07 June Sunday

പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ

കെ സി ഹരികൃഷ്ണൻUpdated: Wednesday Jun 12, 2019


പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്വപ്നതുല്യമായ വിജയത്തിലേക്ക് എത്തിയിരിക്കുന്നു. ഇടതുപക്ഷ സർക്കാരും പൊതുസമൂഹവും ഏറെക്കാലമായി ആഗ്രഹിക്കുന്ന ഒന്നാണ് പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിൽ ആകണമെന്നത്, ഈ വർഷംമുതൽ അത് യാഥാർഥ്യമായിരിക്കുന്നു. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ് കേരളം ഭരിച്ച യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഈ മേഖലയെ അവർതന്നെ വിശേഷിപ്പിച്ചത് ഈജിയൻ തൊഴുത്ത് എന്നാണ്. ഈ തൊഴുത്ത് വൃത്തിയാക്കാൻ ജനം ഏൽപ്പിച്ചത് ഇടതുപക്ഷ സർക്കാരിനെയാണ്. സർക്കാർ പ്രകടനപത്രികയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

യുഡിഎഫ് ഭരിച്ചിരുന്ന കാലത്ത് വിദ്യാഭ്യാസം പൂർണമായും കച്ചവടക്കാർക്ക് തീറെഴുതി. പരീക്ഷകൾപോലും കൃത്യമായി നടത്താതെ കേരളത്തിലെ 37 ലക്ഷം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. അധ്യാപക സ്ഥലംമാറ്റത്തിലും പാഠപുസ്തക വിതരണത്തിലും യൂണിഫോമിലും ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കുന്നതിലും അൺ എയ്ഡഡ് സ്കൂളുകൾ അനുവദിക്കുന്നതിലും എസ്എസ്എ നിയമനത്തിലും തുടങ്ങി സകലതിലും അഴിമതി. അങ്ങനെ അഴിമതിയുടെ നാറുന്ന കഥകൾമാത്രം പത്രത്താളുകളിൽ ഇടംപിടിച്ച ഒരു കാലം. അധ്യാപകമേഖലയിൽ പുതിയ നിയമനങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവർഷവും കുട്ടികൾ കുറഞ്ഞുകൊണ്ടേയിരുന്നു. അധ്യാപകർക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതി ഉളവാക്കി. മാനേജർമാർക്കും ഭൂമാഫിയക്കും വഴങ്ങി സ്കൂളുകൾ അടച്ചുപൂട്ടി. പരീക്ഷാ ഫലപ്രഖ്യാപനംപോലും യഥാസമയം നടത്താൻ സാധിക്കാത്ത അവസ്ഥ. ഭരണകക്ഷിയിൽപെട്ടവരും അവരുടെ പത്രത്താളുകളും തുറന്ന് എഴുതേണ്ടിവന്നു, പൊതുവിദ്യാഭ്യാസമേഖല ഈജിയൻ തൊഴുത്തെന്ന്. ഇതെല്ലാം ഒരു പഴങ്കഥയായിമാറി എന്നു മാത്രമല്ല രക്ഷപ്പെടില്ല എന്ന് കരുതിയവർക്കുപോലും പൊതുവിദ്യാഭ്യാസമേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്ന് തുറന്നുസമ്മതിക്കേണ്ടിവന്നു. സിബിഎസ്ഇ, അൺ എയ്ഡഡ്, ഐസിഎസ്ഇ വിദ്യാലയങ്ങളിൽ പഠിച്ചിരുന്നവർപോലും കുട്ടികളെ അവിടെനിന്നു മാറ്റി പൊതുവിദ്യാലയങ്ങളിലേക്ക് അയക്കുന്ന വലിയ മാറ്റം കേരളത്തിൽ സംഭവിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്കുമാത്രമേ അയക്കൂ എന്ന് രക്ഷിതാക്കൾ ഒറ്റക്കെട്ടായി പറഞ്ഞുതുടങ്ങി. ഇത് പൊതുവിദ്യാഭ്യാസമേഖലയുടെ വസന്തകാലമാണെന്ന് എല്ലാവരും തുറന്നുസമ്മതിക്കുന്നു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം
ഇത്തരത്തിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും ഗുണപരമായ വലിയ മാറ്റങ്ങൾ വിദ്യാലയങ്ങളിൽ ഇനിയും ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വിചക്ഷണന്മാരും അധ്യാപക സംഘടനകളും വിദ്യാർഥി സമൂഹവും ഒരുപോലെ ആവശ്യപ്പെടുന്നത്. വിവിധ സർവേകളും ഇക്കാര്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിൽ ഊന്നിക്കൊണ്ട് പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂൾവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും പരിശോധിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നവിധം ഘടനാപരമായ മാറ്റങ്ങൾ ഉൾപ്പെടെ പഠിച്ച് നിർദേശം സമർപ്പിക്കാൻ ഡോ. എം എ ഖാദർ ചെയർമാനായി ഒരു വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. വിദഗ്ധസമിതി കേരളത്തിലെ അധ്യാപക സംഘടനകളിൽനിന്നും വിദ്യാർഥി സംഘടനകളിൽനിന്നും അനധ്യാപക സംഘടനകളിൽനിന്നും പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധന്മാരിൽനിന്നും നേരിട്ടും അല്ലാതെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിന്റെ ഒന്നാംഭാഗം സർക്കാരിൽ സമർപ്പിക്കുകയും രണ്ടാംഭാഗം ആഗസ്തോടെ സമർപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. വിദഗ്ധസമിതി റിപ്പോർട്ടിന്റെ ഒന്നാംഭാഗം സർക്കാർ തത്വത്തിൽ അംഗീകരിക്കുകയും റിപ്പോർട്ട് കൂടുതൽ പഠിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസവകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

