19 February Tuesday

മാർക‌്സിസത്തിന്റെ സ‌‌ാർവദേശീയ പ്രസക്തി

കെ എൻ ഗണേശ‌്Updated: Friday May 4, 2018


2018 മെയ് അഞ്ച‌്‐ കാള്‍ മാര്‍ക‌്സിന്റെ ജന്മദ്വിശതാബ്ദിയാണ്. ഈയിടെ മാര്‍ക‌്സിന്റെ ഒരു ജീവചരിത്രമെഴുതിയ ഗാരെത്ത് സ്‌റ്റെഡ്മാന്‍ ജോണ്‍സ് 19‐ാംനൂറ്റാണ്ടിലെ ചരിത്രയാഥാര്‍ഥ്യങ്ങളോട് പ്രതികരിച്ച ചിന്തകനായാണ് മാര്‍ക‌്സിനെ വിലയിരുത്തുന്നത്. 19‐ാംനൂറ്റാണ്ടിനപ്പുറം മാര്‍ക‌്സിന്റെ ചിന്തകള്‍ക്കോ പ്രയോഗത്തിനോ പ്രസക്തിയില്ലെന്നും ജോണ്‍സ് വാദിക്കുന്നു. മാര്‍ക്‌സിന്റെ വാദഗതികള്‍ 19‐ാംനൂറ്റാണ്ടിലെ യൂറോ കേന്ദ്രിത വാദമാണെന്നും ഇന്ത്യയിലെ സാഹചര്യങ്ങളില്‍ അതിന് പ്രസക്തിയില്ലെന്നും അഭിപ്രായപ്പെടുന്നവര്‍ നിരവധിയാണ്. ഒരു ചിന്തകനും വിപ്ലവകാരിയുമെന്ന നിലയിലുള്ള മാര്‍ക്‌സിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുന്നത് പ്രയോജനകരമാകും.

മുതലാളിത്തത്തിന്റെ വളര്‍ച്ചയും ഫ്രഞ്ച‌്‐ അമേരിക്കന്‍ വിപ്ലവങ്ങളും സൃഷ്ടിച്ച ചിന്താപരമായ കലങ്ങിമറിയലിന്റെ പശ്ചാത്തലത്തിലാണ് മാര്‍ക്‌സിന്റെ ചിന്തയും വളര്‍ന്നുവന്നത്. 1831ല്‍ അന്തരിച്ച ഹെഗലിന്റെ സ്വാധീനം മാര്‍ക്‌സിന്റെ യുവത്വത്തിലും വന്‍തോതില്‍ വ്യാപിച്ചിരുന്നു. ഹെഗലിന്റെ ആശയവാദത്തെ മാര്‍ക്‌സും എംഗല്‍സും നിരാകരിച്ചു. ഹെഗലിന്റെയും യുവ ഹെഗലിയന്മാരുടെയും വാദമുഖങ്ങളോടുള്ള വിമര്‍ശം എന്ന നിലയിലായിരുന്നു മാര്‍ക്‌സിന്റെ ചിന്ത രൂപപ്പെട്ടതുതന്നെ.

എപിക്യൂറസിനെക്കുറിച്ചുള്ള പ്രബന്ധത്തിന്റെ രചനയ്ക്കുശേഷം പത്രപ്രവര്‍ത്തകനായി മാറിയ മാര്‍ക്‌സ് ബേണില്‍നിന്ന് പ്രസിദ്ധീകരിച്ച റൈനിഷ് സീറ്റനിങ്ങിന്റെ പത്രാധിപരായി. അന്ന് ജര്‍മന്‍ ഭരണകൂടത്തെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ലേഖനങ്ങള്‍മൂലം പ്രസിദ്ധീകരണം കണ്ടുകെട്ടപ്പെട്ടു. മാര്‍ക്‌സ് ജര്‍മനിയില്‍നിന്ന് ബഹിഷ്‌കൃതനായി. തുടര്‍ന്ന് പാരിസിലും ബ്രസെല്‍സിലും ലണ്ടനിലും ജീവിച്ച മാര്‍ക്‌സ് ആ കാലഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തെ അടുത്തുപരിചയപ്പെടുന്നതും തൊഴില്‍സമരങ്ങളില്‍ പങ്കെടുക്കുന്നതും. ഇതാണ് മാര്‍ക്‌സിന്റെ സമീപനത്തില്‍ അടിമുടി മാറ്റംവരുത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ക്‌സ് ഹെഗലിയന്‍ ആശയവാദത്തെ വിമര്‍ശിച്ചത് യഥാര്‍ഥ മാനവികതയുടെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ യഥാർഥ മാനവികതയെ മനുഷ്യാധ്വാനത്തിന്റെയും മനുഷ്യരുടെ ഭൗതികജീവിത സമ്പാദനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞു.

