06 June Tuesday

വാങ്ങൽശേഷിയുടെ
 പുനർവിതരണം

സന്തോഷ് ടി വർഗീസ്‌Updated: Monday Feb 13, 2023

പെട്രോളിനും ഡീസലിനും ചുമത്തിയ രണ്ടു രൂപ സെസാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവസമാഹരണ നിർദേശം. ഏതാണ്ട് 750 കോടി രൂപയാണ് ഇതുവഴി ഖജനാവിലേക്ക് എത്തുക. സാധാരണ ജനങ്ങളുടെമേൽ വലിയ നികുതിഭാരം അടിച്ചേൽപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട വിമർശം. ഗതാഗതത്തിന് പൊതുവിലും ചരക്ക് ഗതാഗതത്തിന് വിശേഷിച്ചും ചെലവ് വർധിക്കുമെന്നും അത്‌ പണപ്പെരുപ്പത്തിന് കാരണമാകുമെന്നുമാണ് അടുത്ത വിമർശം. സെസിന്റെ ഭാരം അധികവും ഏറ്റുവാങ്ങേണ്ടിവരിക താഴെത്തട്ടിലുള്ള ജനവിഭാഗമായതിനാൽ പ്രസ്തുത നിർദേശം പ്രതിലോമ (റിഗ്രസീവ്) നികുതിയാണെന്നും അതിനാൽത്തന്നെ പരക്കെ അംഗീകരിക്കപ്പെടുന്ന നികുതി തത്വങ്ങളുടെ ലംഘനമാണെന്നും  ചിലർ വാദിക്കുന്നു. എന്നാൽ,  60 ലക്ഷത്തോളം കുടുംബങ്ങൾക്ക് സാമൂഹ്യപെൻഷൻ നൽകുന്നതിനുവേണ്ടിയുള്ള സാമൂഹ്യസുരക്ഷാ സീഡ് ഫണ്ട് സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്  ഇന്ധന സെസ് ചുമത്തുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചിട്ടുണ്ട്.

നികുതിഭാരവും വ്യാപകത്വവും
നികുതി ചുമത്തി അത് പൂർണമായി വരുമാനശ്രേണിയിലെ താഴ്ന്ന വിഭാഗങ്ങൾക്ക് കൈമാറുന്ന  നികുതി- കൈമാറ്റ (ടാക്സ് ട്രാൻസ്ഫർ) നടപടികൾ  നൊബേൽ സമ്മാനജേതാവായ ജയിംസ് ബുക്കാനനും റിച്ചാർഡ് മസ്ഗ്രേവും തമ്മിൽ നടന്ന വിഖ്യാതമായ സംവാദത്തിൽ  ചർച്ചചെയ്യുന്നുണ്ട്. അതിന്റെകൂടി വെളിച്ചത്തിൽ ബജറ്റ് നിർദേശത്തെയും അതിനെതിരെ ഉയർന്നുവന്ന വ്യത്യസ്ത അഭിപ്രായങ്ങളെയും വിമർശങ്ങളെയും സാമ്പത്തികശാസ്ത്രപരമായി വിലയിരുത്തേണ്ടതുണ്ട്. നികുതിയുടെ ഫലമായി സ്വകാര്യ ഉപയോഗത്തിൽനിന്ന് കുറയുന്ന വാങ്ങൽശേഷിയുടെയും വിഭവലഭ്യതയുടെയും  അവസരാത്മക മൂല്യമാണ് (ഓപ്പർച്യൂണിറ്റി കോസ്റ്റ് ) നികുതിയുടെ മൊത്തം ഭാരംമെന്ന് പറയുന്നത് (ടാക്സ് ബേഡൻ).  ഇന്ധന സെസ്‌ നടപ്പാകുമ്പോൾ പ്രതീക്ഷിക്കുന്ന നികുതിവരുമാനം 750 കോടിയായതിനാൽ അത്ര കണ്ട്  വാങ്ങൽശേഷിയായിരിക്കും സ്വകാര്യവ്യക്തികൾക്ക്  കുറയുക. അതുകൊണ്ടുതന്നെ നികുതിഭാരമെന്ന് പറയുന്നത് 750 കോടിയുടെ അവസരാത്മക മൂല്യമായിരിക്കും.

