28 January Saturday

കോൺഗ്രസിന്റെ പോരായ്‌മ പരിഹരിച്ചോ?

സാജൻ എവുജിൻUpdated: Thursday Oct 20, 2022

എഐസിസി  പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ മലയാള മാധ്യമങ്ങൾ, പ്രത്യേകിച്ച്‌ ടെലിവിഷൻ ചാനലുകൾ പൊടിപൂരമായി  ആഘോഷിച്ചു. പൊതുതെരഞ്ഞെടുപ്പ്‌ എന്നപോലെ വാർത്തകൾ നൽകി. ചർച്ചകൾ സംഘടിപ്പിച്ചു. അതേസമയം, ദേശീയ മാധ്യമങ്ങളും മലയാളം ഒഴികെയുള്ള  പ്രാദേശിക ഭാഷകളിലെ മാധ്യമങ്ങളും  ഇതിനു കാര്യമായ പരിഗണന നൽകിയില്ല.  വാർത്തകൾക്കിടയിൽ പറഞ്ഞുപോയെന്നുമാത്രം. ഈ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്‌ട്രീയത്തിൽ കോൺഗ്രസിന്‌ ഉയിർപ്പ്‌ ഉണ്ടാകുമെന്നൊക്കെ മലയാളം ചാനലുകളിലെ ചർച്ചകളിൽ  ചിലർ അവകാശപ്പെടുകയുണ്ടായി. ദേശീയ മാധ്യമങ്ങളാകട്ടെ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിലാണ്‌ പെരുമാറിയത്‌. കേരളത്തിനു പുറത്തുള്ള മാധ്യമങ്ങൾ കോൺഗ്രസിനെ ക്രൂരമായി അവഗണിക്കുകയാണെന്ന്‌ വേണമെങ്കിൽ വാദിക്കാം. ഈ അവഗണനയുടെ അടിസ്ഥാനം ബോധ്യമാകാൻ കോൺഗ്രസിന്റെ  നിലവിലെ അവസ്ഥ വസ്‌തുനിഷ്‌ഠമായി പരിശോധിക്കണം.

അധ്യക്ഷനെ കിട്ടിയതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടുമെന്ന ചിന്ത യുക്തിരഹിതമാണ്‌. നേതാക്കളുടെ കാര്യത്തിൽ കോൺഗ്രസിന്‌ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. രാജ്യമാകെ പടർന്നുനിന്ന കോൺഗ്രസിനെ നാമാവശേഷമാക്കിയത്‌ കാലാകാലങ്ങളിൽ സ്വീകരിച്ച ജനവിരുദ്ധനയങ്ങളും പരിപാടികളുമാണ്‌. സർക്കാരിനെയും സംഘടനയെയും  ചൊൽപ്പടിയിൽ നിർത്തിയ ഇന്ദിര ഗാന്ധി നയിച്ചപ്പോഴാണ്‌  1977ൽ  കോൺഗ്രസ്‌ ദയനീയപരാജയം ഏറ്റുവാങ്ങിയത്‌. ഇന്ദിര ഗാന്ധി വധത്തിനുശേഷം ചരിത്രഭൂരിപക്ഷത്തോടെ 1984ൽ അധികാരമേറ്റ രാജീവ്‌ ഗാന്ധിക്ക്‌ വിശേഷണങ്ങൾ ഏറെയായിരുന്നു, യുവത്വവും മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയും രാജീവ്‌ ഗാന്ധിക്ക്‌ വൻജനപ്രതീതി സമ്മാനിച്ചു.  ഈ ആഘോഷങ്ങൾക്കിടയിൽ അന്നത്തെ സർക്കാർ അബദ്ധങ്ങൾ ഓരോന്നായി ചെയ്‌തുകൂട്ടി. പിടിപ്പുകേടും അഴിമതിയാരോപണങ്ങളും 1989ൽ കോൺഗ്രസിനെ  വീണ്ടും പരാജയത്തിലേക്ക്‌ നയിച്ചു.

