17 February Monday

ഫാസിസത്തിന്റെ പ്രവർത്തനം: ട്രംപിസങ്ങളെ മുൻനിർത്തി ഒരു വിചാരം

എ എം ഷിനാസ്‌Updated: Wednesday Feb 6, 2019

അമേരിക്കയിലെ യേൽ സർവകലാശാലയിൽ തത്വചിന്തകനായ ജേസൺ സ്റ്റാൻലിയുടെ ‘How Fascim works: The politics of US and Them' എന്ന പുസ‌്തകം വായിക്കുമ്പോൾ ഇത‌് മോഡി ഭരണ സംവിധാനത്തെയും മോഡി–-അമിത‌് ഷാ ദ്വയത്തെക്കുറിച്ചുമാണെന്ന‌് സ്വാഭാവികമായി ആർക്കും തോന്നിപ്പോകും. പക്ഷേ, ഗ്രന്ഥത്തിന്റെ പ്രതിപാദ്യം മുഖ്യമായും ട്രംപിസത്തെക്കുറിച്ചാണ‌്. അമിതാധികാരകേന്ദ്രീകരണവും തീവ്രദേശീയതയും സമന്വയിക്കുന്ന, ഫാസിസ്റ്റ‌് എന്ന‌് സ്റ്റാൻലി വിശേഷിപ്പിക്കുന്ന ഇന്നത്തെ അമേരിക്കയെക്കുറിച്ചാണ‌് അദ്ദേഹം എഴുതുന്നതെങ്കിലും ഇന്ത്യ, മ്യാൻമർ, ഹംഗറി, പോളണ്ട‌്, തുർക്കി, ഫിലിപ്പീൻസ‌് തുടങ്ങിയ രാജ്യങ്ങളിലെ ഭരണവ്യവസ്ഥകളും രണോത്സുകമായ ഫാസിസ്റ്റ‌് പ്രവണതകൾ ഉള്ളവയാണെന്ന‌് സ്റ്റാൻലി നിരീക്ഷിക്കുന്നു.

ഫാസിസ്റ്റ‌് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ‌്ത്ര പ്രകൃതം
സ്റ്റാൻലി ഫാസിസ്റ്റ‌് ഭരണകൂടങ്ങളുടെ രാജ്യതന്ത്രത്തെക്കുറിച്ചോ അവയുടെ പ്രക്രിയാപ്രവർത്തനത്തെക്കുറിച്ചോ അല്ല, മറിച്ച‌് ഫാസിസ്റ്റ‌് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ‌്ത്ര പ്രകൃതത്തെക്കുറിച്ചാണ‌് വിശേഷണം നടത്തുന്നത‌്. ലോകത്തിലെ പല രാഷ്ട്രങ്ങളും ജനാധിപത്യരാഷ്ട്രീയത്തെ തുരങ്കംവച്ച‌് ഈ മട്ടിലുള്ള ഫാസിസത്തിന്റെ വക്താക്കളായി മാറിയിട്ടുണ്ട‌് എന്ന‌് സ്റ്റാൻലി അഭിപ്രായപ്പെടുന്നു. ഇത്തരം നവ ഫാസിസ്റ്റ‌് പ്രസ്ഥാനങ്ങളിൽ ലീനമായ 10 പൊതുപ്രമേയങ്ങളും  പൊതുക്രമങ്ങളുമാണ‌് പത്ത‌് അധ്യായങ്ങളിലായി അദ്ദേഹം അവതരിപ്പിക്കുന്നത‌്.

 

1) മിത്തിക്കൽ ഭൂതകാലത്തിന്റെ മഹത്വവൽക്കരണം. ഭൂതകാലം സൗവർണമായിരുന്നുവെന്നും അതിലേക്ക‌് തിരിച്ചുപോകണമെന്നുമുള്ള മുറവിളി.

2) അഴിമതിയെപ്പറ്റിയുള്ള വാചാലത. അഴിമതിവിരുദ്ധത പ്രഘോഷിക്കുമ്പോൾത്തന്നെ ഫാസിസ്റ്റുകൾ അഴിമതിയിൽ വ്യാപൃതരാണ‌്.

3) ബൗദ്ധികവിരുദ്ധത. അതിന്റെ ഉന്നം ജ്ഞാനോൽപ്പാദനകേന്ദ്രങ്ങളാണ‌്, പ്രത്യേകിച്ച‌് സർവകലാശാലകൾ.

