ദൂരം നഗ്നപാദരായി നടന്നതും അനേകം പേർ പട്ടിണിയും ദാഹവും അപകടവും കാരണം മരിച്ചതും.


 

മഹാമാരിയുടെ വൈറസിനേക്കാൾ ഭരണകൂടം സൃഷ്ടിച്ച പട്ടിണിയും കരുതലില്ലായ്മയും കാരണമാണ് അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനമുണ്ടായത്. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ട്രെയിൻ കയറി അതിഥിത്തൊഴിലാളികൾ കൊല്ലപ്പെട്ടു. നാടണയാൻ വഴിതെറ്റാതിരിക്കാൻ റെയിൽപ്പാളത്തിലൂടെ നടന്നവർ ക്ഷീണിച്ച്‌ തളർന്നുറങ്ങിയപ്പോൾ ചരക്ക് ട്രെയിൻ ചതച്ചരയ്ക്കുകയായിരുന്നു. ഈ ദുരന്തത്തിൽ  ഒന്നാം പ്രതി‌ ആയിട്ടുപോലും മോഡി സർക്കാരിന് അതിഥിത്തൊഴിലാളികളുടെ കാര്യത്തിൽ സമയത്ത്‌ മനസ്സലിവ് ഉണ്ടായില്ല. അവർ  മനുഷ്യാവകാശലംഘനത്തിന്‌ ഇരയാകുന്ന വിഷയത്തിൽ സാർവദേശീയമായി മോഡി സർക്കാരിനെതിരെ വികാരം അലയടിച്ച പശ്ചാത്തലത്തിലാണ്‌ ഇപ്പോൾ ചില സാമ്പത്തിക ആനുകൂല്യപ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. അന്തർ സംസ്ഥാനബന്ധമെന്നത് കേന്ദ്രംകൂടി ഇടപെടേണ്ട ഭരണഘടനാ ചുമതലയുള്ളതാണ്. അത് നിർവഹിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്‌.

പ്രവാസികളോട്‌ നന്ദികേട്‌ അരുത്‌
ഇന്ത്യക്ക്‌ വലിയതോതിൽ വിദേശനാണ്യം സമ്പാദിച്ച്‌ തരുന്നവരാണ് പ്രവാസികൾ. അവരിൽ വലിയൊരു പങ്ക് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയാണ്. ഇവരെ സംരക്ഷിക്കുന്നതിനും തൊഴിൽ നൽകുന്നതിനുമുള്ള നിർദേശങ്ങളും പാക്കേജിൽ ഇതുവരെ  ഉണ്ടായിട്ടില്ലെന്നത് നീതീകരിക്കാനാകാത്ത നന്ദികേടാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് ഉദാഹരണമായി മോഡി ചൂണ്ടിക്കാണിച്ചത് പിപിഇ കിറ്റുകളുടെയും എൻ95 മാസ്‌കുകളുടെയും ഉൽപ്പാദനത്തെയാണ്. നേരത്തെ പേരിനുമാത്രമേ ഇവ ഉൽപ്പാദിപ്പിച്ചിരുന്നുള്ളൂ. എന്നാൽ, ഇന്ന് പ്രതിദിനം രണ്ട്‌ ലക്ഷം വീതം ഉൽപ്പാദിപ്പിക്കുന്നുണ്ട്. കോവിഡിന്റെ വ്യാപനവും അതിന്റെ പ്രതിരോധത്തിനുള്ള ജനങ്ങളുടെ അവബോധവും ആരോഗ്യസ്ഥാപനങ്ങളുടെ ആവശ്യകതയും കാരണമാണ് ഉൽപ്പാദന വർധനയുണ്ടായത്. അത് രാജ്യത്തിന്റെ നേട്ടമായി കണക്കാക്കുന്നത് ഒരു ഭരണാധികാരിയുടെ കാഴ്ചപ്പാടിന്റെ വികലതയാണ്.


