02 March Tuesday

കേരളത്തിന്റെ ഭാവിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021

വൈജ്ഞാനിക സമ്പദ്‌‌വ്യവസ്ഥ ലക്ഷ്യമിട്ട്‌ ഭാവിയിലേക്ക്‌  ഉറ്റുനോക്കുന്ന കേരളത്തിനുമുന്നിൽ ശ്രദ്ധേയമായ ചിന്തകളും നിർദേശങ്ങളും മുന്നോട്ടുവച്ചാണ്‌ മൂന്നുനാൾ നീണ്ട ‘ഭാവി വീക്ഷണത്തിലേക്ക്‌ കേരളം’ രാജ്യാന്തര സമ്മേളനം സമാപിച്ചത്‌. സംസ്ഥാന ആസൂത്രണ ബോർഡ്‌ സംഘടിപ്പിച്ച സമ്മേളനത്തിൽ നൊബേൽ ജേതാക്കളായ പ്രൊഫ. ജോസഫ് ഇ സ്റ്റിഗ്ലിറ്റ്സ്, അമർത്യ സെൻ എന്നിവർ അടക്കം ലോകപ്രശസ്‌തരായ പണ്ഡിതരും വിദഗ്‌ധരും വ്യവസായ പ്രമുഖരുമാണ്‌ പങ്കെടുത്ത്‌ കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സാർഥകമായ നിർദേശങ്ങളും മുന്നോട്ടുവച്ചത്‌. 11 രാജ്യങ്ങളിൽ നിന്നായി 190 പേരാണ്‌ ഒമ്പത് സുപ്രധാന മേഖലയെ അധികരിച്ച്‌ സംഘടിപ്പിച്ച 22 സെഷനിൽ പങ്കെടുത്തത്‌.

ഐടി, ടൂറിസം അടക്കം കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണയിക്കുന്ന സുപ്രധാന മേഖലകളിലെ ഭാവിപ്രവർത്തനങ്ങളിലേക്ക്‌ ദിശാബോധം നൽകുന്ന ചർച്ചകൾ സമ്മേളനത്തിൽ ഉയർന്നു. വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, അസിം പ്രേംജി, ആനന്ദ് മഹീന്ദ്ര, കിരൺ മജൂംദാർ ഷാ, ക്രിസ് ഗോപാലകൃഷ്ണൻ, എം എ യൂസഫലി, രവി പിള്ള, ആസാദ്‌ മൂപ്പൻ തുടങ്ങിയവർ കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചും തങ്ങളുടെ പ്രതീക്ഷകളെക്കുറിച്ചും വാചാലരായി. കേരളത്തിൽ നിക്ഷേപം നടത്താനുള്ള സന്നദ്ധതയും പങ്കുവച്ചു.

കേരളത്തിന്റെ ഭാവിയിലേക്ക്‌ - ഡോ. അമർത്യ സെൻ

‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കാൻ അവസരം കിട്ടിയത്‌ വിസ്‌മയകരമായിട്ടാണ്‌ കാണുന്നത്‌. ഇത്‌ എനിക്ക്‌ ഒരു ഗതകാല സ്‌മരണയുടെ ഓർമപ്പെടുത്തൽ കൂടിയാണ്‌. ഇംഗ്ലണ്ടിൽനിന്ന്‌ ഞാൻ ഇന്ത്യയിലേക്ക്‌ തിരിച്ചുവരുന്നതിന്‌ തൊട്ടുമുമ്പാണ്‌ കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ 1957ൽ അധികാരത്തിൽ വരുന്നത്‌. 1963 മുതൽ ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ പഠിപ്പിക്കുന്നുണ്ട്‌. ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ വ്യത്യസ്‌തമായ പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ ഘട്ടത്തിൽ കേരളം. പ്രത്യേകിച്ച്‌, മനുഷ്യവിഭവശേഷിയുടെ ഗുണമേന്മ വർധിപ്പിക്കലിൽ കേന്ദ്രീകരിച്ചുകൊണ്ട്‌. ആഡം സ്‌മിത്തിന്റെ തലമുറയ്ക്കു പിന്നാലെയുള്ള പരീക്ഷണം, ഒപ്പം കാൾ മാർക്‌സിനോടും. തൊഴിലാളികളുടെ ഗുണമേന്മയിൽ കേന്ദ്രീകരിച്ചുകൊണ്ട്‌ ഒരു സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദനക്ഷമത എങ്ങനെ വിലയിരുത്താം എന്നതാണ്‌ പ്രധാന കാര്യം. കേംബ്രിഡ്‌ജിലെ എന്റെ അധ്യാപകനായിരുന്ന മോറീസ്‌ ഡോബ്‌ ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യം കാട്ടിയിരുന്നു. അതുകൊണ്ട്‌ കേരളം വളരെ മുമ്പുതന്നെ ‘ഭാവിവീക്ഷണത്തോടെ’ യാണ്‌ നീങ്ങിയിരുന്നത്‌.

