22 September Tuesday

ജമ്മു കശ്‌മീരിൽ സംഭവിക്കുന്നത്‌ - മുഹമ്മദ്‌ യൂസഫ്‌ തരിഗാമി എഴുതുന്നു

മുഹമ്മദ്‌ യൂസഫ്‌ തരിഗാമി Updated: Wednesday Aug 5, 2020

ജമ്മു കശ്‌മീരിനെ എഴുപതാണ്ട്‌ സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി നിലനിർത്തിയ ഭരണഘടനയുടെ 370–-ാം അനുച്ഛേദം ബിജെപി സർക്കാർ റദ്ദാക്കിയിട്ട്‌ ‌ ബുധനാഴ്‌ച ഒരു വർഷമാകുന്നു. ഇവിടത്തെ ജനങ്ങൾ അനുഭവിച്ചുവന്ന പ്രത്യേക ആനുകൂല്യങ്ങൾ ഇല്ലാതാക്കിക്കൊണ്ട്‌ 35  എ അനുച്ഛേദം  എടുത്തുകളഞ്ഞതും‌ 2019 ആഗസ്‌ത്‌ അഞ്ചിനാണ്‌. കശ്‌മീർ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിച്ച  വഞ്ചനാപരമായ ഈ തീരുമാനത്തിനു പിന്നിൽ ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജൻഡ മാത്രമായിരുന്നു‌. അതിർത്തി സംസ്ഥാനത്തെ രണ്ടാക്കി വെട്ടിമുറിച്ച്‌ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാക്കി ഒരു വർഷം പിന്നിടുമ്പോഴും പ്രഖ്യാപനങ്ങൾ ഒന്നും യാഥാർഥ്യമായില്ല. തടങ്കൽ പാളയത്തിലെന്നപോലെ കഴിയുന്ന ജനങ്ങളുടെ ജീവിതദുരിതം ഇരട്ടിച്ചിരിക്കുകയാണ്‌ ഇപ്പോൾ.

ജമ്മു കശ്‌മീരിലെ ജനങ്ങൾ മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനോടൊപ്പം നിൽക്കാതെ ഇന്ത്യയോടൊപ്പം നിന്നത്‌ വെറും കൂട്ടിച്ചേർക്കൽ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നില്ല. ഇന്ത്യ ഒരു മതനിരപേക്ഷ, ജനാധിപത്യ, ബഹുസ്വരത നിലനിർത്തുന്ന രാഷ്ട്രമായി നിലകൊള്ളുമെന്ന പ്രഖ്യാപനവും ജമ്മു കശ്‌മീരിലെ ജനങ്ങൾക്ക്‌‌ പ്രത്യേക പദവിയും പരമാവധി സ്വയംഭരണവും ഉറപ്പുനൽകിയതുകൊണ്ടാണ്‌ യൂണിയന്റെ ഭാഗമായത്‌. ഈ വാഗ്‌ദാനങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 370ലും ജമ്മു കശ്‌മീരിന്റെ ഭരണഘടനയിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. ഇത്‌ ഭരണഘടനാ ബാധ്യതയാണ്‌. ഈ ബാധ്യത നിറവേറ്റിയില്ലെങ്കിൽ ഇന്ത്യൻ യൂണിയന്റെ ഭാഗമായിക്കൊണ്ടുള്ള കരാർ വ്യർഥമാകും. നിർഭാഗ്യവശാൽ പതിറ്റാണ്ടുകളായി ഭരണഘടന നൽകുന്ന ഈ ഉറപ്പിനെ അധികൃതർ ‌കാർന്നുതിന്നുകയായിരുന്നു. ഇത്‌ ജമ്മു കശ്‌മീർ ജനതയുടെ മനസ്സിൽ അന്യവൽക്കരണം ശക്തിപ്പെടുത്തി. ജമ്മു കശ്‌മീർ ഇന്ത്യയുടെ ഒപ്പം നിന്നതിൽ എതിർക്കുന്നവർ ജനങ്ങളുടെ അസംതൃപ്‌തിയെ ചൂഷണം ചെയ്‌ത്‌ കലക്കവെള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു. 1990കൾമുതൽ കശ്‌മീർ തുടർച്ചയായ ആക്രമണങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയാണ്‌.