മാര്‍ക്‌സിന്റെ സാമൂഹ്യവിപ്ലവ സങ്കല്‍പ്പവും ഉടലെടുത്തത് ഇതേഘട്ടത്തിലാണ്. മുതലാളിത്തവും തൊഴിലാളിവര്‍ഗവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ആദ്യകൃതികളില്‍തന്നെ കാണാം.

തൊഴിലാളിവര്‍ഗവിപ്ലവം സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക‌് വരുമെന്ന മാര്‍ക്‌സിന്റെ നിരീക്ഷണം ജര്‍മനിയിൽ സൈലേഷ്യയിലെ നെയ്ത്തുതൊഴിലാളികളുടെ സമരത്താലും ബ്രിട്ടനില്‍ മാഞ്ചസ്റ്ററിലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എംഗല്‍സ് തയ്യാറാക്കിയ ഗ്രന്ഥത്താലും പ്രചോദിപ്പിക്കപ്പെട്ടതായിരുന്നു. പാരിസില്‍ തൊഴിലാളിജീവിതത്തെക്കുറിച്ച് മാര്‍ക്‌സിന്റെ നേരിട്ടുള്ള നിരീക്ഷണങ്ങളും ഈ വഴിക്കു ചിന്തിക്കുന്നതില്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1844ല്‍ എഴുതി പ്രസിദ്ധീകരിക്കാതിരുന്ന ‘സാമ്പത്തികവും ദാര്‍ശനികവുമായ കൈയെഴുത്തുപ്രതികളിൽ' തന്നെ മനുഷ്യാധ്വാനത്തിന്റെ കേന്ദ്രസ്ഥാനത്തില്‍ മാര്‍ക്‌സ് ഊന്നി. ഹെഗലിന്റെ ലോകസത്തയ‌്ക്കുപകരം മനുഷ്യാധ്വാനത്തെ ചരിത്രത്തിന്റെ നിര്‍ണായക ശക്തിയായി കണ്ടതോടെ ഹെഗലിനെ തലകുത്തനെ നിര്‍ത്തുക എന്ന ദാര്‍ശനികധര്‍മവും നിര്‍വഹിച്ചു.

1846‐47ലാണ് മാര്‍ക്‌സിന്റെ ചില തൊഴിലാളിസുഹൃത്തുകള്‍ ചേര്‍ന്ന് നീതിമാന്മാരുടെ ലീഗ് സ്ഥാപിച്ചത്. പിന്നീടത് കമ്യൂണിസ്റ്റ് ലീഗ് എന്നറിയപ്പെട്ടു. കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്‌സും എംഗല്‍സും തയ്യാറാക്കിയ രേഖയായിരുന്നു കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ. മാര്‍ക്‌സിന്റെ ചിന്ത അതിന്റെ മൂര്‍ത്തവും പക്വവുമായ രൂപം കൈക്കൊണ്ടത് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലായിരുന്നു. തൊഴിലാളി സംഘര്‍ഷങ്ങളെ അവയുടെ വര്‍ഗപരമായ മാനങ്ങളില്‍ ചരിത്രപ്രക്രിയയായി കണ്ട അവര്‍ ഈ സംഘര്‍ഷങ്ങളുടെ ദൗത്യം മുതലാളിത്ത വ്യവസ്ഥയുടെ പതനമാണെന്ന് നിര്‍ദേശിച്ചു. തൊഴിലാളിവര്‍ഗം സൃഷ്ടിക്കുന്ന പുതിയൊരു സാമൂഹ്യവ്യവസ്ഥയാകും അതിനുപകരം വരിക. അതോടെ ചിന്തകന്മാര്‍ താത്വികമായും ചിന്തയുടെ തലത്തിലും കണ്ട ചരിത്രപ്രക്രിയ അധ്വാനിക്കുന്ന ജനതയുടെ മോചനപ്രക്രിയയായി ആദ്യമായി വിലയിരുത്തപ്പെട്ടു.

