02 December Friday

ഗവർണർ വളയമില്ലാതെ ചാടരുത് - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022

ഗവർണർ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആർഎസ്എസ്‌– -ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയിരിക്കുകയാണ്. അതായത് ആരിഫ് മൊഹമ്മദ് ഖാൻ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവർണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ വേണം  ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടത്.

കുറച്ചുകാലമായി ഇടയ്ക്കുംമുറയ്ക്കും ഗവർണർ സംസ്ഥാനത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്നത് തർക്കമറ്റ വസ്തുതയാണ്. ഏറ്റവുമൊടുവിൽ  മന്ത്രിസഭ അംഗീകരിച്ച് സമർപ്പിച്ച ഓർഡിനൻസിൽ ഒപ്പിടാതെ സ്ഥലംവിട്ടു. കേന്ദ്രത്തിലെ ആർഎസ്എസ്- –-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുംവേണ്ടിയാണ് ഇത്. ജനങ്ങൾ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനിൽക്കെ  സമാന്തരഭരണം അടിച്ചേൽപ്പിക്കാൻ ഗവർണർക്ക് കഴിയില്ല. ജനാധിപത്യകേരളം അത്രമാത്രം കരുത്തുറ്റതാണ്.

പശ്ചിമബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവർണർമാരും   സർക്കാരുകളുമായി തുറന്നപോരും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന്‌ ഗവർണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കുകയും ചെയ്തിട്ടുണ്ട്. ഗവർണർക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാർ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാൽ, ഗവർണറും സംസ്ഥാന സർക്കാരും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുകയെന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ഗവർണറുടെ ഭാഗത്തുനിന്ന് സംഭവിക്കാൻ പാടില്ലാത്ത സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം  സർക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് ‘സ്‌ഫോടനാവസ്ഥ' ഒഴിവാക്കുകയായിരുന്നു.


 

ഗവർണർ പദവി ഒരു അജഗളസ്തനമാണെന്നും  അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാർടികൾ  മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട്  ഏറ്റുമുട്ടുകയെന്നത് നയമായി എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നില്ല. ഗവർണർക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവർത്തിക്കേണ്ട പദവിയാണ് ഗവർണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താൻ ഗവർണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതിൽ ആരിഫ് മൊഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓർഡിനൻസിൽ ഒപ്പിടാതെ ബിജെപി-–- ആർഎസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവർണർ.

ലോകായുക്ത ഉൾപ്പെടെ റദ്ദായ 11 ഓർഡിനൻസ്‌ മന്ത്രിസഭായോഗം വീണ്ടും അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി കൈമാറിയെങ്കിലും അദ്ദേഹം ഒപ്പിടാതെ മാറ്റിവച്ചത് അനുചിതമാണ്. അവ  മടക്കി അയക്കാൻ ഗവർണർക്ക് അധികാരമുണ്ട്. അതും ചെയ്തില്ല. മുമ്പ് ഗവർണർ തന്നെ അംഗീകരിച്ച് ഓർഡിനൻസായി പുറത്തുവന്ന നിയമങ്ങളാണ് അംഗീകാരത്തിനുവേണ്ടി എത്തിയത്. ഈ സാഹചര്യത്തിലാണ് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസം സഭ സമ്മേളിക്കുന്നത് കേരളത്തിലാണ്. ഒരു മാസംമുമ്പാണ് സഭ പിരിഞ്ഞത്. ആറുമാസത്തിൽ ഒരിക്കലെങ്കിലും സമ്മേളനം ചേരണമെന്നതാണ് വ്യവസ്ഥ. എന്നാൽ, ഭരണഘടനാ വ്യവസ്ഥ പാലിക്കുന്നതിനുവേണ്ടി പരമാവധി ദിവസങ്ങൾക്കുവേണ്ടി കാത്തുനിൽക്കാതെയാണ് കേരളനിയമസഭ സമ്മേളിച്ചുവരുന്നത്. ഇത് വിരൽചൂണ്ടുന്നത് എൽഡിഎഫ് ഭരണത്തിൽ തുടരുന്ന ജനാധിപത്യത്തിന്റെ ഔന്നത്യമാണ്.