എന്നാൽ, ഈ വിഷയത്തിൽ  പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. റിച്ചാർഡ് മസ്ഗ്രേവിന്റെ അഭിപ്രായത്തിൽ ഇങ്ങനെ നികുതിഭാരം കണക്കാക്കുന്ന ക്ലാസിക്കൽ സമീപനത്തേക്കാൾ നികുതിയുടെ ഫലമായുണ്ടാകുന്ന  നികുതി വ്യാപകത്വമാണ് (ടാക്സ്  ഇൻസിഡൻസ്) പ്രധാനമായും പരിഗണിക്കേണ്ടത്‌ എന്നാണ്. നികുതിയെത്തുടർന്ന് സ്വകാര്യ വാങ്ങൽശേഷി കുറയുന്നതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന വരുമാന വിതരണത്തിലുള്ള അന്തിമ മാറ്റമാണ് നികുതി വ്യാപകത്വം. പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നതും മസ്ഗ്രേവിന്റെ ആധുനിക നികുതി വ്യാപകത്വ സമീപനമാണ്. ഇന്ധന സെസിന്റെ  ഫലമായി 750 കോടിയുടെ സ്വകാര്യവാങ്ങൽ ശേഷി കുറയുമ്പോൾ അത് പൂർണമായി ക്ഷേമ പെൻഷനുവേണ്ടി കൈമാറുമെന്നാണ് ബജറ്റ് പ്രഖ്യാപിക്കുന്നത്.  എന്നുവച്ചാൽ സ്വകാര്യ ഉപയോഗത്തിന് ലഭ്യമായ വാങ്ങൾശേഷിയിൽ അന്തിമമായി കുറവൊന്നും വരുന്നില്ലെന്നർഥം. കുറയുന്ന വാങ്ങൽശേഷി സർക്കാർ മറ്റ് പൊതുകാര്യങ്ങൾക്ക് ഉപയോഗിച്ചെങ്കിലാണ്  സ്വകാര്യ വാങ്ങൽശേഷിയുടെ കൈമാറ്റവും തൽഫലമായി അവസരാത്മക ചെലവുണ്ടാകുകയും നികുതിഭാരം സൃഷ്ടിക്കപ്പെടുകയും ചെയ്യുമായിരുന്നത്. ഇന്ധന സെസിന്റെ ഫലമായി അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ആകെയുണ്ടാകുന്ന മാറ്റം ആരിൽനിന്നാണോ വാങ്ങൽശേഷി ചുമത്തുന്നത് അവർക്ക് നഷ്ടമുണ്ടാകുന്നതും ആരിലേക്കാണോ  അത് തിരിച്ചുനൽകുന്നത് അവർക്ക്  മെച്ചമുണ്ടാകുന്നതും മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ  സ്വകാര്യ വാങ്ങൽശേഷിയുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റമല്ലാതെ അളവിൽ കുറവൊന്നും വരുന്നില്ല. 

