24 February Sunday

സഹായഹസ്തം നീളട്ടെ

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

കേരളം പിറന്ന ശേഷമുള്ള ഏറ്റവും കടുത്ത പ്രളയദുരന്തത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മൺസൂൺകാലത്ത് ഒറ്റദിവസം 40 സെ.മീറ്റർ മഴ പെയ്തിറങ്ങിയത്. നമ്മുടെ അണക്കെട്ടുകളിൽ 33 എണ്ണം ഒറ്റയടിക്ക്് തുറന്നുവിടേണ്ടിവന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിലെ 5 ഷട്ടറുകളും 26 വർഷത്തിന് ശേഷം ഉയർത്തി വലിയ അളവിൽ വെള്ളം പുറത്തേക്ക് വിട്ടു. പ്രളയജലത്തിന്റെ വളരെ ചെറിയ ശതമാനംമാത്രമാണ് ജലസംഭരണികളിലെത്തുന്നത്. കേരളം ഒട്ടാകെ പ്രളയദുരന്തത്തിലാണ്. മഴക്കെടുതിക്കു പുറമെ ഉരുൾപൊട്ടൽ ദുരന്തവും ആവർത്തിക്കുകയാണ്. ഒരു സീസണിൽത്തന്നെ ഒന്നിലധികം തവണ പ്രളയദുരന്തമുണ്ടാകുന്നതും ആദ്യമാണ്.

കുട്ടനാട് അടക്കമുള്ള മേഖലകളിലെ കെടുതി മനസ്സിലാക്കാൻ കേന്ദ്രസംഘം സന്ദർശിക്കുമ്പോൾത്തന്നെ രണ്ടാംഘട്ട പ്രളയം നാടിനെ നടുക്കി. പതിനായിരം കോടി രൂപയിലധികം നഷ്ടമാണ് സംസ്ഥാനത്തിന് ഇതിനകം ഉണ്ടായിരിക്കുന്നത്. പാർപ്പിടം, ഗതാഗതം, വൈദ്യുതി, കൃഷി തുടങ്ങിയ മേഖലകളിലെല്ലാം വലിയ നാശമുണ്ടായി. കുടിവെള്ളലഭ്യതയും പ്രശ്നമാണ്. 10 ലക്ഷത്തോളം കുടുംബങ്ങൾ ഗുരുതര പ്രതിസന്ധിയിലാണ്. ആദ്യഘട്ടത്തിലെ നാശനഷ്ടത്തിൽ 820 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടിൽനിന്ന‌് കേരളം ആവശ്യപ്പെട്ടു. കേന്ദ്രസംഘം ശുപാർശയും നൽകി. എന്നാൽ, രണ്ടുതവണയായി 80 കോടി രൂപവീതമാണ് ധനസഹായമായി കേന്ദ്രം അനുവദിച്ചത്. രണ്ടാംഘട്ട പ്രളയക്കെടുതി മനസ്സിലാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ‌് ഇവിടെയെത്തുകയും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. മഹാദുരന്തം നേരിടാൻ കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ കൈകോർത്ത് മുന്നോട്ടുപോകേണ്ടതുണ്ട്.  ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനവും കേന്ദ്രസർക്കാരിന്റെ ഇടപെടലും നല്ല സന്ദേശമാണ് നൽകിയത്. 8216 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. അടിയന്തരാശ്വാസമായി 1220 കോടി രൂപ ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന‌് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പക്ഷേ, 100 കോടി രൂപയാണ് അടിയന്തരസഹായമായി അനുവദിച്ചത്. കേരളത്തെ പുനർനിർമിക്കാനും ദുരിതബാധിതരെ രക്ഷിക്കാനും ന്യായമായ സഹായധനം കേന്ദ്രസർക്കാർ അനുവദിക്കേണ്ടതാണ്. ദേശീയദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് കൈത്താങ്ങ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണം.