ലോകായുക്ത ഭേദഗതി ബിൽ നിയമമന്ത്രി പി രാജീവ് അവതരിപ്പിച്ചപ്പോൾ ഇത് ഭരണഘടനാ വിരുദ്ധമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. ഈ വാദം നിരർഥകമാണെന്നും ഭരണഘടനയ്ക്ക് നിരക്കാത്ത വകുപ്പുകൾ ഏതു സമയത്തും നിയമസഭയ്ക്ക് ഭേദഗതി ചെയ്യാൻ അധികാരമുണ്ടെന്നും രാജീവ് മറുപടിയും നൽകി. ഇന്ത്യയിൽ അഴിമതി, വിശിഷ്യാ ഭരണത്തിലെ അഴിമതി ഇല്ലാതാക്കാൻ ലോക്പാൽ നിയമത്തിനുവേണ്ടി നിരന്തരം പോരാടിയത്  ഇടതുപക്ഷപ്രസ്ഥാനമാണ്. ഇത്തരം നിയമം കൊണ്ടുവരാതിരിക്കുന്നതിന് പരമാവധി യത്‌നിച്ച കക്ഷിയാണ് ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസ്. ഇപ്പോൾ ഭേദഗതി ചെയ്യുന്ന സംസ്ഥാന ലോകായുക്ത നിയമം കൊണ്ടുവന്നത് നായനാർ സർക്കാരാണ്. ഭരണമെന്നാൽ അഴിമതിക്കുള്ള മൗലികാവകാശമാണെന്ന സിദ്ധാന്തവും പ്രയോഗവും അംഗീകരിച്ച പാർടിയാണ് കോൺഗ്രസ്. ആ കക്ഷി അഴിമതിവിരുദ്ധ നിയമത്തെ എൽഡിഎഫ് സർക്കാർ ചിറകരിയുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നത് ചരിത്രവിരുദ്ധവും ഇരട്ടത്താപ്പുമാണ്.

മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത

ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിയമഭേദഗതികളും സഭയിൽ വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വലിയൊരു പുകമറ സൃഷ്ടിക്കാൻ  പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും പരിശ്രമിക്കുന്നു. സഭയ്ക്ക് പുറത്ത് ആക്ഷേപവ്യവസായത്തിൽ കോൺഗ്രസുകാരേക്കാൾ മുന്നിലാണെന്നു വരുത്താൻ ബിജെപിയുമുണ്ട്. അതിനുവേണ്ടി സർവകലാശാലയിൽ നടക്കുന്ന നിയമനങ്ങളെ വൻക്രമക്കേടായി ചിത്രീകരിക്കാനുള്ള ഗവർണറുടെ നീക്കത്തിന് പ്രതിപക്ഷകക്ഷികൾ താങ്ങ് നൽകുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ വിവിധ സർവകലാശാലകളിലായി കഴിഞ്ഞ 10 വർഷത്തിനിടയിൽ  അയ്യായിരത്തിലധികം നിയമനം നടന്നിട്ടുണ്ട്. എന്നാൽ, അതിൽ മൂന്നോ നാലോ വേർതിരിച്ചുയർത്തി സിപിഐ എം നേതാക്കളുടെ ബന്ധുക്കൾക്ക് ചട്ടംലംഘിച്ച് നിയമനമെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. വിവാദമാക്കുന്ന ഈ നിയമനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഉയർന്ന അക്കാദമിക് യോഗ്യതയും മതിയായ പ്രാഗത്ഭ്യവുമുണ്ട്. എന്നിട്ടും സർവകലാശാലകളെ സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കുമാത്രം ജോലി കിട്ടുന്ന ഇടമെന്നു സ്ഥാപിക്കാനുള്ള കുത്സിതശ്രമമാണ് നടക്കുന്നത്.

ഇതിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടർത്തുകയാണ് ഗവർണറും ചെയ്യുന്നത്. ഇവിടെ ഗവർണറും മുഖ്യമന്ത്രിയോ അല്ലെങ്കിൽ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളല്ല ഉള്ളത്. മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷതയിൽ ഉറച്ചുനിൽക്കുന്ന എൽഡിഎഫ് സർക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവർണർക്ക് ചൂട്ടുപിടിക്കുകയാണ് കോൺഗ്രസ് പ്രതിപക്ഷമെങ്കിലും ഗവർണർ–-സർക്കാർ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. ഗവർണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂർ വൈസ്ചാൻസലർക്കെതിരായ  ആക്രോശവും ചുവടുവയ്പും.

കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ ഇന്ത്യയിലെ അറിയപ്പെടുന്ന മുൻനിര ചരിത്രകാരനാണ്. ഡൽഹി ജാമിയ മിലിയ കേന്ദ്രസർവകലാശാലയിൽ ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം കേരളത്തിന്റെ കാർഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രപഠനത്തിലും ചരിത്രത്തിലും അവഗാഹത അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് ലോകത്തെ യശസ്സാർന്ന ഈ വ്യക്തിത്വത്തെയാണ് ക്രിമിനലെന്ന് ഗവർണർ അധിക്ഷേപിച്ചത്. അതിൻമേൽ ദേശവ്യാപക പ്രതിഷേധം ഉയർന്നെങ്കിലും അതുപോലും മാനിക്കാതെ ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രൊഫ. ഇർഫാൻ ഹബീബിനെ തെരുവുഗുണ്ടയെന്ന്‌ വിളിക്കുന്നതിലേക്ക്‌ ഗവർണറുടെ അവിവേകം എത്തിയിരിക്കുകയാണ്‌.

