26 May Tuesday

ഈ നീതിനിഷേധവും കാണാതിരിക്കരുത്‌

പി കെ ശ്രീമതിUpdated: Monday Mar 9, 2020

അനിത, രമ ഈ രണ്ട് സഹോദരിമാരെക്കുറിച്ച് കേരളം ചർച്ച ചെയ്തിട്ടുണ്ടോ? ഈ സഹോദരിമാരും അവരുടെ കൊച്ചുകുടുംബവും എങ്ങനെ കഴിയുന്നുവെന്ന് - ഏതെങ്കിലും മാധ്യമങ്ങൾക്ക്‌ വാർത്തയായോ? അല്ലെങ്കിൽ വാർത്തയാകുമോ? ഉത്തരം ഇല്ല എന്നുതന്നെയാണ്. കാരണം മനുഷ്യാവകാശവും നീതിയുമെല്ലാം കേവലം സെലക്ടീവ് ആണ്. ആരുടെ മനുഷ്യാവകാശമാണ് ലംഘിക്കപ്പെടുന്നത് എന്ന് നോക്കിയുള്ള പക്ഷംപിടിച്ചുള്ള ഇത്തരം കോലാഹലങ്ങൾക്കിടയിൽ അനിതയെയും രമയെയും അവരുടെ കുടുംബങ്ങളെയും ബോധപൂർവം തമസ്കരിക്കുന്നതിനുപിന്നിലെ രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടേണ്ടതല്ലേ? ആരാണ് അനിതയും രമയും എന്നല്ലേ? പച്ചയായ രാഷ്ട്രീയ തിരക്കഥകളെ അവലംബമാക്കി ജന്മനാട്ടിൽനിന്ന്‌ നാടുകടത്തപ്പെട്ട രണ്ട് പൊതുപ്രവർത്തകരായ കാരായി ചന്ദ്രശേഖരന്റെയും കാരായി രാജന്റെയും ഭാര്യമാർ. കഴിഞ്ഞ എട്ട് വർഷമായി ഇവരുടെ കുടുംബജീവിതം എന്തായിരുന്നുവെന്നും എങ്ങനെയായിരുന്നുവെന്നും - പൊതുസമൂഹം ചർച്ച ചെയ്തില്ല. കാരണം അവർ സിപിഐ എം നേതാക്കളുടെ ഭാര്യമാരായിരുന്നുവെന്നതുതന്നെ.

അറിയണം ഈ വേദനകളും

ഈ രണ്ട് സഹോദരിമാർക്കും ഇനി തോരാൻ കണ്ണീരില്ല. മൂവായിരത്തോളം ദിനരാത്രങ്ങൾ അവർക്ക് സമ്മാനിച്ചത് കണ്ണീർമാത്രം. ജീവിതപങ്കാളിയെ വേർപിരിഞ്ഞുള്ള ജീവിതം. മക്കളുടെ വിദ്യാഭ്യാസം, ജോലി. എല്ലാം ത്രിശങ്കുവിലായ കാലം. കഴിഞ്ഞ ദിവസം ഞങ്ങൾ വീണ്ടും ഈ രണ്ട് വീട്ടിലും പോയി. ആദ്യം പോയത് ചന്ദ്രശേഖരന്റെ വീട്ടിലാണ്. ആളനക്കമില്ല, ബഹളമില്ല, വാതിലിൽ തട്ടിവിളിച്ചപ്പോൾ അനിത പുറത്തുവന്നു. ഏകാന്തതയുടെ അനന്തമായ പിരിമുറുക്കത്തിൽപ്പെട്ട് വിഷാദഭാവം മാത്രമായി അനിതയുടെ കൂടപ്പിറപ്പ്. ഒരു വേള പുഞ്ചിരിച്ചുവെന്ന് വരുത്തിയെങ്കിലും വീണ്ടും മൗനിയായി. ഞങ്ങൾ പലകാര്യങ്ങളും സംസാരിച്ചു. പക്ഷേ, വിദൂരസ്ഥലത്ത് പ്രിയതമൻ ഒറ്റയ്‌ക്ക് കഴിയുന്നു, ഇവിടെ അനിതയും ഒറ്റയ്ക്ക്, മക്കൾ രണ്ടുപേരും വീട്ടിലില്ല. ഭർത്താവിനെന്നപോലെ അനിതയ്‌ക്കും ഒരർഥത്തിൽ ഏകാന്തവാസം. പാർടി പ്രവർത്തകരും ബന്ധുക്കളും അയൽവാസികളും സഹായത്തിനുള്ളതുകൊണ്ടു മാത്രമാണ് ജീവിച്ചുപോകുന്നതെന്ന് അനിത ഒരു നെടുവീർപ്പോടെ പറഞ്ഞവസാനിപ്പിച്ചു.

കാരായി രാജന്റെ വീട്ടിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രാജന്റെ ഭാര്യ രമയുടെ കണ്ണീർവറ്റിത്തീർന്ന രണ്ട് കണ്ണുകളിലൂടെയാണ് ഞങ്ങളെ നോക്കിയത്. -ഇവരുടെ പേരക്കുഞ്ഞിനെ കാണാൻ പോലും രാജന് കോടതിയുടെ അനുവാദം - തേടണം. ഇത്തരം ഒരു ദുരവസ്ഥ നേരിടേണ്ടിവരുന്നത് എന്തുകൊണ്ടെന്ന രമയുടെ ചോദ്യത്തിന് ഞങ്ങൾക്കും ഉത്തരമില്ലായിരുന്നു. കാരണം ഞങ്ങളുടെ ചോദ്യവും അതുതന്നെയാണ്. തികച്ചും നിരപരാധികളാണെന്നതിന്‌ നിരവധി തെളിവുകൾ പുറത്തുവന്നിട്ടും പണ്ട് സ്വാതന്ത്ര്യ സമരസേനാനികളെ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് നാടുകടത്തിയതിനെ അനുസ്മരിപ്പിക്കുംവിധം എട്ട് വർഷമായി ജനിച്ച നാട്ടിലോ ജില്ലയിൽപോലുമോ വരാൻ കഴിയാത്ത രണ്ട് ജീവിതം.