അക്കാലത്ത്‌ കേരളം ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ മൂന്ന്‌ സംസ്ഥാനത്തിൽ ഒന്നായിരുന്നു. സംസ്ഥാനം ഇത്രയും ദാരിദ്ര്യത്തിൽ കഴിയുമ്പോൾ എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും സാമൂഹ്യസുരക്ഷ എന്നിവ  ഉറപ്പുവരുത്താനുള്ള ചെലവ്‌ വഹിക്കാൻ കഴിയുമോ എന്ന ചോദ്യം അന്ന്‌ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച്‌ ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിലെ മറ്റുള്ളവരും ഞാനുമായി അഭിപ്രായവ്യത്യാസവും വാഗ്വാദങ്ങളും ഉണ്ടായിരുന്നു. ഞാൻ അവരോട്‌ പറഞ്ഞത്‌ തീർച്ചയായും മറ്റ്‌ പല ഘടകങ്ങൾകൂടി നോക്കണമെന്നാണ്‌.

ദാരിദ്ര്യം എന്നത്‌ അർഥമാക്കുന്നത്‌ തൊഴിലാളികളുടെ കൂലി വളരെ കുറവെന്നാണ്‌. ഈ ഘടകംകൂടി പരിഗണിക്കണമെന്നാണ്‌ ഞാൻ അവരെ ബോധ്യപ്പെടുത്തിയത്‌. വേതനം കുറവായതിനാൽ ചെലവ്‌ പരിമിതപ്പെടുത്തുകയായിരുന്നു. ഇക്കാര്യങ്ങളെപ്പറ്റി ഞാൻ ഇപ്പോൾ സംസാരിക്കുന്നത്‌ അന്ന്‌ ‌ കേരളം വിജയിക്കാൻ പോകുന്നില്ല എന്ന വാദമാണ്‌ ഉയർത്തിയിരുന്നത്‌. എന്നാൽ, ശരിക്കും സംഭവിച്ചത്‌ തിരിച്ചായിരുന്നു. രണ്ട്‌ പതിറ്റാണ്ടിനിടയിൽത്തന്നെ കേരളം ഏറ്റവും പിന്നിലുള്ള മൂന്ന്‌ സംസ്ഥാനങ്ങളിൽനിന്ന്‌ മുന്നോട്ടു ചലിച്ചുവെന്നുമാത്രമല്ല, പ്രതിശീർഷ വരുമാനത്തിൽ രാജ്യത്തെ ഏറ്റവും മുന്നിലുള്ള മൂന്ന്‌ സംസ്ഥാനത്തിൽ ഒന്നാകാനുള്ള മത്സരത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ, കുറച്ചുകാലത്തിനകം തീർച്ചയായും പ്രതിശീർഷ വരുമാനത്തിൽ കേരളം ഇന്ത്യയിലെ സമ്പന്ന സംസ്ഥാനമായി മാറും.


 

എന്താണ്‌ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനകത്ത്‌ ഒരു ചരിത്രപരമായ താൽപ്പര്യം കൂടിയുണ്ട്‌. ഉൽപ്പാദനശൃംഖലയിൽ മറ്റ്‌ നിരവധി ഘടകങ്ങളിൽ ഒന്ന്‌ മാത്രമാണ്‌ തൊഴിലാളികളെന്ന്‌ ചൂണ്ടിക്കാട്ടിയ‌ ‘ലേബർ തിയറി ഓഫ്‌ വാല്യു’ വിനെ ഇടയ്‌ക്കിടെ സാമ്പത്തിക വിദഗ്‌ധർ വിമർശിക്കുന്നുണ്ട്‌‌. തൊഴിലാളികൾ വഹിക്കുന്ന പങ്ക്‌ മറ്റ്‌ ഒന്നിനും പകരംവയ്‌ക്കാൻ കഴിയില്ലെന്നാണ്‌‌ മോറിസ്‌ ഡോബ്‌ മുന്നോട്ടുവയ്‌ക്കുന്ന വാദം. പാരമ്പര്യമായുള്ള പ്രായോഗികതയിലേക്ക്‌ കണ്ണോടിച്ചാൽ ജപ്പാനായിരിക്കും നിങ്ങൾ ആദ്യം ഇതിന്റെ ബഹുമതി നൽകുക എന്നാണ്‌ ഞാൻ ചിന്തിക്കുന്നത്‌. 19–-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലും ജപ്പാൻ അതിന്റെ തലയുയർത്തി നിൽക്കാനുള്ള പുനരുദ്ധാരണത്തിലായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നതിനായിരുന്നു ജപ്പാൻ ഏറ്റവും കൂടുതൽ പ്രാമുഖ്യം നൽകിയത്‌.

