20 August Tuesday

കയ്യൂരിന്റെ ധീരസ‌്മരണ

പി കരുണാകരൻUpdated: Friday Mar 29, 2019

‘ഇൻക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്തം തകരട്ടെ, സഖാക്കളേ മുന്നോട്ട്...'
 

സഖാക്കൾ മഠത്തിൽ അപ്പു,കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതൽ ചുവപ്പിച്ചവർ. കയ്യൂരിന്റെ പൊന്നോമനകൾ. കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വർഷം തികയുന്നു. തേജസ്വിനിയുടെ കുഞ്ഞോളങ്ങൾ ആ നാല് അരുമസഖാക്കളെക്കുറിച്ചുള്ള ആർദ്രമായ ഓർമകളിൽ ഇന്നും വിതുമ്പുകയാകാം; അവരുടെ ധീരതയിൽ പുളകമണിയുകയാകാം.

നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കർഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർടിയും നടത്തിയ ധീരോദാത്തസമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ്  കയ്യൂർസമരം സൂചിപ്പിക്കുന്നത്. 1934 മുതൽ കർഷകപ്രസ്ഥാനം ജന്മിത്തത്തിനെതിരെ സംഘടിക്കാനും ശബ്ദമുയർത്താനും തുടങ്ങി. മറ്റു സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ‌്തികളെ  ചോദ്യംചെയ‌്ത‌് ആവശ്യങ്ങൾ നേടിയെടുക്കാൻ കർഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു.

ഒരുദിവസം ഹോസ്ദുർഗ് റവന്യൂ ഇൻസ്‌പെക്ടർ കയ്യൂരിൽ വന്നപ്പോൾ വളന്റിയർ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരിൽക്കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കൃഷിക്കാർ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കയ്യൂരിൽ കൃഷിക്കാർ സംഘടിക്കുന്നുവെന്ന് അവർ മേലാധികാരികൾക്ക് റിപ്പോർട്ട്‌ ചെയ‌്തു. ഈ അവസരത്തിൽത്തന്നെയാണ് കർഷകസംഘം യോഗം ചേർന്ന് നീലേശ്വരം രാജാവിന് നിവേദനം നൽകാൻ തീരുമാനിച്ചത്. 1941 മാർച്ച് 30ന് കയ്യൂരിൽനിന്ന് നീലേശ്വരത്തേക്ക് ജാഥയായി പോയി നിവേദനം നൽകാനായിരുന്നു തീരുമാനം. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേർന്ന് ജാഥ പൊളിക്കാൻ പദ്ധതി തയ്യാറാക്കി.

മാർച്ച് 26ന് രാവിലെ ചില പൊലീസുകാർ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചർച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസ്സിലാക്കാൻ പ്രാദേശിക കമ്മിറ്റി (സെൽ) ജാഗ്രതയോടെ പ്രവർത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണൻനായർ, ടി വി കുഞ്ഞിരാമൻ എന്നിവർ പൊലീസിനെ പിന്തുടർന്നു. സഖാക്കളെ അടിക്കാൻ പദ്ധതിയിട്ട പൊലീസുകാരൻ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെത്തുടർന്ന് മാർച്ച് 26ന് രാത്രി ഹോസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ നിക്കോളാസും സംഘവും കയ്യൂരിലെത്തി കൊടിയ അതിക്രമങ്ങൾ നടത്തി. അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകർത്തു. അവിടെ കിടന്നുറങ്ങുകയായിരുന്നവരെ മർദിച്ചു. വീടുകളിൽ കയറി മർദനം തുടങ്ങി. ടി വി കുഞ്ഞിരാമൻ, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ് ചെയ‌്തു.

വാർത്ത കാട്ടുതീപോലെ പരന്നതോടെ കയ്യൂർ ഇളകിമറിഞ്ഞു. മർദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടന്നു. പ്രകടനം കയ്യൂർ കൂക്കണ്ടത്തുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മർദനത്തിൽ പ്രധാനിയായ സുബ്ബരായൻ എന്ന പൊലീസുകാരൻ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായൻ ജാഥ നീങ്ങവെ പ്രകോപനം സൃഷ്ടിച്ചു. പ്രകടനത്തിൽ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകർ പാടുപെട്ട് അവരെ നിയന്ത്രിച്ചു.
തുടർന്ന്, സുബ്ബരായൻ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാൻ നിർബന്ധിതനായി. കുറെ നടന്നപ്പോൾ കൊടിയുടെ വടി പൊട്ടിച്ച് ജാഥയ‌്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എതിർഭാഗത്ത് ക്ലായിക്കോട്ടുനിന്ന് പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകൾ പിന്തുടരുകയാണെന്ന ധാരണയിൽ സുബ്ബരായൻ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാൾ മുങ്ങിമരിച്ചു.

അഞ്ച് സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേർക്ക് അഞ്ചുകൊല്ലവും കുറെപേർക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാൻഡ് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി

ഈ സംഭവത്തെത്തുടർന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ്  വേട്ടയാണ് അരങ്ങേറിയത്. ചുവന്ന കൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മർദിച്ചൊതുക്കി പ്രസ്ഥാനത്തെ തകർക്കാൻ കഴിയാവുന്നതൊക്കെ അവർ ചെയ‌്തു. ഇ കെ നായനാർ, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ‌്തു. ഒളിവിൽപോയ നായനാരെ പിടികൂടാനായില്ല. മറ്റ് 60 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. മംഗലാപുരം സെഷൻസ് കോടതിയിൽ കേസ് ഒരു വർഷത്തിലേറെ നടന്നു. തെളിവുകൾ ഭരണാധികാരികൾക്കെതിരായിരുന്നു. എന്നാൽ, വിധി അപ്രതീക്ഷിതവും.

