12 September Thursday

കർണാടകം ; ചേരിമാറ്റം, സാമുദായിക പ്രീണനം

ടി ചന്ദ്രമോഹൻUpdated: Wednesday Apr 26, 2023

കാലുമാറ്റംകൊണ്ട്‌ ജനവിധിയെ അട്ടിമറിക്കുന്ന കർണാടക ഇത്തവണ  തെരഞ്ഞെടുപ്പിനുമുമ്പേ നേതാക്കളുടെ ചേരിമാറ്റത്തിലൂടെയും ശ്രദ്ധേയമായി. ‘ഓപ്പറേഷൻ കമലയിലൂടെ’ ദക്ഷിണേന്ത്യയിൽ ആദ്യമായി അധികാരത്തിലെത്തിയ ബിജെപി തുടർന്നും കോൺഗ്രസുകാരെ കാലുമാറ്റിയാണ് അധികാരത്തിലെത്തിയത്. എന്നാൽ, ഇത്തവണ തെരഞ്ഞെടുപ്പിനുമുമ്പ്‌ ബിജെപിയുടെ പ്രമുഖ നേതാക്കളാണ് കോൺഗ്രസിലേക്ക്‌ ചാടിയത്. കോൺഗ്രസ് അധികാരത്തിലെത്തുമെന്ന പൂർണ വിശ്വാസമല്ല, മറിച്ച് സീറ്റ് നിഷേധിച്ചതാണ് ബിജെപി നേതാക്കളുടെ കാലുമാറ്റത്തിനു കാരണം. മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബിജെപി സംസ്ഥാന പ്രസിഡന്റുമായിരുന്ന ജഗദീഷ്‌ ഷെട്ടാർ, മുൻഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്ന ലക്ഷ്‌മൺ സാവദി ഉൾപ്പെടെയുള്ള നേതാക്കളാണ്‌ കോൺഗ്രസിൽ എത്തിയത്‌. കർണാടകത്തിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ തമ്മിലെ ആശയപരമായ സമാനതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. അധികാരത്തിലെത്താൻ എന്തുംചെയ്യാൻ ഇരുകൂട്ടർക്കും മടിയുമില്ല. സാമുദായിക പ്രീണനവും ഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രചാരണവുമാണ്‌ ഇരു പാർടിയും പിന്തുടരുന്നത്‌.

ബിജെപിക്കും കോൺഗ്രസിനും ഇത് ജീവൻമരണ പോരാട്ടമാണ്‌. കാലുമാറ്റത്തിലൂടെ ലഭിച്ച ഭരണം നിലനിർത്തി മോദി–- അമിത്‌ ഷാ നേതൃത്വത്തിന്റെ അപ്രാമാദിത്വം ഊട്ടിയുറപ്പിക്കണമെന്നത്‌ ബിജെപിയുടെ അഭിമാനപ്രശ്‌നമാണ്‌.  മൂന്നുവർഷത്തിനിടയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലൊന്നും വിജയിക്കാനാകാത്ത കോൺഗ്രസിന്‌ തിരിച്ചുവരവിനുള്ള അവസരവുമാണ്‌. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജനങ്ങൾക്കിടയിൽ ചലനമുണ്ടാക്കിയിട്ടുണ്ടോ എന്നറിയാനാകും. ജനതാദൾ എസിനെ സംബന്ധിച്ച്‌ നിലനിൽപ്പിനായുള്ള പോരാട്ടമാണ്‌. തുടക്കത്തിൽ എഴുതിത്തള്ളപ്പെട്ട ജെഡിഎസ്‌, സ്ഥാനാർഥി പ്രഖ്യാപനം പിന്നിട്ട്‌ പ്രചാരണം തുടങ്ങിയതോടെ എതിരാളികളുടെ ഒപ്പമെത്തി. തൂക്കുസഭയിൽ കിങ് മേക്കറാകാനുള്ള സാധ്യതയിലാണ് പ്രതീക്ഷ.