പ്രമുഖ ജാപ്പനീസ്‌ വിമർശകനായ താദയോഷി ഉയർത്തിയ പ്രധാന ചോദ്യം ജപ്പാൻകാരേക്കാൾ എന്തുകൊണ്ടാണ്‌ അമേരിക്കക്കാർക്ക്‌ ഉൽപ്പാദനക്ഷമത കൂടുതൽ എന്നതായിരുന്നു. ഇതിന്‌ കാരണമായി അദ്ദേഹം പറഞ്ഞത്‌ അമേരിക്കക്കാരെല്ലാം വിദ്യാസമ്പന്നരാണ്‌ എന്നായിരുന്നു. ഇത്‌ പൂർണമായും ശരിയല്ല, എന്നാൽ ലോകത്തെ മറ്റ്‌ ഭൂരിഭാഗം രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ ഈ വാദം‌ ശരിയാണ്‌. ജപ്പാൻകാർ അത്രയും വിദ്യാസമ്പന്നരല്ല. അതുകൊണ്ട്‌ 40 വർഷത്തിനകം പൂർണസാക്ഷരത കൈവരിക്കണമെന്ന്‌ അവർ തീരുമാനിക്കുന്നു. ഈ നേട്ടം കൈവരിക്കുകയും ചെയ്‌തു. തുടർന്ന്‌, അവർ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യവും കൈവരിച്ചു. അങ്ങനെ ഓരോ മേഖലയിലും മുന്നേറി. ഇത്‌ ഒരു മാർക്‌സിയൻ ചിന്താധാര മാത്രമല്ല, ഇക്കാര്യത്തിൽ മാർക്‌സിസ്റ്റ്‌ ചിന്താധാര ശക്തമാണ്‌.

ജപ്പാൻകാർ ഇത്തരം മാതൃകാ സിദ്ധാന്തങ്ങളിൽനിന്ന്‌ മാറി ചലിച്ചവരാണ്‌. അവർ അവരുടേതായ വഴികളിൽ പോകുന്നവർ.
ഭൗതികനിക്ഷേപം സ്വരൂപിക്കുന്നതിനേക്കാൾ മനുഷ്യവിഭവശേഷിയിൽ കേന്ദ്രീകരിച്ചുകൊണ്ട്‌‌ കേരളത്തിന്‌ എത്രമാത്രം മുന്നോട്ട്‌ പോകാനാകുമെന്നതാണ്‌ ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. തീർച്ചയായും ഭൗതികനിക്ഷേപം സ്വരൂപിക്കൽ പ്രധാനമാണ്‌. നിക്ഷേപം സ്വരൂപിക്കൽ സൈദ്ധാന്തികമായി പ്രധാനമാണ്‌. മാർക്‌സിയൻ കൃതികളിലും റിക്കാർഡിയൻ കൃതികളിലും നിയോ ക്ലാസിക്കൽ സാമ്പത്തിക സിദ്ധാന്തത്തിലും ഇതിന്‌ വലിയ പ്രാധാന്യം കൽപ്പിക്കുന്നു. എന്നാൽ, തൊഴിലാളികളുടെ പങ്കിന്‌‌ വളരെ പ്രാമുഖ്യമുണ്ട്‌. ഉൽപ്പാദന നിലവാരം, പരിശീലനം. ജ്ഞാനം, പൊതു നൈപുണ്യശേഷി എന്നിവ കൈവരിക്കുന്നതിന്‌ വിദ്യാഭ്യാസത്തിലൂടെയോ പ്രായോഗിക പരിശീലനത്തിലൂടെയോ സാമ്പത്തിക ശാസ്‌ത്രത്തെക്കുറിച്ച്‌ മനസ്സിലാക്കേണ്ടത്‌ തികച്ചും പ്രാധാന്യമർഹിക്കുന്നതാണ്‌.


