24 July Wednesday

അതിജീവനത്തിന്റെ കതിർകറ്റ ഉയർത്തി

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Tuesday Mar 5, 2019

പ്രളയത്തെ തോൽപ്പിച്ചു പുഞ്ചപാടങ്ങൾ വീണ്ടും പൊന്നിൻ കതിരണിഞ്ഞുനിൽക്കുന്നു. എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഒരു സർക്കാർ കൂടെയുണ്ടെങ്കിൽ എല്ലാം  തിരിച്ചെടുക്കാമെന്ന അറിവ് വലിയ അനുഭവമായി മുന്നിൽ. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് അരികിലായി കിലോമീറ്ററുകൾ നീളുന്ന നെൽപ്പാടങ്ങൾ. പ്രളയം കുട്ടനാട്ടുകാരുടെ മനസ്സിനെ വലിയതോതിൽ മുറിവേൽപ്പിച്ചിട്ടില്ലെന്ന‌് ഒരുവേള തോന്നിപ്പോയി. ഏക്കറിൽ പതിനഞ്ചും ഇരുപതും ക്വിന്റൽ നെല്ല് കിട്ടിയ പാടങ്ങളിൽ മുപ്പതിന് മുകളിലാണ് ഇക്കുറി വിളവെന്ന് കർഷകർ പറഞ്ഞപ്പോൾ അവിശ്വസനീയമായി തോന്നി. എന്നാൽ,  അതായിരുന്നു യാഥാർഥ്യം. കഴിഞ്ഞ ജൂലൈ, ആഗസ്ത് മാസങ്ങളിൽ മൂന്നുതവണ കുട്ടനാടിനെ വെള്ളപ്പൊക്കം കവർന്നെടുത്തെങ്കിലും അവിടത്തെ ജനങ്ങൾ തകർന്നിട്ടില്ല എന്നു തെളിയിക്കുന്നതായിരുന്നു കാഴ്ചകൾ. അതിജീവനത്തിന്റെ കതിർകറ്റയുമായാണ് മണിമംഗലത്ത് മണിയമ്മ കുട്ടനാടിന്റെ മനസ്സറിയിക്കാൻ എത്തിയത്.
|
സ്വർണത്തിളക്കമുള്ള നെൽക്കറ്റ അവർ കേരള സംരക്ഷണയാത്രയുടെ തെക്കൻ ജാഥാ ക്യാപ്റ്റനും സിപിഐ എം സംസ്ഥാന  സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ‌്ണനെ  ഏൽപ്പിച്ചപ്പോൾ പ്രളയത്തിൽനിന്ന് ഉയർന്നുപറക്കുന്ന ഒരു ഫീനിക്സ് പക്ഷിയുടെ ചിറകടിശബ്ദം അവിടെ കേട്ടു. കേരളം കണ്ട അത‌ിഭീകരമായ പ്രളയം, അതിന‌ുപിന്നാലെ  ശബരിമലയിലെ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ വർഗീയവാദികൾ കേരളത്തിന്റെ മനുഷ്യനന്മകളെ പരിഹസിക്കാനായി തെരഞ്ഞെടുത്ത പ്രദേശങ്ങൾ.  കരുത്തുറ്റ സർക്കാരും പുരോഗമന ചിന്താഗതിയുള്ള വലിയ സമൂഹവുമുണ്ടെങ്കിൽ ഒരു നാടിനെ മലീമസമാക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്ന‌ തിരിച്ചറിവാണ‌് ഈ യാത്ര പകർന്നത‌്.  വരുന്ന ലോക‌്സഭാതെരഞ്ഞെടുപ്പിൽ ബിജെപിയെ  അധികാരത്തിൽനിന്ന‌് തൂത്തെറിയുന്നതിന‌്  എൽഡിഎഫ‌് പ്രവർത്തകരെ സജ്ജമാക്കുന്നതിനായി തിരുവനന്തപുരത്ത‌്നിന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്റെ നേതൃത്വത്തിലും  കാസർകോട്ട‌്നിന്ന‌്  സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്റെ നേതൃത്വത്തിലും ആരംഭിച്ച കേരള സംരക്ഷണയാത്രകൾ മാർച്ച‌് രണ്ടിന‌് തൃശൂരിൽ സമാപിക്കുമ്പോൾ ഒട്ടേറെ  രാഷ‌്ട്രീയ  സംഭവ വികാസങ്ങൾക്കും സാക്ഷ്യംവഹിച്ചു.  അതിലോറെ സർക്കാരിനോടുള്ള ജനങ്ങളുടെ ഇഷ്ടവും കടപ്പാടുമാണ‌് യാത്രയെ ശ്രദ്ധേയമാക്കിയത‌്.

