07 June Sunday

കേരള ബാങ്കിന്റെ പ്രസക്തി; ജനകീയ സംവിധാനം

ടി നരേന്ദ്രൻUpdated: Tuesday Dec 3, 2019

ഒട്ടനവധി കോടതി വ്യവഹാരങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ കേരള ബാങ്ക് യാഥാർഥ്യമായി. റിസർവ്‌ ബാങ്കിന്റെ ചട്ടങ്ങളും നിയമങ്ങളുമനുസരിച്ച് സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ഒരു വാണിജ്യ ബാങ്കായിട്ടാണ് പുതിയ സ്ഥാപനം പ്രവർത്തിക്കാൻ പോകുന്നത്. ജനങ്ങളുമായി ജൈവബന്ധമുള്ള പ്രാഥമിക സഹകരണ ബാങ്കുകളും സംസ്ഥാന സർക്കാരുമാണ് നിർദിഷ്ട കേരള ബാങ്കിൽ ഉടമസ്ഥാവകാശമുള്ളവർ. ആ നിലയ്ക്ക് സങ്കുചിത താൽപ്പര്യങ്ങളോ സ്വകാര്യമൂലധനത്തിന്റെ നിക്ഷിപ്ത നീക്കങ്ങളോ കടന്നുവരികയില്ലെന്ന് നിശ്ചയമാണ്. ഈയൊരു ജനകീയ സംവിധാനത്തിനെതിരെ റിസർവ്‌ ബാങ്കിനും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനുമായി ധാരാളം വ്യാജ പരാതികളും കേരള ഹൈക്കോടതിയിൽ 21 റിട്ട് ഹർജിയും സമർപ്പിച്ചിരുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാവുതന്നെ നേരിട്ട് റിസർവ്‌ ബാങ്ക് ഗവർണർക്ക് വിശദാംശങ്ങളോടെ ഒരു പരാതിക്കത്ത് നൽകുകയുണ്ടായി. ഇങ്ങനെ നാനാവിധ പ്രതിബന്ധങ്ങളെയും തടസ്സവാദങ്ങളെയും അഭിസംബോധനചെയ്ത്, എല്ലാ കാര്യത്തിലും അഗ്നിശുദ്ധി വരുത്തിക്കൊണ്ടാണ് കേരള ബാങ്ക് നിലവിൽ വന്നിട്ടുള്ളത്. കക്ഷിരാഷ്ട്രീയ വിരോധംകൊണ്ടുമാത്രം ഇപ്പോൾ മാറിനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഏറെ വൈകാതെ കേരള ബാങ്കിൽ എത്തിച്ചേരുമെന്നത് ഉറപ്പാണ്. 825 ശാഖയും അനുബന്ധമായി മൂവായിരത്തോളം പ്രാഥമിക സഹകരണ ബാങ്കുകളും അർബൻ ബാങ്കുകളും മറ്റ്‌ സഹകരണ സംഘങ്ങളുമൊക്കെ ചേർന്ന് രൂപപ്പെടുന്ന നിർദിഷ്ട കേരള ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാലുള്ള കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കായി തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയിലും സാന്നിധ്യം അറിയിക്കുന്ന മഹത്തായ മാതൃകയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. വർധിച്ച തോതിലുള്ള ശാസ്ത്രസാങ്കേതികവിദ്യയുടെ കടന്നുവരവ് സമൂഹത്തിന്റെ സകല ചേരുവകളിലും മൗലികമായ മാറ്റം വരുത്തിയിട്ടുണ്ട്. ആ നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ബാങ്കിങ്‌ രംഗത്ത് നിലനിന്നുപോകണമെങ്കിൽ പുത്തൻ സാങ്കേതികവിദ്യകളും ആധുനിക രീതികളും മികച്ച സേവനസൗകര്യങ്ങളും സ്വായത്തമാക്കേണ്ടതുണ്ട്. പുതുതലമുറയുടെ ഈ രംഗത്തേക്കുള്ള കടന്നുവരവിനും ഈയൊരു മാറ്റം അത്യന്താപേക്ഷിതമാണ്. പ്രായോഗിക പ്രവർത്തനങ്ങളുടെ ഉൾക്കാമ്പ് വർധിക്കാൻ ഉതകുന്ന അക്കാദമിക് പാണ്ഡിത്യവും പ്രൊഫഷണലിസവും പുതിയ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്. എന്നാൽ, ആധുനികതയുടെ വേഷങ്ങൾ കരസ്ഥമാക്കിയതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളെല്ലാം സാധാരണക്കാരോട് അകലുകയും കോർപറേറ്റുകളോട് വൻതോതിൽ അഭിനിവേശം പ്രകടിപ്പിക്കുന്ന രീതിയുമാണ് അവലംബിച്ചുവരുന്നത്. ദേശസാൽക്കരണ ബാങ്കുകളിൽ 49 ശതമാനംവരെ സ്വകാര്യമൂലധനവും സ്വകാര്യ ബാങ്കുകളിൽ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തവുമുള്ളതിനാലാണ് അവിടങ്ങളിൽ ജനവിരുദ്ധ സമീപനങ്ങൾ ഉടലെടുക്കുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ ബാങ്കിങ്‌സങ്കേതങ്ങളെ സ്വീകരിക്കുകയും അവയുടെ ഗുണഫലങ്ങൾ കഴിയുന്നത്ര അളവിൽ താഴെക്കിടയിലുള്ളവർക്ക് ലഭ്യമാക്കാനുള്ള പരിശ്രമങ്ങളോടെ കേരള ബാങ്ക് രംഗത്തുവരുന്നത്. ഗ്രാമീണമേഖലയിൽ പ്രവർത്തിച്ചുവരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ ഇടപാടുകാർക്കുപോലും അത്യന്താധുനിക ബാങ്കിങ്‌ രീതികൾ പ്രാപ്യമാകുന്നവിധമാണ് കേരള ബാങ്കിന്റെ കർമപരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്.