 

കേരളത്തിൽ നിലവിലെ സാഹചര്യം വിപുലപ്പെടുത്താനുള്ള സാധ്യത ശക്തമായി നിലനിൽക്കുകയാണ്‌. മാനവികതയിൽ ഊന്നിക്കൊണ്ടുള്ള മാനസികാവസ്ഥ ശക്തമായി സ്ഥാപിച്ചുകഴിഞ്ഞു. ഞാൻ എന്റെ ജോലി ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ, അതായത്‌ 1957ലെ കമ്യൂണിസ്‌റ്റ്‌ സർക്കാർ അധികാരത്തിൽ വരുന്നതിന്‌ മുമ്പുതന്നെ കേരളത്തിൽ ഇത്തരമൊരു ചിന്താഗതി രൂപപ്പെട്ടിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ രൂപീകരണവും തൊട്ടുകൂടായ്‌മയ്‌ക്കെതിരായ പ്രസ്ഥാനങ്ങളും വിദ്യാഭ്യാസവും ഈ പുരോഗതിക്ക്‌ കാരണമായിട്ടുണ്ട്‌. അതുപോലെതന്നെ മിഷനറി വിദ്യാഭ്യാസവും ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. വ്യത്യസ്‌തമായ വഴികളിലൂടെ കേരളത്തിന്റെ വികസനത്തിന്‌ വേഗം വർധിച്ചെന്ന വിശാലമായ കാഴ്‌ചപ്പാട്‌ നമുക്ക്‌ ഉണ്ടാകണം. ബ്രിട്ടീഷ്‌ കാലഘട്ടത്തിൽ ഇന്ത്യയിൽ 13 ശതമാനമായിരുന്നു സാക്ഷരതാ നിരക്ക്‌. എന്നാൽ, മിഷനറിമാരുടെ പ്രവർത്തനം ഉണ്ടായിരുന്ന കേരളം ഇതിൽനിന്ന്‌ തികച്ചും വിഭിന്നമായിരുന്നു. കേരളത്തിൽ 50 ശതമാനമായിരുന്നു സാക്ഷരതാ നിരക്ക്‌. 100 ശതമാനം കൈവരിക്കേണ്ടത്‌ ആവശ്യമാണ്‌.

മനുഷ്യാധ്വാനം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനുള്ള ഇച്ഛാശക്തി ഉണ്ടെങ്കിൽ തലയുയർത്തി മുന്നോട്ടുപോകാനാകും

ഇന്ന്‌ നമ്മൾ വിജയത്തിലേക്കും പരാജയത്തിലേക്കും നോക്കുമ്പോൾ തൊഴിൽമേഖലയാണ്‌ വളരെ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്‌. പുരോഗതിക്കും മാറ്റത്തിനുമായി മനുഷ്യരുടെ മനോഭാവത്തിൽ എന്ത്‌ ‌സംഭവിക്കുന്നു എന്നതും പ്രധാനമാണ്‌. രണ്ടാം ലോകയുദ്ധത്തിനുശേഷം തകർന്നടിഞ്ഞ ജർമനിയുടെയും ജപ്പാന്റെയും വ്യത്യസ്‌തമായ ചരിത്രം നമ്മൾ നോക്കേണ്ടതാണ്‌. കാർപ്പറ്റ്‌ ബോംബിങ്ങിലൂടെ ഡ്രസഡനും ഹാംബർഗും ഇടിച്ചുനിരത്തപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ മാത്രമായി മാറി. എന്നാൽ, കുറഞ്ഞ വർഷത്തിനിടയിൽത്തന്നെ അവർക്ക്‌ വലിയ രീതിയിലുള്ള വികസനം കൈവരിക്കാൻ സാധിച്ചു. ഇത്‌ എന്തുകൊണ്ടാണ്‌ സാധിച്ചത്‌. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള അന്തരീക്ഷം പുനർസൃഷ്ടിക്കുന്നതിന്‌ അവർ പല വഴികളും പ്രയോഗിച്ചു. യുദ്ധകാലത്തും യുദ്ധത്തിനുമുമ്പും ഭയാനകമായ രാഷ്ട്രീയ സിദ്ധാന്തത്തിലൂടെയാണ്‌ ജർമനി കടന്നുപോയത്‌. മനുഷ്യാധ്വാനം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാനുള്ള ഇച്ഛാശക്തി ഉണ്ടെങ്കിൽ തലയുയർത്തി മുന്നോട്ടുപോകാനാകും. ജപ്പാനെക്കുറിച്ചും വലിയൊരളവുവരെ ഇതുതന്നെയാണ്‌ പറയാനുള്ളത്‌.