 

കഴിഞ്ഞ ആഗസ്‌ത്‌ അഞ്ച്‌ ജമ്മു കശ്‌മീരിനെ സംബന്ധിച്ച്‌ ഇരുണ്ട ദിനമായി മാറി. മുൻ മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, രാഷ്ട്രീയപാർടി നേതാക്കൾ ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കി. യഥാർഥത്തിൽ കശ്‌മീർ താഴ്‌വരയെ മുഴുവൻ വലിയൊരു ജയിലാക്കി മാറ്റിക്കൊണ്ടാണ്‌ ഭരണഘടന ഉറപ്പുനൽകിയ അവകാശങ്ങൾ കവർന്നെടുത്തത്‌. വിപുലമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച്‌ എല്ലാവിധ വാർത്താവിനിമയ സംവിധാനങ്ങളും അടച്ചിട്ടു. അമിതാധികാര വാഴ്‌ചയുടെ അപകടകരമായ അരങ്ങേറ്റമായിരുന്നു അന്ന്‌ പാർലമെന്റിലും കണ്ടത്‌. ജമ്മു കശ്‌മിരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഭരണഘടനാവിരുദ്ധമായി എടുത്തുകളഞ്ഞു. ഇതോടൊപ്പം ജമ്മു കശ്‌മീർ പുനഃസംഘടന ആക്ട്‌ 2019ലൂടെ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമാക്കിയത്‌ കശ്‌മീർ, ജമ്മു, ലഡാക്ക്‌ എന്നീ മേഖലകളിലെ ജനങ്ങൾക്ക്‌ വലിയ ആഘാതമായി.

ലോകവും രാജ്യവും ജമ്മു കശ്‌മീരും കോവിഡ്‌ മഹാമാരിയിൽപ്പെട്ട്‌ ഉഴലുമ്പോൾ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധ മാർഗത്തിലൂടെയും ഏകപക്ഷീയമായും പുതിയ സ്ഥിരതാമസക്കാർക്കായി ചട്ടങ്ങൾ ഉണ്ടാക്കി‌. ഈ മേഖലയിലെ ജനങ്ങൾ ഇതുവരെ അനുഭവിച്ചിരുന്ന അവകാശം എടുത്തുകളഞ്ഞിരിക്കുകയാണ്‌ ഇതിലൂടെ. പുതിയ വ്യവസ്ഥകളിലൂടെ മേഖലയുടെ ജനസംഖ്യാനുപാതം തന്നെ മാറ്റിമറിക്കാനാണ്‌ ബിജെപി ലക്ഷ്യമിടുന്നത്‌. കശ്‌മീർ ജനതയുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ അവകാശങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ്‌ ഇതിലൂടെ. ‌ സംസ്ഥാനത്തിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതുവരെ ഭരണഘടനയിലെ 35എ അനുച്ഛേദം പ്രകാരം സംസ്ഥാനത്തെ സ്ഥിരതാമസക്കാർ ആരാണെന്ന്‌ നിർവചിക്കാനുള്ള അധികാരം ജമ്മു കശ്മീർ നിയമസഭയ്‌ക്കായിരുന്നു. സ്ഥിരതാമസക്കാർക്ക്‌ മാത്രമേ ജോലിക്ക്‌ അപേക്ഷിക്കാനും സ്ഥാവരസ്വത്തുകൾ സ്വന്തമാക്കാനും അവകാശമുണ്ടായിരുന്നുള്ളൂ. കശ്‌മീർ താഴ്‌വരയിലെ ജനങ്ങൾ മാത്രമല്ല, ജമ്മു, ലഡാക്ക്‌ മേഖലയിലെ ജനങ്ങളും പുതിയ സ്ഥിരതാമസ നിയമത്തിൽ ആശങ്കാകുലരാണ്‌. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേന്ദ്രനിയമവും ഇവിടെ ബാധകമാക്കിയിരിക്കുകയാണ്‌. ഇത്‌ ജനങ്ങളുടെ ഇടയിലെ അസംതൃപ്‌തി ശക്തിപ്പെടുത്തും.


 