മനുഷ്യരാശി നേരിടുന്ന മഹാദുരന്തങ്ങളിലൊന്നാണ് പ്രകൃതിക്ഷോഭം. ഇത് സമീപകാലത്ത് ആഗോളമായിത്തന്നെ വലിയ ചോദ്യചിഹ്നം ഉയർത്തുകയാണ്. സുനാമി പോലുള്ള വിപത്തുകൾ മാത്രമല്ല, പ്രളയതാണ്ഡവവും ഉണ്ടാകുന്നു. ചൈന, അമേരിക്ക, ഇന്ത്യയുടെ വടക്ക്‐കിഴക്കൻ പ്രദേശങ്ങൾ, ബംഗ്ലാദേശ് തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ പ്രകൃതിക്ഷോഭമുണ്ടായി. ചൂടിന്റെയും തണുപ്പിന്റെയും പുതിയ അവസ്ഥകൾ ഭൂമി അഭിമുഖീകരിക്കുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽനിന്ന‌് വലിയ തോതിൽ ഒഴിഞ്ഞുനിന്നിരുന്ന കേരളം അത്തരം വിപത്തുകളെ നേരിടേണ്ടിവരുന്നു. പ്രകൃതിക്ഷോഭത്തെ എങ്ങനെ നേരിടണം. അത് ഒഴിവാക്കാൻ കഴിയേണ്ട മുൻകരുതലുകളെന്തെല്ലാം ‐ അവയെപ്പറ്റിയെല്ലാം അന്തർദേശീയമായും ദേശീയമായും  പ്രാദേശികമായും പഠനങ്ങൾ നടത്തുകയും കർമപരിപാടികൾ തയ്യാറാക്കേണ്ടതുമുണ്ട്. കേരളം നേരിടുന്ന പ്രളയദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ സംസ്ഥാന സർക്കാരും ഭരണസംവിധാനവും ഉണർന്ന് പ്രവർത്തിക്കുകയാണ്. ഭരണ‐പ്രതിപക്ഷ കക്ഷികളും വ്യത്യസ്ത ജാതി‐മത സംഘടനകളും സന്നദ്ധപ്രവർത്തകരും മനുഷ്യസ്നേഹികളുമെല്ലാം ഒന്നിച്ച് രംഗത്തുവന്നിരിക്കുന്നുവെന്നത് നല്ലൊരു ചുവടുവയ്പാണ്. അനുകരണീയ നടപടിയെന്ന് ഇതിനെ ദേശീയമാധ്യമങ്ങളുൾപ്പെടെ വിലയിരുത്തുന്നുണ്ട്. സംസ്ഥാന സർക്കാരും ഭരണസംവിധാനവും സംയോജിതമായി കാര്യപ്രാപ്തിയോടെ പ്രവർത്തിച്ചതിനെ രാജ്നാഥ‌്സിങ‌് തന്നെ തുറന്ന് അംഗീകരിച്ചു.

ദുരന്തം നേരിടാൻ സംസ്ഥാന സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് രാജ്നാഥ്സിങ‌് മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സൗകര്യങ്ങളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത് അവിടെ താമസിക്കുന്നവരുടെ അനുഭവങ്ങൾ മനസ്സിലാക്കിയതിന് ശേഷമായിരുന്നു. പറവൂരിലെ ഒരു ക്യാമ്പിൽ കേന്ദ്രമന്ത്രിയോട് കൈകൂപ്പി ഒരു വീട്ടമ്മ പറഞ്ഞത് "ക്യാമ്പിൽ നല്ല ഭക്ഷണവും  മോശമല്ലാത്ത താമസവും കിട്ടുന്നു. പക്ഷേ, ഞങ്ങളെ പേടിപ്പെടുത്തുന്നത് വെള്ളമിറങ്ങി വീട്ടിലേക്ക് തിരിച്ചുപോകുമ്പോഴുള്ള അവസ്ഥയോർക്കുമ്പോഴാണ്. ഞങ്ങൾക്കെല്ലാം നഷ്ടമായി. ചെളിയും  മാലിന്യങ്ങളും പാമ്പും പഴുതാരയുമൊക്കെയാണ് വീട്ടിൽ. ചില വീടുകൾ ഇടിഞ്ഞുവീഴുകയും ചെയ്തു. ഇനി ഞങ്ങൾക്ക് എങ്ങനെ ജീവിക്കാനൊക്കും.'' ആ വീട്ടമ്മയുടെ സങ്കടവും കണ്ണീരും ഒറ്റപ്പെട്ടതല്ല.