ഗവർണറുടെ വാക്കുകൾ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് പ്രൊഫ. റൊമില ഥാപ്പർ, പ്രൊഫ. കെ എൻ പണിക്കർ, പ്രൊഫ. പ്രഭാത് പട്‌നായിക്, പ്രൊഫ. നീലാദ്രി ഭട്ടാചാര്യ അടക്കമുള്ള അമ്പതിൽപ്പരം ചരിത്രപണ്ഡിതരും അക്കാദമിക് ബുദ്ധിജീവികളും സംയുക്ത പ്രസ്താവന ഇറക്കിയതിലൂടെ ഇതിന്റെ ഗൗരവം സൂചിപ്പിക്കുന്നു. ഡോ. ഗോപിനാഥിനോട് ഗവർണർക്ക് പകയുണ്ടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മോദി സർക്കാരിന്റെ പൗരത്വനിയമ ഭേദഗതിയെന്ന കാടൻനിയമത്തിന് കണ്ണൂരിൽ ചേർന്ന ചരിത്ര കോൺഗ്രസ് ഹല്ലേലൂയ പാടാത്തതാണ്. അത് ആരിഫ് മൊഹമ്മദ് ഖാൻ തന്നെ പരാതിരൂപത്തിൽ പറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വലിയൊരു ജനസഞ്ചയത്തിന് പൗരത്വം നിഷേധിക്കുന്ന കരിനിയമമാണ് കേന്ദ്രം കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും. ഇതിനെ വാഴ്ത്തി ചരിത്ര കോൺഗ്രസിൽ ആരിഫ് മൊഹമ്മദ് ഖാൻ പ്രസംഗിച്ചപ്പോൾ തത്സമയംതന്നെ ചോദ്യങ്ങളുമായി വേദിയിൽ പ്രൊഫ. ഇർഫാൻ ഹബീബ് മുന്നോട്ടുവന്നതിനെ തന്നെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയെന്നാണ് കാലങ്ങൾക്കുശേഷം ആരിഫ് മൊഹമ്മദ് ഖാൻ ആരോപിക്കുന്നത്. ആക്ഷേപമുന്നയിക്കുന്ന ഈ വ്യക്തിയെ സർവകലാശാലയിൽ പഠിപ്പിച്ച അധ്യാപകനായിരുന്നു ഇർഫാൻ ഹബീബ് എന്നതുപോലും അദ്ദേഹം വിസ്മരിക്കുന്നു. ഇതിലൂടെയെല്ലാം വ്യക്തമാകുന്നത് മോദി സർക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ, മതനിരപേക്ഷത തകർക്കുന്ന നയത്തെ അനുകൂലിക്കാത്ത അക്കാദമിക് പണ്ഡിതന്മാരെ വച്ചുപൊറുപ്പിക്കില്ല എന്നതാണ്.  ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ മാത്രമല്ല, കേരളത്തിലും അത് നടപ്പാക്കും.  അതിനുള്ള മോദി ഭരണത്തിന്റെ കമാൻഡർ ഇൻ ചീഫ് ആകാനുള്ള ഭാവമാണ് ആരിഫ് മൊഹമ്മദ് ഖാൻ പ്രകടിപ്പിക്കുന്നത്.

അപ്പോൾ ഗവർണറും എൽഡിഎഫ് സർക്കാരും രണ്ടു പക്ഷത്തായി ഇന്ന് നിലയുറപ്പിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തിൽ കാണുന്നു. അതിന് അടിസ്ഥാനം മോദി സർക്കാരിന്റെ രാഷ്ട്രീയനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ്. ഇതിൽ ഏതുകക്ഷി ഏതു ഭാഗത്ത്‌ നിൽക്കുന്നുവെന്നത് പ്രധാനമാണ്. പൗരത്വ പ്രക്ഷോഭ  (സിഎഎ) നിലപാട്‌, നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള എതിർപ്പ്‌, കർഷകപ്രമേയം നിയമസഭയിൽ വരുന്നതിനെ തടയാൻ നടത്തിയ നീക്കം, ചാൻസലർ പദവി ഉപേക്ഷിക്കുമെന്ന പ്രസ്‌താവന, കണ്ണൂർ വിസി പുനർനിയമനത്തിലെ അനാവശ്യ വിവാദം, രാഷ്‌ട്രപതിക്ക്‌ കേരള സർവകലാശാല ഡി -ലിറ്റ്‌ നൽകണമെന്ന സ്വകാര്യ ശുപാർശ നിരാകരിച്ചു എന്നാരോപിച്ചുള്ള പ്രതിഷേധം–-ഇങ്ങനെ ഗവർണർ സൃഷ്ടിച്ച പ്രശ്‌നങ്ങൾ നിരവധിയാണ്‌. ഇതിലെല്ലാം നിറഞ്ഞിരിക്കുന്നത്‌ സംഘപരിവാർ അജൻഡയാണ്‌.