ഒപ്പമുണ്ട‌് സർക്കാർ


പാവങ്ങൾക്ക് ജീവിക്കാൻ ഈ സർക്കാരും പാർട്ടിയും എന്നുമൊപ്പമുണ്ടാകണം. കണ്ണിൽ തിളക്കമുള്ള പുഞ്ചിരിയുമായി കായംകുളം കണ്ടല്ലൂർ അടവറശേരിൽ  സതിയമ്മ വേദിയിൽക്കയറി ജാഥാക്യാപ‌്റ്റനെ ഷാളണിയിച്ചു. കായംകുളത്തെ സ്വീകരണയോഗത്തിൽ ഈ എഴുപതുകാരി അയൽവാസികൾക്കൊപ്പമാണ് വന്നത്. ചെറ്റക്കുടിലിൽനിന്ന‌് അടച്ചുറപ്പുള്ള കൂരയുടെ സംരക്ഷണം ഒരുക്കിത്തന്ന സർക്കാരിനോട‌് നന്ദി പറയാനായിരുന്നു സതിയമ്മയുടെ വരവ്. കൂലിപ്പണിയെടുത്ത‌് കുടുംബം പുലർത്തിയിരുന്ന അവരുടെ  ഭർത്താവ് മരിച്ചു. ഇപ്പോൾ രോഗിയുമാണ്. ജീവിത പ്രയാസങ്ങൾമാത്രം ബാക്കിയുള്ള കുടുംബം ഷീറ്റ് മേഞ്ഞ കുടിലിലായിരുന്നു താമസം. സർക്കാരിന്റെ ലൈഫ്മിഷനിൽ പെടുത്തിയാണ് വീട് നൽകിയത്. അപ്പോൾ ആ അമ്മയുടെ മുഖത്ത‌് കണ്ട തിളക്കം മറക്കാനാകുന്നതല്ല.
 
ഒരുപക്ഷേ,  പ്രളയത്തിലൂടെ തകർന്നുപോകുമായിരുന്ന ചെറിയ സംസ്ഥാനത്തിന്റെ സാമ്പത്തികഘടനയെ പിടിച്ചുനിർത്തിയതും  കാക്കയ‌്ക്കും പരുന്തിനും കൊടുക്കാതെ ജനതയെ കാത്തുസൂക്ഷിച്ചതും എങ്ങനെയെന്നും ഈ പ്രദേശങ്ങൾ പറഞ്ഞുതരും.  ഇടതുപക്ഷം വിശ്വാസികൾക്ക‌് എതിരാണെന്ന‌് പ്രചരിപ്പിച്ചു, സ‌്ത്രീകൾ മുഴുവൻ എൽഡിഎഫ‌ിന്റെ ശത്രുക്കളായി  എന്ന‌് പറയുന്നവർ കണ്ണ‌് തുറന്നു കാണേണ്ടതായിരുന്നു ഒാരോ സ്വീകരണ കേന്ദ്രങ്ങളും. ആവേശത്തിന്റെ കടൽ തീർത്താണ‌് യുവാക്കൾ യാത്രയെ വരവേറ്റത‌്. സ്വീകരണ കേന്ദ്രങ്ങളിൽ ഉത്സവത്തിന്റെ പ്രതീതി. മുത്തുക്കുടകളുമായി കേരളീയ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകൾ, വൈവിധ്യമാർന്ന വാദ്യഘോഷങ്ങൾ, നാടൻ കലകളുടെ പ്രകടനം, കരിമരുന്ന് പ്രയോഗം. വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത ആവേശം. അതിനിടയിലേക്ക് തുറന്ന ജീപ്പിൽ എത്തുന്ന ജാഥാ ക്യാപ്റ്റൻ. ആയിരംകണ്ഠങ്ങളിൽനിന്ന് ഉയരുന്ന മുദ്രാവാക്യം. പുഷ്പവൃഷ്ടി, സെൽഫി എടുക്കൽ. റെഡ് വളന്റിയർമാർക്ക് ഇടയിലൂടെ ജാഥാ ക്യാപ്റ്റൻ പൊതുസമ്മേളന വേദിയിലേക്ക‌്.