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലൂടെ അവതരിപ്പിക്കപ്പെട്ട വിപ്ലവദര്‍ശനത്തെ യൂറോ കേന്ദ്രിതമായ എന്തോ ഒന്നായി കാണുന്നത‌് അസംബന്ധമാണ്. ഒരർഥത്തില്‍ യൂറോപ്പ് അതിന്റേതായ പങ്ക് നിർവഹിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിപ്ലവവും ഫ്രഞ്ച് വിപ്ലവവും ജര്‍മനിയിലെയും ഇറ്റലിയിലെയും ജനാധിപത്യമുന്നേറ്റങ്ങളും വ്യവസായവിപ്ലവം സൃഷ്ടിച്ച മുതലാളി‐ തൊഴിലാളി ബന്ധങ്ങളും മാനിഫെസ്‌റ്റോയ്ക്കാധാരമായ വാദഗതികള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നത് അവിതര്‍ക്കമാണ‌്. പക്ഷേ, മാര്‍ക്‌സ് മുതലാളിത്തത്തെ യൂറോപ്യന്‍ വ്യവസ്ഥയായല്ല കണ്ടത്. ആഗോളതലത്തില്‍ വ്യാപിക്കുന്ന, ലോകത്തിലെ എല്ലാ ജനതയെയും വിഭവസമ്പത്തിനെയും കീഴടക്കുന്ന വ്യവസ്ഥയായാണ് മാര്‍ക്‌സ് മുതലാളിത്തത്തെ കണ്ടത്. തൊഴിലാളിവര്‍ഗ സാർവദേശീയത എന്ന ആശയംതന്നെ മുതലാളിത്തവ്യവസ്ഥയുടെ സാർവദേശീയ സ്വഭാവത്തില്‍നിന്നുണ്ടായതാണ്. യഥാര്‍ഥത്തില്‍, മറ്റു ചിന്തകന്മാര്‍ യൂറോപ്യന്‍ ആധിപത്യമായി മാത്രം കണ്ട പ്രക്രിയയെ ചരിത്രപരമായി വളര്‍ന്നുവന്ന സമൂഹരൂപമായി കണ്ടു എന്നതാണ് മാര്‍ക്‌സിന്റെ സവിശേഷത.

കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ പ്രകടമാക്കിയ തൊഴിലാളിവര്‍ഗ സാർവദേശീയതയ്ക്ക് മറ്റു മാനങ്ങളുമുണ്ട്. മുതലാളിത്തത്തിന്റെ വളര്‍ച്ച ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയിലൂടെയായിരിക്കുമെന്ന‌് മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചു.

അതിന്റെ വ്യാപനം ഫ്യൂഡലിസത്തെമാത്രമല്ല തകര്‍ക്കുക. എല്ലാ വിധത്തിലുള്ള പ്രാക‌് മുതലാളിത്തരൂപങ്ങളെയും തകര്‍ത്തുകൊണ്ടായിരിക്കും മുന്നേറുക. മൂലധനത്തിനുവേണ്ടി മാര്‍ക്‌സ് തയ്യാറാക്കിയ കുറിപ്പുകളില്‍ ഈ പ്രക്രിയയുടെ രണ്ടുഘട്ടങ്ങള്‍ വിശദീകരിച്ചു. ഒന്ന്, പ്രാദേശിക ഉല്‍പ്പാദന രൂപങ്ങളുടെമേല്‍ മുതലാളിത്ത വ്യവസ്ഥയുടെ ഔപചാരിക ആധിപത്യം സ്ഥാപിക്കുന്നവിധം; രണ്ടാമത്തേത് പ്രാദേശിക ഉല്‍പ്പാദന രൂപങ്ങളെ തകര്‍ത്ത് പൂര്‍ണമായി പ്രാദേശിക സമ്പദ‌്ഘടനയെ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാക്കുന്നവിധം. ഇതിലാദ്യത്തേത് കൊളോണിയല്‍ ഭരണകൂടങ്ങള്‍ നടപ്പാക്കിയെങ്കില്‍ രണ്ടാമത്തെ ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. മേൽപ്പറഞ്ഞ നിരീക്ഷണങ്ങളെ സാമ്പത്തിക ശാസ്ത്രവിമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ അടിത്തറ നല്‍കാനും വിപ്ലവ പ്രക്രിയയും സോഷ്യലിസ്റ്റ് ബദലും ശാസ്ത്രീയവും മനുഷ്യസാധ്യവുമായ പ്രക്രിയയാണെന്ന് ബോധ്യപ്പെടുത്താനുമാണ് മാര്‍ക്‌സ് മൂലധനം രചിക്കുന്നത്. യൂറോപ്യന്‍ ചരിത്രത്തെ സംബന്ധിച്ച കേവലമായ അന്വേഷണത്തിനുപകരം ലോകചരിത്രത്തിന്റെ സമഗ്രതകളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിഞ്ഞിരുന്നു.