സാമുദായികശക്തികളും നോട്ടുകെട്ടുകളുമാണ് തെരഞ്ഞെടുപ്പുഫലത്തിൽ ഏറെ സ്വാധീനം ചെലുത്തുന്നത്‌. കോൺഗ്രസും ബിജെപിയും ഇക്കുറിയും പ്രബല സമുദായങ്ങളായ ലിംഗായത്ത്‌, വൊക്കലിംഗ വിഭാഗങ്ങളെ ഒപ്പംനിർത്താൻ മത്സരിക്കുകയാണ്‌. കർണാടകയുടെ തെക്കൻ ഭാഗങ്ങളിലാണ് വൊക്കലിംഗ സാന്നിധ്യം കൂടുതൽ. വടക്കൻ കർണാടകയാണ് ലിംഗായത്ത് സ്വാധീനം. ജനസംഖ്യയിൽ 14 ശതമാനമായ വൊക്കലിംഗർക്ക്‌ കോൺഗ്രസിനോടും ജെഡിഎസിനോടുമാണ്  താൽപ്പര്യം. 17 ശതമാനംവരുന്ന ലിംഗായത്തുകൾ ബിജെപിയെ പിന്തുണയ്ക്കുന്നു. വൊക്കലിംഗയ്‌ക്കും ലിംഗായത്തുകൾക്കും പ്രത്യേക മതമെന്ന വാഗ്ദാനംവരെ കഴിഞ്ഞതവണ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു.

ബിജെപി വികസനവും തീവ്രഹിന്ദുത്വവുമാണ് പ്രധാന മുദ്രാവാക്യമായി ഉയർത്തുന്നത്. ഒപ്പം വർഗീയ, സാമുദായിക ചേരിതിരിവുകൾ ഉണ്ടാക്കുന്നു. ബിജെപിയുടെ തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ടാണ്‌ കോൺഗ്രസ്‌ നേരിടുന്നത്‌. ബിജെപിയിലെ മുതിർന്ന നേതാക്കൾ പാർടിയിൽ ചേർന്നതോടെ കോൺഗ്രസ് ഹിന്ദുത്വ നിലപാടിന് കൂടുതൽ ഊന്നൽനൽകുകയാണ്‌. ബിജെപി ഭരണത്തിൽ സ്വീകരിച്ച ന്യൂനപക്ഷവിരുദ്ധ നിലപാടുകൾ തിരുത്തുമെന്ന്‌ പ്രഖ്യാപിക്കാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. മുസ്ലിങ്ങൾക്ക്‌ നടപ്പാക്കിയിരുന്ന നാലുശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ്‌ വൊക്കലിംഗ, ലിംഗായത്ത്‌ സമുദായങ്ങൾക്ക്‌ രണ്ടു ശതമാനംവീതം നൽകി. പട്ടികജാതി സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്തി ഈ വിഭാഗത്തെ ഭിന്നിപ്പിച്ചു. ഈ വിഷയത്തിലൊന്നും വ്യക്തമായ നിലപാട്‌ സ്വീകരിക്കാതെ കോൺഗ്രസ്‌ ഒഴിഞ്ഞുമാറി. 22 ശതമാനത്തോളം വരുന്ന ദളിതരും 17 ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങളും നേരിടുന്ന പ്രശ്‌നങ്ങളിലും നിലപാട്‌ പ്രഖ്യാപിക്കാതെ കോൺഗ്രസ്‌ മൗനംപാലിക്കുന്നു. ബിജെപി സർക്കാരിന്റെ അഴിമതിയും രാഹുൽ ഗാന്ധിയെ പാർലമെന്റിൽനിന്ന്‌ അയോഗ്യനാക്കിയതും പ്രചാരണായുധമാക്കുന്നതോടൊപ്പം നിരവധി വാഗ്‌ദാനങ്ങളും കോൺഗ്രസ്‌ മുന്നോട്ടുവയ്‌ക്കുന്നു.
എഴുപത്തഞ്ചിലേറെ മണ്ഡലത്തിൽ ന്യൂനപക്ഷവോട്ടുകൾ നിർണായകമാണ്‌. ബിജെപി വിരുദ്ധവോട്ടുകൾ ഒന്നിപ്പിക്കാൻ കോൺഗ്രസ്‌ മുൻകൈയെടുത്തിട്ടുമില്ല. സഖ്യകക്ഷിയായ മുസ്ലിംലീഗിനു പോലും ഒരു സീറ്റും നൽകിയില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിന്‌ എത്തുന്നുണ്ടെങ്കിലും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വംകൊടുക്കുന്നത്‌ മുൻമുഖ്യമന്ത്രി സിദ്ധാരാമയ്യയും കെപിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാറുമാണ്‌. ഇരുവരും അവരവരുടെ മണ്ഡലത്തിൽ ശക്തമായ മത്സരവും നേരിടുന്നുണ്ട്‌.