2009ലെ ദേശീയ വിദ്യാഭ്യാസ അവകാശനയത്തിന്റെ പശ്ചാത്തലത്തിൽ കേരളീയ വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മുന്നോട്ടുപോക്കിന് ആവശ്യമായ ഘടനാപരമായ മാറ്റം എങ്ങനെയാകണം എന്നാണ് സർക്കാർ ആദ്യമായി പരിശോധിച്ചത്. പരിശോധനയിൽ വ്യക്തമായ കാര്യങ്ങൾ നിർദേശങ്ങളായി സംഘടനകളുടെ യോഗം വിളിച്ചുചേർത്ത് ചർച്ചചെയ്തു. നിലവിലുള്ള ഡിപിഐ, ഹയർ സെക്കൻഡറി‐ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ സംയോജിച്ച് ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ എന്ന പുതിയ സംവിധാനം വരും. നിലവിലുള്ള മൂന്നു പരീക്ഷാ വിഭാഗങ്ങളുടെ നടത്തിപ്പിനായി ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷനെ ചുമതലപ്പെടുത്തി. നിലവിലുള്ള എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങൾ ഒറ്റ ഡയറക്ടറേറ്റിനു കീഴിൽ തുടരും. ഹയർ സെക്കൻഡറിയുള്ള വിദ്യാലയങ്ങളിലെ സ്ഥാപനമേധാവികൾ പ്രിൻസിപ്പൽ ആയിരിക്കും. നിലവിലുള്ള ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പൽ ആയിരിക്കും. പ്രിൻസിപ്പലിന്റെ ബോധന സമയം കുറച്ച് ഹെഡ്മാസ്റ്ററുടേതിനു തുല്യമാക്കും. നിലവിലുള്ള ഹൈസ്കൂളിന്റെ ഓഫീസ് സംവിധാനം സ്കൂളിന് പൊതുവായിത്തീരും. പ്രിൻസിപ്പലിന്റെ പിരീഡുകൾ കുറയുന്നതിനനുസരിച്ച് അവിടെയുള്ള അധ്യാപകരെ പ്രൊമോട്ട് ചെയ്യുകയോ പകരം ആളെ നിയമിക്കുകയോ ചെയ്യും. വിദഗ്ധ സമിതിയുടെ മറ്റു ശുപാർശകൾ നടപ്പാക്കുന്നതിനുമുമ്പ് സംഘടനകളുമായി വിശദമായി ചർച്ച ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കി.