4) മേധാവിത്വമുള്ള വർഗങ്ങൾ ഇരകളാണെന്ന ഗൂഢാലോചനാസിദ്ധാന്തം. അത‌് ന്യൂനപക്ഷങ്ങളുമായി പൗരത്വവും വിഭവങ്ങളും അധികാരവും പങ്കിടുന്നതുകൊണ്ട‌് സംഭവിക്കുന്നതാണെന്ന കള്ളപ്രചാരണം. മേധാവിത്വവർഗ താൽപ്പര്യങ്ങൾ തർക്കമറ്റതും പരമമായതുമായ സത്യമാണെന്ന‌് സങ്കൽപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്യുക.

5) ഫാസിസ്റ്റ‌് രാഷ്ട്രീയക്കാർ ക്രമസമാധാനം ഉറപ്പുവരുത്തുമെന്ന‌് പറയും. അത‌് പക്ഷേ, അപരരെ, മത–-വംശീയ–-ലൈംഗിക ന്യൂനപക്ഷങ്ങളെ ഒതുക്കാനാണ‌് സാധാരണയായി ഉപയോഗിക്കപ്പെടാറുള്ളത‌്.

6) ഭൂരിപക്ഷം ‘തെരഞ്ഞെടുക്ക’പ്പെട്ട വിശിഷ്യരാണെന്നും ന്യൂനപക്ഷങ്ങൾ ‘കുഴിമടി’യരും ‘ദുർന്നടപ്പു’കാരും ‘കുടില’രും ‘അനർഹരു’മാണെന്നും ആവർത്തിച്ച‌്  പ്രചരിപ്പിക്കുക.

7) സമത്വം ആപൽക്കരവും പ്രകൃതിവിരുദ്ധവുമാണെന്നും അത‌് മാർക‌്സിസ്റ്റ‌് വ്യാമോഹവും വിധ്വംസനപരമാണെന്നും പറഞ്ഞുകൊണ്ടിരിക്കുക.

8) ഗുണത്തിന്റെയും മൂല്യത്തിന്റെയും ‘നൈസർഗികമായ ശ്രേണീബദ്ധത’യിൽ കടുത്ത വിശ്വാസം. അതുകൊണ്ട‌് ‘സഹജ’മായ ശ്രേണീബദ്ധത മുറുകെപ്പിടിക്കേണ്ടതിന്റെ ആവശ്യകത ഫാസിസ്റ്റുകൾ ഊന്നിപ്പറയും.ന്യൂനപക്ഷങ്ങളും മറ്റ‌് അപരരും ഭൂരിപക്ഷത്തിനിടയിൽ രൂക്ഷമായ ലൈംഗിക ഉൽക്കണ‌്ഠ സൃഷ്ടിക്കുന്നു. അത‌് കുടുംബമൂല്യങ്ങളെയും സാമ്പ്രദായിക പുരുഷമേൽക്കോയ‌്മയെയും പുരുഷപദവിയെയും പ്രതികൂലമായി ബാധിക്കുന്നു.

9) സത്യത്തെ ഗ്രഹിക്കാനും അതിനോട‌് യോജിക്കാനുള്ള ജനങ്ങളുടെ ശേഷിയെ പ്രത്യക്ഷമായും പ്രച്ഛന്നമായും ആക്രമിക്കുന്നു. ഇതിന‌് അവലംബിക്കുന്നത‌് ആവർത്തിച്ചുള്ള കള്ളങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമാണ‌്.

10) ‘അഴിമതി’ക്കാരും ‘അശുദ്ധ’രും  ‘കുറ്റവാളി’കളുമായ, സാമൂഹ്യമായി ഭിന്നരായവർ അധിവസിക്കുന്ന ചില നഗരങ്ങളെ ശങ്കിക്കുകയും അതേസമയം ‘വംശീയമായി ശുദ്ധരും’ ‘ഉൽക്കൃഷ്ട’രും ‘കഠിനാധ്വാനികളും’ ‘ധർമിഷ‌്ഠരു’മായ ആളുകൾ വസിക്കുന്ന ഗ്രാമപ്രദേശങ്ങളെ ഉദ‌്ഘോഷിക്കുകയും ചെയ്യുന്നു.

