23 July Tuesday

പരമപ്രധാനം പൗരരുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വവും; ജോൺ ബ്രിട്ടാസ് എഴുതുന്നു

ജോൺ ബ്രിട്ടാസ്Updated: Saturday Jun 10, 2023

ജോൺ ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ്

ആധുനിക കാലഘട്ടത്തിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അധികാര സമവാക്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടങ്ങളും സ്ഥാപിത താൽപര്യങ്ങൾ പരിപോഷിപ്പിക്കാൻ സ്വകാര്യസംരംഭങ്ങളും ഒരുപോലെ ജനങ്ങളെ ഇരകളാക്കുകയാണ്. ഉരുത്തിരിയുന്ന ലോകക്രമത്തിൽ സാങ്കേതിക വിപ്ലവത്തിന്റെ ചിറകിൽ, പൗരരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുമ്പോൾ ജനാധിപത്യം തന്നെ കടപുഴകും. തിരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കാൻ കഴിയുന്ന രീതിയിലേക്ക് സ്വകാര്യത ലംഘനങ്ങൾ പകർച്ചവ്യാധി പോലെ വ്യാപിക്കുകയാണ്.

സ്വകാര്യതയുടെ മൂല്യം ഉൾക്കൊണ്ടുകൊണ്ടാണ് പുട്ടസ്വാമി കേസിൽ 2017ൽ ഭരണഘടന സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചത്. എന്നാൽ ആറു വർഷമായിട്ടും സുപ്രീംകോടതി വിധിക്ക് അലകും പിടിയും നൽകാനുള്ള നിയമനിർമ്മാണം കേന്ദ്രസർക്കാർ നടത്തിയിട്ടില്ലെന്നത് യാഥാർത്ഥ്യം. ഇതിനായി കൊണ്ടുവന്ന ഡിജിറ്റൽ ഡാറ്റ ബിൽ ആകട്ടെ ഗുണത്തേക്കാൾ ഏറെ ദോഷകരമായി ഭവിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

ഡിജിറ്റൽ വ്യക്തി ഡാറ്റാ സംരക്ഷണ ബിൽ (ഡിജിറ്റൽ പേ‍ഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ – ഡിപിഡിപി) കേന്ദ്ര സർക്കാർ കൊണ്ടുവന്നത് 2022 നവംബർ 18നാണ്. 2019 ഡിസംബർ 11നു കൊണ്ടുവന്ന വ്യക്തി ഡാറ്റാ സംരക്ഷണ ബിൽ (പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ – പിഡിപി ബിൽ) എതിർപ്പുകളെത്തുടർന്ന് പിൻവലിച്ചിരുന്നു. ഈ ബില്ലിനു പകരമായാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് പുതിയ ബിൽ തയ്യാറാക്കിയത്.


പഴുതുകൾ അടച്ചുകൊണ്ടായിരിക്കണം ഏതൊരു നിയമനിർമാണവും നടത്തേണ്ടത്. സർക്കാർ കൊണ്ടുവന്നിരിക്കുന്ന ബില്ലിന്റെ ഏറ്റവും വലിയ പരിമിതി എന്ന് പറയുന്നത് നിർണായക ഘട്ടങ്ങളിൽ സർക്കാരിന്റെ തീരുമാനത്തിന് വിടുക എന്നുള്ളതാണ്. ലോകത്തിലെ ഒട്ടുമിക്ക ഭരണകൂടങ്ങളും പൗരരുടെ സ്വകാര്യതകളും അവകാശങ്ങളും സംരക്ഷിക്കുന്നില്ല എന്ന പരാതി നേരിടുന്ന കാലഘട്ടമാണിത്. ഇന്ത്യയിൽ പൗരരെ നിരീക്ഷിക്കാൻ സൈബർ ആയുധമായ പെഗാസസ് പോലും കേന്ദ്ര സർക്കാർ വാങ്ങിയെന്നും ഉപയോഗിച്ചെന്നുമുള്ള വെളിപ്പെടുത്തലുകൾ സുപ്രീംകോടതിയുടെ പോലും പരിഗണനയ്ക്ക് വന്നതാണ്.

ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് എന്നുള്ള ഒരു സമിതിയാണ് ബില്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട മർമ്മം. ഈ ബോർഡിൽ ആരൊക്കെയായിരിക്കണം അംഗങ്ങൾ, എങ്ങനെയൊക്കെയായിരിക്കണം അവരുടെ നിയമനം, അത് കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനപ്രകാരം ആയിരിക്കുമോ എന്നിങ്ങനെ ഒരു കാര്യത്തിനും വ്യക്തതയില്ല. ബോർഡ് രൂപീകരിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുക മാത്രമാണ് ബിൽ ചെയ്തിരിക്കുന്നത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം പോലും കവർന്നെടുക്കാൻ ശ്രമിക്കുന്ന ഒരു അമിതാധികാര കേന്ദ്ര ഗവൺമെന്റ് എങ്ങനെയായിരിക്കും ഒരു ബോർഡ് രൂപീകരിക്കുക എന്ന് എളുപ്പത്തിൽ ഊഹിക്കാവുന്നതേയുള്ളൂ.

പൗരരുടെ വിവരങ്ങൾ സംരക്ഷിക്കാനാണ് ബിൽ എന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ‘ഡാറ്റാ പ്രൊട്ടക്‌ഷൻ ബോർഡ്‌’ രൂപവത്കരിച്ച് അതിന്റെ മേൽനോട്ടത്തിലാകും വിവരങ്ങളുടെ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുക എന്ന്‌ ബില്ലിൽ പറയുന്നുണ്ട്‌. ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാതെ വിവരങ്ങൾ ചോർത്തപ്പെട്ടാൽ 500 കോടി രൂപവരെ പിഴ ഏർപ്പെടുത്തുമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്. എന്നാൽ, രാജ്യാതിർത്തിയ്ക്കു പുറത്തേക്കു വിവരങ്ങൾ മാറ്റാനുള്ള വിലക്കുകൾ എടുത്തു കളയപ്പെടുകയാണ് ചെയ്യുകയെന്ന് ഇതേ ബിൽ സൂചിപ്പിക്കുന്നുണ്ട്.

ഡാറ്റ നല്കുന്ന വ്യക്തി ആവശ്യമെങ്കിൽ തന്റെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാൻ ഡാറ്റ എടുക്കുന്ന സ്ഥാപനത്തിന് സമ്മതി നൽകണം എന്നാണ് ബില്ലിലെ എട്ടാം നിബന്ധന പറയുന്നത്. ഇതിനർത്ഥം, ഒരു കാര്യത്തിന് ഒരു വ്യക്തി സ്വമേധയാ ഡാറ്റ നല്കിയാൽ അനുബന്ധകാര്യങ്ങൾക്ക് ഉപയോഗിക്കാനായി ആ സമ്മതി ഉപയോഗിക്കാം എന്നാണ്.

പാസ്‌വേഡുകൾ, സാമ്പത്തികവിവരങ്ങൾ, ശാരീരിക–മാനസിക നിലയുടെ വിശദാംശങ്ങൾ, മെഡിക്കൽ രേഖകൾ, ബയോമെട്രിക്‌ വിശദാംശങ്ങൾ തുടങ്ങിയവയെ സെൻസിറ്റീവ്‌ ഡാറ്റാ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഈ വിവരങ്ങൾ സംരക്ഷിക്കപ്പെടാൻ എന്തെല്ലാം നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന ചോദ്യം ഇപ്പോ‍ഴും ബാക്കിയാണ്. സ്വകാര്യതയ്‌ക്കുള്ള അവകാശം മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ വിവരങ്ങൾ വിദേശരാജ്യങ്ങൾക്ക്‌ കൈമാറാനുള്ള അനുവാദം നിയമപരമായി നിലനിൽക്കില്ലെന്ന വാദവും പ്രസക്തമാണ്.