പിന്തുണയും ക്രിയാത്മകമായ നിർദേശങ്ങളുമാണ് ഉണ്ടാകേണ്ടത്
പൊതുവിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ രാഷ്ട്രീയമായി ആരുടെയൊക്കെയോ താൽപ്പര്യം സംരക്ഷിക്കാനും അതുവഴി ഈ മേഖലയെ ദുർബലപ്പെടുത്താനും ശ്രമിക്കുന്നത് എന്തിനുവേണ്ടിയാണ്? എല്ലാക്കാലത്തും പൊതുവിദ്യാഭ്യാസമേഖലയെ കച്ചവടമാക്കി മാറ്റാൻ ശ്രമിച്ച ആളുകളെല്ലാം ഇപ്പോൾ ഒത്തുചേർന്നിരിക്കുന്നു എന്നുമാത്രമല്ല വിദഗ്ധ സമിതിയെ നിയോഗിച്ച നാൾമുതൽ അപവാദപ്രചാരണങ്ങളാണ് സംഘടിതമായി നടത്തിക്കൊണ്ട് ഈ മേഖലയെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവരുന്നത്. പൊതുവിദ്യാഭ്യാസമേഖലയുടെ വളർച്ച വല്ലാതെ അവരെ അലോസരപ്പെടുത്തുന്നു. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവുതന്നെ നേരിട്ട് കളത്തിൽ ഇറങ്ങിയിരിക്കുന്നത്. ഈ മേഖലയുടെ ഗുണനിലവാരത്തെ ഈ പരിഷ്കരണം ബാധിക്കുമെന്ന് എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്.

1964‐66ൽ പ്രവർത്തിച്ച കോത്താരി കമീഷൻ വളരെ വ്യക്തമായി പറയുന്നത്, പന്ത്രണ്ടാംക്ലാസുവരെയുള്ള പഠനം സ്കൂളിന്റെ ഭാഗമാക്കണമെന്നാണ്. 1968ലെ  ദേശീയവിദ്യാഭ്യാസനയവും ഒന്നുമുതൽ 12 വരെ ഒരു യൂണിറ്റാക്കണമെന്ന്  നിർദേശിക്കുന്നു. 1986ലെ ദേശീയ വിദ്യാഭ്യാസ നയവും ആ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനാവശ്യമായ പ്രോഗ്രാം ഓഫ് ആക്ഷൻ നിശ്ചയിച്ച ആചാര്യ രാമമൂർത്തി കമീഷനും ഒന്നുമുതൽ 12 വരെ സ്കൂളിന്റെ ഭാഗമാകണമെന്നുതന്നെയാണ് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് സിബിഎസ്ഇ വിദ്യാലയങ്ങളിലും കേന്ദ്രീയവിദ്യാലയങ്ങളിലും  ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഒറ്റ യൂണിറ്റായി പ്രവർത്തിക്കുന്നത്. കേരളത്തിൽ ഘടനാപരമായ മാറ്റംവരുത്തുമ്പോൾ പാഠപുസ്തകങ്ങളിലോ സിലബസിലോ പഠനസമയത്തോ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നു മാത്രമല്ല, സ്ഥാപനത്തിന് മേധാവി ഒരാളാകുന്നു എന്നുമാത്രം. പിന്നെ എങ്ങനെയാണ് നിലവാരം തകരുക. നിലവിലുള്ള രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടായതിന്റെ പ്രശ്നങ്ങൾ ആകെ അവസാനിക്കുകയും സ്കൂളിന്റെ ഭൗതികവും അക്കാദമികവുകമായ കാര്യങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുകയും ചെയ്യുമ്പോൾ അക്കാദമിക നിലവാരം ഉയരുകയാണ് ചെയ്യുക.  

