23 February Saturday

അലയടിക്കുന്ന വാക്ക്

സുനിൽ പി ഇളയിടംUpdated: Saturday Jun 23, 2018


മാർക്സിന്റെ 200‐ാം  ജന്മവാർഷികം ലോകത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്ക് പലതരത്തിൽ മടങ്ങിവരുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ലോകത്തെ പല പ്രമുഖ പ്രസാധകരും പത്രങ്ങളും മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികം മുൻനിർത്തി പ്രത്യേക പതിപ്പുകളോ സവിശേഷഗ്രന്ഥങ്ങൾതന്നെയോ പുറത്തുകൊണ്ടുവന്നു. പ്രമുഖ സർവകലാശാലകളിലും അക്കാദമികകേന്ദ്രങ്ങളിലും മാർക്സിന്റെ ധൈഷണികസംഭാവനകളെ മുൻനിർത്തിയുള്ള സംവാദങ്ങളും സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു. മാർക്സിന്റെ ജന്മനഗരമായ ജർമനിയിലെ ട്രയറിൽ 2018 മെയ് അഞ്ചിന് അദ്ദേഹത്തിന്റെ പൂർണകായശില്പം അനാച്ഛാദനം ചെയ്യപ്പെട്ടു. അതേദിവസംതന്നെ, ചൈനീസ് പാർലമെന്റ് 2018 മെയ് അഞ്ചിന് പ്രത്യേക സമ്മേളനം ചേർന്ന് മാർക്സിന്റെ മഹിതമായ സംഭാവനകളെ വാഴ്ത്തി.

ഇരുനൂറ് വർഷംമുമ്പ‌് ജനിക്കുകയും 65 വർഷംമാത്രം ജീവിക്കുകയും ചെയ്ത, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദമെത്തുംമുമ്പേ അന്തരിച്ച ഒരാളായിരുന്നു കാൾ മാർക്സ്. അങ്ങനെയൊരാളെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ലോകം ഇങ്ങനെ ഓർമിക്കുന്നതിൽ അസാധാരണമായ ചിലതുണ്ട്. തന്റെ ജീവിതകാലത്ത് വലിയതോതിൽ മാനിക്കപ്പെട്ട ഒരാളായിരുന്നില്ല മാർക്സ്. അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ അന്നത്തെ പണ്ഡിതലോകം കാര്യമായി ശ്രദ്ധിച്ചതേയില്ല. യൂറോപ്പിലെ തൊഴിലാളിപ്രസ്ഥാനങ്ങളിൽ മാർക്സിന് സ്വാധീനമുണ്ടായിരുന്നു എന്നത് വാസ്തവമാണെങ്കിലും, എറിക് ഹോബ്സ്ബാം ചൂണ്ടിക്കാട്ടുന്നതുപോലെ, അദ്ദേഹത്തിന്റെ പേരിലുള്ള പ്രസ്ഥാനങ്ങൾ മിക്കവാറും ശക്തിയാർജിച്ചത് മാർക്സിന്റെ മരണത്തിനുശേഷമാണ്.

