18 January Monday

മനസ്സിലെ വർഗീയക്കറ; മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ - കെ ടി ജലീൽ എഴുതുന്നു

കെ ടി ജലീൽUpdated: Monday May 18, 2020

വഖഫ് ബോർഡിലെ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയായി പ്രവർത്തിച്ചിരുന്ന അബ്‌ദു‌റഹ്മാൻ പെരിങ്ങാടി പുതിയ വഖഫ് ബോർഡ് എടുത്ത ചില തീരുമാനങ്ങളെ വിമർശിച്ചും പള്ളികൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകാത്തത് കേരള സർക്കാരാണെന്ന തെറ്റിദ്ധാരണ പരത്തിയും എഴുതിയ കുറിപ്പ് എൻ്റെ ശ്രദ്ധയിലും പെട്ടു. ചില ലീഗ് നേതാക്കളുടെ പ്രസ്‌താവനയും ഇതു സംബന്ധമായി വായിക്കാനിടയായി. ഒരു മഹാമാരി നാടിനെ വിഴുങ്ങുമ്പോൾ എല്ലാ വരുമാന മാർഗ്ഗങ്ങളും അടഞ്ഞിട്ടും രോഗബാധിതരായവരുടെ ജീവൻ രക്ഷിക്കാൻ സൗജന്യ ചികിൽസ ലക്ഷങ്ങൾ ചെലവിട്ടാണ് സംസ്ഥാന സർക്കാർ രോഗ ബാധിതർക്കും രോഗ ലക്ഷണങ്ങളുള്ളവർക്കും നൽകിക്കൊണ്ടിരിക്കുന്നത്. ആ മഹായജ്ഞത്തിൽ പങ്കാളികളാകാൻ ചെറിയ കുട്ടികൾ ഉൾപ്പടെ നാനാജാതി മതസ്ഥരും സ്ഥാപനങ്ങളും ബോർഡുകളും മുന്നോട്ടു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള വഖഫ് ബോർർഡ് ഒരു കോടി രൂപ സംഭാവന നൽകാൻ തീരുമാനിച്ചത്. ഇതിനെ മുസ്ലിം സമുദായത്തിനകത്തെ മനസ്സിൽ വർഗ്ഗീയക്കറയുള്ളവർ അനാവശ്യമായി വിമർശന വിധേയമാക്കിയത് കണ്ടപ്പോൾ ദേവസ്വം ബോർഡുകൾ സമാന പ്രവൃത്തി ചെയ്‌ത ഘട്ടത്തിൽ കുടുസ്സായി ചിന്തിച്ച് വർഗ്ഗീയ ചുവയോടെ പ്രതികരിച്ച ഹൈന്ദവ സമുദായത്തിലെ അത്യപൂർവ്വം സംഘടനകളെയും വ്യക്തികളെയുമാണ് ഓർമ്മ വന്നത്. എല്ലാ മത വിശ്വാസ ധാരകളിലും ഇത്തരം സങ്കുചിത മനസ്കർ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നാലാളുകൾ കൂടുന്നേടത്ത് നല്ല ഇസ്‌തിരിയിട്ട് വർത്തമാനം പറയുന്നവരുടെ യഥാർത്ഥ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ കേരള വഖഫ് ബോർഡിൻ്റെ തീരുമാനം നിമിത്തമായത് ഒരുകണക്കിന് നന്നായെന്നാണ് എനിക്ക് തോന്നുന്നത്. സമൂഹത്തിലെ പുഴുക്കുത്തുകൾ പുറംതോട് പൊട്ടിച്ച് സ്വയമേവ പ്രത്യക്ഷപ്പെടുന്നത് ഒരു കണക്കിന് നല്ലതാണ്. നെല്ലും പതിരും പെട്ടന്ന് തിരിച്ചറിയാമല്ലോ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയതോടൊപ്പം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പത്തു ലക്ഷം രൂപ ബോർഡ് നൽകാൻ തീരുമാനിച്ചിരുന്നു. നമുക്ക് ഏതാണ്ടെല്ലാ കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും പ്രധാനമന്ത്രി എന്ന പദവിയെ ആദരവോടെ കാണേണ്ടത് ജനാധിപത്യ ഇന്ത്യയിലെ ഓരോ പൗരൻ്റെയും ചുമതലയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ആ ബോധം ഉള്ളത് കൊണ്ടാണ് PMNRF ലേക്കുള്ള മുസ്ലിംലീഗിൻ്റെ സംഭാവന വർഷങ്ങൾക്ക് മുമ്പ് അഹമ്മദ് സാഹിബും ബഷീർ സാഹിബും ഒരുമിച്ച് നരേന്ദ്രമോദിയെ ഏൽപ്പിച്ചത്, സചിത്ര വാർത്തയായി എല്ലാ പത്രങ്ങളിലും അച്ചടിച്ചു വന്നത്. സോഷ്യൽ മീഡിയയിൽ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായി പ്രസ്തുത കൃത്യം ആഘോഷിക്കപ്പെടുകയും ചെയ്തു. ആരും അത് മറന്ന് കാണാനിടയില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.പി. ഫണ്ടിൽ നിന്ന് ഒരു കോടി രൂപയാണ് കുഞ്ഞാലിക്കുട്ടി സാഹിബ് നൽകിയത്. ഇതും ഉയർന്ന ജനാധിപത്യ ബോധം കൊണ്ടാണ്  അനുവദിച്ചിട്ടുണ്ടാവുക എന്നാണ് ഞാൻ വിചാരിക്കുന്നത്.