ജമ്മു കശ്‌മീരിലെ ജനാധിപത്യം പൂർണമായും ഇല്ലാതാക്കി പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമർത്തി എന്നതൊഴിച്ചാൽ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലുടെ മറ്റ്‌ നേട്ടങ്ങളൊന്നുമുണ്ടായില്ല. യുഎപിഎ, പൊതുസുരക്ഷാ നിയമം തുടങ്ങിയ കരിനിയമങ്ങൾ പക്ഷപാതപരമായി നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ പ്രത്യേകിച്ച്‌ യുവാക്കളുടെ ജീവിതം ദുരിതപൂർണമായി. സുരക്ഷാസേനയെ ആശ്രയിച്ച്‌ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിലൂടെ കശ്‌മീരിലെ ജനങ്ങളും ഇന്ത്യൻ യൂനിയനും തമ്മിലുള്ള ബന്ധം വഷളാക്കുകയാണ്‌. സംസ്ഥാനത്തിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത്‌ ഷായും പ്രഖ്യാപിച്ചത്‌‌ ഇത്‌ മേഖലയുടെ വികസനത്തിന്‌ ആക്കംകൂട്ടുമെന്നാണ്‌. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്ത്‌ വികസനമാണ്‌ ഇവിടെ ഉണ്ടായതെന്ന്‌ വ്യക്തമാക്കാൻ ആർക്കും സാധിക്കുന്നില്ല. കേന്ദ്രസർക്കാർ അവകാശപ്പെട്ട നിക്ഷേപം എവിടെ, തൊഴിൽ സാധ്യത എവിടെ എന്നതിന്‌ ഉത്തരമില്ല. പുതിയ വികസനമോ തൊഴിലവസരങ്ങളോ സൃഷ്ടിച്ചില്ലെന്ന്‌ മാത്രമല്ല, നിലവിൽ ദിവസവേതനത്തിനും താൽക്കാലികമായി ജോലി ചെയ്യുന്നവർക്കും വിവിധ പദ്ധതിതൊഴിലാളികൾക്കും മാസങ്ങളായി അർഹതപ്പെട്ട വേതനം നൽകുന്നില്ല. ആറ്‌ വർഷമായി ബിജെപി സർക്കാർ ജമ്മു കശ്‌മീരിന്റെ വികസനത്തെ കുറിച്ചാണ്‌ പറയുന്നത്‌. എന്നാൽ, റംബാൻ മുതൽ റംസു വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിപോലും നടത്താൻ ഇതുവരെ കേന്ദ്രത്തിന്‌ സാധിച്ചിട്ടില്ല. ജനങ്ങൾക്ക്‌ അടിസ്ഥാന ജീവനോപാധികൾ ലഭ്യമാക്കുന്നതിൽ ജമ്മു കശ്മീർ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്‌.


 

ഒരു വർഷത്തിനിടയിൽ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ തിരിച്ചടി വളരെ ഗുരുതരമാണ്‌. ഒരു വർഷത്തെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കാലയളവ്‌ താഴ്‌വരയുടെ സമ്പദ്‌‌വ്യവസ്ഥയെ പൂർണമായും തകർത്തു. 40,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കശ്‌മീർ ചേംബർ ഓഫ്‌ കോമേഴ്‌സ്‌ വിലയിരുത്തിയിരിക്കുന്നു. ജമ്മുവിലെ സ്ഥിതിയും വ്യത്യസ്‌തമല്ല. സ്വകാര്യമേഖലയിൽ ലക്ഷക്കണക്കിന്‌ തൊഴിലാളികൾക്ക്‌ ജോലി നഷ്ടപ്പെട്ടു. ജമ്മു കശ്‌മീരിലെ തൊഴിൽരഹിതനിരക്ക്‌ ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയാണ്‌. വിനോദസഞ്ചാരം, ഗതാഗതം, കരകൗശല മേഖലകളും കൃഷിയും അനുബന്ധമേഖലകളും കടുത്ത തകർച്ചയിലാണ്‌. ഈ മേഖലകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനാളുകൾ സാമ്പത്തിക ദുരിതത്തിലാണ്‌. കഴിഞ്ഞ ആഗസ്‌ത്‌ അഞ്ചുമുതൽ സംസ്ഥാനത്തെ ടൂറിസം മേഖല പൂർണമായൂം നിശ്‌ചലമായി‌. ഇത്‌ കരകൗശല വിപണിയെയും നിശ്‌ചലമാക്കി. സംസ്ഥാനത്തിലെ നദികളിൽനിന്ന്‌ മണൽ വാരുന്നതുൾപ്പെടെയുള്ള ഖനന കരാറുകൾ പുറത്തുള്ളവർക്ക്‌ നൽകുന്നതും വലിയ തിരിച്ചടിയാണ്‌. പ്രദേശത്തെ ജനങ്ങൾക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. വാർത്താ വിനിമയ സംവിധാനങ്ങൾ പൂർണമായൂം പുനഃസ്ഥാപിക്കാത്തത്‌ ഏറ്റവും വലിയ ആഘാതമായി. മണൽവാരൽ ഉൾപ്പെടെയുള്ള ടെൻഡറുകളിൽ പങ്കെടുക്കേണ്ടത്‌ ഓൺലൈനായാണ്‌. ഹൈസ്‌പീഡ്‌ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്തതിനാൽ ഈ പ്രദേശത്തുകാർക്ക്‌ ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.

