23 April Friday

വർഗീയ ധ്രുവീകരണം ആരുടെ അജൻഡ? - കാസിം ഇരിക്കൂർ എഴുതുന്നു

കാസിം ഇരിക്കൂർUpdated: Friday Feb 12, 2021


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് വരെ നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്തും കേന്ദ്ര ഏജൻസികളുടെ ആസൂത്രിത അന്വേഷണങ്ങളുമൊക്കെയായിരുന്നുവല്ലോ മാധ്യമങ്ങളുടെ ഇഷ്ടപ്പെട്ട ചർച്ചാവിഷയങ്ങൾ. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ മുന്നേറ്റം നടത്തിയതോടെ ഭരണസിരാകേന്ദ്രത്തിനു ചുറ്റും ആറേഴ് മാസങ്ങളായി മൂളിയും മുരണ്ടും ചുറ്റിക്കറങ്ങുകയായിരുന്ന കേന്ദ്ര സംഘങ്ങൾ നിശ്ശബ്ദമായി. അതുവരെ ഇടതുമുന്നണിയെയും പിണറായി സർക്കാരിനെയും ലക്ഷ്യമിട്ട് ദുഷ്‌പ്രചാരണങ്ങളിലേർപ്പെട്ട മാധ്യമങ്ങൾക്ക്‌ പുതിയ ചില വിഷയങ്ങൾ കണ്ടുപിടിക്കേണ്ടിവന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. വോട്ടർമാരെ ആകർഷിക്കാനുള്ള ‘പാർടി ബ്രാൻഡ് ’ കോൺഗ്രസിന് എന്നോ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ യാഥാർഥ്യങ്ങൾ അംഗീകരിക്കുന്നവർ തന്നെ, കേരളത്തിൽ ഇടതുമുന്നണിയുടെ മുന്നേറ്റത്തെ സത്യസന്ധമായി സമീപിക്കുന്നതിനു പകരം ദുർവ്യാഖ്യാനങ്ങൾ ചമയ്‌ക്കാൻ മുതിർന്നു. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഇടതുഭരണത്തിന്റെ നിർമാണാത്മക വശങ്ങളെ അംഗീകരിക്കാൻ ഇക്കൂട്ടർ സന്നദ്ധമായില്ല എന്നുമാത്രമല്ല, എൽഡിഎഫിന്റെ മതനിരപേക്ഷ നിലപാടിൽ ജനം അർപ്പിച്ച വിശ്വാസ്യതയെ വില കുറച്ച് കാണിക്കാൻ വിഫല ശ്രമം നടത്തുകയും ചെയ്‌തു. വർഗീയ ധ്രുവീകരണത്തെക്കുറിച്ച് ഉയർന്നുകേട്ട സംവാദങ്ങളെ ഈ ഭൂമികയിൽ നിന്നുവേണം നോക്കിക്കാണാൻ.

തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്യുന്ന നിരീക്ഷണങ്ങളിൽ ചിലത് ഹിന്ദു–മുസ്ലിം വർഗീയ ധ്രുവീകരണത്തിന്റെ ഇല്ലാക്കഥകളുടെ മേൽ കെട്ടിപ്പൊക്കിയതായിരുന്നു. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ‘‘ മുസ്ലിങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും വളർത്തി സൃഷ്ടിക്കപ്പെടുന്ന ഹിന്ദുധ്രുവീകരണമാണല്ലോ തെരഞ്ഞെടുപ്പ് ജയിക്കാനായി സംഘപരിവാർ പതിവായി പയറ്റുന്ന തന്ത്രം. നിർഭാഗ്യവശാൽ, അതേ സംഘ്പരിവാർ തന്ത്രമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ഇപ്രാവശ്യം പുറത്തെടുത്തത് . സംഘ് പരിവാർ മുസ്ലിം വിരോധം വളർത്തി ഹിന്ദുക്കളുടെ വോട്ട് നേടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ഹിന്ദുക്കളോടൊപ്പം കേരളത്തിലെ ഒരു പ്രബല വോട്ടുബാങ്കായ ക്രിസ്ത്യാനികളിൽ കൂടി മുസ്ലിം വിരുദ്ധ വികാരം വളർത്തി വോട്ടാക്കാനാണ് സി.പി.എം ശ്രമിച്ചത്. ഉമ്മൻ ചാണ്ടി കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യ നേതൃസ്ഥാനത്തുനിന്ന് മാറിയതും മാണിപുത്രൻ യു.ഡി.എഫ് പാളയത്തിൽനിന്ന് പുറത്തുചാടിയതും ഇത്തരമൊരു തന്ത്രം പയറ്റാൻ സി.പി.എമ്മിന് സൗകര്യം ചെയ്ത പ്രധാന ഘടകമാണ്’’ ( തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: അവസാന ചിരി സംഘപരിവാറിന്റേതാകുമോ? –പ്രബോധനം, ജനുവരി , 2021 ).