വഖഫ് ബോർഡിന് പുതിയ ഭരണ സമിതി വന്നിട്ട് അഞ്ച് മാസമേ ആകുന്നുള്ളൂ. കൊടുക്കാനുണ്ടെന്ന് പറയുന്ന ആനുകൂല്യങ്ങൾ 2017 മുതൽക്കുള്ളതാണെന്ന് ആക്ഷേപക്കാർ തന്നെ പറയുന്നുണ്ട്. മൂന്ന് കൊല്ലക്കാലം എന്തേ അനാഥമക്കളുടെ വിവാഹ സഹായവും പാവപ്പെട്ട രോഗികളുടെ ചികിൽസാ സഹായവും കയ്യിൽ കോടികൾ കെട്ടിയിരിപ്പുണ്ടായിട്ടും എന്തേ അർഹതപ്പെട്ടവർക്ക് നൽകാതിരുന്നത് എന്ന ചോദ്യത്തിന് വിമർശകർ തന്നെ മറുപടി പറയട്ടെ. മത സ്ഥാപനങ്ങളിൽ നിന്ന് കിട്ടിയ പണം പൊതു കാര്യത്തിനും സമുദായത്തിലെ നിലാലംബർക്കും നൽകാനാണ് ഇപ്പോഴത്തെ വഖഫ് ബോർഡ് ശ്രമിച്ചത്.  വർഷങ്ങളായി മുടങ്ങിക്കിടന്ന പെൻഷൻ തുക 76 ലക്ഷം രൂപയാണ് കെട്ടിയിരിപ്പു പണത്തിൽ നിന്ന് അർഹതപ്പെട്ടവർക്ക് നൽകാൻ കഴിഞ്ഞ ദിവസം വഖഫ്കാര്യ വകുപ്പ് മന്ത്രിയുടെ   അദ്ധ്യക്ഷതയിൽ കൂടിയ സമിതി തീരുമാനിച്ചത്. സർക്കാരിൽ നിന്ന് കിട്ടാനുള്ളത് കുറച്ച് വൈകിയാണെങ്കിലും വഖഫ് ബോർഡിന് ലഭ്യമാക്കുക തന്നെ ചെയ്യും. അതിൽ ആർക്കും ആശങ്ക വേണ്ട. ഉടൻതന്നെ അനാഥരും സാധുക്കളുമായ പെൺകുട്ടികളുടെ വിവാഹ ധനസഹായവും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ശേഷിക്കുന്ന ആനുകൂല്യങ്ങൾ ഒരു പന:പരിശോധന നടത്തി അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാനും ശ്രദ്ധിക്കും.

