11 August Thursday

മോദി മോഡലല്ല കേരള മോഡൽ

ബി വെങ്കിട്ട്‌Updated: Thursday Jun 2, 2022

വിവിധ ജാതികൾ, മതങ്ങൾ, ഭാഷാ ദേശീയതകൾ, സംസ്‌കാരങ്ങൾ തുടങ്ങിയ വൈവിധ്യത്താൽ വേറിട്ടുനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. കാർഷികമേഖലയിലും ഇത്തരം വൈവിധ്യം ദൃശ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 64 ശതമാനം കൃഷിയെ ആശ്രയിക്കുന്നു. കാർഷികമേഖലയിലെ അസമത്വവും അസമമായ വികസനവും കർഷകത്തൊഴിലാളികളെ സാരമായി ബാധിക്കുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം അസമത്വം വർധിച്ചിരിക്കയാണ്‌. വികസനത്തിൽ ഇപ്പോൾ രാജ്യത്ത് രണ്ട് മാതൃകയുണ്ട്: കേരള മോഡലും മോദി നയിക്കുന്ന ബിജെപിയുടെ പൊങ്ങച്ച ഗുജറാത്ത് മോഡലും. കേരള മോഡൽ വികസനത്തിന്റെ നിർവചനം നരേന്ദ്ര മോദിയുടെ വികസനത്തിൽനിന്ന് വ്യത്യസ്തമാണ്. വളർച്ചയുടെ ഫലം സമൂഹത്തിലെ ഉൽപ്പാദകരിൽ, അതായത് കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, കർഷകർ, കൈത്തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗത്തിലേക്കും എത്തുന്നതാണ്‌ യഥാർഥ വികസനമെന്നാണ് എൽഡിഎഫ് സർക്കാർ കണക്കാക്കുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ നയിച്ച ഇ എം എസിന്റെ കാലംമുതൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇന്നത്തെ സർക്കാർവരെ കർഷകത്തൊഴിലാളികളടക്കം  എല്ലാവർക്കും ആശ്വാസം ഉറപ്പാക്കുന്നതിൽ മുൻപന്തിയിലാണ്. ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതുമുതൽ കോവിഡ് കാലത്തെ ദുരിതാശ്വാസവും റേഷൻ വിതരണവുംവരെ ആഗോളതലത്തിൽത്തന്നെ അംഗീകാരം നേടിയിട്ടുണ്ട്. അധ്വാനിക്കുന്ന ജനങ്ങളിലേക്ക്‌ എത്താത്ത ഒരുവികസനവും രണ്ടാം വർഷത്തിലേക്ക്‌ കടന്ന എൽഡിഎഫ് സർക്കാർ പരിഗണിക്കുന്നില്ല.

നേരത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലുണ്ടായതും ഇപ്പോൾ ബിജെപി നയിക്കുന്നതുമായ ഭരണസംവിധാനങ്ങൾ, വികസനത്തിന് വ്യത്യസ്തമായ നിർവചനം നൽകി അവരുടെ നയങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കുന്നു. ഭരണവർഗങ്ങളെ സഹായിക്കുന്ന നയങ്ങളാണ്‌ ഇവർ നടപ്പാക്കുന്നത്‌. വൻകിട കുത്തകകളെ സഹായിക്കാൻ നരേന്ദ്ര മോദി സർക്കാർ കരിനിയമങ്ങൾ കൊണ്ടുവന്നു. കാർഷിക, വൈദ്യുതി, ഭൂമി ഏറ്റെടുക്കൽ നിയമങ്ങളുടെ ഫലമായി കർഷകത്തൊഴിലാളികൾ, ചെറുകിട നാമമാത്ര കർഷകർ, പാട്ടക്കൃഷിക്കാർ തുടങ്ങിയവർ അവരുടെ തൊഴിലിൽനിന്നും സർക്കാരിൽനിന്നും ലഭിക്കുന്ന ആനുകൂല്യങ്ങളിൽനിന്നു പുറന്തള്ളപ്പെടുന്നു. മൂന്ന് കാർഷിക കരിനിയമങ്ങൾ പിൻവലിച്ചെങ്കിലും സംസ്ഥാനങ്ങളിൽ വൈദ്യുതി നയം നടപ്പാക്കുകയാണ്. സ്വയംതൊഴിൽ, ഭക്ഷ്യസുരക്ഷ, സ്വാശ്രയത്വം എന്നിവ ഉറപ്പാക്കുകയാണ് കൃഷിയിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതിനുശേഷം മാത്രമേ പണവും കയറ്റുമതിയും ലക്ഷ്യമിട്ടുള്ള വിളകൾ അനുവദിക്കാവൂവെന്ന നയമാണ്‌ ഇതുവരെ പിന്തുടർന്നത്‌. ഈ ശീലമാണ്‌ രാജ്യത്തെ രക്ഷിച്ചത്‌. നേരെമറിച്ച്, ബിജെപി കൊണ്ടുവന്ന നിയമങ്ങൾ പൂർണമായും കൃഷിയെ വാണിജ്യവൽക്കരിക്കാനായിരുന്നു. കാർഷികമേഖലയിലെ കമ്പോളശക്തികളുടെ ആധിപത്യം സ്വാശ്രയത്വത്തെയും ഭക്ഷ്യസുരക്ഷയെയും അപകടത്തിലാക്കും. ലാഭം മാത്രം ലക്ഷ്യമിട്ടാണ്‌ സമ്പന്നരും വൻകിട വ്യവസായികളും കോർപറേറ്റുകളും കൃഷിയോട്‌ താൽപ്പര്യം കാട്ടുന്നത്‌.