അതുകൊണ്ടുതന്നെ പൊതുസമ്പദ്‌വ്യവസ്ഥയിൽ അന്തിമ (നെറ്റ്) നികുതിഭാരം ഉണ്ടാകുന്നുമില്ല. എന്നാൽ, സ്വകാര്യ വാങ്ങൽശേഷിയുടെ വിതരണത്തിൽ ഉണ്ടാകുന്ന മാറ്റം നികുതി വ്യാപകത്വത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഇങ്ങനെയുണ്ടാകുന്ന വ്യാപകത്വ മാറ്റം ഗുണംചെയ്യുന്നത് വരുമാനശ്രേണിയിൽ ഏറ്റവും താഴെയുള്ള ജനവിഭാഗങ്ങൾക്കാണ്. വാങ്ങൽശേഷിയുടെ ഇത്തരത്തിലുള്ള പുനർവിതരണം (റീ- ഡിസ്ട്രിബ്യൂഷൻ) പുരോഗമനപരവും അതുകൊണ്ടുതന്നെ സ്വീകാര്യവുമാണ്. മറിച്ചുള്ള വാദങ്ങൾക്ക് സാമ്പത്തിക ശാസ്ത്രപരമായി അടിസ്ഥാനമെന്നുമില്ല. എന്നാൽ പ്രത്യക്ഷ വരുമാന നികുതി ചുമത്താനുള്ള അധികാരമുണ്ടെങ്കിൽ അത്തരം മാർഗങ്ങൾ വേണം ആദ്യം ഉപയോഗിക്കേണ്ടത്. ദീർഘകാലയളവിൽ ചെലവ്-കൈമാറ്റ  (എക്സ്പെൻഡിച്ചർ ട്രാൻസ്ഫർ പോളിസി) പരിപാടികൂടി പരിഗണിക്കാവുന്നതാണ്. 

പണപ്പെരുപ്പവും നികുതിയുടെ 
പ്രതിലോമ ഗമനവും
നികുതിയുടെ ഫലമായി സമ്പദ്‌വ്യവസ്ഥയിൽ ആകമാനം ഉൽപ്പാദനച്ചെലവ് ഉയരുമ്പോഴാണ് പണപ്പെരുപ്പം (കോസ്റ്റ് പുഷ് ഇൻഫ്ലേഷൻ) സംജാതമാകുന്നത്. രാജ്യമെമ്പാടും ബാധകമാകുന്നരീതിയിൽ ഇന്ധന നികുതികൾ വർധിപ്പിച്ചാൽ തീർച്ചയായും അത് പണപ്പെരുപ്പത്തിന് കാരണമാകും. എന്നാൽ, ഇവിടെ സംസ്ഥാനത്തിനകത്തുള്ള ഗതാഗതച്ചെലവ് മാത്രമേ വർധിക്കുന്നുള്ളൂ. കേരളം പോലുള്ള ഉപഭോഗ സംസ്ഥാനത്തിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും മറ്റുമെല്ലാം അന്യസംസ്ഥാനങ്ങളിൽ ഉൽപ്പാദിപ്പിച്ച് ഇവിടെ എത്തിക്കുകയാണല്ലോ. അവയുടെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട്  അധികച്ചെലവ് കാര്യമായി ഉണ്ടാകേണ്ടതില്ല.  ചരക്കുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾ അധിക സെസ്‌ ഒഴിവാക്കാനായി  ഇന്ധനം  നിറച്ചുമാത്രമേ എത്തുകയുള്ളൂ. കേരളത്തിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കുമ്പോൾ നികുതിയുടെ അടിത്തറയിൽ (ടാക്സ് ബേസ്) അതനുസരിച്ച് നേരിയ കുറവുണ്ടാകും. എന്നാൽ, സംസ്ഥാനത്തിനകത്ത് തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന ചരക്ക് നീക്കത്തിന്റെ കാര്യത്തിൽ ചെലവ് വർധിക്കും.  അത്തരം വർധന    ഉൽപ്പാദനപ്രക്രിയയിലേക്ക് കാര്യമായി വ്യാപിക്കുകയില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.  എന്നാൽ, ജനങ്ങൾ ആശ്രയിക്കുന്ന പൊതു ഗതാഗതച്ചെലവിൽ വർധനയുണ്ടാകും. പക്ഷേ, അതൊരു നേരിയ വർധന  മാത്രമായിരിക്കുമെന്നാണ് സൂക്ഷ്മ വിലയിരുത്തലിൽ വ്യക്തമാക്കുന്നത്. ആയതിനാൽ ഇന്ധന സെസിന്റെ ഫലമായി കാര്യമായ പണപ്പെരുപ്പം  സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകാനിടയില്ല. 