മനുഷ്യവിഭവശേഷി വിജയകരമായി ഉപയോഗിക്കുക, മാനവികതയിൽ കേന്ദ്രീകരിക്കുക, പൊതുസംവാദങ്ങളിലൂടെ പരസ്‌പരം കൂടുതൽ മനസ്സിലാക്കുക, വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉണ്ടെങ്കിൽ അതേപ്പറ്റി പരസ്‌പരം വിമർശിക്കുക–- ഇതായിരിക്കണം കേരളത്തിന്റെ സാമ്പത്തിക തന്ത്രങ്ങളുടെ മുഖഭാവങ്ങൾ. നിങ്ങൾക്ക്‌ ഒരു തരം വ്യവസായം ഉണ്ടോ, അല്ലെങ്കിൽ മറ്റൊരു തരം വ്യവസായം ഉണ്ടോ, കൃഷിയുണ്ടോ, ഉൽപ്പാദന മേഖലയുണ്ടോ, വൻകിട–-ചെറുകിട വ്യവസായമുണ്ടോ എന്നതൊന്നും സാമ്പത്തിക വിദഗ്‌ധരുടെ യാത്രാപഥത്തിലില്ല. ഇതൊക്കെ പ്രാധാന്യമുള്ളതാണെങ്കിലും മാനവികതയിലും മനുഷ്യചിന്തയിലും‌ ഇത്‌ അപ്രസക്തമാകുന്നു.

കേരളത്തിന്റെ ഭാവിവീക്ഷണത്തോട്‌ ഞാൻ വ്യക്തിപരമായി ശുഭാപ്‌തിവിശ്വാസക്കാരനാണെന്ന്‌ ഉറക്കെ പറയുകയാണ്‌. കഴിഞ്ഞ കാലത്ത്‌ അത്‌ വിജയിച്ചതു കൊണ്ടുമാത്രമല്ല ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുന്നത്‌, മറിച്ച്‌‌ എന്തുകൊണ്ടാണ്‌ വിജയിച്ചതെന്നും അത്‌ വ്യത്യസ്‌തമായിരുന്നുവെന്നും ഞങ്ങൾക്ക്‌ മനസ്സിലാക്കാൻ സാധിച്ചതിനാലാണ്‌.

ഇ എം എസുമായി സംസാരിക്കാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. ഞാൻ ആദ്യ വർഷം താമസിച്ചിടത്തുനിന്ന്‌ വളരെ അകലെയല്ലാതെയാണ് ‌ഇ എം എസും താമസിച്ചിരുന്നത്‌. പലതവണ അദ്ദേഹത്തോടൊപ്പം ഒന്നിച്ചിരുന്ന്‌ ചിന്തകൾ പങ്കുവയ്‌ക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