എൽഡിഎഫ‌് സർക്കാരിന്റെ ആയിരം ദിവസം പൂർത്തിയായതിന്റെ ആഘോഷം ഈ കാലയളവിലായിരുന്നു. സർക്കാർ നടപ്പാക്കിയ പദ്ധതികൾ  ഒാരോന്നും  സ്വീകരണ കേന്ദ്രങ്ങളെ സജീവമാക്കി. പദ്ധതികളുടെ ഗുണഭോക്താക്കൾ എൽഡിഎഫ‌് യാത്രയിൽ സർക്കാരിന്റെ സാന്നിധ്യമാണ‌് അറിഞ്ഞത‌്. അതിനാൽ നന്ദിപറയാനും  സ‌്നേഹം പങ്കിടാനും മത്സരിച്ചു. പ്രായത്തിന്റെ അവശത മറന്നായിരുന്നു വെഞ്ഞാറമൂട്ടിലെ സ്വീകരണ കേന്ദ്രത്തിൽ സുലോചനയും ചന്ദ്രികയും എത്തിയത്. കൃത്യമായി പെൻഷൻ ലഭിക്കുന്ന സന്തോഷത്തിലായിരുന്നു ഇരുവരും. ആദിവാസി ജനവിഭാഗവും അവിടെ കൂട്ടത്തോടെ എത്തിയിട്ടുണ്ടായിരുന്നു. തങ്ങളുടെ പുതു തലമുറയ‌്ക്ക് സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു നന്ദിയോട് വട്ടപ്പൻകാട് കോളനി നിവാസികൾ. അവരുടെ മനസ്സറിഞ്ഞുള്ള നേതാക്കളുടെ സംസാരം. -പ്രായമായവരുടെ ഹൃദയം കുളിർക്കുന്ന ചിരി.

ശബരിമല പ്രശ്നത്തെ തുടർന്ന് വിശ്വാസികൾ മുഴുവൻ ഇടതുപക്ഷത്തിന് എതിരാണെന്ന പ്രചാരണം നടക്കുന്ന ഈ ഘട്ടത്തിൽ പത്തനംതിട്ടയിലെ  അനുഭവം നേരെ മറിച്ചായിരുന്നു. വനിതകളുടെ പങ്കാളിത്തമായിരുന്നു പൊതുയോഗങ്ങളിൽ കൂടുതൽ. പിന്നോക്ക–- -മുന്നോക്ക വിഭാഗങ്ങൾ ഒരുപോലെ സ്വീകരണ യോഗങ്ങളിൽ ഒഴുകിയെത്തി. സംഘപരിവാരങ്ങൾക്ക‌്  പത്തനംതിട്ടയിലെ ജനങ്ങളുടെ മനസ്സിനെ വിഷലിപ‌്തമാക്കാനായിട്ടില്ല എന്ന‌് തെളിയുന്ന അനുഭവം.  കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ റാന്നിയിലെ പുതുശേരിമല വാർഡിൽ മുൻ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് നേടി വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയും ജാഥയെ സ്വീകരിക്കാൻ മുന്നിലുണ്ടായിരുന്നു. ശബരിമലയിൽ 739 കോടി രൂപയാണ‌് ഇത്തവണ സൗകര്യം വർധിപ്പിക്കാനായി അനുവദിച്ചത‌്.