നിലവിലുള്ള ദേശീയനയത്തിന്റെയും 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെയും പശ്ചാത്തലത്തിൽ പൊതുസമൂഹത്തിന്റെയും അക്കാദമിക വിദഗ്ധരുടെയും ആവശ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഘടനാപരമായ മാറ്റം വരുത്തിയിട്ടുള്ളത്. ഏതൊരു കമ്മിറ്റി റിപ്പോർട്ടും അതേപടി നടപ്പാക്കുകയല്ല ഒരു സർക്കാരും ചെയ്തിട്ടുള്ളത്. വിശദമായ ചർച്ചകൾക്കുശേഷം ഈ മേഖലയിലുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും താൽപ്പര്യംകൂടി കണക്കിലെടുത്താണ് പ്രസ്തുത റിപ്പോർട്ട് നടപ്പാക്കുക. ഇത്തരം നടപടിയാണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസമേഖലയെ ഇത്രമേൽ ഉന്നതിയിലേക്ക് എത്തിച്ച സർക്കാരിൽനിന്ന് ഈ മേഖലയ്ക്ക് ദോഷകരമായ ഒരു പ്രവൃത്തിയും ഉണ്ടാകുകയില്ല എന്ന കാര്യം തീർച്ചയാണ്. രാഷ്ട്രീയപ്രേരിതമായി അപവാദ പ്രചാരണങ്ങൾ നടത്തി ഈ മേഖലയെ ദുർബലപ്പെടുത്തുന്നതിനുപകരം ഈ മേഖലയെ ശക്തിപ്പെടുത്താനാവശ്യമായ പിന്തുണയും ക്രിയാത്മകമായ നിർദേശങ്ങളുമാണ് ഉണ്ടാകേണ്ടത്. 

പൊതുവിദ്യാഭ്യാസമേഖലയുടെ ശാക്തീകരണത്തിനുവേണ്ടി എല്ലാക്കാലത്തും ശക്തമായ നിലപാടെടുത്ത സംഘടനയാണ് കെഎസ്ടിഎ. അതുകൊണ്ടുതന്നെയാണ് ഒന്നുമുതൽ 12 വരെ പഠിപ്പിക്കുന്ന അധ്യാപകരിൽ 56 ശതമാനത്തിന്റെ പിന്തുണ നേടിയെടുക്കാൻ സംഘടനയ്ക്ക് സാധിച്ചത്. പൊതുസമൂഹത്തിന്റെ മനസ്സുകളിലും ഈ സംഘടനയ്ക്ക് സ്ഥാനം ലഭിച്ചതും സംഘടനയുടെ ഇടപെടലിന്റെ ഭാഗമായാണ്. അതുകൊണ്ടുതന്നെയാണ് ഏത് സർക്കാരായാലും കെഎസ്ടിഎയുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുന്നത്. അതേക്കുറിച്ച് അസത്യ പ്രസ്താവന നടത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. കെഎസ്ടിഎ അതിന്റെ ശരിയായ നിലപാടിലൂടെ മുന്നോട്ട് പോവുകതന്നെ ചെയ്യും. എല്ലാക്കാലത്തും പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുക എന്നതുതന്നെയാണ് സംഘടനയുടെ ലക്ഷ്യം. പൊതുവിദ്യാഭ്യാസമേഖലയിലെ സമഗ്രമുന്നേറ്റം ലക്ഷ്യംവച്ചുകൊണ്ട് നടത്തുന്ന ഏതു പരിഷ്കരണത്തെയും പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്താനുള്ള ഏതു നീക്കത്തെയും എതിർക്കുകയും യാഥാർഥ്യം മനസ്സിലാക്കി ശരിയോടൊപ്പം ചേരുകയും വേണം.

(കെഎസ്ടിഎ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top