ആദ്യകാലത്ത്‌ ഡൽഹിയിൽ ഉണ്ടായിരുന്ന ഘട്ടത്തിൽ ഞാൻ ഭാഗ്യവാനായിരുന്നു. ഡൽഹി സ്‌കൂൾ ഓഫ്‌ ഇക്കണോമിക്‌സിൽ ഞാൻ സഹപ്രവർത്തകരുമായി തർക്കിക്കുമ്പോൾ കേരളത്തിന്‌ ലോകത്തെ പരാജയപ്പെടുത്താൻ കഴിയുമെന്ന്‌ പറയുമായിരുന്നു. ഞാൻ അത്‌ പറയുമ്പോൾ രാഷ്ട്രീയ മുൻധാരണയിൽ അന്ധനായി മാറിയിരിക്കുകയായിരുന്നു. ഇപ്പോൾ അതല്ല സംഭവമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌. വലിയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ഇതേപ്പറ്റി സംസാരിക്കാനും എനിക്ക്‌ അവസരം ലഭിക്കുന്നുണ്ട്‌. തുറന്ന മനസ്സുള്ള ജനങ്ങളെ കാണുക എന്നത്‌ നല്ലതാണ്‌. ഇ എം എസുമായി സംസാരിക്കാൻ കഴിഞ്ഞത്‌ വലിയ ഭാഗ്യമായിരുന്നു. ഞാൻ ആദ്യ വർഷം താമസിച്ചിടത്തുനിന്ന്‌ വളരെ അകലെയല്ലാതെയാണ് ‌ഇ എം എസും താമസിച്ചിരുന്നത്‌. പലതവണ അദ്ദേഹത്തോടൊപ്പം ഒന്നിച്ചിരുന്ന്‌ ചിന്തകൾ പങ്കുവയ്‌ക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചിരുന്നു. ഇതുവരെയുള്ള വിലയിരുത്തലിൽ അന്വേഷണത്വരയുള്ള ഒരു മനസ്സിന്‌ പകരംവയ്‌ക്കാൻ മറ്റൊന്നുമില്ലെന്നാണ്‌ ഞാൻ ചിന്തിക്കുന്നത്‌. അന്വേഷണത്വരയെ തടഞ്ഞുനിർത്തരുത്‌. കേരളത്തിൽ ഈ തുറന്ന ഒഴുക്കിനെ തടഞ്ഞുനിർത്തിയിട്ടില്ല. ഇനിയും തടഞ്ഞുനിർത്തില്ലെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞകാലങ്ങളിൽ നേടിയ വിജയത്തേക്കാൾ വലിയ നേട്ടം ഭാവിയിൽ കൈവരിക്കാനും വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കാനും മനസ്സിന്റെ തുറന്നിടൽ അനിവാര്യമാണ്‌. ‘‘നമ്മൾ ചെയ്യുന്നത്‌ ശരിയായ കാര്യങ്ങളാണോ?’’ ഇത്‌ മനുഷ്യത്വത്തെയും യുക്തിചിന്തയെയും പൊതുസംവാദത്തെയും ആശ്രയിച്ചിരിക്കുന്നു. പ്രധാനപ്പെട്ട ഈ കേന്ദ്രീകൃതമൂല്യങ്ങളെ കേരളം അതിന്റെ ഭാവിക്കായി വിനിയോഗിക്കണമെന്നാണ്‌ ഞാൻ ചിന്തിക്കുന്നത്‌. ബുസ്‌റ്റണിലെ മഞ്ഞുകൂമ്പാരങ്ങളിലല്ല ഞാൻ ഇപ്പോൾ ഇരിക്കുന്നത്, ഞാൻ കേരളത്തിലാണ്‌ ഇരിക്കുന്നത്‌ എന്ന്‌ അഭിലഷിക്കുന്നു. കേരളത്തിലേക്ക്‌ വീണ്ടും വരാൻ ഞാൻ ഒരു അവസരം കാത്തിരിക്കുന്നു. കേരളത്തിന്റെ സ്വാദിഷ്‌ടമായ ഭക്ഷണവും വലിയ സംവാദങ്ങളും ആഗ്രഹിക്കുന്നു. 

ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താം- രത്തൻ ടാറ്റ

രാജ്യത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിലൊന്നാണ്‌ കേരളം. ഉയർന്ന വിദ്യാഭ്യാസമുള്ള ജനങ്ങൾ, മനോഹരമായ കായലുകളും ബീച്ചുകളും എല്ലാം കേരളത്തിന്റെ പ്രത്യേകതയാണ്‌. കേരളത്തിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഏറ്റവും യോജിച്ച വ്യവസായം ടൂറിസമാണ്‌. കേരളത്തിലെ വ്യവസായവൽക്കരണം മറ്റുള്ള സംസ്ഥാനങ്ങളിലെപ്പോലെ അത്ര ദ്രുതഗതിയിലായിരുന്നില്ല. പ്രകൃതിഭംഗിയുള്ള പ്രദേശങ്ങളും വിദ്യാഭ്യാസമുള്ള ജനതയുമെന്ന നിലയിൽ കേരളത്തിന്റെ സാധ്യതകൾ ഏറെയാണ്. യാഥാർഥ്യ ബോധത്തോടെയുള്ള വ്യവസായ നയമാണ് ആവശ്യം. തനത് മനോഹാരിതയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ വേണം ടൂറിസം വ്യവസായങ്ങൾ പരിപോഷിപ്പിക്കേണ്ടത്‌.