ഇന്ത്യൻ പൗരരുടെ വ്യക്തിപരമായ വിവരങ്ങൾ കൊടുക്കാവുന്ന രാജ്യങ്ങളുടെയും മേഖലകളുടെയും പട്ടിക കേന്ദ്ര സർക്കാർ തയ്യാറാക്കുമെന്നാണ് ബില്ലിലെ പതിനേ‍ഴാം നിബന്ധനയിൽ പറയുന്നത്. ‘‘ചില ഘടകങ്ങൾ പരിശോധിച്ചശേഷം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്ന രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നവർക്ക്‌ അത്‌ കൈമാറ്റം ചെയ്യാൻ അനുമതി നൽകു’’മത്രേ. ഡാറ്റ കൈമാറ്റം ചെയ്തു കൂടെന്ന നിബന്ധനയോടെ കേന്ദ്ര സർക്കാർ വിലക്കുപട്ടികയിൽപ്പെടുത്തിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും ഡാറ്റാ കൈമാറുന്നതിനു മാത്രമേ വിലക്കുണ്ടാകൂ. ഫലത്തിൽ ഇത്, വ്യക്തിഗത ഡാറ്റയ്ക്കുള്ള സംരക്ഷണമല്ല, അവ യഥേഷ്ടം കൈമാറാനുള്ള വ‍ഴിയൊരുക്കലാണ്.

ഡാറ്റയ്ക്കു മേൽ ആഗോള വാണിജ്യതാല്പര്യങ്ങൾ വട്ടമിട്ടു പറക്കുന്നുണ്ട്. വ്യാപാരരംഗത്തെ താക്കോൽമേഖലകളായ യൂറോപ്യൻ യൂണിയനെപ്പോലുള്ളവരുമായി ഇന്ത്യ നടത്തുന്ന വ്യാപാരച്ചർച്ചകളിൽ ഇപ്പോൾത്തന്നെ ഈ ആവശ്യം ശക്തമാണ്. ഡാറ്റാ കൈമാറ്റത്തിന് സൗകര്യം ഒരുക്കണമെന്ന ആവശ്യം മെറ്റാ, ഗൂഗിൾ, ആമസോൺ എന്നിങ്ങനെയുള്ള കമ്പനികളുടെ കൂട്ടായ്‌മയായ ‘ഏഷ്യ ഇന്റർനെറ്റ്‌ സഖ്യം’ കേന്ദ്ര സർക്കാരിനോട്‌ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പൗരരുടെ വ്യക്തിഗത ഡാറ്റ സംരക്ഷിക്കാനാണ് എന്നു പറഞ്ഞുകൊണ്ടുവരുന്ന ഒരു നിയമത്തിന്റെ കരടിൽ, ഡാറ്റാ വിനിമയം ഉദാരവത്കരിക്കുന്ന നടപടികൾ കടന്നുവന്നത് നിസ്സാരമല്ല. ആഗോള ഡാറ്റാ വിനിമയ ശൃംഖലയിൽ ഇന്ത്യയെ മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


മറ്റൊരു പ്രധാന ആശങ്ക, സർക്കാർ വകുപ്പുകളുമായി ഇടപെടുന്ന സ്വകാര്യ അസ്തിത്വങ്ങളെക്കുറിച്ചാണ്. ദേശീയതാല്പര്യവും പൊതുതാല്പര്യവും മുൻനിർത്തി ഇവരിൽനിന്ന് ഡാറ്റാ സുരക്ഷിതത്വം സംബന്ധിച്ച കൃത്യമായ മുന്നുറപ്പുകൾ ലഭ്യമാക്കേണ്ടതുണ്ട്. ബില്ലിൽ ഇതു സംബന്ധിച്ചു പറയുന്ന ‘കല്പിത സമ്മതി’ (ഡീംഡ് കൺസന്റ്) വ്യവസ്ഥ പുതുക്കിയെ‍ഴുതണം. ഇക്കാര്യത്തിൽ വിവിധ മന്ത്രാലയങ്ങൾ നേരത്തേതന്നെ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ വ്യവസ്ഥകളുമായി പുതിയ തീരുമാനങ്ങൾ ഇടയുകയില്ലെന്ന് വ്യക്തമാക്കണം. ദേശീയ സുരക്ഷയോ മറ്റു ഘടകങ്ങളോ മുൻനിർത്തി കൂടുതൽ നിബന്ധനകൾ ഏതെങ്കിലും ഉപമേഖലകളിൽ നിലനില്ക്കുന്നുണ്ടെങ്കിൽ ബിൽ അവയെ മറികടക്കരുത്. അതേ രീതിയിൽ ആരോഗ്യ സംബന്ധമായ ഡാറ്റ, ഒരു പരിധിയ്ക്കപ്പുറം വ്യക്തിപരതയെ ബാധിക്കുന്നതാണെങ്കിൽ, അതിന് ബില്ലിൽനിന്നു സംരക്ഷണം കിട്ടണം.

