20 March Wednesday

കേരള വാട്ടർ അതോറിറ്റി പുനഃസംഘടിപ്പിക്കണം

സന്തോഷ്‍കുമാർ ആർ വിUpdated: Friday Jan 19, 2018


രണ്ടായിരത്തി ഇരുപത്തൊന്നോടെ കേരളത്തിലെ എല്ലാവർക്കും കുടിവെള്ളം എന്നാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത്‍. ഇതിന്റെ അടിസ്ഥാനത്തിൽ കുടിവെള്ള മേഖല വിലയിരുത്തപ്പെടേണ്ടതാണ്. പിണറായി സർക്കാർ കുടിവെള്ള മേഖലയിൽ ചെയ്യാൻ ഉദ്ദേശിച്ചത്‍ എന്തെന്ന് പരിശോധിക്കാം.

● വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ ജലവിതരണ പദ്ധതികളുടെയും സോഷ്യൽ ഒഡിറ്റ്. സ്രോതസ്സിന്റെ ശേഷി ലഭ്യത, യഥാർഥത്തിൽ നിലവിലുള്ള ഗുണഭോക്താക്കളുടെ എണ്ണം, നിലവിലുള്ള  ജലവിതരണക്ഷമത, പൈപ്പ്‍, ടാങ്ക്‍, തുടങ്ങിയവയുടെ യഥാർഥ സ്ഥിതി, ജല ഗുണനിലവാരം, ശുദ്ധീകരണ സംവിധാനത്തിന്റെ കാര്യക്ഷമത, നേരിടുന്ന പ്രശ്‍നങ്ങൾ തുടങ്ങിയവയൊക്കെ ഇതിലൂടെ വിലയിരുത്തപ്പെടും. പഴയ പദ്ധതികൾ ആവശ്യമെങ്കിൽ പുനരധിവസിപ്പിക്കും.

● കാനേഷുമാരികണക്ക്‍ പ്രകാരമുളള 30 ശതമാനം കുടുംബങ്ങൾക്ക്‍ പൈപ്പ്‍ വെള്ളം ലഭ്യമാക്കുന്നത്‍ 50 ശതമാനമായി ഉയർത്തും.

● കേരള വാട്ടർ അതോറിറ്റി പുനഃസംഘടിപ്പിക്കും. ദുർവഹമായ കടബാധ്യത ഒഴിവാക്കും. വിതരണനഷ്ടം ഗണ്യമായി കുറയ്‍ക്കും. സർക്കാരുമായുള്ള എംഒയുവിന്റെ അടിസ്ഥാനത്തിൽ നഷ്ടം സബ്‍സിഡിയായി നൽകും.

● ജലനിധി പദ്ധതിയുടെ നിർവഹണവും നടത്തിപ്പും പുനരവലോകനം ചെയ്യും. ഇവ പുനരുദ്ധരിക്കാൻ പ്രത്യേക സ്‍കീമിന് രൂപം നൽകും.

● കിണറും കുളവും സംരക്ഷിക്കുന്നതിനും മഴക്കാലത്ത്‍ റീചാർജ്‍ ചെയ്യുന്നതിനും ഗുണനിലവാര പരിശോധന നടത്തുന്നതിനും എല്ലാ തദ്ദേശ സ്ഥാപനത്തിലും സംവിധാനമുണ്ടാക്കും.

● സ്വീവേജിന്റെ പ്രവർത്തനം ഗ്രാമങ്ങളിലേക്ക്‍ വ്യാപിപ്പിക്കും.

● കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിനായി കുറഞ്ഞ ചെലവിൽ അവ ലഭ്യമാക്കാൻ സർക്കാർ സംവിധാനം വിപുലപ്പെടുത്തും.

സർക്കാർ രണ്ടാം വാർഷികത്തിലേക്ക്‍ കടക്കുമ്പോൾ മൂന്ന് ബജറ്റുകളുടെ പശ്ചാത്തലത്തിൽ കുടിവെള്ളമേഖലയും കേരള വാട്ടർ അതോറിറ്റിയും ഉദ്ദേശലക്ഷ്യം നിറവേറ്റുന്നതിൽ എവിടംവരെയെത്തി എന്ന് പരിശോധിക്കേുണ്ട്‍. 2016‐17ലെ ബജറ്റ് ജൂലൈ എട്ടിന് അവതരിപ്പിച്ചപ്പോൾ ഈ സർക്കാരിന്റെ കുടിവെള്ളമേഖലയോടുള്ള സമീപനം ശ്ലാഘനീയമായിരുന്നു. അഞ്ചു വർഷത്തിനകം വെള്ളക്കരം വർധിപ്പിക്കാതെ ലാഭകരമായ സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനുവേണ്ടി പ്രഖ്യാപിച്ച കർമ പരിപാടി ഇപ്രകാരം.