4ജി സംവിധാനം തുടർച്ചയായി വിച്ഛേദിച്ചിരിക്കുന്നതുമൂലം വിദ്യാർഥികളും മറ്റ്‌ ഉദ്യോഗാർഥികളും ഏറെ പ്രയാസത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ പഠനത്തിന്‌ ഇപ്പോൾ ഓൺലൈൻ സംവിധാനത്തെയാണ്‌ ആശ്രയിക്കുന്നത്‌. എന്നാൽ, ഇത്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌ ഇവിടത്തെ ഭരണസംവിധാനം. ഡിജിറ്റൽ ഇന്ത്യയിലൂടെ എല്ലാവർക്കും ഡിജിറ്റൽ സാങ്കേതികവിദ്യ ലഭ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുമ്പോൾ‌ ഒരു മേഖലയിലെ ജനങ്ങൾക്ക്‌ 4ജി സംവിധാനം നിഷേധിക്കുന്നത്‌ വിരോധാഭാസമാണ്‌. ജൂണിൽ തയ്യാറാക്കിയ പുതിയ മാധ്യമനയത്തിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന്‌ വിലങ്ങിടാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ മാധ്യമപ്രവർത്തകരിൽ ഏറെ പ്രയാസം സൃഷ്ടിക്കും. മാധ്യമസ്വാതന്ത്ര്യത്തിൽ സർക്കാരിന്‌ നേരിട്ട്‌ ഇടപെടാനുള്ള ലക്ഷ്യത്തോടെയാണ്‌ മാധ്യമനയം തയ്യാറാക്കിയിരിക്കുന്നത്‌. വിമർശിക്കുന്നവരുടെ വായ മൂടുകയാണ്‌ ഉദ്ദേശ്യം. അപ്രഖ്യാപിത സെൻസർഷിപ്പിന്‌ തുല്യമാണിത്‌.

തീവ്രവാദികളെന്ന്‌ ആരോപിച്ച്‌ വെടിവച്ചുകൊല്ലുന്നവരുടെ മൃതദേഹംപോലും കുടുംബങ്ങൾക്ക്‌ വിട്ടുകൊടുക്കുന്നില്ല. കുടുംബാംഗങ്ങൾക്ക്‌ അന്ത്യകർമത്തിന്‌ അവസരം നൽകാതെ നിയമവിരുദ്ധമായി വിദൂരപ്രദേശങ്ങളിൽ ഇത്തരത്തിൽ മൃതദേഹം സംസ്‌കരിക്കുന്നത്‌ നിർഭാഗ്യകരമാണ്‌. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതോടെ തീവ്രവാദം അവസാനിപ്പിക്കാനാകുമെന്നായിരുന്നു ബിജെപി സർക്കാർ അവകാശപ്പെട്ടത്‌. എന്നാൽ, അടുത്തകാലത്ത്‌ തീവ്രവാദ പ്രവർത്തനങ്ങൾ താഴ്‌വരയിൽ വർധിച്ചിരിക്കുകയാണ്‌. നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. നിരവധി യുവാക്കൾ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നുവെന്നാണ്‌ റിപ്പോർട്ട്‌. അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റവും വർധിച്ചു. അതിർത്തിയിലെ സംഘർഷം തുടർന്നുകൊണ്ടിരിക്കുന്നു. കേന്ദ്രസർക്കാർ നേരിട്ട്‌ ഭരണം ഏറ്റെടുത്തിട്ടും തീവ്രവാദം അമർച്ച ചെയ്യാനായിട്ടില്ല.

കശ്‌മീർ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിക്കുന്ന വഞ്ചനാപരമായ തീരുമാനമാണ്‌ യഥാർഥത്തിൽ ഒരു വർഷംമുമ്പ്‌ നടപ്പാക്കിയത്‌. ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജൻഡയാണ്‌ നടപ്പിൽ വരുത്തിയത്‌. ജനങ്ങളെ വിശ്വാസത്തിലെടുത്തും മതനിരപേക്ഷതയെ വിലമതിച്ചും മാത്രമേ കശ്‌മീരിന്റെ മുറിവുണക്കാനാകുകയുള്ളൂ. ഇത്‌ മതനിരപേക്ഷ, ജനാധിപത്യശക്തികൾ തിരിച്ചറിയേണ്ടതാണ്‌.

(സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ജമ്മു കശ്‌മീരിലെ മുന്‍ എംഎല്‍എയുമാണ്‌ ലേഖകന്‍)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top