മാർക്സ് ജീവിച്ചലോകം താരതമ്യങ്ങൾ സാധ്യമല്ലാത്തവിധം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജീവിതക്രമത്തിൽനിന്ന‌് വിഭിന്നമായിരുന്നു. വിമാനങ്ങളോ ഭൂഖണ്ഡാന്തര മിസൈലുകളോ അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്നില്ല. ലോകം ഒരാഗോളഗ്രാമമായി പരിണമിക്കും എന്ന് സങ്കല്പിക്കാൻ പോന്ന വിധത്തിൽ വിവരസാങ്കേതികവിദ്യയുടെ രൂപങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ടെലിഗ്രാഫിനപ്പുറം ആശയവിനിമയത്തിന്റെ നവീനമാർഗങ്ങൾ നിലവിൽവന്നുകഴിഞ്ഞിട്ടില്ലായിരുന്നു. മനുഷ്യവംശത്തെയാകെ ഇല്ലാതാക്കാൻ പോന്ന ആണവായുധങ്ങളോ ലോകമഹായുദ്ധങ്ങളോ ഫാസിസ്റ്റ് ഭരണകൂടങ്ങളോ മാർക്സിന് പരിചിതമായിരുന്നില്ല. ഭൂമിയുടെ നിലനില്പുതന്നെ ഇല്ലാതാക്കാൻ പോന്ന പാരിസ്ഥിതിക പ്രതിസന്ധികൾ തെളിഞ്ഞുവന്നിരുന്നില്ല. ലിംഗനീതിയുടെ പ്രമേയം എന്നത് സ്ത്രീകളുടെ വോട്ടവകാശം എന്നതിനപ്പുറത്തേക്ക് ഉന്നയിക്കപ്പെട്ടിരുന്നില്ല. മാർക്സിന്റെ സവിശേഷപഠനവിഷയമായ മുതലാളിത്ത ഉല്പാദനവ്യവസ്ഥ (ക്യാപ്പിറ്റലിസം എന്ന പദം അദ്ദേഹം ഏറെയൊന്നും ഉപയോഗിച്ചിട്ടില്ല) യൗവനപ്രാപ്തിയിലേക്ക് എത്തുന്നതേയുണ്ടായിരുന്നുള്ളൂ. ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലേക്കും മൂലധനം അതിന്റെ പടയോട്ടം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. യൂറോപ്പിലെ ചുരുക്കം രാഷ്ട്രങ്ങൾമാത്രമാണ് അക്കാലത്ത് നാടുവാഴിത്തത്തിന്റെയും ഫ്യൂഡൽ ഉല്പാദനബന്ധങ്ങളുടെയും കെട്ടുപൊട്ടിച്ച് സമ്പൂർണമായും പുറത്തുവന്നിരുന്നത്. രാജ്യാന്തര കുത്തകകളോ ഫിനാൻസ് മൂലധനമോ ലോകവിപണിയോ കോർപറേറ്റ് മൂലധനവും വിവരസാങ്കേതികവിദ്യയും തമ്മിലുള്ള കൈകോർക്കലോ ഒന്നും അരങ്ങേറിയിരുന്നില്ല. ദേശീയമായ അതിർവരമ്പുകൾക്കുള്ളിൽ വ്യാവസായിക മുതലാളിത്തം യൂറോപ്യൻ രാഷ്ട്രങ്ങളിൽ വളർന്നുവന്നതേ ഉണ്ടായിരുന്നുള്ളൂ.

എങ്കിലും, ഇത്രമേൽ പ്രാഥമികമായ സാഹചര്യങ്ങളിൽ നിലയുറപ്പിച്ചുകൊണ്ട് മുതലാളിത്ത സമൂഹത്തെ ഘടനാപരമായും പ്രക്രിയാപരമായും വിശകലനം ചെയ്യുന്നതിൽ മാർക്സ് അതുല്യമായ വിജയമാണ് കൈവരിച്ചത്. മാർക്സിനെ ഇപ്പോഴും സമകാലികനാക്കുന്നതും ആ വിശകലനങ്ങളാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ മാർക്സിന്റെ സമകാലികരായ ബുദ്ധിജീവികളിൽ പലരും മാർക്സിനേക്കാൾ എത്രയോ ആരാധ്യരായിരുന്നു. ഹോബ്സ്ബാം ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, പത്തൊമ്പതം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിൽ എന്ന‌് വാഴ്ത്തപ്പെട്ട ആളായിരുന്നു ഹെർബർട്ട‌് സ്പെൻസർ. സ്പെൻസറെ അടക്കം ചെയ്തിരിക്കുന്നത് മാർക്സ് അന്ത്യവിശ്രമംകൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയിൽത്തന്നെയാണ്. എങ്കിലും സ്പെൻസർ അവിടെ അന്ത്യനിദ്ര കൊള്ളുന്നുണ്ടെന്ന് ഇപ്പോഴാരും ഓർമിക്കുന്നില്ല. മാർക്സാകട്ടെ പിൽക്കാലത്തോടും പുതിയ ലോകത്തോടും നാനാരൂപങ്ങളിൽ സംവദിച്ച് ബഹുശാഖിയായ ഒരു മഹാവൃക്ഷത്തിന്റെ ഛായ കൈവരിച്ചിരിക്കുന്നു. ഭരണകൂടങ്ങളും ട്രേഡ് യൂണിയനുകളും ഗറില്ലാസംഘങ്ങളും രാഷ്ട്രീയ പാർടികളുംമുതൽ സ്ത്രീസംഘടനകളും വിദ്യാർഥി യുവജനപ്രസ്ഥാനങ്ങളും പരിസ്ഥിതിസംഘടനകളുംവരെ അദ്ദേഹത്തിന്റെ വാക്കുകളാൽ പ്രചോദിതമായി ഇപ്പോഴും ലോകത്തിന്റെ നാനാഭാഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചരിത്രവും ധനതത്വശാസ്ത്രവും രാഷ്ട്രമീമാംസയുംമുതൽ കല/സാഹിത്യ വിമർശങ്ങളും ഭാഷാശാസ്ത്രവും ദൈവവിജ്ഞാനവും സൈബർനെറ്റിക്സുംവരെയുള്ള മിക്കവാറും എല്ലാ ജ്ഞാനശാഖകളുമായി മാർക്സിസം സംവദിക്കുകയും അവിടങ്ങളിലെല്ലാം പുതിയ തുറസ്സുകൾക്ക് കാരണമാവുകയും ചെയ്യുന്നു. ടെറി ഈഗിൾട്ടന്റെ വാക്കുകളെ പിൻപറ്റിയാൽ, ഒരു പ്ലാറ്റോണിക് ട്രേഡ്യൂണിയനോ ഹെഗേലിയൻ സ്ത്രീപ്രസ്ഥാനത്തെയോ കാന്റിയൻ ഗറില്ലാസംഘത്തെയോ സങ്കല്പിക്കുക എളുപ്പമല്ലെങ്കിലും  മാർക്സിനെ മുൻനിർത്തി ഇവയെല്ലാം സാധ്യമാണ്!