നാടുകടത്തപ്പെട്ട പൊതുപ്രവർത്തകർ

എന്താണ് ഇവരുടെ പേരിൽ ചാർത്തപ്പെട്ട കുറ്റം. ഫസൽ എന്ന എൻഡിഎഫ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് രാഷ്ട്രീയലക്ഷ്യത്തോടെ സിബിഐ അട്ടിമറിക്കുകയായിരുന്നു. സാക്ഷിമൊഴികളും തെളിവുകളുമെല്ലാം എതിരായിരുന്നിട്ടും അവർ തിരക്കഥ സൃഷ്ടിച്ചു. അതെല്ലാം കഴിഞ്ഞശേഷവും സുപ്രധാനമായ ഒരു മൊഴി പുറത്തുവന്നു. ഫസലിനെ കൊന്ന സംഘത്തിൽ താനും ഉണ്ടായിരുന്നുവെന്നും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും ഒരാൾ വെളിപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും ഒരു മനുഷ്യാവകാശ പ്രവർത്തകനും തിരിഞ്ഞുനോക്കിയില്ല. എട്ട് വർഷമായിട്ടും കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. വിചാരണയെല്ലാം കഴിഞ്ഞ് ശിക്ഷിക്കപ്പെട്ട പ്രതികൾക്കുപോലും പരോളും ജാമ്യവും ലഭിക്കുന്ന നാട്ടിലാണ് രണ്ട് പൊതുപ്രവർത്തകരെ ഇങ്ങനെ നാടുകടത്തിയിരിക്കുന്നത്.

നമ്മുടെ ഭരണഘടനയിലും അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലുമെല്ലാം ഉറപ്പ് നൽകുന്നതാണ് മനുഷ്യാവകാശം. വ്യക്തിക്ക്‌ ന്യായമായും ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യം, സമത്വം, അന്തസ്സാർന്ന ജീവിതം തുടങ്ങി മാനുഷികമായി ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും അടങ്ങുന്നതാണ് മനുഷ്യാവകാശം. ഇത്തരം മനുഷ്യാവകാശങ്ങളുടെ സംരക്ഷണം മുൻനിർത്തി രൂപം നൽകിയതാണ് ദേശീയ മനുഷ്യാവകാശ കമീഷൻ. ബന്ധപ്പെട്ട വ്യക്തികളിൽനിന്നോ മറ്റാരുടെയെങ്കിലും പക്കൽനിന്നോ പരാതി കിട്ടിയില്ലെങ്കിൽപ്പോലും സ്വമേധയാ നേരിട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കാൻപോലും മനുഷ്യാവകാശ കമീഷന് അധികാരമുണ്ട്. എന്നാൽ, ഇവിടെ ഈ കേസിൽ നൽകുന്ന പരാതികൾപോലും ബധിരകർണങ്ങളിലാണ് പതിക്കുന്നത്. കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ ഉൾപ്പെടെ മനുഷ്യാവകാശലംഘനമെന്ന ആരോപണമോ പരാതിയോ ഉയരുന്ന ഘട്ടങ്ങളിൽ കോടതികളുടെ അനുമതിയോടെ മനുഷ്യാവകാശ കമീഷന് ഇടപെടാനുള്ള അധികാരവുമുണ്ട്. ഇവിടെ അതുമുണ്ടാകുന്നില്ല എന്നതും രാഷ്ട്രീയ പക്ഷപാതിത്വമാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയും ജനാധിപത്യവും പൗരാവകാശവുമെല്ലാം ഭരണകർത്താക്കൾതന്നെ പിച്ചിച്ചീന്തുന്ന കെട്ട കാലമാണിത്. മഹാനായ അംബേദ്കറുടെ നേതൃത്വത്തിൽ തയ്യാറാക്കിയതും ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ ജീവ വായുവുമായ ഭരണഘടനയെ പിഴുതെറിഞ്ഞ് മനുസ്മൃതിയും വിചാരധാരയും ഭരണഘടനയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം ഭരണഘടനാലംഘന പ്രവർത്തനങ്ങൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം ആളിക്കത്തുകയാണ്.
ജനങ്ങൾ തെരുവിലാണ്. ഇത്തരം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അനുദിനം ശക്തിയാർജിച്ചുവരുന്ന ഈ കാലഘട്ടത്തിൽ - മനുഷ്യാവകാശ ലംഘനങ്ങളും സജീവമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇവിടെ കാരായിമാർക്ക് മാത്രമല്ല നീതിയും മനുഷ്യാവകാശവും നിഷേധിക്കുന്നത്, അവരുടെ ഭാര്യമാർക്കും മക്കൾക്കും കൂടിയാണ്. ഇനിയും അധികകാലം ഈ നീതിനിഷേധം തുടരാൻ അനുവദിച്ചുകൂടാ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top