ആയിരത്തിനാല് കോടി രൂപയുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളും. 713 കോടി രൂപയുടെ സർക്കാർ വായ്‍പ ബോർഡിന്റെ ഓഹരിമൂലധനമാക്കി മാറ്റും. ജലചോർച്ച തടയുന്നതിന് പഴക്കംചെന്ന എല്ലാ പൈപ്പും പമ്പും മാറ്റും. ചെറിയ തുക ചെലവഴിച്ചാൽ ഒട്ടനവധി പദ്ധതികൾ പണി പൂർത്തിയാക്കാനാകും. അവസാനമായി അദ്ദേഹം പറഞ്ഞത്‍ വാട്ടർ അതോറിറ്റിയുടെ പുനരുദ്ധാരണം വിജയിപ്പിക്കണമെങ്കിൽ ഇനിമേൽ പണമല്ല പ്രശ്‍നം. അംഗീകരിക്കപ്പെട്ട പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമതയോടെയും തീരുമോ എന്നുള്ളതും സംഭരിക്കപ്പെടുന്ന കുടിവെള്ളം കൃത്യമായി ഉപഭോക്താക്കളിൽ എത്തിക്കുന്നതിന് വിതരണശൃംഖല പ്രവർത്തിക്കാൻ പറ്റുമോ എന്നുള്ളതുമാണെ്‍. ഇതിനുള്ള പ്രതിബദ്ധത വാട്ടർ അതോറിറ്റിയുടെ ജീവനക്കാരിൽനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ധനമന്ത്രി പറഞ്ഞു.

2016ലെ ബജറ്റിൽ 2064 കോടിരൂപയുടെയും 2017ലെ ബജറ്റിൽ 1696 കോടി രൂപയുടെയും കിഫ്‍ബി പദ്ധതികൾ പ്രഖ്യാപിച്ചത്‍ ഈ പശ്ചാത്തലത്തിലാണ്. 2016 ജൂലൈമുതൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തേണ്ട സ്ഥാപനം കഴിഞ്ഞ 18 മാസംകൊണ്ട്‍ ചെയ്‍ത പ്രവൃത്തി എന്തെന്ന് പരിശോധിക്കാം. 2016ലെ കിഫ്‍ബി പദ്ധതികളിൽ 1257 കോടി രൂപയുടെ ഭരണാനുമതി നേടിയെടുക്കുകയും ഇത്‍ 56 പാക്കേജുകളായി വിഭജിക്കുകയും ചെയ്‍തു. ഈ പദ്ധതികളിൽ 36 എണ്ണം ടെൻഡർ ചെയ്‍ത്‍ നടപ്പാക്കിവരുന്നു. 2017ലെ 41 പദ്ധതികളിൽ നാല് എണ്ണത്തിന്  തത്വത്തിൽ ഭരണാനുമതി ലഭിച്ചു. 2500 കോടി രൂപയുടെ പദ്ധതികൾക്ക്‍ ഒരു വൽക്തമായ രൂപരേഖ ആയിട്ടില്ല. കഴിഞ്ഞ 19 മാസത്തെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ വാട്ടർ അതോറിറ്റിയുടെ ഇലക്‍ട്രിസിറ്റി കുടിശ്ശിക ഒഴിച്ചുള്ള ബാധ്യത എഴുതിത്തള്ളി. ശമ്പള പരിഷ്‍കരണം നൽകി (കുറച്ച്‍ കുടിശ്ശിക ഉണ്ടെങ്കിലും) കിഫ്‍ബി അടക്കം 5000 കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക്‍ പ്രഖ്യാപനവും ഉണ്ടാകുന്നു. സ്ഥലമാറ്റ മാനദണ്ഡം സർക്കാർമേഖലയിലെ എല്ലാ സ്ഥാപനവും നടത്തുമ്പോൾ കേരള വാട്ടർ അതോറിറ്റിയിൽ നടപ്പാക്കിയിട്ടില്ല. ധനമാനേജ്‍മെന്റ്‍ നടത്തേണ്ട ഉന്നത തസ്‍തിക ഒഴിഞ്ഞ്‍ കിടന്നിട്ട്‍ ഏഴ്‍ വർഷമാകുന്നു. കേരള വാട്ടർ അതോറിറ്റിയുടെ മാനേജിങ്‍ ഡയറക്ടർ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുന്ന സ്ഥിതിവിശേഷം മുൻകാല ഉദ്യോഗസ്ഥ‐ കോൺട്രാക്ടർ‐ രാഷ്ട്രീയ ബാന്ധവം കാരണം സംജാതമായതാണ്. ഈ പ്രശ്‍നങ്ങളെ അപഗ്രഥിച്ചുകൊണ്ടേ പൊതുസ്ഥാപനമാക്കി കേരള വാട്ടർ അതോറിറ്റിയെ മുന്നോട്ട്‍ ചലിപ്പിക്കാൻ സാധിക്കൂ.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒഴിവുള്ള തസ്‍തികകൾ മിക്കതും പിഎസ്‍സിവഴി നിയമനം നടത്തി. പദ്ധതികളുടെ നടത്തിപ്പിനായി നിയമനം നടത്തുകയും സാമ്പത്തികസഹായം നൽകുകയും  ചെയ്‍തിട്ടും എന്താണ് കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനം ശരിയായ ദിശയിൽ മുന്നോട്ടു പോകാത്തത്‍?