എന്തുകൊണ്ടാണിങ്ങനെ? ഈ ചോദ്യത്തിന് ലോകമെമ്പാടുംനിന്നും ധാരാളം ഉത്തരങ്ങൾ ഉണ്ടായിട്ടുണ്ട്. മാർക്സിസ്റ്റുകളും അല്ലാത്തവരുമായ ആളുകൾ, നാനാതരം വീക്ഷണങ്ങളിലൂടെ മാർക്സിസത്തിന്റെ പൊരുളും പ്രകാരവും വിശദീകരിച്ചിട്ടുണ്ട്; ഇപ്പോഴും വിശദീകരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അത്തരം വിശദീകരണങ്ങൾ മാർക്സിസത്തെ അനിവാര്യമായും ബഹുസ്വരമായ ഒന്നാക്കി മാറ്റിത്തീർത്തിട്ടുണ്ട്. തമ്മിലിണങ്ങുകയും ഇടയുകയും ചെയ്യുന്ന നാനാതരം വ്യാഖ്യാനസമീക്ഷകൾ മാർക്സിൽനിന്ന് പ്രചോദിതമായ നിലയിൽ രൂപംകൊണ്ടു. അവ ലോകത്തെ പല നിലകളിൽ വ്യാഖ്യാനിക്കുകയും പല രൂപത്തിൽ ലോകത്തിൽ ഇടപെടുകയും ചെയ്തു. അതുവഴി കൈവന്ന ബഹുസ്വരജീവിതം മാർക്സിസത്തിന്റെ അനിവാര്യ പ്രകൃതമായി ഇപ്പോൾ മാറിത്തീർന്നിരിക്കുന്നു.