കോൺഗ്രസിനെ എങ്ങനെ വിശ്വസിക്കും

ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിയുമോ എന്നതായിരുന്നു യാത്രയിലെ പ്രധാന ചർച്ചകളിലൊന്ന്. കൈപ്പത്തിയിൽ മത്സരിച്ചു വിജയിക്കുന്നവർ നിയമസഭയിലും പാർലമെന്റിലുമെത്തിയാൽ താമരയാകുന്ന അനുഭവങ്ങൾ നേതാക്കൾ ജനങ്ങളുമായി പങ്കുവച്ചു. ഗോവയിലെയും മണിപ്പൂരിലെയും അരുണാചൽ പ്രദേശിലെയും രാഷ്ട്രീയം പറഞ്ഞു. അരുണാചലിൽ കോൺഗ്രസ് മുഖ്യമന്ത്രിയടക്കം ബിജെപിയായ കഥ പറഞ്ഞു. എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കുമെന്ന ചോദ്യം ഉയർത്തി. എന്നാൽ, ഇടതുപക്ഷക്കാരനെ വിശ്വസിക്കാം. അവൻ കാലുമാറില്ല. അവന്റെ കാല് ഉറച്ചതാണ്. ജനങ്ങളിൽ ഈ വാക്കുകൾ ഉയർത്തിവിടുന്ന ആവേശം ചെറുതായിരുന്നില്ല.

ചങ്ങനാശേരിയിൽ യാത്രയെ സ്വീകരിക്കാനെത്തിയ ജംസിമോളും സംഘവും കൈകൾ കൂപ്പിയാണ‌് ജാഥാ ക്യാപ‌്റ്റനെ കണ്ടത‌്. പ്രളയനാളിൽ ക്യാമ്പിൽ പരസ‌്പരം താങ്ങും തണലുമായി കഴിഞ്ഞവർ. സിപിഐ എം നേതൃത്വത്തിൽ ഫൈബർ വള്ളങ്ങളും ലോറിയുമെത്തിച്ചാണ് കഴുത്തറ്റം വെള്ളത്തിൽനിന്ന് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്. അന്ന് നീട്ടിയ സർക്കാരിന്റെയും പാർട്ടിയുടെയും കൈ ഇപ്പോഴും താങ്ങും തണലുമായി ഉണ്ടെന്നുപറയുമ്പോൾ അവരുടെ കണ്ഠമിടറി.  സർക്കാരും സഹകരണവകുപ്പും ചേർന്നുനിർമിച്ച പുതിയ വീട്ടിലേക്ക് മാറാനിരിക്കുകയാണ് ജംസിമോളും കൂട്ടരും. ഇതൊരിക്കലും മറക്കാനാകില്ല.

ഇരുകൈ കൂപ്പി അവർ പറഞ്ഞു. പോയതൊക്കെ തിരിച്ചുപിടിക്കുന്നു പ്രളയജലം ഏറ്റവും കൂടുതൽ സംഹാരതാണ്ഡവമാടിയ ജില്ലയാണ് ഇടുക്കി. അന്നത്തെ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു മനസ്സിൽ. എന്നാൽ, അവിശ്വസനീയമെന്നു പറയട്ടെ. ഒരുപാട് പ്രശ്നങ്ങൾ ബാക്കിയുണ്ടെങ്കിലും അവിടെ ജനങ്ങളുടെ ഉള്ളിൽ പ്രതീക്ഷയുടെ പച്ചപ്പ് വളർന്നിരിക്കുന്നു. പോയതൊക്കെ തിരിച്ചുപിടിക്കാമെന്ന ചിന്തയാണ് കർഷകരിൽ. നവകേരള നിർമിതിയുടെ തുടക്കം അവിടെ കണ്ടു. നെടുങ്കണ്ടത്തും ചെറുതോണിയിലും അടിമാലിയിലുമൊക്കെ നടന്ന സ്വീകരണയോഗങ്ങളിൽ കണക്കില്ലാത്ത ജനങ്ങളുടെ ഒഴുക്ക്. 5000 കോടിരൂപയാണ് ഇടുക്കിക്കുവേണ്ടി ചെലവഴിക്കുന്നത‌്. തേയിലയും കുരുമുളകും ഏലവും എന്തിനുപറയുന്നു ചക്കവരെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനും പദ്ധതികളുണ്ട്. ഇവിടെയുള്ള കർഷകരെ കടക്കെണിയിലാക്കിയത് പ്രളയം മാത്രമല്ല. കേന്ദ്ര സർക്കാർ നടപ്പാക്കിയ ആസിയൻ കരാർ ഉൾപ്പെടെ കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്. ബാങ്കിൽനിന്ന‌ും മറ്റും വായ്പയെടുക്കാത്ത ഒരു കർഷകനെപോലും  കാണാനാകില്ല. അതിനാൽ അവരെ പ്രതിസന്ധികളിൽനിന്ന് കരകയറ്റുക എളുപ്പമുള്ള കാര്യമല്ല. അതു മനസ്സിലാക്കിത്തന്നെയാണ് സർക്കാരിന്റെ ഇടുക്കിയിലെ ഇടപെടൽ.