ഇത്‍ പരിഹരിച്ചുമാത്രമേ വരുന്ന മൂന്നുവർഷത്തിൽ അധികമായി ഏഴു ലക്ഷം കണക്‍ഷൻ നൽകി പൊതുസ്ഥാപനമായി വാട്ടർ അതോറിറ്റിയെ നിലനിർത്താൻ സാധിക്കൂ. കേരളത്തിന്റെ ജലനയം അനുസരിച്ച്‍ കുടിവെള്ളം ജന്മാവകാശമാണ്. ഈ നയത്തിന് അനുസൃതമായാണ് വരുന്ന അഞ്ചുവർഷത്തേക്ക്‍ കുടിവെള്ളം ചാർജ്‍ വർധിപ്പിക്കില്ല എന്ന് ധനമന്ത്രി സഭയിൽ പ്രഖ്യാപിച്ചത്‍. അസോസിയേഷൻ ഓഫ്‍ കേരള വാട്ടർ അതോറിറ്റി എന്ന എല്ലാ ഓഫീസർമാരെയും പ്രതിനിധാനം ചെയ്യുന്ന സംഘടന കേരള വാട്ടർ അതോറിറ്റിയുടെ പൊതുവികാരം മനസ്സിലാക്കി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.


ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഒരോഫീസറെയും സ്ഥാനചലനത്തിന് വിധേയമാക്കിയിട്ടില്ല. ഒന്നോ രണ്ടോ ഭരണപരമായ സ്ഥലംമാറ്റമല്ലാതെ ആരെയും മാറ്റിയിട്ടില്ല എന്നു മാത്രമല്ല, സ്ഥലംമാറ്റത്തിന് സുതാര്യമായ ഇടപെടൽ ഓഫീസർമാരുടെ രംഗത്ത്‍ കാണുന്നു. ആസ്ഥാന കാര്യാലയത്തിലെ പ്രവർത്തനങ്ങൾക്ക്‍  ദിശാബോധം കുറവാണ്.  ഈ സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പുള്ള സമയം കേന്ദ്രകാര്യാലയത്തിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപ്പാക്കിയ ഹെഡ്‍ ഓഫീസ്‍ റീസ്‍ട്രക്‍ചറിങ്‍ എങ്ങുമെത്തിയിട്ടില്ല. 

മുന്നൂറ്റി മുപ്പത്തൊന്നു ലക്ഷം രൂപ വാർഷിക കടം, 28 കോടിയോളം പ്രതിമാസം വരവ്‍ ചെലവ്‍ അന്തരം ഉണ്ടാകുന്നു. പെൻഷൻകാർക്ക്‍‐ ഡിസി ആർജിപോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥ. ഇവിടെ കാര്യക്ഷമത കൈവരിക്കണമെങ്കിൽ കേരള വാട്ടർ അതോറിറ്റിയുടെ പുനഃസംഘടനയിൽക്കൂടിമാത്രമേ സാധിക്കൂ. സെക്‍ഷൻ ഓഫീസുകൾ അമിത ജോലിഭാരംകൊണ്ട്‍ കാര്യക്ഷമത കുറയുന്നു. സെക്‍ഷൻ ഓഫീസുകളിൽ ശാക്തീകരണം ആവശ്യമാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണി ജലനിധി പദ്ധതികൾ പുനരവലോകനം നടത്തും എന്നാണ് പ്രകടനപത്രികയിൽ പറഞ്ഞത്‍. തൃശൂരിലും പത്തനംതിട്ടയിലും എറണാകുളത്തും കേരള വാട്ടർ അതോറിറ്റിയുടെ നിലനിൽപ്പിന് ഭീക്ഷണിയായി ബൾക്ക്‍ മീറ്ററുപയോഗിച്ച്‍ ജലനിധിക്ക്‍ വിതരണ ശൃംഖല കൈമാറുന്നു. അതുവഴി ജലമേഖലയിലെ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. സോഷ്യൽ ഓഡിറ്റിന് വിധേയമായാണ് ഇത്തരം പ്രവൃത്തികൾ ചെയ്യേണ്ടത്‍.