 

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് നിരക്കാത്ത, പാരസ്പര്യത്തിന്റെ സംസ്കാരത്തെ ഹനിച്ചുകളയുന്ന ഇത്തരമൊരു സ്ഥിതിവിശേഷത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഈ ഭൂമിമലയാളത്തിൽ ജീവിച്ച നാമാരെങ്കിലും കേൾക്കുകയുണ്ടായോ? സംഘപരിവാറുമായി കമ്യൂണിസ്റ്റ് പാർടിയെ സമീകരിക്കുന്ന ഒരവസ്ഥ ഹിന്ദുത്വ രാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് പരാജയപ്പെടുത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഒരു പുരോഗമന പ്രസ്ഥാനത്തിന്റെമേൽ ചാർത്തുന്നത് എന്തുമാത്രം ബാലിശവും നികൃഷ്ടവുമാണ്! ഇന്ത്യാ മഹാരാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് മുന്നിൽ കേരളംപോലെ അപ്രതിരോധ്യമായി ചെറുത്തുനിൽക്കുന്ന മറ്റൊരിടം ചൂണ്ടിക്കാണിക്കാൻ സാധിക്കുമോ?

കോടികൾ ഒഴുക്കി, മോഡി–അമിത് ഷാ പ്രഭൃതികൾ നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇവിടെ പരാജയപ്പെടുന്നത് വല്ലതും നുണയ്‌ക്കാൻ കിട്ടിയാൽ ഏത് നേരവും ഏത് പാർടിയിലേക്കും ചേക്കേറാൻ കുപ്പായമിട്ട് നടക്കുന്ന കോൺഗ്രസുകാരുടെ കേമത്തം കൊണ്ടാണെന്ന് ആരെങ്കിലും അവകാശപ്പെടുമോ? ഈ വിഷയത്തിൽ പിണറായി വിജയനെപ്പോലെ ധീരമായ നിലപാടെടുത്ത ഒരു ഭരണാധികാരിയെ ഇടതുവിമർശകർക്ക് എടുത്തുകാട്ടാൻ പറ്റുമോ? മധ്യപ്രദേശിലെ ഉജ്ജൈയിൽനിന്ന് ഒരു കൊടും വർഗീയവാദി പിണറായിയുടെ തലക്ക് കോടികൾ ഇനാം പ്രഖ്യാപിച്ചത് മറന്നുകാണില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വൻതോതിൽ വോട്ട് ചെയ്തത് ഇടതുസ്ഥാനാർഥികളുടെ മികച്ചവിജയത്തിന് നിദാനമായി എന്ന് എല്ലാ നിഷ്‌പക്ഷ വിശകലനങ്ങളിലും കാണാം. അതല്ലാതെ, ‘മുസ്ലിം ഭീതി’യുടെയും ‘മുസ്ലിം വിരുദ്ധ വികാര’ത്തിന്റെയും ഇല്ലാക്കഥകൾ ചമച്ച് കേരളീയ സാമൂഹ്യാന്തരീക്ഷത്തിൽ വർഗീയതയുടെ വിഷധൂളികൾ വിതയ്‌ക്കാൻ ശ്രമിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