 

കോവിഡിന്റെ മറവിൽ തൊഴിലാളിവിരുദ്ധ നയങ്ങൾ മോഡി സർക്കാർ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത ശക്തിപ്പെടുത്തിയിരിക്കുകയാണ്. കർഷകരുടെ ഭൂമി നേരിട്ടുവാങ്ങാൻ കോർപറേറ്റുകൾക്ക് അനുമതി നൽകി. തൊഴിലാളികളെ പിരിച്ചുവിടാനും വേതനം വെട്ടിക്കുറയ്ക്കാനും തൊഴിൽസമയം ദീർഘിപ്പിക്കാനും നിയമഭേദഗതികൾ കൊണ്ടുവരുന്നു. വേതനം, ജോലിസുരക്ഷ, സാമൂഹ്യസുരക്ഷ തുടങ്ങിയ കാര്യങ്ങളിലെല്ലാം തൊഴിലാളികളെ അടിമസമാന വ്യവസ്ഥയിലേക്ക് തള്ളിവിടുകയാണ്. ഇത് കാട്ടുനീതിയെന്നു പറഞ്ഞ് ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസുപോലും എതിർക്കുകയാണ്. ഇത്തരത്തിൽ പണിയെടുക്കുന്നവരോടുള്ള കൂറ്‌ പ്രതിഫലിപ്പിക്കുന്നതല്ല കേന്ദ്രസർക്കാരിന്റെ കോവിഡ് വിരുദ്ധ സാമ്പത്തിക പാക്കേജ്.

എല്ലാ പാവപ്പെട്ടവരുടെയും വീടുകളിൽ കാരുണ്യത്തിന്റെ വെളിച്ചം തെളിക്കാനുള്ളതാകണം രാജ്യത്തിന്റെ പണം ചെലവഴിക്കുന്ന കോവിഡ് വിരുദ്ധ പാക്കേജ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ ആദ്യഘട്ട പ്രഖ്യാപനമായി ആറു ലക്ഷം കോടി രൂപയുടെ സഹായ പദ്ധതികളാണ് നിർദേശിച്ചിരിക്കുന്നത്. രണ്ടാംഘട്ട പ്രഖ്യാപനവും വന്നു. ഒരു രാജ്യം ഒരു റേഷൻ കാർഡ്‌ എന്ന നിർദേശം പൗരത്വവിവേചനത്തിനുള്ള ആയുധമാകുമോ എന്ന ആശങ്ക സ്വാഭാവികമായി ഉയരും. ഒരു രാജ്യം ഒരുറേഷൻ കാർഡ്‌ എന്ന നിർദേശം മോഡി സർക്കാരിന്റെ ഹിന്ദുത്വനയം നടപ്പാക്കാനുള്ള ഹിഡൻ അജൻഡയാകില്ലേ എന്ന ആശങ്ക ഉയരാം. പൗരത്വവിവേചനം ആയുധമാക്കിയ ഒരു സർക്കാർ കോവിഡിനെ മറയാക്കി നീങ്ങുന്നത്‌ അനുവദിക്കാൻ പാടില്ല. റേഷനും മറ്റ്‌ ആനുകൂല്യങ്ങളും ഒരു സംസ്ഥാനത്തുനിന്ന്‌ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ എത്തുന്ന പൗരന്മാർക്ക്‌ ലഭിക്കുന്നതിന്‌ അതത്‌ സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കുതന്നെ സംവിധാനമേർപ്പെടുത്താവുന്നതാണ്‌.

ദരിദ്രവിഭാഗങ്ങൾക്കും പണിയെടുക്കുന്നവർക്കും കുടുംബശ്രീപോലുള്ള പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും വ്യക്തിഗത സഹായം, സംസ്ഥാനങ്ങളെ കടക്കെണിയിൽനിന്ന്‌ രക്ഷിക്കാനുള്ള നടപടി എന്നിവയൊന്നും ഇതുവരെയുള്ള പ്രഖ്യാപനങ്ങളിൽ വന്നിട്ടില്ല. അടുത്ത ദിവസങ്ങളിലെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുത്തുന്നതിന്‌ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കാനായി എല്ലാ വിഭാഗം ജനങ്ങളും  ശക്തമായ ശബ്ദം ഉയർത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top