അഞ്ച് സഖാക്കൾക്ക് വധശിക്ഷ വിധിച്ചു. രണ്ടുപേർക്ക് അഞ്ചുകൊല്ലവും കുറെപേർക്ക് മൂന്നുകൊല്ലവും തടവ്. മറ്റുള്ളവരുടെ റിമാൻഡ് കാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടൻ കൃഷ്ണൻനായർ മൈനറായതിനാൽ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. കയ്യൂർ സഖാക്കളുടെ ജീവൻ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിൽ പ്രിവി കൗൺസിൽമുമ്പാകെ അപ്പീൽ സമർപ്പിച്ചു. എന്നാൽ, തീരുമാനം മാറ്റാൻ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാർച്ച് 29ന് പുലർച്ചെ അഞ്ചിന് കയ്യൂർ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി.

അവർ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി.

‘ഇൻക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാർടി സിന്ദാബാദ്, സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്തം തകരട്ടെ, സഖാക്കളേ മുന്നോട്ട്...'

കയ്യൂർ സഖാക്കൾ നമ്മെ വിട്ടുപിരിഞ്ഞ് 76 വർഷത്തിനിടയിൽ അവരുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ ശക്തിപ്പെട്ടു. അവർ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഹൃദയത്തിൽ പേറി കേരളത്തിലെയും ഇന്ത്യയിലെയും കർഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും ബഹുദൂരം മുന്നേറി. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂർ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്ന് കൂടുതൽ കരുത്തും ശക്തിയും കൈവരിച്ചു.

അഞ്ച‌് വർഷത്തെ മോഡി ഭരണം സാധാരണക്കാർക്ക‌് ദുരിതം മാത്രമാണ‌് സമ്മാനിച്ചത‌്. രാജ്യത്ത‌് കർഷകപ്രക്ഷോഭങ്ങൾ വർധിച്ചു. തൊഴിലില്ലായ‌്മ വർധിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിച്ചു‌. നോട്ട‌് നിരോധനവും ജിഎസ‌്ടിയും ചെറുകിടവ്യവസായ മേഖലയെ തകർത്തെറിഞ്ഞു.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രവർത്തനങ്ങൾ ശക്തിപ്പെടുന്ന ഘട്ടത്തിലാണ‌് ഇക്കുറി നാം കയ്യൂർ സഖാക്കളെ അനുസ‌്മരിക്കുന്നത‌്. അഞ്ച‌് വർഷത്തെ മോഡി ഭരണം സാധാരണക്കാർക്ക‌് ദുരിതം മാത്രമാണ‌് സമ്മാനിച്ചത‌്. രാജ്യത്ത‌് കർഷകപ്രക്ഷോഭങ്ങൾ വർധിച്ചു. തൊഴിലില്ലായ‌്മ വർധിച്ചു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിച്ചു‌. നോട്ട‌് നിരോധനവും ജിഎസ‌്ടിയും ചെറുകിടവ്യവസായ മേഖലയെ തകർത്തെറിഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ–-മതനിരപേക്ഷ അടിത്തറ തകർക്കാനുള്ള ശ്രമം നടന്ന‌ുകൊണ്ടിരിക്കുന്നു. കോർപറേറ്റ‌് പ്രീണനവും വർഗീയവൽക്കരണവുമാണ‌് മോഡിസർക്കാരിന്റെ മുഖമുദ്ര. വർഗീയ ഫാസ‌ിസ‌്റ്റുകളുടെ അസഹിഷ‌്ണുതയും ആക്രമണോത്സുകതയുമാണ‌് ഇന്ന‌് രാജ്യമാകെ ചർച്ച ചെയ്യുന്നത‌്. ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങൾ നിത്യസംഭവമായി.

ബിജെപിയുടെ വർഗീയ, നവലിബറൽ നയങ്ങളെ ചെറുക്കുന്നതിൽ കോൺഗ്രസ് അമ്പേ പരാജയപ്പെട്ടു. അഴിമതിയുടെയും വികലനയങ്ങളുടെയും ഫലമായി കോൺഗ്രസ് തകർന്നു. മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഉൾപ്പെടെ നൂറ‌ുകണക്കിന‌് നേതാക്കളാണ‌്  കോൺഗ്രസിൽനിന്ന‌് ബിജെപിയിലേക്ക‌് ചാടിയത‌്.  പണത്തിനും അധികാരത്തിനുംവേണ്ടി അത‌് തുടർന്ന‌ുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ  ഇടതുപക്ഷ ബദലിന്റെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബിജെപിയുടെയും കോൺഗ്രസിന്റെയും മുന്നണികളെ ഒറ്റപ്പെടുത്തി എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം. കേന്ദ്രത്തിൽ മതനിരപേക്ഷ ജനാധിപത്യസർക്കാർ  അധികാരത്തിൽ വരണം.  ഈ രാഷ‌്ട്രീയദൗത്യം നിർവഹിക്കുന്നതിന‌് കയ്യൂർ രക്തസാക്ഷികളുടെ അമരസ‌്മരണ കരുത്ത‌ുപകരും.


പ്രധാന വാർത്തകൾ
 Top