മോഹഭംഗം സംഭവിച്ചവരുടെ കൂട്ടാളികൾ ചെയ്തത്
തങ്ങളുയർത്തിയ കടുത്ത കമ്യൂണിസ്റ്റ് –സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ ഉദ്ദേശിച്ച വിധം ഏശാതെ പോയതിലുള്ള വിമ്മിഷ്ടം പുതിയ വർഗീയ സിദ്ധാന്തങ്ങൾ കരുപ്പിടിപ്പിക്കാൻ യുഡിഎഫിൽ പ്രതീക്ഷ അർപ്പിച്ച ചിലരെ നിർബന്ധിതരാക്കിയതാണ് സാമുദായിക ധ്രുവീകരണത്തിന്റെ പേരിലുള്ള അന്തരീക്ഷ മലിനീകരണത്തിൽ കലാശിച്ചത്. സ്വർണക്കടത്ത് കേസിലൂടെ മുഖ്യമന്ത്രിയെയും മന്ത്രി കെ ടി ജലീലിന്റെയുമൊക്കെ പ്രതിച്ഛായ തകർക്കാമെന്നും അതുവഴി ഭരണവിരുദ്ധ വികാരം ആളിപ്പടർത്താമെന്നും കരുതിയവർക്ക് തെറ്റി. മന്ത്രി ജലീലിന്റെ കഴുത്തിൽ എത്ര തവണ ലീഡ് സ്റ്റോറിയായി കുരുക്ക് മുറുക്കി? എന്നിട്ടെന്തായി? മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ കുടുംബത്തിലേക്കും അന്വേഷണം നീളുകയാണെന്ന് എത്ര തവണ കവടി നിരത്തി പുരപ്പുറത്തുകയറി ഓരിയിട്ടു! വല്ലതും സംഭവിച്ചുവോ? അവരുടെ വ്യക്തിത്വങ്ങൾക്ക് കൂടുതൽ തിളക്കവും പ്രതിച്ഛായക്ക് മികവും കൂടിക്കൂടി വന്നതാണ് ഫലം.

ഓഖി, നിപാ, പ്രളയം, കോവിഡ് തുടങ്ങിയ കനത്ത വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ എല്ലാ മേഖലകളിലും കൈവരിച്ച വികസന നേട്ടങ്ങളും അടിസ്ഥാനവർഗത്തിന്റെ ജീവിത നിലവാരം ഉയർത്തിയ സാമൂഹ്യ ക്ഷേമ പദ്ധതികളും ‘എല്ലാം ശരിയാവും ’ എന്ന മുദ്രാവാക്യത്തിന് സാർഥകമായ സാക്ഷ്യപ്പെടുത്തലായപ്പോൾ, മികച്ച ഭരണത്തിന് രാഷ്‌ട്രാന്തരീയ തലത്തിൽപ്പോലും അംഗീകാരവും അഭിനന്ദനങ്ങളും ലഭിച്ചു. അതോടെ അധികാരം അകലുകയാണെന്ന ചിന്തയിൽ, സമനില തെറ്റിയ പ്രതിപക്ഷം കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ശക്തികളുമായി ചേർന്ന് ഇടതുപക്ഷത്തെ സർവവിധേനയും നേരിടാൻ കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചതാണ് സ്വർണക്കടത്ത് കേസിന് അർഹിക്കാത്ത മാനങ്ങളും മാധ്യമ ശ്രദ്ധയും നേടിക്കൊടുത്തത്.


 