അതിനുശേഷം കോൺഗ്രസിന്‌ ഒരിക്കലും തനിച്ച്‌ കേവലഭൂരിപക്ഷം ലഭിച്ചിട്ടില്ല. രാജീവ്‌ ഗാന്ധി വധിക്കപ്പെട്ടതിന്റെ സഹതാപത്തിൽ 1991ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്‌ നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ  സർക്കാർ രൂപീകരിച്ചപ്പോൾ ധനമന്ത്രിയായ മൻമോഹൻ സിങ്‌ രാജ്യത്തെ ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ പാതയിലേക്ക്‌ തള്ളിയിട്ടു. ജവാഹർലാൽ നെഹ്‌റു തുടക്കമിട്ട സമ്മിശ്ര സമ്പദ്‌ഘടനയെ മൻമോഹൻ സിങ്‌ സ്വകാര്യവൽക്കരണ ദിശയിലേക്ക്‌ കൊണ്ടുപോയപ്പോൾ  പ്രധാനമന്ത്രി റാവു ബിജെപിയുടെ വർഗീയ അജൻഡയുമായി സന്ധി ചെയ്‌തു. 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർക്കപ്പെട്ടപ്പോൾ കേന്ദ്ര സർക്കാർ മൂകസാക്ഷികളായി. 1996ൽ  ഭരണത്തിനു പുറത്തായ കോൺഗ്രസ്‌ തികഞ്ഞ ആശയക്കുഴപ്പത്തിലായി.

ഐക്യമുന്നണി, എൻഡിഎ സർക്കാരുകൾക്കുശേഷം കോൺഗ്രസിന്‌ പിന്നീട്‌ അധികാരം ലഭിച്ചത്‌ 2004ലാണ്‌. എട്ടു വർഷം കോൺഗ്രസ്‌ ഏതാണ്ട്‌ രാഷ്‌ട്രീയ വനവാസത്തിലായിരുന്നു.  സീതാറാം കേസരിയിൽനിന്ന്‌ 1998ൽ അധ്യക്ഷസ്ഥാനം ബലമായി പിടിച്ചെടുത്ത സോണിയ ഗാന്ധി  കോൺഗ്രസിന്റെ നയപരിപാടിയിൽ മാറ്റമൊന്നും വരുത്തിയില്ല. വാജ്‌പേയി സർക്കാരിന്റെ  അഴിമതിയും പിടിപ്പുകേടും കോർപറേറ്റ്‌ പ്രീണനവും അവരെ ജനങ്ങളിൽനിന്ന്‌ അകറ്റി. ശതകോടികൾ  ചെലവിട്ട് സംഘടിപ്പിച്ച  ‘ഇന്ത്യ തിളങ്ങുന്നു’ പ്രചാരണം പൊതുതെരഞ്ഞെടുപ്പിന്‌ മുമ്പുണ്ടായ ലഖ്‌നൗ സാരിദുരന്തത്തിൽ തകർന്നടിഞ്ഞു. 2004ൽ ബിജെപി പരാജയപ്പെട്ടപ്പോൾ കോൺഗ്രസ്‌ വീണ്ടും  ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും അവർക്ക്‌ 145 സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌. അറുപതിൽപ്പരം സീറ്റുണ്ടായിരുന്ന ഇടതുപക്ഷം കോൺഗ്രസ്‌ നേതൃത്വത്തിൽ രൂപീകരിച്ച യുപിഎ സർക്കാരിന്‌ പുറത്തുനിന്ന്‌ പിന്തുണ നൽകി. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാർ മുന്നോട്ടുപോയി.

 

ഇടതുപക്ഷത്തിന്റെ പിന്തുണയിൽ ആവിഷ്‌കരിച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി പോലുള്ള പരിപാടികൾ ജനങ്ങൾക്ക്‌ ഗുണകരമായി. ആണവകരാർ വിഷയത്തിൽ 2008ൽ ഇടതുപക്ഷം പിന്തുണ പിൻവലിച്ചശേഷം യുപിഎ ഭരണം വീണ്ടും ഉദാരവൽക്കരണപാതയിലേക്ക്‌ നീങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപന പുനരാരംഭിച്ചു. തൊഴിലുറപ്പു  പദ്ധതിപോലുള്ള ജനകീയ പരിപാടികളുടെ പിൻബലത്തിൽ ഭരണം നിലനിർത്തിയ യുപിഎ സർക്കാർ വൈകാതെ അഴിമതി ആരോപണങ്ങളിൽ ഉലഞ്ഞു. ദിശാബോധം നഷ്ടപ്പെട്ട  രണ്ടാം യുപിഎ സർക്കാർ ജനക്ഷേമപദ്ധതികൾ കൈവിട്ടു. സർക്കാരിൽ പ്രമുഖനായിരുന്ന പ്രണബ്‌ മുഖർജിയെ രാഷ്‌ട്രപതിസ്ഥാനത്തേക്ക്‌ നിയോഗിച്ചു. സോണിയ ഗാന്ധി പ്രസിഡന്റും രാഹുൽ ഗാന്ധി വൈസ്‌ പ്രസിഡന്റുമായി തുടർന്നപ്പോഴും കോൺഗ്രസ്‌ ദുർബലമായി. ഓരോ സംസ്ഥാനത്തായി ഭരണം നഷ്ടപ്പെട്ടു. 2014ൽ കോൺഗ്രസ്‌ പ്രചാരണം നയിച്ചത്‌ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ചേർന്നാണ്‌. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ്‌ കോൺഗ്രസിനെ കാത്തിരുന്നത്‌.  ലോക്‌സഭാ പ്രതിപക്ഷനേതാവിന്റെ സ്ഥാനംപോലും നിഷേധിക്കപ്പെടുന്ന വിധത്തിൽ കോൺഗ്രസ്‌ 44 സീറ്റിൽ ഒതുങ്ങി.