മൊത്തത്തിൽ കോർപറേറ്റുകൃഷി കർഷകർക്കും കർഷകത്തൊഴിലാളികൾക്കും മരണശിക്ഷയാകും. സർക്കാരിന്റെ പിന്തുണയോടെ കോർപറേറ്റുകൾ കൃഷിഭൂമി കൈവശപ്പെടുത്തും. സർക്കാർ ഭൂമി പാവപ്പെട്ടവർക്ക് പതിച്ചുനൽകണമെന്ന നിർദേശം ഇപ്പോൾ അവഗണിക്കപ്പെടുന്നു. ഭൂമിയുടെ പൂർണ നിയന്ത്രണം കോർപറേറ്റുശക്തികൾക്ക്‌ കൈമാറാനാണ്‌ സർക്കാർ ലാൻഡ് കോർപറേഷൻ തുടങ്ങുന്നത്. ബിജെപി ഭരിക്കുന്ന കർണാടകത്തിൽ പാവപ്പെട്ടവർ കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി കോർപറേറ്റുകൾക്ക് നൽകി. കോർപറേറ്റുകൃഷി പൂർണമായും യന്ത്രവൽക്കരിക്കും. തൽഫലമായി കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമാകും. കോർപറേറ്റുകൃഷിയുടെ പ്രാഥമ പരിഗണന ലാഭം ലക്ഷ്യമായതിനാൽ, അവർ നാണ്യവിളകളിലേക്കോ കയറ്റുമതി അധിഷ്‌ഠിത വിളകളിലേക്കോ മാത്രമേ പോകൂ. അവശ്യസാധനങ്ങളുടെ വില കോർപറേറ്റുകൾ തീരുമാനിക്കും. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അവശ്യസാധനങ്ങളുടെ വില 50 ശതമാനമായി വർധിച്ചു. നേരത്തെ നടപ്പാക്കിയ സമാന നയങ്ങളുടെ അനന്തരഫലമാണ്‌ ഇത്. കോർപറേറ്റുകൾ രംഗത്തുവരുന്നതോടെ ഭക്ഷ്യധാന്യ സംഭരണത്തിൽനിന്ന് എഫ്‌സിഐ പിന്മാറും. വിപണിശക്തികൾ ഭക്ഷ്യവില നിയന്ത്രിക്കുന്നതോടെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഇല്ലാതാകും. സർക്കാർ പിന്മാറ്റം പൊതുവിതരണ സംവിധാനത്തെ തകർക്കും. കോർപറേറ്റുകൃഷിയുടെ അനന്തരഫലമായി, കർഷകർ തൊഴിലാളികളായി മാറുന്നതോടെ കോർപറേറ്റുകളും ഭൂവുടമകളും കൂലി ഇനിയും കുറയ്ക്കും. കർഷകത്തൊഴിലാളികളിൽ ഒരു പ്രധാന വിഭാഗം ഉപജീവനത്തിനായി ദൈനംദിന വേതനത്തോടൊപ്പം സർക്കാർ പദ്ധതികളെയും ആശ്രയിക്കുന്നു.

ഇടതുപക്ഷത്തിന്റെ സമരങ്ങളും സമ്മർദവുംമൂലം 2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒന്നാം യുപിഎ സർക്കാർ കൊണ്ടുവന്നു. ബിജെപി സർക്കാരിന്റെ കീഴിൽ എംഎൻആർഇജിക്കുള്ള ഫണ്ട് വെട്ടിക്കുറച്ച്‌ പദ്ധതി ദുർബലമാക്കി. അനുവദിച്ച ഫണ്ടുപോലും മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കുന്നു. ഇടതുപക്ഷം പിന്തുണച്ച യുപിഎ സർക്കാർ ഈ പദ്ധതിക്ക് ബജറ്റിന്റെ നാലു ശതമാനം നൽകിയപ്പോൾ ബിജെപി സർക്കാർ 1.7 ശതമാനമായി കുറച്ചു. പദ്ധതിയുടെ മെറ്റീരിയൽ ഘടകം 40 ശതമാനമാക്കി ഉയർത്തി കരാറുകാർക്ക് കൊള്ളയടിക്കാൻ വഴിയൊരുക്കി. കേരളത്തിലെ എൽഡിഎഫ് നയങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണെങ്കിൽ, മറിച്ച്, കർഷകത്തൊഴിലാളികളെ കോർപറേറ്റുകൾക്ക് ബലിയാടുകളാക്കാനുള്ള നയങ്ങളാണ്‌ മോദി നടപ്പാക്കുന്നത്‌. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ കർഷകത്തൊഴിലാളികളെ ഭിന്നിപ്പിക്കാനും ദുർബലപ്പെടുത്താനും ശ്രമിക്കുന്നു. തൊഴിൽ, പാർപ്പിടം, ഭക്ഷ്യസുരക്ഷ, ഭൂമി, തുല്യാവകാശം, വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യം എന്നീ മേഖലകൾ നമ്മുടെ സമരമുഖങ്ങളായിരിക്കണം. ദേശീയ ആവശ്യങ്ങൾക്കൊപ്പം പ്രാദേശികമായ ആവശ്യങ്ങൾ കൂടി ഉൾപ്പെടുത്തി ക്യാമ്പയിൻ നടത്തണം. പ്രാദേശിക സമരങ്ങൾ ശക്തമാക്കേണ്ടതുണ്ട്. സ്വേച്ഛാധിപതികളെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നാണ്‌ ചരിത്രപാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

(അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയാണ്‌  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top