പക്ഷേ ജനം എല്ലാം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായിരുന്നു. വർഗീയ ധ്രുവീകരണത്തിനുള്ള പഴുത് തേടിയാണ് റമദാൻ കിറ്റ് വിതരണം ചെയ്തതിന്റെയും ഖുർആൻ കോപ്പികൾ സ്വീകരിച്ചതിന്റെയും പേരിൽ മന്ത്രി ജലീലിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും അസ്ത്രങ്ങൾ തൊടുത്തുവിട്ടത്. എന്നാൽ അവ ബൂമറാങ്ങായി മാറിയപ്പോൾ ഈ വിഷയങ്ങൾ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട അന്നത്തെ യുഡിഎഫ് കൺവീനർ ബെന്നിബെഹനാനെ ബലികൊടുക്കേണ്ടിവന്നു കോൺഗ്രസിന്. അതിനിടയിൽ, ദീർഘവീക്ഷണം തൊട്ടുതീണ്ടാത്ത രാഷ്ട്രീയ എടുത്തുചാട്ടത്തിലൂടെ കെ എം മാണിയുടെ രാഷ്ട്രീയ അനന്തരാവകാശികളെ മുന്നണിയിൽനിന്ന് പുറന്തള്ളിയപ്പോൾ അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിച്ചില്ല. ആ പാർടി എൽഡിഎഫിന്റെ ഭാഗമാകുന്നതോടെ സംഭവിക്കാവുന്ന സോഷ്യൽ എൻജിനിയറിങ് തങ്ങളുടെ കാലിനടിയിലെ അവസാന മണ്ണും കുത്തിയൊലിച്ചുകൊണ്ടുപോകുമെന്ന് ബോധ്യപ്പെട്ടത് എല്ലാം കഴിഞ്ഞാണ്. അതോടെയാണ് ക്രൈസ്തവ സമൂഹം മുസ്ലിം വിരുദ്ധ വികാരം ഉത്തേജിപ്പിക്കുന്നുവെന്ന പുതിയൊരു ആരോപണം ഉയർത്തിക്കാട്ടാൻ തുടങ്ങിയത്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ യുഡിഎഫിന്റെ സർവ പരാധീനതകൾക്കുമുള്ള ഒറ്റമൂലി എന്ന തരത്തിൽ ലീഗ്, കോൺഗ്രസ് നേതാക്കൾ കൽപ്പിച്ച അമിതവും അനാവശ്യവുമായ പ്രാധാന്യം ഏതെങ്കിലും വിഭാഗത്തിൽ സംശയങ്ങൾ ജനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദി ഇടതുമുന്നണിയാണോ? ക്രൈസ്തവ സമൂഹത്തെ രോഷാകുലരാക്കിയ മറ്റൊരു ഘടകം മുന്നോക്ക സംവരണത്തിന്റെ പേരിൽ ചിലർ നടത്തിയ അതി വൈകാരികത നിറഞ്ഞ പ്രചാരണങ്ങളാണ്. അത് ദൂരീകരിക്കാൻ കഴിഞ്ഞ ഒക്ടോബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അസന്ദിഗ്ധമായ വിശദീകരണവുമായി രംഗത്ത് വരികയുണ്ടായി. ‘‘മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10ശതമാനം സംവരണം നൽകാനുള്ള നിയമം ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഹനിക്കില്ല. നിലവിലുള്ള സംവരണ വിഭാഗങ്ങൾക്കെല്ലാം ആനുകൂല്യം അതേപടി തുടരുന്നുണ്ട്. ആരുടെയും സംവരണ ആനുകൂല്യം ഇല്ലാതാക്കുകയുമില്ല. ’(ദേശാഭിമാനി, 2020 ഒക്ടോബർ 27). ഒരു ഭരണാധികാരി ഇതിലപ്പുറം എന്ത് ഉറപ്പാണ് നൽകേണ്ടത്? കഴിഞ്ഞ ഒക്ടോബർ 28ന് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി സാമ്പത്തിക സംവരണത്തെ അനുകൂലിച്ചുകൊണ്ടുളള തീരുമാനമെടുത്തു. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ കോൺഗ്രസും ഇടതുപാർട്ടികളും ഒരുപോലെ പിന്തുണച്ചിരുന്നു. വാസ്തവം ഇതാണെന്നിരിക്കെ, ഈ വിഷയത്തിൽ ‘മുസ്ലിം വിരുദ്ധ പൊതുബോധം പടർത്തുന്ന സമീപനമാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന്’ കുറ്റപ്പെടുത്തുന്നതിലെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടും?

അടുത്ത ഭരണത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങൾ പകൽക്കിനാവായി മാറുമോ എന്ന യുഡിഎഫിന്റെ ഉൽക്കണ്ഠ വെൽഫെയർ പാർടിയുമായി രഹസ്യ ചങ്ങാത്തത്തിന് മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചു. സിപിഐ എമ്മാവട്ടെ, ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ആശയതലത്തിൽ ശക്തമായി എതിർക്കുന്ന നിലപാട് ആവർത്തിച്ചു. മുസ്ലിം ലീഗിനെയോ ജമാഅത്തെ ഇസ്ലാമിയെയോ എതിർക്കുമ്പോൾ ആ എതിർപ്പ് ഇസ്ലാമിന് എതിരെയാണെന്ന പ്രചാരണമാണ് ഇപ്പോഴത്തെ സംവാദങ്ങളിൽ മുഴച്ചുകേൾക്കുന്നത്. മലപ്പുറത്ത് ജനിച്ചുവളർന്ന, ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദമെടുത്ത എ വിജയരാഘവൻ ഈ യാഥാർഥ്യത്തെ കൂടുതൽ തെളിമയോടെ സമർഥിക്കുമ്പോൾ അദ്ദേഹത്തിൽ വർഗീയ മുദ്ര ചാർത്തുന്നതും ‘സി.പി.എം സംഘ്പരിവാറിന് പഠിക്കുകയാണെന്ന് ’ വിമർശിക്കുന്നതും അത്യന്തം ബാലിശവും തെറ്റിദ്ധാരണാജനകവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top