സംസ്ഥാനത്ത്‍ ഗ്രാമീണമേഖലയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനായുള്ള പ്രധാന പദ്ധതിയാണ് കേന്ദ്ര ധനസഹായത്തോടെയുള്ള ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതി. 2016‐17 സാമ്പത്തികവർഷത്തിലെ കണക്കനുസരിച്ച്‍ ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ച 2075.40 കോടി രൂപയുടെ 188 പദ്ധതികളുടെ നിർവഹണം പൂർത്തിയാക്കാനുണ്ടായിരുന്നു. എന്നാൽ, 25 ശതമാനത്തിൽ താഴെ നിർവഹണപുരോഗതി രേഖപ്പെടുത്തിയ ദേശീയ ഗ്രാമീണ കുടിവെള്ളപദ്ധതികൾക്ക്‍ കേന്ദ്ര ധനസഹായം തുടർന്ന് ലഭിക്കില്ല എന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതോടെ, ഏകദേശം 84 പദ്ധതികളുടെ നിർവഹണത്തിനുള്ള കേന്ദ്രസഹായം ലഭ്യമാകാത്ത സാഹചര്യമുണ്ടായി. പല പദ്ധതിയും നിർത്തിവക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ പദ്ധതികളുടെ പ്രാധാന്യവും ആവശ്യകതയും പരിഗണിച്ച്‍ നബാർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ധനസഹായം ഉപയോഗിച്ച്‍ നിർവഹണം നിർത്തിവച്ച ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്‍. എന്നാൽ, ഈ പദ്ധതികളുടെ നിർവഹണം പൂർത്തീകരിക്കുന്നതിന് മതിയായ സാമ്പത്തികലഭ്യത ഉറപ്പാക്കേണ്ടതുണ്ട്‍. കരാറുകാർക്ക്‍ കേന്ദ്രാവിഷ്‍കൃത പദ്ധതികളിലൂടെ 270 കോടി രൂപയുടെ കുടിശ്ശിക നിലനിൽക്കുന്നുണ്ട്‍. ഈ കുടിശ്ശിക തീർത്താൽമാത്രമേ ഗ്രാമീണ പദ്ധതികളുടെ നിർവഹണത്തിൽ പുരോഗതി കൈവരുത്താൻ കഴിയുകയുള്ളു.

അസിസ്റ്റന്റ്‍ എൻജിനിയർമാരുടെ പിഎസ്‍സി ലിസ്റ്റ്‍ നിലനിൽക്കുകയും മാനേജ്‍മെന്റ്‍ വൈദഗ്‍ധ്യവും അനുഭവസമ്പത്തുമുള്ള ഓഫീസർമാർ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ അവരെ യഥാവിധം പുനർവിന്യസിച്ച്‍ ഉപയോഗിക്കാതെ കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ സർക്കാരിനോട്‍ ആവശ്യപ്പെട്ടത്‍ ശരിയായ നീക്കമല്ല. ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ച പരിപാടികളുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയെ പുനഃസംഘടിപ്പിച്ച്‍ കാര്യക്ഷമമാക്കണം. ഇതിനായി വിപുലമായ ചർച്ച നടത്തണം. മുമ്പ്‍ ഇതിനായി ധാരാളം പണം ചെലവിട്ട്‍ സ്ഥാപന ശാക്തീകരണശ്രമം നടത്തി റിപ്പോർട്ട്‍ നൽകിയെങ്കിലും തുടർന്നങ്ങോട്ട്‍ ഒരു പ്രവർത്തനവും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട്‍ വിവിധ വിഭാഗത്തിൽപെട്ടവരെയും സംഘടനകളെയും ഏകോപിപ്പിച്ച്‍ സ്ഥാപനത്തെ ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്‍. 

(അസോസിയേഷൻ ഓഫ്‍ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‍സ്‍ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

പ്രധാന വാർത്തകൾ
 Top