സാമ്പത്തികമായ അസമത്വം
സ്റ്റാൻലി ഈ പ്രവണതകൾക്ക‌് കാരണമായി കണ്ടെത്തുന്നത‌് നിഷ‌്ഠുരമായ സാമ്പത്തിക അസമത്വമാണ‌്. അസമത്വം വിഷലിപ‌്തമായ മണ്ണിൽ ജനാധിപത്യം തഴയ‌്ക്കില്ലെന്നും അസമത്വം യാഥാർഥ്യത്തിന്റെ ഒരു പൊയ‌്മുഖമാണ‌് പുനരുൽപ്പാദിപ്പിക്കുന്നതെന്നും സ്റ്റാൻലി എഴുതുന്നു. തീവ്രമായ സാമ്പത്തിക അസമത്വം ജനങ്ങളുടെ യുക്തിബോധത്തിന‌് പകരം അവരുടെ വികാരങ്ങളും മുൻവിധികളും ഇളക്കുന്ന പ്രേരകശക്തിയായി വർത്തിക്കുന്നു. കാപട്യവും പൊള്ളത്തരവും വാഴുന്ന ഈ രാഷ്ട്രീയസംസ‌്കാരം ഫാസിസ്റ്റ‌് ശൈലി പിന്തുടരുന്ന രാഷ്ട്രീയക്കാർക്ക‌് ഇടം നൽകുകയും അവർ ‘സത്യസന്ധരായി’ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ട്രംപിനുപുറമെ ഹംഗറിയിലെ വിക്ടർ ഒർബൻ, തുർക്കിയിലെ എർദോഗാൻ, ഇന്ത്യയിലെ മോഡി, ഫ്രാൻസിലെ മരീനെ ലെ പെൻ, ജർമനിയിലെ അലക‌്സാണ്ടർ ഗൗലാണ്ട‌്, അമേരിക്കയിലെതന്നെ റഷ‌് ലിം ബഗ‌്, ഡേവിഡ‌് ഹൊറോവിറ്റ‌്സ‌്, സ‌്റ്റീവ‌് ബന്നോൺ തുടങ്ങിയവരെ ഉദാഹരണങ്ങളായി സ്റ്റാൻലി എടുത്തുകാണിക്കുന്നു.

സ്റ്റാൻലി ട്രംപിന്റെ ഫാസിസ്റ്റ‌് രീതികളെക്കുറിച്ചാണ‌് എഴുതുന്നതെങ്കിലും അതിന്റെ  അതിതീവ്ര അനുരണനങ്ങൾ കഴിഞ്ഞ അഞ്ച‌് വർഷമായി ഇന്ത്യയിലും ദൃശ്യമാണ‌്. ഹനാ ഏറന്റ‌് ഏഴ‌് പതിറ്റാണ്ട‌് മുമ്പ‌് വിലയിരുത്തിയതുപോലെ ‘‘ഫാസിസ്റ്റുകൾ ഒരിക്കലും അസത്യത്തിൽ തൃപ‌്തരല്ല. അവർ അസത്യത്തെ ഒരു പുതുയാഥാർഥ്യമായി രൂപാന്തരപ്പെടുത്തുന്നു. അവർ ഉണ്ടാക്കിയ ഈ അവാസ‌്തവികതയെ വിശ്വസിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങൾ അവർ ഇച്ഛിക്കുന്ന വിധത്തിൽ വന്നാൽ ജനങ്ങളെക്കൊണ്ട‌് എന്ത‌് ഹീനകൃത്യവും ചെയ്യിപ്പിക്കാനാകുമെന്ന‌് ഫാസിസ്റ്റുകൾക്ക‌് അറിയാം’’ [The Origins of Totalitarianism (1951)].

എന്താണ‌് ഇതിന‌് പരിഹാരം? സ്റ്റാൻലി എഴുതുന്നു: ‘‘സാധാരണ പൗരന്മാർ ഈ ഫാസിസ്റ്റ‌് രാഷ്ട്രീയത്തെ നേർക്കുനേർ ചെറുക്കുകയാണ‌് വേണ്ടത‌്. ദശലക്ഷക്കണക്കിന‌് ആളുകളുടെ വ്യക്തിഗത ധീരത ഫാസിസ്റ്റ‌് ശക്തികൾക്കെതിരെ കണ്ണിചേർത്താൽ നാം രക്ഷപ്പെടും. ഫാസിസ‌ത്തിനെതിരെ വൈയക്തികമായ ധീരത പ്രദർശിപ്പിക്കേണ്ട സമയമാണിത‌്. അത‌് ആപൽക്കരമായ ഭാവിയിൽനിന്ന‌് നമ്മെ സംരക്ഷിക്കും.’’


പ്രധാന വാർത്തകൾ
 Top