ഗവർണർ പദവിയെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും ഹാനികരമാണ്. ഗവർണർക്ക് ഭരണഘടന നൽകിയിരിക്കുന്ന അധികാരങ്ങൾ വളരെ വിപുലമാണ്. അവയെ മുഖവിലയ്‌ക്കെടുത്താൽ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവർണർ സാധാരണഗതിയിൽ സംസ്ഥാനത്തിന്റെ ‘വ്യവസ്ഥാപിത' തലവൻ മാത്രമാണെന്ന് ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിർവഹണത്തിൽ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരിൽ അറിയപ്പെടുന്നുവെങ്കിലും യഥാർഥ അധികാരങ്ങൾ മന്ത്രിസഭയുടെ കൈയിലാണെന്ന് അർഥം. ജനാധിപത്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സർക്കാർ നിലവിലുള്ളപ്പോൾ ഗവർണർ യഥാർഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.

ഗവർണർ  റബർ സ്റ്റാമ്പോ, രാഷ്ട്രപതിക്കും സംസ്ഥാനമന്ത്രിസഭയ്ക്കും മധ്യേയുള്ള  തപാൽ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എൽഡിഎഫ് ശഠിക്കുന്നില്ല. ഭരണഘടനാ വ്യവസ്ഥകൾ പരിശോധിക്കാനും അവ ആസ്വദിക്കാനും ഗവർണർക്ക് കഴിയും. എന്നാൽ, ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവർത്തിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവർണർ അവസാനിപ്പിക്കണം. ജനായത്ത ഭരണഘടനയ്ക്കുള്ളിൽനിന്ന് ഗവർണർ ചുമതല വഹിക്കണമെന്നാണ് നിയമവ്യവസ്ഥ അനുശാസിക്കുന്നത്. അതിനർഥം ഗവർണർ ഏകാധിപതിയായി പെരുമാറരുത് എന്നാണ്. സ്വന്തം തീരുമാനാവകാശം ഉപയോഗിക്കുന്നതിൽ സ്വതന്ത്രനായ ഒരു ഏജന്റാകരുത് ഗവർണർ. സ്വന്തം കാര്യനിർവഹണത്തിൽ മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയും പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാന നിയമസഭയുടെ വിശ്വാസം മന്ത്രിസഭയ്ക്ക് ഉള്ളിടത്തോളം കാലം ഗവർണർ ഈ സഹായം വേണ്ടെന്നുവയ്ക്കാൻ പാടില്ലെന്ന് ഭരണഘടനാ വിദഗ്‌ധർ വ്യക്തമാക്കിയിട്ടുണ്ട്.

അപ്രകാരം നിയമസഭ പാസാക്കുന്ന ബില്ലുകളെ സ്വന്തം ആഗ്രഹനിവൃത്തിക്കുവേണ്ടി നിരാകരിക്കാൻ പാടില്ലെന്നതാണ് ഭരണഘടനാമൂല്യങ്ങളുടെ സാരാംശം. ലോകായുക്ത ബിൽ അടക്കമുള്ള ഓർഡിനൻസുകൾ ഗവർണർ ഒരിക്കൽ അംഗീകരിച്ചവയാണ്. നിയമപരമായ പരിശോധനകൾക്കുശേഷമാണ് അദ്ദേഹം അതിന് അനുമതി നൽകിയത്. അവ തന്നെ നിയമസഭ പാസാക്കുന്ന ബില്ലായി വരുമ്പോൾ അതിന്മേൽ കാലതാമസവും കുരുക്കും സൃഷ്ടിക്കുമോ എന്ന ചോദ്യം മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ, ഭരണഘടനാ വ്യവസ്ഥകൾ പാലിച്ച് ഗവർണർ പ്രവർത്തിക്കുമെന്നാണ് ജനാധിപത്യവിശ്വാസികൾ കരുതുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top