ഇത്തരമൊരു ബഹുസ്വരാത്മക പ്രകൃതം മാർക്സിസത്തിന് കൈവന്നതിനു പിന്നിൽ മാർക്സിന്റെ ധൈഷണിക ജീവിതത്തിനും അദ്ദേഹത്തിന്റെ രചനകളുടെ പ്രകാശനചരിത്രത്തിനും സാരമായ പങ്കുണ്ട്. അതുല്യമായ ബൗദ്ധിക ജീവിതത്തിന്റെ ഉടമയായ മാർക്സ് ഏകമുഖമായ ഒരു ധൈഷണികപഥത്തിലൂടെയല്ല സഞ്ചരിച്ചത് എന്നതും പ്രധാനമാണ്. 1841ൽ ഡെമോക്രീറ്റസിന്റെയും എപ്പിക്യൂറസിന്റെയും പ്രകൃതിദർശനത്തെക്കുറിച്ചുള്ള താരതമ്യപഠനമായാണ് മാർക്സ് തന്റെ ഡോക്ടറൽ പ്രബന്ധം എഴുതുന്നത്. അതിനുമുമ്പുതന്നെ കവിതകളുടേതും സാഹിത്യപരമായ ആവിഷ്കാരങ്ങളുടേതുമായ ഒരു രചനാജീവിതം മാർക്സിനുണ്ട്. എങ്കിലും ആ വഴിയിൽ പിന്നീടദ്ദേഹം ഏറെ സഞ്ചരിക്കുകയുണ്ടായില്ല. അതുകൊണ്ട്, മാർക്സിന്റെ ഗൗരവപൂർണമായ ബൗദ്ധികജീവിതത്തിന്റെ ആരംഭം ഗവേഷണപ്രബന്ധമാണെന്നു പറയാം.

തത്വചിന്താപരമായ ആലോചനകളിൽനിന്നുള്ള ഈ ആരംഭം മാർക്സിന്റെ ധൈഷണിക ജീവിതത്തിന്റെ ആദ്യഘട്ടത്തെ പൊതുവെ നിർണയിക്കുകയും ചെയ്തു. ഹെഗലിന്റെ നിയമദർശന വിമർശം, ഹെഗലിന്റെ ഭരണകൂടദർശന വിമർശം, വിശുദ്ധകുടുംബം, 1844ലെ പാരീസ് മാനുസ്ക്രിപ്റ്റ്സ് എന്നിവയിലെല്ലാം തത്വശാസ്ത്രപരം എന്ന് വിശേഷിപ്പിക്കാവുന്ന ഊന്നലുകൾ പ്രബലമാണ്. 1844‐45 കാലയളവിൽ അദ്ദേഹം എംഗൽസിന്റെ 'രാഷ്ട്രീയ അർഥശാസ്ത്ര വിമർശം' എന്ന പ്രബന്ധം വായിക്കാനിടവരികയും തന്റെ കാലത്തെ ശരിയായി മനസ്സിലാക്കുന്നതിന് അർഥശാസ്ത്രപരമായ അന്വേഷണങ്ങൾ അനിവാര്യമാണെന്ന ബോധ്യത്തിലേക്ക് എത്തുകയും ചെയ്തു. ഇതോടൊപ്പം ചരിത്രം, രാഷ്ട്രമീമാംസ, ധനതത്വശാസ്ത്രം, തത്വചിന്ത, സാഹിത്യ‐കലാദർശനങ്ങൾ ഇവയെയൊക്കെ കൂട്ടിയിണക്കുന്ന ഒരു വിചിന്തനരീതി അദ്ദേഹം വികസിപ്പിക്കുകയും ചെയ്തു. അന്തർവൈജ്ഞാനിക പഠനങ്ങൾ എന്ന് പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട  പഠനരീതിയെ പൂർവദർശനംചെയ്യുന്ന ഒന്നായിരുന്നു മാർക്സിന്റെ വിഷയപരിചരണം. സാമ്പ്രദായികമായ ജ്ഞാനശാഖാസങ്കല്പങ്ങൾക്കു കുറുകെ നീങ്ങുകയും ലെനിന്റെ ഭാഷയിൽ "സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനം'' ആകാൻ കെല്പുള്ള ഒരു രീതിപദ്ധതി പ്രായോഗികമായി വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ടാണ് മാർക്സ് സമകാലികചിന്തകരെയും ചിന്താമണ്ഡലത്തെയും ഭേദിച്ചത് എന്നുപറയാം.