ഇവിടെ സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രസർക്കാരും നാടും ജനങ്ങളും ഒന്നായിനിന്ന് നാടിന്റെ കണ്ണീരൊപ്പണം. അതീവ ഗുരുതരസ്വഭാവമുള്ള പ്രകൃതി ദുരന്തമായിക്കണ്ട് ദേശീയ ദുരന്തനിവാരണനിധിയിൽനിന്ന് പ്രത്യേകം സഹായം അനുവദിക്കുകയാണ് വേണ്ടത്. 1924ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയക്കെടുതിയാണ് ഉണ്ടായത്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഇതിന്റെയെല്ലാം ഫലമായി ജീവനും സ്വത്തിനും ഭീമമായ നഷ്ടമുണ്ടായി. മുന്നൂറിലധികം സ്ഥലത്ത് മണ്ണിടിച്ചിലോ, ഉരുൾപൊട്ടലോ ഉണ്ടായി. പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ദുരന്തം തുടരുകയാണ്. ആയിരക്കണക്കിന് ആളുകൾ വീടുകളിലോ മറ്റു സ്ഥലങ്ങളിലോ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കുന്നതിന് കേന്ദ്രസേനയുടെ കൂടുതൽ ലഭ്യതയ്ക്ക് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ബന്ധപ്പെടുകയും അത് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററുൾപ്പെടെയുള്ള സംവിധാനങ്ങൾ  ഉപയോഗിച്ച് ആളുകളെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.

വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും  മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും  ഭൂമി ഒലിച്ചുപോയവർക്ക് ഭൂമി വാങ്ങാൻ 6 ലക്ഷം രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചു. പൊലീസും അഗ്നിശമനസേനയുമെല്ലാം മുൻകൂട്ടിത്തന്നെ രംഗത്തിറങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ 14 സംഘം സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ത്തന്നെ വിന്യസിക്കപ്പെട്ടു. ചെറുതോണി അണക്കെട്ടിലെ ഷട്ടർ തുറന്നപ്പോൾ  പട്ടണത്തിലെ പാലം വെള്ളത്തിലായ വേളയിൽ മറുകരയിൽനിന്ന‌് അസുഖബാധിതയായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ജീവൻ പണയംവച്ച് കേന്ദ്രസേനാംഗങ്ങൾ ഓടുന്ന ചിത്രം പത്രങ്ങളിൽ വന്നിരുന്നു. അതുപോലെ വണ്ടൂരിൽ കോരിച്ചൊരിയുന്ന മഴയിൽ രണ്ടായി പിളർന്ന റോഡിനെ ബന്ധിപ്പിക്കാൻ തെങ്ങിൻതടികൾ ചുമലിലേറ്റി മുട്ടോളം വെള്ളത്തിലൂടെ 22 സേനാംഗങ്ങൾ നീങ്ങുന്നതും കേരളം കണ്ടു. വെള്ളപ്പൊക്കത്തിൽ വീട്ടിൽകുടുങ്ങിയ ഒരു വീട്ടമ്മ രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ അഗ്നിശമനസേനാംഗങ്ങളെത്തി. സിപിഐ എമ്മിന്റെയും മറ്റു കക്ഷികളുടെയും  ഒരു

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top