കേരള ബാങ്കിന്റെ ആവിർഭാവത്തിന്റെ ഫലമായി ഒരൊറ്റ ബാങ്ക് ശാഖയും അടച്ചുപൂട്ടില്ലെന്നും ഒരൊറ്റ ജീവനക്കാരനെയും പിരിച്ചുവിടില്ലെന്നും സഹകരണമന്ത്രി നേരത്തേതന്നെ ഉറപ്പുനൽകിയിരുന്നു. താൽക്കാലിക ‐ കരാർ ജീവനക്കാരുടെ കാര്യത്തിലും ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമാക്കിക്കഴിഞ്ഞു. അമിതമായ സർവീസ് ചാർജ്‌ ഈടാക്കലും മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നടക്കുന്ന തീവെട്ടിക്കൊള്ളകളും ഉണ്ടാകില്ലെന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. കാർഷിക ‐ കാർഷികേതര വായ്പകളുടെ പലിശ കുറയ്ക്കാനും നബാർഡിന്റെ പുനർവായ്പാ സൗകര്യങ്ങൾ മുഖാന്തരം വായ്പാശേഷി വർധിപ്പിക്കാനാകുമെന്നതും ഉറപ്പാണ്. ചെറുകിട ‐ ഇടത്തരം വായ്പകൾ സമൃദ്ധമായി നൽകാനായാൽ അത് കേരളത്തിന്റെ മൈക്രോ സമ്പദ്‌വ്യവസ്ഥയിൽ വൻതോതിൽ ഉണർവും  ചലനങ്ങളുമുണ്ടാക്കും. പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാർക്കും ആധുനിക സാങ്കേതികവിദ്യ ലഭിക്കാനിടവരുന്നത് പുതിയൊരു ബാങ്കിങ്‌ സംസ്കാരത്തിന് തുടക്കംകുറിക്കും. കേരളത്തിലെ ഏതൊരു വാണിജ്യ ബാങ്കിനോടും കിടപിടിക്കാവുന്ന ബാങ്കായി തീരുന്നതുവഴി, വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങൾ സ്വീകരിക്കാനും കേരള ബാങ്കിന് സാധിക്കും. പ്രതിവർഷം 1,50,000 കോടി രൂപയാണ് കേരളത്തിലേക്ക് വിദേശ മലയാളികൾ അയച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയൊരു കരുത്ത് പ്രദാനംചെയ്യാനും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിഭവങ്ങൾ കണ്ടെത്താനും പുതിയ സാഹചര്യം വഴിയൊരുക്കും.

കേരളീയരുടെ ദൈനംദിന ജീവിതത്തിലെ അവിഭാജ്യഘടകമായിത്തീർന്ന സഹകരണ പ്രസ്ഥാനത്തിന് ഇനിയും അനന്തമായ സാധ്യതകളാണ് നിലനിൽക്കുന്നത്. ജനവിരുദ്ധമായിത്തീരുന്ന വാണിജ്യ ബാങ്കിങ്‌ സംവിധാനത്തിന് ബദലാകാൻ സാധിക്കുക എന്നത് ആശ്വാസപ്രദമാണ്. പ്രാദേശിക വിഭവസമാഹരണത്തിനും തദ്ദേശീയ വികസന സംരംഭങ്ങൾക്കും അവസരമുണ്ടാകുന്നതോടെ ദേശീയ പ്രതിസന്ധികളെപ്പോലും മറികടക്കാനാകുമെന്ന് കേരളം മുമ്പും തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ പ്രതിസന്ധി പൂരിതമായ സഹകരണമേഖലയിൽ കേരള ബാങ്ക് എന്ന പരീക്ഷണത്തിന് മുതിർന്നില്ലെങ്കിൽ, സ്വയമേവ തകർന്നില്ലാതാകുമെന്നതാണ് ഈ മേഖല നേരിടുന്ന വെല്ലുവിളികളുടെ മറുഭാഷ്യം. ഈ വെല്ലുവിളിയെയാണ് കേരള ബാങ്കിലൂടെ അഭിസംബോധന ചെയ്തിട്ടുള്ളത്. സാമൂഹ്യ ജീവിതത്തിന്റെ സകല തുറകളിലും ഇന്ത്യക്ക് മാതൃകയാകുന്ന കേരളം സഹകരണരംഗത്തും സമാനമായ കുതിപ്പിനാണ് കേരള ബാങ്കിലൂടെ ശ്രമിക്കുന്നത്.

(ബെഫി സംസ്ഥാന പ്രസിഡന്റാണ‌് ലേഖകൻ)


പ്രധാന വാർത്തകൾ
 Top