ഈ ബിൽ അടക്കം ഡിജിറ്റൽ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളാകെത്തന്നെയും സംശയാസ്പദമാണ്.

ഈ ബില്ലും വരാനിരിക്കുന്ന ഡിജിറ്റൽ ഇന്ത്യ നിയമവും ഉപഭോക്താക്കളും പൗരരും ഇടപെടുന്ന വേദികളിൽ പ്രവർത്തനപരമായ മാറ്റമുണ്ടാക്കുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ ഈയിടെ പറഞ്ഞിരുന്നു. ഡിജിറ്റൽ ഇന്ത്യ ബിൽ ഇന്റർനെറ്റ് സൃഷ്ടിക്കുന്ന ദോഷങ്ങൾ അടക്കമുള്ള ഭാവി കാല പ്രശ്നങ്ങളെ അഭിമുഖീകരിക്കും എന്നാണ് കരുതപ്പെടുന്നത്. നടക്കുന്ന കുറ്റകൃത്യങ്ങളിൽ നടപടിയെടുത്തു പോകാനാണോ ഉദ്ദേശിക്കുന്നത്, അതല്ല, ഇന്റർനെറ്റ് തന്നെ സ്വയം തെറ്റുകളെ പ്രതിരോധിക്കുന്ന സമ്പ്രദായമായി മാറുമോ എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളൂ. അത് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്.

കേന്ദ്ര സർക്കാർ ഉടൻ തന്നെ ഇന്ത്യാ നിർമ്മിത ബുദ്ധി (എ ഐ) പദ്ധതി കൂടി തുടങ്ങാൻ ഇരിക്കുകയാണ്. അത് പൊതുവായി നിർമ്മിതമായ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഘടനയാകും എന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതുകൊണ്ട്, ഇന്ത്യ എ ഐ ഇക്കോ സിസ്റ്റം, ഫിൻ ടെക് ഇക്കോ സിസ്റ്റം അടക്കമുള്ള അടുത്ത തലമുറ സമ്പ്രദായങ്ങളെയൊക്കെ ബാധിക്കും. മാറി വരുന്ന സാങ്കേതിക വിദ്യകളുടെ ലോകത്ത് ഇന്ത്യൻ പൗരരുടെ സ്വകാര്യതയും ഡാറ്റാ സുരക്ഷിതത്വവും ഉറപ്പാക്കും വിധം ഇന്ത്യ എ ഐ പദ്ധതി ഡാറ്റാ സംരക്ഷണത്തുറയുമായി സംയോജിപ്പിക്കണം.

ഇക്കാലത്ത് വ്യക്തിഗത ഡാറ്റയിൽ നിന്ന് അൽഗോരിതം ഉണ്ടാക്കാം, അവ വീണ്ടും വീണ്ടും മാറ്റാം, അതിൽനിന്ന് വ്യാപാരലക്ഷ്യങ്ങൾ നേടാം. വ്യക്തിഗത ഡാറ്റ ദീർഘകാലം സംഭരിച്ചു വയ്ക്കാം, അവയിൽ ഗവേഷണം നടത്താം, അത് വ്യാപാരകാര്യങ്ങൾക്ക് സമയാസമയങ്ങളിൽ ഉപയോഗിക്കാം. അതിനിടയ്ക്ക് ഇന്ത്യൻ പൗരരുടെ സ്വകാര്യതയും രാജ്യത്തിന്റെ സുരക്ഷയും ബലികൊടുക്കപ്പെടരുത്. ഡാറ്റ പുതിയ പൊന്നാണ് എന്നാണ് പറയുക. പൊന്നിനു വേണ്ടിയുള്ള ഭ്രാന്തമായ മത്സരത്തിലേയ്ക്ക് ഇന്ത്യയെ എറിഞ്ഞുകൊടുക്കും മുമ്പ് ഭരണാധികാരികൾ നൂറു വട്ടം ചിന്തിക്കണം. ♦

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top