പ്രതിപക്ഷത്തായിട്ടും തെറ്റുതിരുത്താൻ  കോൺഗ്രസ്‌ തയ്യാറായില്ല. മോദിസർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പിതൃത്വം അവകാശപ്പെട്ട കോൺഗ്രസ്‌, മോശമായ രീതിയിലാണ്‌ സ്വകാര്യവൽക്കരണം ബിജെപി നടപ്പാക്കുന്നതെന്നുമാത്രം പരാതിപ്പെട്ടു. ബിജെപിയുടെ വർഗീയ അജൻഡയെ ചെറുക്കാൻ തയ്യാറാകാതെ മൃദുഹിന്ദുത്വ സമീപനം വഴി ജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്‌ തുടർന്നു.  ഇന്ത്യ ‘ഹിന്ദുരാഷ്‌ട്ര’മാണെന്ന്‌ പ്രഖ്യാപിക്കാൻപോലും രാഹുൽ ഗാന്ധി തയ്യാറായി. മതനിരപേക്ഷ  റിപ്പബ്ലിക്‌ എന്ന്‌ ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിരിക്കെയാണ്‌ കോൺഗ്രസിന്റെ ഈ വർഗീയപ്രീണനനയം. 2017ൽ എഐസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി 2019ലെ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ‘സുരക്ഷിത മണ്ഡലം’ തേടിയെത്തി. ദേശീയതലത്തിൽ കോൺഗ്രസിന്റെ വൻപരാജയം  2019ലും ആവർത്തിച്ചതോടെ രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചു. പിന്നീട്‌ സോണിയ ഗാന്ധി താൽക്കാലിക ചുമതല ഏറ്റെടുത്തുവെങ്കിലും രാഹുൽ ഗാന്ധിയാണ്‌ മുഖ്യമായും തീരുമാനങ്ങൾ എടുത്തിരുന്നത്‌. പ്രിയങ്കയും ഇതിൽ പങ്കാളിയാണ്‌. ഇവരുടെ തീരുമാനങ്ങളാണ്‌ പഞ്ചാബ്‌ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ വേരറുത്തത്‌. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നേതാക്കളും എംഎൽഎമാരും കൂട്ടത്തോടെ ബിജെപിയിലേക്ക്‌ പോയപ്പോൾ  ഹൈക്കമാൻഡിന്‌ ഒന്നുംചെയ്യാനായില്ല. ഇപ്പോൾ സോണിയകുടുംബത്തിന്റെ ആശിർവാദത്തോടെ മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ തലപ്പത്തുവരവെ വൻമാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്‌ വ്യാമോഹമാണ്‌. ബിജെപിയുടെ ‘ബി ടീം’ ആയി നിൽക്കുന്നതാണ്‌  കോൺഗ്രസിന്‌ പ്രസക്തി നഷ്ടപ്പെടാൻ കാരണം. ഹിന്ദുത്വയും തീവ്രഹിന്ദുത്വയും പറയുന്നിടത്ത്‌ മതനിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിച്ചാണ്‌ ബദൽ രൂപീകരിക്കേണ്ടത്‌. മൃദുഹിന്ദുത്വസമീപനവും ഉദാരവൽക്കരണനയങ്ങളും ഉപേക്ഷിക്കാതെ കോൺഗ്രസിന്‌ ജനസ്വാധീനം വീണ്ടെടുക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top