നികുതി ചുമത്തുമ്പോൾ ഉണ്ടാകുന്ന മാറ്റം പുരോഗമന ഗതിയിലുള്ളതാണോ പ്രതിലോമ ഗതിയിലുള്ളതാണോ എന്നത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് 50 രൂപ വരുമാനവും മറ്റൊരാൾക്ക് 200 രൂപ വരുമാനവും ഉണ്ടെന്ന്  കരുതുക. നികുതിയായി  15 രൂപ ചുമത്തിയാൽ ആദ്യത്തെ വ്യക്തിയുടെ നികുതി 30 ശതമാനവും രണ്ടാമത്തെ വ്യക്തിയുടെ 7.5 ശതമാനവും  ആകും. അതായത് ഉയർന്ന വരുമാനമുള്ള വ്യക്തിയുടെ നികുതി ശതമാനം കുറഞ്ഞും താഴ്ന്ന വരുമാനമുള്ള വ്യക്തിയുടെ നികുതി ശതമാനം ഉയർന്നുമിരിക്കുന്നു.  ഇത്തരം നികുതിയെയാണ് പ്രതിലോമഗതിയിലുള്ള നികുതിയെന്ന് നിർവചിച്ചിരിക്കുന്നത്. മറിച്ചുള്ളത്  പുരോഗമന ഗതിയിലുള്ളതാണ്. താഴ്ന്ന വരുമാന വിഭാഗക്കാർക്ക് ബാധ്യത സൃഷ്ടിക്കുന്ന പ്രതിലോമഗതിയിലുള്ള നികുതികൾ ഒഴിവാക്കണമെന്നാണ് നികുതി സിദ്ധാന്തങ്ങൾ നിർദേശിക്കുന്നത്.

ഉൽപ്പന്നങ്ങളുടെമേലുള്ള നികുതികൾ പൊതുവേ പ്രതിലോമഗതിയിലുള്ളതാണ്. എന്നാൽ, കേരളംപോലുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിൽ ഇന്ധന നികുതി പുരോഗമനഗതിയിൽ ഉള്ളതാണെന്നാണ് ലഭ്യമായ പഠനങ്ങളെല്ലാം അസന്ദിഗ്ധമായി വ്യക്തമാക്കുന്നത്. അതിന്റെ മുഖ്യമായ കാരണം താഴ്ന്ന വരുമാനക്കാരുടെ ഇടയിലുള്ള  സ്വകാര്യ കാർ, -ടാക്സി ഉപയോഗം കുറവാണ്‌ എന്നതാണ്. അതുകൊണ്ടുതന്നെ ഇന്ധനച്ചെലവും താരതമ്യേന കുറവായിരിക്കും. സ്വാഭാവികമായും നികുതി ശതമാനവും കുറഞ്ഞിരിക്കും. എന്നാൽ, ഉയർന്ന വരുമാനമുള്ളവർ  ഇന്ധനം കൂടുതൽ ഉപയോഗിക്കുന്നവരാണ്. 

സ്വകാര്യ കാർ-, ടാക്സികൾ  അവരാണ് കൂടുതലായി ആശ്രയിക്കുന്നത്. മറ്റു വിഭാഗക്കാർക്ക് സ്വന്തമായി കാർ ഉണ്ടെങ്കിലും അവർ  വല്ലപ്പോഴും കുടുംബം ഒന്നിച്ചുള്ള യാത്രകൾക്കാണ് കാർ-, ടാക്സി എന്നിവ കൂടുതലായി ഉപയോഗിക്കുന്നത്. അതിനാൽ  ഉയർന്ന വരുമാനക്കാരുടെ ഇടയിലായിരിക്കും ഇന്ധന നികുതിയുടെ ശതമാനം കൂടുതൽ. അങ്ങനെ വിലയിരുത്തുമ്പോൾ കേരള ബജറ്റ് ചുമത്തിയ ഇന്ധന സെസ്‌ പുരോഗമനഗതിയിലുള്ള നികുതിയാണെന്ന് കാണാൻ കഴിയുന്നതാണ്.  

(എറണാകുളം മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top