ലിംഗായത്ത്‌ വിഭാഗത്തിലെ പ്രമുഖരായ ജഗദീഷ്‌ ഷെട്ടാറും ലക്ഷ്‌മൺ സാവദിയും രാജിവച്ച്‌ കോൺഗ്രസിൽ എത്തിയത്‌ ബിജെപിക്ക്‌ തിരിച്ചടിയായി. സീറ്റ്‌ നിഷേധിച്ചതിനെത്തുടർന്ന്‌ മോദി–- അമിത്‌ ഷാ നേതൃത്വത്തെ വെല്ലുവിളിച്ചാണ്‌ ഇരുവരും ബിജെപി വിട്ടത്‌. താഴെത്തട്ടുവരെ വ്യാപിച്ച അഴിമതിയാണ്‌ ബിജെപി നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ശക്തമായ ഭരണവിരുദ്ധ വികാരവുമുണ്ട്. അതിനിടയിലും മോദിയിലും അമിത് ഷായിലുമാണ് പ്രതീക്ഷ.
മൈസൂരു മേഖലയിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കുന്നതിനൊപ്പം ബംഗളൂരു അർബൻ, ഹൈദരാബാദ്, കർണാടക മേഖലയിലും നേട്ടമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ജെഡിഎസ്‌. വൊക്കലിംഗ സമുദായത്തിന്റെയും ന്യൂനപക്ഷ, ദളിത്, പിന്നാക്ക വോട്ടുകളിലുമാണ്‌ പ്രതീക്ഷ. സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെയും റിപ്പബ്ലിക്കൻ പാർടിയുടെയും പിന്തുണയും ജെഡിഎസിനുണ്ട്‌. ജെഡിഎസ്‌  മൂന്ന്‌ സീറ്റിൽവീതം സിപിഐ എമ്മിനെയും റിപ്പബ്ലിക്കൻ പാർടിയെയും പിന്തുണയ്‌ക്കുന്നുണ്ട്‌. ബാഗേപ്പള്ളി, കെആർ പുരം, കലബുർഗി റൂറൽ എന്നിവിടങ്ങളിലാണ്‌ സിപിഐ എമ്മിനെ പിന്തുണയ്‌ക്കുന്നത്‌. ഇതിനുപുറമേ കോലാറിലെ കെജിഎഫ്‌ മണ്ഡലത്തിലും സിപിഐ എം മത്സരിക്കുന്നുണ്ട്‌.

ദേശീയ പദവി നേട്ടത്തിനു പിന്നാലെ മുഴുവൻ സീറ്റിലും മത്സരിക്കുകയാണ്‌ ആംആദ്‌മി പാർടി. മുഖ്യമന്ത്രിമാരായ ഭഗവന്ത്‌ സിങ്‌ മാൻ, അരിവന്ദ്‌ കെജ്‌രിവാൾ തുടങ്ങിയ നേതാക്കൾ പ്രചാരണത്തിന്‌ എത്തുന്നുണ്ട്‌. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർടിയായ എസ്‌ഡിപിഐക്ക്‌ നൂറോളം മണ്ഡലത്തിൽ സ്ഥാനാർഥിയുണ്ട്‌. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ഇത്‌ ബിജെപിയെ സഹായിക്കും.