കോവിഡിൻ്റെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ലോകമെങ്ങും ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യയും അതിൽ നിന്ന് ഭിന്നമല്ല. കേരളത്തിൽ ഇത്തരമൊരു തീരുമാനം എടുത്തത് എല്ലാ മത സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന അഭിപ്രായ സമന്വയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ്. സൗദ്യ അറേബ്യയിലും ഗൾഫ് നാടുകളിലും ഇതുവരെയും പള്ളികൾ തുറക്കാത്തതും നമസ്കാരം നടക്കാത്തതും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകാരും ആ നാടുകൾ ഭരിക്കുന്നത് കൊണ്ടാണെന്ന് പറയാൻ വഖഫ് ബോർഡ് മുൻ മെമ്പർ മുതിരാതിരുന്നത് ഭാഗ്യം. നിയന്ത്രിത വാഹന ഓട്ടവും കടകൾ തുറക്കലും ആളുകൾ പുറത്തിറങ്ങലുമൊക്കെ അവിടങ്ങളിലുമുണ്ട് എന്ന് പ്രത്യേകം ഓർക്കണം. എന്നിട്ടും മസ്‌ജിദുകൾ ജനങ്ങൾക്ക് ഇതുവരെയും തുറന്ന് കൊടുത്തിട്ടില്ല.

ഇന്നും മുസ്ലിം മത സംഘടനാ നേതാക്കളുമായി ബഹുമാന്യനായ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ പെരുന്നാൾ, ഇരുപത്തിയേഴാം രാവിലെ സകാത്ത് വാങ്ങാനുള്ള ഒറ്റക്കും കൂട്ടായുമുള്ള വീടു കയറിയിറങ്ങൽ എന്നീ കാര്യങ്ങളെ സംബന്ധിച്ച് വിശദമായി ചർച്ചകൾ നടത്തിയിരുന്നു. സമസ്തയുടെ സമാദരണീയനായ ജനറൽ സെക്രട്ടറി പ്രൊഫ: ആലിക്കുട്ടി മുസ്ല്യാരും നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന അദ്ധ്യക്ഷൻ ടി.പി അബ്ദുല്ലക്കോയ മദനിയും ഹജ്ജ് കമ്മിറ്റി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് കാര്യദർശിയുമായ സി. മുഹമ്മദ് ഫൈസിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ അബ്ദുൽ അസീസ് സാഹിബും തബ് ലീഗ് ജമാഅത്ത് വൈസ് പ്രസിഡണ്ട് സി.എ ആരിഫ് ഹാജിയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി ടി.കെ അഷ്റഫ് സാഹിബും മർകസുദ്ദഅവ ഭാരവാഹി ഐ.പി അബ്ദുൽ സലാം സാഹിബും കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയും പട്ടാളപ്പള്ളി ചീഫ് ഇമാം ഡോ: ഹുസൈൻ മടവൂരും ഏകസ്വരത്തിൽ പറഞ്ഞത്, രോഗവ്യാപന സാദ്ധ്യത വർധിച്ച പുതിയ സാഹചര്യത്തിൽ നിലവിലെ സ്ഥിതി കുറച്ചു കാലത്തേക്ക് കൂടി തുടരണമെന്നാണ്. ആ അഭിപ്രായങ്ങളും കൂടി മുൻ നിർത്തിയാണ് മുഖ്യമന്ത്രിയും സംസാരിച്ച് ഏകോപിച്ച ഒരു തീരുമാനത്തിലെത്തിയത്. അടിച്ചേൽപ്പിക്കലിൻ്റെ ഒരു രീതിയും ഉണ്ടായിട്ടില്ലെന്ന് മേൽ പറഞ്ഞവരിലാരോട് ചോദിച്ചാലും മനസ്സിലാക്കാവുന്നതേയുള്ളൂ. സത്യം ഇതായിരിക്കെ വസ്‌തുതാ വിരുദ്ധമായ പ്രചരണം നടത്തുന്നത് ഈ റംസാൻ കാലത്ത് ഭൂഷണമാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കുന്നത് ഉചിതമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top