തന്റെ സമകാലികരായ യൂറോപ്യന്‍ പണ്ഡിതന്മാരെപ്പോലെ യൂറോ കേന്ദ്രിതമായ വീക്ഷണം സ്വീകരിക്കുന്നതില്‍നിന്ന് മാര്‍ക്‌സിനെ രക്ഷിച്ചതും ഈ സമഗ്രവീക്ഷണമായിരുന്നു. മൂലധനസമാഹരണത്തിന്റെ ആഗോളവ്യാപനത്തെയും സാർവദേശീയ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവസാധ്യതകളെയും കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങളാണ് റോസാലക്‌സംബര്‍ഗിനെയും ലെനിനെയും പോലുള്ളവരെ മൂലധന സമാഹരണത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിച്ച സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിച്ചത്. ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകളും മാവോയുടെ നേതൃത്വത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും ഹോചിമിന്‍, കാസ്‌ട്രോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിയത‌്നാം, ക്യൂബ കമ്യൂണിസ്റ്റ് പാര്‍ടികള്‍ വിപ്ലവം നടത്തിയതും ഈ പൊതുവീക്ഷണം ഉള്‍ക്കൊണ്ടായിരുന്നു.

മാര്‍ക്‌സ് അവതരിപ്പിച്ച മുതലാളിത്തത്തിന്റെ യുക്തിയനുസരിച്ച് മുതലാളിത്തം പൂര്‍ണവികാസം പ്രാപിച്ച രാജ്യങ്ങളിലാണ് സോഷ്യലിസ്റ്റ് വിപ്ലവം നടക്കുക എന്ന് അദ്ദേഹം കരുതിയിരുന്നു എന്നത് ശരിയാണ്. ഇതിനു കാരണം യൂറോ കേന്ദ്രിത വീക്ഷണമല്ല. മുതലാളിത്തത്തിന്റെ വികാസത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലുകളാണ്.
വിപ്ലവപ്രക്രിയയുടെ സങ്കീര്‍ണതകള്‍ മാര്‍ക്‌സ് ഉള്‍ക്കൊണ്ടിരുന്നുവെന്ന് പാരിസ് കമ്യൂണിനെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഒരു വിപ്ലവപരിപാടി ആവശ്യമാണ് എന്ന മാര്‍ക്‌സിന്റെ ശക്തമായ വാദംതന്നെ പാരിസ് കമ്യൂണ്‍ അനുഭവങ്ങളുടെ ഫലമായിരുന്നു. പാരിസിലെ തൊഴിലാളികളെ വലയം ചെയ്തിരുന്ന കര്‍ഷകജനസാമാന്യത്തെ വിപ്ലവ പ്രക്രിയയുമായി ബന്ധിപ്പിക്കാന്‍ കഴിയാതിരുന്നത് വിപ്ലവത്തിന്റെ പരാജയത്തിന് പ്രധാന കാരണമായി. കേന്ദ്രവൈരുധ്യമായ മുതലാളി‐ തൊഴിലാളി ബന്ധങ്ങളെ വിലയിരുത്തുന്നതോടൊപ്പം കര്‍ഷകര്‍, കൈത്തൊഴിലുകാർ, മറ്റ‌് സാമൂഹ്യ വിഭാഗങ്ങള്‍ എന്നിവരുടെ വൈരുധ്യങ്ങള്‍ കണക്കിലെടുക്കേണ്ടത് വിപ്ലവപ്രക്രിയയ്ക്ക് ആവശ്യമാണെന്ന് മാര്‍ക്‌സ് വാദിച്ചു. ഈ നിലപാടാണ് വിപ്ലവപ്രക്രിയയെക്കുറിച്ച് വൈവിധ്യമാര്‍ന്ന സമീപനങ്ങളിലെത്താന്‍ മാര്‍ക്‌സിനെ പ്രേരിപ്പിച്ചത്. ഇതേ അംശംതന്നെയാണ് ലെനിനടക്കമുള്ള വിപ്ലവകാരികള്‍ക്ക് മാര്‍ക്‌സിസം അവരുടെ അടിസ്ഥാന സമീപനമായതും.

കമ്യൂണിസം മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഉട്ടോപ്യന്‍ തൊഴില്‍ കൂട്ടായ്മയോ പരസ്പരസഹായ സംഘമോ ഗാന്ധിയന്‍ മാതൃകയിലുള്ള ധാര്‍മികനീതിക്രമമോ ആയിരുന്നില്ല. അഖീല്‍ബില്‍ഗ്രാമി അടുത്തകാലത്ത‌് വാദിച്ചതുപോലുള്ള ‘അന്യവല്‍കൃതമല്ലാത്ത ജീവിതം' മാത്രമായിരുന്നില്ല അത്. മുതലാളിത്ത വികസനം ഉറപ്പുവരുത്തുന്ന അറിവിന്റെയും ശാസ്ത്രസാങ്കേതിക വിദ്യകളുടെയും സാമൂഹ്യമായ അധ്വാനത്തിന്റെയും വളര്‍ച്ച അതിന് ആവശ്യമായിരുന്നു. കമ്യൂണിസത്തിന്റെ ആദ്യഘട്ടത്തില്‍, അതായത് സോഷ്യലിസം എന്നു വിളിക്കപ്പെട്ട ഘട്ടത്തിന്റെ ഓരോരുത്തരുടെയും ആവശ്യങ്ങളും അവര്‍ നടത്തുന്ന അധ്വാനത്തിന്റെ തോതും തമ്മിലുള്ള ബന്ധമാണ് സാമൂഹ്യഘടനയെ നിര്‍ണയിക്കുക. ഇതിന് ആവശ്യങ്ങളും അധ്വാനത്തിന്റെ തോതും തമ്മില്‍ ബന്ധപ്പെടുത്തുന്ന അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും ഘടകങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. മുതലാളിത്ത ചൂഷണവും പ്രാക‌് മുതലാളിത്ത സമൂഹബന്ധങ്ങളും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ഇത‌് സാധ്യമല്ല.

പുതുലോകസൃഷ്ടിക്ക‌് സാമൂഹ്യവിപ്ലവങ്ങളുടെ അനിവാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. അന്യവല്‍കൃതമല്ലാത്ത ജീവിതത്തിനും സാമൂഹ്യവിപ്ലവങ്ങള്‍ ആവശ്യമായിവരും. ഇതിന‌് ജനാധിപത്യവിപ്ലവങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും അന്തരാളഘട്ടങ്ങള്‍ വേണ്ടിവരും. ഇവിടെയാണ് മാര്‍ക്‌സും ലെനിനും സൂചിപ്പിക്കുന്ന മൂര്‍ത്ത സാഹചര്യങ്ങളുടെ മൂര്‍ത്തവും ശാസ്ത്രീയവുമായ വിശകലനവും അതനുസരിച്ച് അയവാര്‍ന്ന കര്‍മപരിപാടിയും ആവശ്യമായിവരുന്നത്. മാര്‍ക്‌സിസത്തിന്റെ ഇന്നും നിലനില്‍ക്കുന്ന സാർവദേശീയ പ്രാധാന്യവും ഇതുതന്നെയാണ്.

പ്രധാന വാർത്തകൾ
 Top