ജാതി– മത സമവാക്യങ്ങളിൽ കർണാടകയിലെ ഓരോ മേഖലയ്ക്കും വ്യത്യസ്ത രാഷ്ട്രീയനിറമാണ്. ലിംഗായത്ത് സമുദായം മുംബൈ– കർണാടക മേഖലയിൽ നിർണായക സ്വാധീനം ചെലുത്തുമ്പോൾ മൈസൂരു മേഖലയിൽ വൊക്കലിംഗ സമുദായത്തിനാണ് ശക്തി. ന്യൂനപക്ഷ സമുദായങ്ങളും ദളിത്– പിന്നാക്ക വിഭാഗങ്ങൾക്കും സ്വാധീനമുള്ള  പകുതിയോളം മണ്ഡലമുണ്ടെങ്കിലും  ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങൾക്കാണ് എന്നും പ്രാമുഖ്യം. 66 സീറ്റുള്ള പഴയ മൈസൂരു മേഖലയാണ് പ്രധാനം. ജെഡിഎസ് ശക്തമായ മേഖലയിൽ കോൺഗ്രസിനും ബിജെപിക്കും സ്വാധീനമുണ്ട്. വൊക്കലിംഗ സമുദായമാണ് ജെഡിഎസിന്റെ ശക്തി. കഴിഞ്ഞതവണ 30 സീറ്റ് നേടി. കോൺഗ്രസിന്‌ 20ഉം ബിജെപിക്ക്‌ 15 സീറ്റുമാണ്‌ ലഭിച്ചത്‌.

ലിംഗായത്ത് സ്വാധീനമേഖലയായ മുംബൈ –-കർണാടക മേഖലയിലെ 44 സീറ്റിൽ 2018ൽ 26ഉം ബിജെപിക്കായിരുന്നു. യെദ്യൂരപ്പ ഇല്ലാത്ത 2013ൽ 12 സീറ്റായിരുന്നു ബിജെപിക്ക്. കോൺഗ്രസിന് 26ഉം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെയും ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരങ്ങളുടെയും കേന്ദ്രമായ ഹൈദരാബാദ് –-കർണാടക മേഖലയിലെ 40 സീറ്റ് നിർണായകമാണ്. ബിജെപി വിട്ട് പ്രാദേശിക പാർടി രൂപീകരിച്ച ജനാർദന റെഡ്ഡി ആരുടെ വോട്ടാണ് കവരുകയെന്നത് പ്രധാനമാണ്. 2018ൽ 21 സീറ്റ് കോൺഗ്രസും 15 ബിജെപിയും നാല് ജെഡിഎസും നേടി. ദളിത് വോട്ടുകൾ നിർണായകമാണ്.
നഗരമേഖല ഉൾക്കൊള്ളുന്ന ബംഗളൂരു അർബനിൽ മൂന്ന് പാർടിക്കും ശക്തമായ സ്വാധീനമുണ്ട്. ജാതി, സമുദായ പരിഗണനയ്ക്ക് സ്വാധീനം കുറഞ്ഞ മേഖലയാണ്‌ ഇത്. കഴിഞ്ഞതവണ 28ൽ കോൺഗ്രസ് 13ഉം ബിജെപി 11 ഇടത്തും വിജയിച്ചു. സ്വാധീനത്തിന്‌ അനുസരിച്ചുള്ള വിജയം ജെഡിഎസിന്‌ ഉണ്ടായില്ല. രണ്ട്‌ സീറ്റാണ് ലഭിച്ചത്.

വർഗീയത ശക്തമായി വേരൂന്നിയ തീരദേശ കർണാടകയിൽ കഴിഞ്ഞതവണ 19ൽ 16ഉം നേടി ബിജെപി ശക്തി തെളിയിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് മൂന്ന് സീറ്റാണ്‌. 2013ൽ കോൺഗ്രസിന് 13 സീറ്റുണ്ടായിരുന്നു. തീവ്രവർഗീയത അഴിച്ചുവിട്ട് നേട്ടംകൊയ്യാമെന്നാണ് ബിജെപി പ്രതീക്ഷ. 27 സീറ്റുള്ള യെദ്യൂരപ്പയുടെ തട്ടകമായ സെൻട്രൽ കർണാടകയിൽ കഴിഞ്ഞതവണ 22ഉം ബിജെപിക്കായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top