23 September Saturday

ജനകീയമുന്നേറ്റത്തിന്റെ കാൽനൂറ്റാണ്ട്‌ - പിണറായി വിജയൻ എഴുതുന്നു

പിണറായി വിജയൻUpdated: Tuesday Aug 17, 2021

കേരളത്തിലെ അധികാരവികേന്ദ്രീകരണ ശ്രമങ്ങൾക്ക് ഐക്യകേരള രൂപീകരണത്തേക്കാൾ പ്രായമുണ്ട്. 1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഐക്യകേരളത്തിലെ ആദ്യമന്ത്രിസഭ ഭരണപരിഷ്കാരത്തിന് മുഖ്യമന്ത്രി ഇ എം എസ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. 1958ൽ അവതരിപ്പിച്ച അധികാരവികേന്ദ്രീകരണ നിയമം സമഗ്രവും തനതുമായിരുന്നു. അതു നടപ്പാക്കാൻ കഴിയുംമുമ്പ് വിമോചനസമരത്തിലൂടെ ആ സർക്കാരിനെ അട്ടിമറിച്ചു. 1987ലെ നായനാർ മന്ത്രിസഭ നടപ്പാക്കിയ ജില്ലാ കൗൺസിലുകളാണ് മറ്റൊരു സുപ്രധാന ചുവടുവയ്പ്. 1991–-92ലെ വാർഷികപദ്ധതിയിൽ കൗൺസിലുകൾക്ക്‌ പ്രത്യേകവിഹിതം വകയിരുത്തുകയും ചെയ്തു. ഭരണത്തിൽ വന്ന മാറ്റത്തോടെ ജില്ലാ കൗൺസിലുകളെ ഇല്ലായ്മ ചെയ്തു. ആ ഘട്ടത്തിലാണ് അധികാരവികേന്ദ്രീകരണം അനിവാര്യമാക്കിയ ഭരണഘടനയുടെ 73, 74 ഭേദഗതികൾ വരുന്നത്. അതിന്റെ തുടർച്ചയായി നടക്കേണ്ട നിയമനിർമാണത്തിൽ കേരളത്തിൽ വലിയ അമാന്തമുണ്ടായി. കേരളമാണ് ഏറ്റവും അവസാനം നിയമം പാസാക്കിയ സംസ്ഥാനം.

അധികാരവികേന്ദ്രീകരണ നിയമത്തെക്കുറിച്ച് ഇ എം എസ് അടക്കം പങ്കെടുത്ത്, പ്രമുഖ പണ്ഡിതരെ അണിനിരത്തി വിപുലമായ കൺവൻഷനുകൾ കേരളത്തിൽ നടന്നു. നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ ജനകീയചർച്ചകൾക്കു വിധേയമാക്കി. ആ നിർദേശങ്ങളിൽ പലതും അന്നത്തെ യുഡിഎഫ് സർക്കാർ സ്വീകരിച്ചില്ല. 1996ൽ ഇ കെ നായനാർ സർക്കാർ വന്നതോടെയാണ് ഈ സ്ഥിതിക്ക് മാറ്റമുണ്ടായത്. അധികാരവികേന്ദ്രീകരണത്തിന് സമഗ്രമായ നിയമഭേദഗതികൾ നിർദേശിക്കാൻ സത്യബ്രത സെന്നിന്റെ അധ്യക്ഷതയിൽ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് വരുംമുമ്പുതന്നെ ഒമ്പതാം പദ്ധതി ജനകീയപദ്ധതിയായി ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ ഫലമായി ഇ എം എസ് അധ്യക്ഷനായ ഉന്നതതല മാർഗനിർദേശക സമിതിയുടെ മേൽനോട്ടത്തിലും നേതൃത്വത്തിലും നിലവിൽ വന്ന ജനകീയാസൂത്രണ പ്രസ്ഥാനം ലോകത്തിനുതന്നെ മാതൃകയായി മാറി. ഇന്ന് പ്രതിസന്ധികളെ നേരിടാൻ നമുക്ക് കരുത്തുപകരുന്നത് ജനകീയാസൂത്രണത്തോടെ ശാക്തീകരിക്കപ്പെട്ടതും ഊർജസ്വലമാക്കപ്പെട്ടതുമായ പ്രാദേശികഭരണ സംവിധാനങ്ങളാണ്.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഇ എം എസ് നിർവഹിച്ചപ്പോൾ (ഫയൽ ചിത്രം)

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ഇ എം എസ് നിർവഹിച്ചപ്പോൾ (ഫയൽ ചിത്രം)


 

സംസ്ഥാനത്തിന്റെ മൊത്തം പദ്ധതിത്തുകയുടെ 40 ശതമാനവും വിവിധ വകുപ്പുകളുടെ തത്തുല്യമായ പ്രവർത്തനങ്ങളും ഒറ്റയടിക്കു കീഴ്‌ത്തട്ടുകളിലേക്കു കൈമാറി, പ്രാദേശികസർക്കാരുകