19 September Saturday

ലക്ഷ്‌മണരേഖ ലംഘിക്കരുത്‌ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Apr 3, 2020

കോവിഡ്‌–-19ന്റെ വ്യാപനം ഇന്ത്യക്ക്‌ വലിയ വെല്ലുവിളിയാണ്‌. ഇതിനുമധ്യേ സൃഷ്ടിച്ച ‘പായിപ്പാട്ടെ വ്യാജ പ്രതിഷേധവും’ തലശേരി ‐ മൈസൂർ പാതയിൽ മൺമതിൽ കെട്ടിയ കർണാടക സർക്കാർ നടപടിയും കോവിഡ്‌ വൈറസിനെ എന്നപോലെ സമൂഹത്തിൽ ഒറ്റപ്പെടുത്തേണ്ടവയാണ്‌. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന വിഖ്യാത നോവലിൽ തയ്‌നാദിയർ എന്ന ദുഷ്ടകഥാപാത്രമുണ്ട്‌. യുദ്ധഭൂമിയിൽ മുറിവേറ്റുകിടക്കുന്ന സേനാനായകരുടെയും ഭടന്മാരുടെയും ആർത്തനാദങ്ങൾക്കിടയിൽ, അവരുടെ കഴുത്തിലെ സ്വർണമാലയും കൈകളിലെ മോതിരവും ചെയിനും കവരാൻ കഴുത്തും കൈയും വിരലും വെട്ടുന്ന ക്രൂരതയുടെ പേരാണ്‌ തയ്‌നാദിയർ. അതിന്റെ പുതിയ രൂപങ്ങളാണ്‌ കൊറോണക്കാലത്ത്‌ മേൽസൂചിപ്പിച്ച പ്രകാരം കുത്തിത്തിരിപ്പുകളുണ്ടാക്കുന്നവർ.

കോവിഡ്‌ ബാധിതരുടെ എണ്ണം രാജ്യത്ത്‌ വർധിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള യജ്ഞത്തിൽ എല്ലാവരും യോജിപ്പോടെ മുന്നോട്ടുപോകുകയാണ്‌ വേണ്ടത്‌. കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെയും ജനങ്ങളുടെയുമെല്ലാം യോജിപ്പ്‌ പ്രധാനമാണ്‌. എന്നാൽ, ഏറ്റവും വിനാശകരമായ നിലപാട്‌ കർണാടകത്തിൽ ബിജെപി നേതൃത്വത്തിലുള്ള യെദ്യൂരപ്പ സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്‌. തലശേരി‐മൈസൂർ പാതയിലെ കർണാടക അതിർത്തി അടച്ചതിന്‌ മതിയായ ഒരു ന്യായവുമില്ല. സമ്പർക്കവിലക്കിന്‌ കേരളം എതിരല്ല. ഹോട്‌സ്‌പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കാസർകോടുള്ള ആളുകൾ അവിടംവിട്ട്‌ കർണാടകത്തിൽ പോയി താമസിക്കണമെന്ന്‌ ആരും ആവശ്യപ്പെടുന്നില്ല. അത്യാവശ്യ ചികിത്സായാത്രയും ചരക്കുനീക്കവും വിലക്കാൻ പാടില്ല. അതുകൊണ്ടാണ്‌ റോഡിൽ കെട്ടിയുയർത്തിയ മൺമതിൽ നീക്കംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നത്‌. കർണാടക സർക്കാർ കേരളത്തിന്റെ ആവശ്യത്തിന്‌ ചെവികൊടുക്കാതെ വന്നപ്പോൾ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു. വിഷയം തീർക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷായെ ചുമതലപ്പെടുത്തിയെങ്കിലും അതിർത്തിയിൽ മണ്ണിട്ട്‌ പാതയടച്ച കർണാടകത്തിന്റെ നിയമവിരുദ്ധപ്രവൃത്തിക്ക്‌ അന്ത്യമായില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക്‌ വരികയും മനുഷ്യത്വരഹിതമാണ്‌ കർണാടക സമീപനമെന്ന്‌ കോടതി പരാമർശിക്കുകയും പാത തുറന്നുകൊടുക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന്‌ നിർദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌.


 

ഇവിടെ എല്ലാവരും ഓർക്കേണ്ട കാര്യം കോവിഡ്‌–-19 എന്നത്‌ ഏതെങ്കിലും ഒരു സംസ്ഥാനമോ ഒരു വിഭാഗം ആളുകളോ ഒരു സമുദായമോ സൃഷ്ടിക്കുന്നതല്ല എന്നതാണ്‌. കോവിഡ്‌ ബാധിതരുടെ എണ്ണത്തിൽ താരതമ്യേന വർധനയുള്ള ഒരു ജില്ലയാണ്‌ കാസർകോട്‌. അവിടെയടക്കം സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്‌. ഇതൊന്നും പരിഗണിക്കാതെയാണ്‌ കേരള‐കർണാടക പാത മണ്ണിട്ടടച്ച നടപടി കർണാടകത്തിൽ നിന്നുണ്ടായത്‌. യെദ്യൂരപ്പ സർക്കാരിന്റെ ഈ കൊള്ളരുതായ്‌മയ്‌ക്ക്‌ കുടപിടിക്കുകയാണ്‌ കോൺഗ്രസിന്റെ മുതിർന്ന നേതാവായ പ്രതിപക്ഷനേതാവ്‌ സിദ്ധരാമയ്യ ചെയ്‌തിരിക്കുന്നത്‌. ഇതിനോട്‌ പ്രതികരിക്കാനുള്ള ശേഷി കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ ഇല്ലാതെപോയി. ഇതൊക്കെയാണ്‌ സ്ഥിതിയെങ്കിലും കർണാടകത്തിലെയും കേരളത്തിലെയും ജനങ്ങൾ തമ്മിൽ ഉറച്ച സ്‌നേഹബന്ധം ദൃഢമായി തുടരണം. അതിനുള്ള ജാഗ്രത ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും കാട്ടണം.

മലബാർ പ്രദേശത്തെ ജനങ്ങൾ ഡയാലിസിസ്‌ ഉൾപ്പെടെയുള്ള ചികിത്സയ്‌ക്ക്‌ ആശ്രയിക്കുന്നത്‌ മംഗളൂരുവിലെ ആശുപത്രികളെയാണ്‌. മംഗളൂരുവും കാസർകോടുമെല്ലാം ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരേ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിന്റേതായ സാംസ്‌കാരിക‐സാമൂഹ്യ‐ആരോഗ്യ രംഗങ്ങളിലെ കൊടുക്കൽ വാങ്ങലുകൾ ഇന്നും തുടരുന്നു. ഈ പശ്ചാത്തലത്തിൽ മംഗളൂരുവിൽ ചികിത്സ നടത്തിവരുന്ന മലബാറുകാർക്ക്‌ മതിയായ സുരക്ഷാനടപടികൾ സ്വീകരിച്ച്‌ ആംബുലൻസിൽ പോയിവരുന്നതിനുള്ള സൗകര്യം ഉണ്ടാകണമെന്നാണ്‌ കേരളം ആവശ്യപ്പെട്ടത്‌. അത് നിഷേധിച്ചതിനാൽ ഇതിനകം പൊലിഞ്ഞത്‌ ഏഴ്‌ ജീവനുകളാണ്‌. ഈ വിഷയത്തിൽ ഇടപെട്ട്‌ യെദ്യൂരപ്പ സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ മാറ്റം വരുത്തിക്കാൻ കേരളത്തിലെ ബിജെപി നേതൃത്വവും കേന്ദ്രമന്ത്രി മുരളീധരനും താൽപ്പര്യം കാണിക്കാത്തത്‌ ലജ്ജാകരമാണ്‌.

രാജ്യത്ത്‌ ഏപ്രിൽ 14 വരെ ലോക്ക്‌ഡൗൺ കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും എല്ലാവരും ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിൽത്തന്നെ കഴിയാൻ പ്രധാനമന്ത്രി നിർദേശിക്കുകയും ചെയ്‌തിരിക്കുകയാണ്‌. പക്ഷേ, സംസ്ഥാനങ്ങളുടെ അതിർത്തികൾ മണ്ണിട്ടോ കരിങ്കൽഭിത്തി കെട്ടിയോ അടയ്‌ക്കാൻ കൽപ്പനയില്ല. അങ്ങനെവന്നാൽ, ചരക്കുനീക്കത്തെയടക്കം ബാധിക്കുകയും പല പ്രദേശങ്ങളിലും ജനങ്ങൾ ക്ഷാമത്തിലാകുകയും ചെയ്യും. അതിർത്തിപാത കർണാടക സർക്കാർ അടച്ചതുകൊണ്ട്‌ ആശുപത്രിയാത്ര മാത്രമല്ല, ചരക്കുനീക്കവും തടസ്സപ്പെടുന്നുണ്ട്‌. അവശ്യവസ്‌തുക്കളുടെ ചരക്കുനീക്കം സ്‌തംഭിപ്പിക്കില്ല എന്ന പ്രധാനമന്ത്രിയുടെ ഉറപ്പ്‌ കർണാടക സർക്കാർ കാറ്റിൽ പറത്തിയിരിക്കുകയാണ്‌.

സാമൂഹ്യ ഉത്തരവാദിത്തം
ഭക്ഷ്യവസ്‌തുക്കൾക്ക്‌ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനമാണ്‌ കേരളം. ഇക്കാര്യത്തിൽ ആപത്തുകാലത്തടക്കം കേരളവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌. എന്നാൽ, കർണാടകത്തിലെ ബിജെപി സർക്കാർ പകയോടെ പെരുമാറുകയാണ്‌. ഇതെല്ലാം മനസ്സിലാക്കിത്തന്നെ ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കാനുള്ള സാമർഥ്യവും ഭരണമികവും എൽഡിഎഫ്‌ സർക്കാർ കാട്ടുന്നുണ്ട്‌. മൂന്നുദിവസത്തിനകം കാസർകോട്‌ മെഡിക്കൽകോളേജിന്റെ പ്രവർത്തന നിലവാരവും സജ്ജീകരണവും ഉയർത്തുകയാണ്‌. ഡയാലിസിസ്‌ മെഷീനുകൾ അധികമായി എത്തിക്കുന്നതിനുള്ള ഏർപ്പാടുകളും ചെയ്‌തിട്ടുണ്ട്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയെ കോവിഡ്‌ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറ്റുകയാണ്‌. ജനപക്ഷ നടപടികൾ സ്വീകരിക്കുന്നതിലും കർണാടക‐കേരള സർക്കാരുകളുടെ സ്വഭാവവ്യത്യാസം കൊറോണാക്കാലം തെളിയിക്കുന്നുണ്ട്‌. കർണാടകത്തിൽ ചെലവുകുറഞ്ഞ ഇന്ദിരാ ക്യാന്റീനുകൾ അടച്ചുപൂട്ടി. എന്നാൽ, സാമൂഹ്യ അടുക്കളകൾ (കമ്യൂണിറ്റി കിച്ചൻ) കേരളത്തിൽ വ്യാപകമായി ആരംഭിച്ച്‌ ഒരു ഭരണകൂടത്തിന്റെ സമൂഹ ഉത്തരവാദിത്തം എന്തെന്ന്‌ കേരളം തെളിയിക്കുകയാണ്‌.

ദുരിതകാലത്ത്‌ ഉള്ള കഞ്ഞിയിൽ നഞ്ച്‌ കലക്കുന്ന പണിയാണ്‌ അതിർത്തിപാത അടച്ച്‌ കർണാടകത്തിലെ ബിജെപി സർക്കാർ ചെയ്‌തത്‌. ഇതിന്റെതന്നെ മറ്റൊരു രൂപമാണ്‌ കോട്ടയം ജില്ലയിലെ പായിപ്പാട്‌ സംഭവം. ലോക്ക്‌ഡൗൺ നിബന്ധനകൾ ലംഘിച്ച്‌ ആയിരക്കണക്കിന്‌ അതിഥിത്തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്‌ ചില കേന്ദ്രങ്ങളുടെ കുത്തിത്തിരിപ്പിന്റെ ഫലമായാണ്‌. ഇവിടെ കഴിഞ്ഞാൽ ഇനി പട്ടിണി കിടക്കേണ്ടിവരുമെന്നും സ്വന്തം നാട്ടിൽ പോകാൻ മോഡി സർക്കാർ ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ വിലക്ക്‌ ലംഘിച്ച്‌ പുറത്തുവരാൻ ചില ഗൂഢശക്തികൾ പ്രചാരണം നടത്തി. കള്ളം പ്രചരിപ്പിച്ച്‌ എൽഡിഎഫ്‌ സർക്കാർ ഭരിക്കുന്ന കേരളത്തെ മോശമാക്കാനാണ്‌ പായിപ്പാട്ടെ സംഭവം സൃഷ്ടിച്ചത്‌. സംസ്ഥാനത്തെ മറ്റുചില പ്രദേശങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ സൃഷ്ടിക്കാൻ ശ്രമം ഉണ്ടായെങ്കിലും അത്‌ മുളയിലേ നുള്ളാൻ കഴിഞ്ഞു.

കോവിഡ്‌–-19 ന്റെ പശ്ചാത്തലത്തിലാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി മാർച്ച്‌ 24ന്‌ മൂന്നാഴ്‌ചത്തെ ലോക്ക്‌ഡൗൺ രാജ്യമാകെ പ്രഖ്യാപിച്ചപ്പോൾ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നില്ല. ദിവസക്കൂലിക്കാർക്കും അത്താഴപ്പട്ടിണിക്കാർക്കും അന്നത്തിനുള്ള മാർഗം സർക്കാർ ഉറപ്പാക്കാത്തതുകൊണ്ടാണ്‌ കൂട്ടപ്പലായനം ഡൽഹിയിൽ നിന്നുണ്ടായത്‌. അവിടെ കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം ഇരുപതുലക്ഷത്തിലധികമാണ്‌. ലോക്ക്‌ഡൗൺ വന്നതോടെ അവരിൽ വലിയ ശതമാനം ദുരിതത്തിലായി. അവരെ രക്ഷിക്കാൻ സർക്കാർ എത്തിയില്ല. നാല്‌ ലക്ഷം പേർക്കേ ഭക്ഷണവും മറ്റ്‌ പ്രാഥമിക സൗകര്യങ്ങളും നൽകിയിരുന്നുള്ളു. ഈ സാഹചര്യത്തിലാണ്‌ കൂട്ടപ്പലായനം ഉണ്ടായത്‌. ആഭ്യന്തര അഭയാർഥികൾ എന്ന വിശേഷണമാണ്‌ പല മാധ്യമങ്ങളും ഇവർക്ക്‌ നൽകിയത്‌. ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയുള്ള ദുരിതയാത്രയായിരുന്നു അത്‌. മധ്യപ്രദേശിലോ യുപിയിലോ ഉള്ള ജന്മഗ്രാമങ്ങളിലേക്ക്‌ കുടുംബവുമൊത്ത്‌ മടങ്ങാനുള്ള ജീവന്മരണ യജ്ഞമായിരുന്നു അത്‌. ഇതിനിടെ, ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധിപേർ മരിച്ചു. ഇത്തരം ദൃശ്യങ്ങൾ മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു തുടങ്ങിയ വൻനഗരങ്ങളിലും ദൃശ്യമായി. ഡൽഹി സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായതോടെ, ജന്മനാട്ടിലേക്ക്‌ അവരെ എത്തിക്കാൻ യുപി സർക്കാർ ബസുകൾ ഏർപ്പെടുത്താൻ നിർബന്ധിതരായി.


 

രാഷ്‌ട്രീയദുരുദ്ദേശ്യത്തോടെ മരണക്കളി നടത്തുന്നത്‌ അവസാനിപ്പിക്കണം
ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടിൽ പ്രധാനമന്ത്രി ‘മൻ കി ബാത്‌’ എന്ന തന്റെ റേഡിയോ പരിപാടിയിൽ ഖേദം പ്രകടിപ്പിച്ചു. പക്ഷേ, പാർശ്വവൽകൃതരായ ജനങ്ങളോട്‌ മുൻകൂട്ടി സ്വീകരിക്കേണ്ട കരുതൽ കേന്ദ്രസർക്കാരിൽനിന്ന്‌ ഉണ്ടായില്ല. യുപിയിലെത്തിയ ആഭ്യന്തര അഭയാർഥികളെ ബസിൽനിന്ന്‌ പുറത്തിറക്കി കൂട്ടത്തോടെ പൊതുസ്ഥലത്ത്‌ ഇരുത്തി പൊലീസ്‌ കീടനാശിനി സ്‌പ്രേ ചെയ്‌തത്‌ ഏറ്റവും പ്രാകൃതമായ നടപടിയായി.

ഡൽഹി, യുപി എന്നിവിടങ്ങളിൽനിന്നെല്ലാം വ്യത്യസ്‌തമായി കുടിയേറ്റ തൊഴിലാളികളോട്‌ ഏറ്റവും കരുതലോടെയുള്ള സമീപനമാണ്‌ പിണറായി വിജയൻ സർക്കാർ സ്വീകരിക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ അവർക്ക്‌ അതിഥിത്തൊഴിലാളികൾ എന്ന നിയമപ്രാബല്യമുള്ള പേര്‌ നൽകിയത്‌. അന്യരായല്ല, അതിഥികളായാണ്‌ അവരെ കാണുന്നത്‌. തൊഴിൽരഹിതരായിരിക്കുന്ന അതിഥിത്തൊഴിലാളികൾക്ക്‌ താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ എൽഡിഎഫ്‌ സർക്കാർ ഉറപ്പാക്കി. അയ്യായിരത്തോളം ക്യാമ്പുകളിലായി ഒരുലക്ഷത്തി എഴുപതിനായിരത്തിലേറെ അതിഥിത്തൊഴിലാളികൾക്ക്‌ താമസിക്കാനുള്ള സൗകര്യം ചെയ്‌തു.

എവിടെയെങ്കിലും അപാകം കണ്ടാൽ പരിഹരിക്കാൻ കലക്ടർമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാൽ, കേരളം മോശമാണെന്ന്‌ വരുത്താനുള്ള ഗൂഢലക്ഷ്യത്തോടെയാണ്‌ പായിപ്പാട്ടെ വ്യാജപ്രതിഷേധം സൃഷ്ടിച്ചത്‌. ഈ വേളയിൽ ചില മാധ്യമങ്ങൾ സാമൂഹ്യ ഉത്തരവാദിത്തം കാറ്റിൽ പറത്തുന്ന സമീപനം സ്വീകരിച്ചു. ചില മാധ്യമങ്ങളാകട്ടെ സമൂഹത്തിനോടുള്ള പ്രതിബദ്ധതയും കൂറും പ്രകടിപ്പിച്ചു. പായിപ്പാട്ട്‌ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യാതെ ആദ്യം കൈരളി ടിവിയും തുടർന്ന്‌ ട്വന്റിഫോർ ന്യൂസും ശ്രദ്ധേയമായ നിലപാട്‌ സ്വീകരിച്ചു. ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ട്വന്റിഫോർ ന്യൂസിനും അതിന്റെ സാരഥിയായ ആർ ശ്രീകണ്‌ഠൻനായർക്കുമെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത്‌ കോവിഡ്‌കാലത്തെ നിയമവിരുദ്ധ പ്രവർത്തനമായി കണ്ട്‌ ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്‌. പായിപ്പാട്ടെ സംഭവത്തിനുപിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെയും വ്യക്തികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. മരണം വാതിലിൽ വന്ന്‌ മുട്ടുമ്പോഴും രാഷ്‌ട്രീയദുരുദ്ദേശ്യത്തോടെ മരണക്കളി നടത്തുന്നത്‌ അവസാനിപ്പിക്കണം. ഈ ഘട്ടത്തിൽ ആരും ലക്ഷ്‌മണരേഖ മറികടക്കരുത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top