ഇത്തരമൊരു സവിശേഷമായ വിശകലനസമീക്ഷയുടെ പിൻബലത്തോടെ, മുതലാളിത്ത ഉല്പാദനവ്യവസ്ഥയെയും അത് ജന്മം നൽകിയ മനുഷ്യാവസ്ഥയെയും പരിശോധിക്കാനുള്ള, ആയിരത്തിഎണ്ണൂറുകളുടെ പകുതിയിലാരംഭിച്ചതും രണ്ട് നൂറ്റാണ്ട് തുടർന്നതുമായ, ശ്രമങ്ങളുടെ ഉൽപ്പന്നമാണ് 1867ൽ ഒന്നാം വാല്യമായി പുറത്തുവന്ന മൂലധനം. കോളനിരാജ്യങ്ങളിലെ സവിശേഷ പരിതസ്ഥിതികളും ജാതി/വർണ വിവേചനവും കർഷകകമ്യൂണുകൾ ഉൾപ്പെടെയുള്ള സാമൂഹികസ്ഥാപനങ്ങളും മാർക്സിന്റെ മുഖ്യപരിഗണനയിൽ വരുന്നത് ഇക്കാലത്താണ്. ആ അന്വേഷണങ്ങൾ നൽകിയ ഉൾക്കാഴ്ചകൾ സമഗ്രമായി ഒരു ഗ്രന്ഥരൂപത്തിൽ പ്രകാശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എങ്കിലും ജാതിയിൽ ഉള്ളടങ്ങിയ തൊഴിൽവിഭജനത്തിന്റെ സവിശേഷതകളും വർണവിവേചനം എങ്ങനെയാണ് അധ്വാനത്തെ സ്തബ്ധമാക്കി, തൊഴിലാളിവർഗ വിമോചനത്തെ അസാധ്യമാക്കുന്നത് എന്നതിനെയെല്ലാംകുറിച്ചുള്ള അത്യന്തം ശ്രദ്ധേയമായ നിഗമനങ്ങളിലേക്ക് ഇക്കാലത്ത് മാർക്സ് എത്തുകയുണ്ടായി.

ഇങ്ങനെ ബഹുശാഖിയായ മാർക്സിന്റെ ധൈഷണികജീവിതത്തിന്റെ ഉൽപ്പന്നങ്ങൾ, അദ്ദേഹത്തിന്റെ ജീവിതകാലത്തോ അതിനു തൊട്ടുപിന്നാലെയോ വെളിച്ചം കണ്ടില്ല. ഇത് മാർക്സിസ്റ്റ് ചിന്തയുടെ വികാസചരിത്രത്തിൽ ധാരാളം വഴിത്തിരിവുകൾക്ക് കാരണമാവുകയും ചെയ്തു.  മാർക്സിന്റെയും എംഗൽസിന്റെയും മുഴുവൻ രചനകളും‐ മാർക്സ് തയ്യാറാക്കിയ പഠനക്കുറിപ്പുകളും പ്രധാനരചനകളിൽ വരുത്തിയ തിരുത്തലുകളും അവയുടെ വ്യത്യസ്തപാഠങ്ങളും കത്തുകളുമെല്ലാം ഉൾപ്പെടുന്ന സമ്പൂർണ രചനകൾ‐ ആംസ്റ്റർഡാമിലെ 'ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഹിസ്റ്ററി'യുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. നാല് ഭാഗമായി നൂറ്റിഇരുപതോളം വാല്യങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥപരമ്പരയാണിത്. ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മാർക്സും എംഗൽസും എഴുതിയതെല്ലാം അതേപടി പ്രസിദ്ധീകരിക്കാനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി പകുതിയിലധികം വാല്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 2030ൽ ഈ പ്രസിദ്ധീകരണസംരംഭം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്!

അങ്ങനെ, ജനനത്തിന്റെ രണ്ടാം ശതാബ്ദിയും മരണത്തിനുശേഷം ഒന്നര നൂറ്റാണ്ടും പിന്നിടുമ്പോഴാകും മാർക്സിന്റെ എല്ലാ രചനകളും ലോകത്തിനു മുന്നിലെത്തുക! നൂറ്റാണ്ടുകൾക്കു കുറുകെ അലയടിക്കുന്ന വാക്കിന് ഇതിനേക്കാൾ മഹത്വപൂർണമായ മാതൃക ആധുനിക മനുഷ്യവംശത്തിനു മുന്നിൽ ഉണ്ടാകാനിടയില്ല. കവി പാടിയതുപോലെ 'ഇവിടെ നിൻ വാക്കുറങ്ങാതിരിക്കുന്നു'!!

പ്രധാന വാർത്തകൾ
 Top