പൊള്ളുന്ന ചൂടിൽ കൈയിലിരിക്കുന്ന കൊച്ചുപൂക്കുട വാടിപ്പോകുമോ എന്ന വേവലാതിയിലായിരുന്നു എഴുപത്തിരണ്ടുകാരിയായ കമലാക്ഷി മൂവാറ്റുപുഴ ടൗൺഹാൾ പരിസരത്ത് നിന്നിരുന്നത്. തങ്ങൾക്ക് കയറിക്കിടക്കാൻ വീട‌് തന്ന പാർടിയുടെ നേതാവിന് പൂക്കുട നൽകണം. കോടിയേരി പ്രസംഗം അവസാനിപ്പിച്ചപ്പോൾ അവർ പാർടി പ്രവർത്തകരോട് കാര്യംപറഞ്ഞു വേദിയിലേക്ക് കയറി. സ്വന്തം അമ്മയിൽ നിന്നെന്നപോലെ അദ്ദേഹം പൂക്കുടന്ന ഏറ്റുവാങ്ങിയപ്പോൾ കമലാക്ഷി വിതുമ്പിപ്പോയി. വർഷങ്ങൾക്കുമുമ്പ് ഭർത്താവ് നഷ്ടപ്പെട്ട അവർക്ക് ഇ എം എസ് ഭവന പദ്ധതിയിൽ നേരത്തെ വീടിനുള്ള അനുമതി ലഭിച്ചിരുന്നു. മറ്റു വരുമാനമൊന്നും ഇല്ലാതിരുന്നതിനാൽ വീട് പൂർത്തിയാക്കാനായില്ല. എല്ലാം അവസാനിച്ചെന്ന് കരുതിയപ്പോഴാണ് സർക്കാരിന്റെ ലൈഫ് പദ്ധതി വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു ഇത്തരം നൂറുകണക്കിനാളുകൾ. ഏലിയാമ്മയെന്നോ റംലയെന്നോ തങ്കപ്പനെന്നോ രവിയെന്നോ ഹരിയെന്നോ പേരുകളിൽ വ്യത്യാസംമാത്രം. ജീവിതം തന്ന സർക്കാരിനെയാണ‌് അവരൊക്കെ കേരള സംരക്ഷണയാത്രയിൽ കണ്ടത്.

 എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പേരുകേട്ട നാടാണല്ലോ. അവിടെ കേരള സംരക്ഷണയാത്രയെ വരവേൽക്കാൻ അവരുമുണ്ടായിരുന്നു. ഇവിടെ സ്വന്തം നാടിനേക്കാൾ സുരക്ഷിതരാണെന്ന് ജാഥാംഗങ്ങളോട് പറഞ്ഞു. നല്ല കൂലി കിട്ടുന്നു. ചികിത്സയുണ്ട്. അപകട ഇൻഷുറൻസ് ഉണ്ട്. മക്കൾക്ക് പഠിക്കാൻ സൗകര്യമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളല്ല  ഇവർ നമുക്ക്. അതിഥിത്തൊഴിലാളികളാണ്. ഈ യാത്രയിൽ പറയാൻ  അനുഭവങ്ങൾ ഏറെയുണ്ട‌്. ആയിരം ദിവസത്തിനുള്ളിൽ  നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി  എൽഡിഎഫ‌് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾപോലെ ആയിരം കവിയും അത്തരം അനുഭവങ്ങൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top