ഭാവി രൂപപ്പെടുത്തലിന്‌ കേരളം ശ്രദ്ധിക്കണം-പ്രൊഫ. ജോസഫ്‌ ഇ സ്റ്റിഗ്ലിറ്റ്സ്

മികച്ച രീതിയിലുള്ള ആസൂത്രണമാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നും ലോകത്തെ പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത്‌. യഥാർഥ നേട്ടങ്ങളാണ് ഇവിടെയുള്ളത്. പങ്കാളിത്ത ജനാധിപത്യം, അധികാര വികേന്ദ്രീകരണം, വിദ്യാഭ്യാസം, ശാസ്ത്രാവബോധം എന്നിവ കേരളത്തിന്റെ മാതൃകാപരമായ നേട്ടങ്ങളാണ്‌.

തദ്ദേശീയ തൊഴിൽ സാധ്യത ഉയർത്തുന്നതിലാകണം കേരളം കൂടുതൽ ഊന്നൽ നൽകേണ്ടത്‌. ലോക സാമ്പത്തികരംഗമാകെ മാറ്റങ്ങൾക്ക്‌ വിധേയമായ സാഹചര്യത്തിൽ, മറ്റു രാജ്യങ്ങളിൽ തൊഴിൽ സാധ്യത എത്രത്തോളമെന്നത്‌ പ്രവചനാതീതമാണ്‌. ഇത്‌ തിരിച്ചറിഞ്ഞുള്ള മാറ്റം ആവശ്യമാണ്‌. ലോകമാകെ കടുത്ത പ്രയാസങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഏതെങ്കിലും തരത്തിൽ എല്ലാ രാജ്യവും പ്രശ്‌നങ്ങൾ നേരിടുന്നു. നിലവിൽ കേരളത്തിന്റെ പ്രധാന വരുമാനം ഗൾഫ് രാജ്യങ്ങളിലെ തൊഴിൽശേഷിയെ ആശ്രയിച്ചാണ്‌. അത് പെട്രോളിയത്തിൽനിന്നുള്ള വരുമാനമാണ്. നിലവിലെ അവസ്ഥയിൽ 2050 ആകുമ്പോഴേക്കും എണ്ണയെ അടിസ്ഥാനമാക്കിയുള്ള വരുമാനം കുറയും. ഈ സാഹചര്യം മുന്നിൽക്കണ്ട് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയും സ്വന്തം വിഭവങ്ങൾ കണ്ടെത്തുകയുമാണ് കേരളം ചെയ്യേണ്ടത്‌. അവിടെയാണ്‌ സ്വന്തം വിഭവങ്ങളിലൂന്നിയ ഭാവി രൂപപ്പെടുത്തലിൽ കേരളം ശ്രദ്ധിക്കേണ്ടത്‌. ഉൽപ്പാദന വ്യവസായങ്ങൾക്ക്‌ മുൻഗണന നൽകണം.  ഒപ്പം വിനോദ സഞ്ചാരത്തെയും ശ്രദ്ധിക്കണം.

കോവിഡിനുശേഷമുള്ള ലോകത്തിന്റെ വ്യത്യസ്തതകൾ മനസ്സിലാക്കി വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കേരളം പരിശ്രമിക്കണം. മരുന്ന്‌ ഉൽപ്പാദനമേഖലയും വലിയ സാധ്യതകൾ തുറന്നിടുന്നു. കേരളത്തിന്റെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും അതുവഴിയുള്ള തൊഴിൽസാധ്യത ഉയർത്തുകയും പ്രധാനമാണ്‌. ഇത്‌ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കും. തൊഴിൽരംഗം ഉയരുന്നത്‌ സ്‌ത്രീകൾക്ക്‌ കൂടുതൽ സാധ്യത തുറക്കും.  പുനരുപയോഗ ഊർജസ്രോതസ്സുകളാണ്‌ കേരളം ശ്രദ്ധിക്കേണ്ട മറ്റൊരു മേഖല. ടൂറിസം, കൃഷി, നിർമാണം എന്നീ മേഖലകളിലാണ് കേരളത്തിന് ഏറെ സാധ്യതയുള്ളത്. കോവിഡ് കാലം കഴിഞ്ഞാൽ ടൂറിസം ശക്തമായി തിരികെയെത്തും.

(സാമ്പത്തിക ശാസ്ത്ര നൊബേൽ ജേതാവും കൊളംബിയ സർവകലാശാലയിലെ പ്രൊഫസറുമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top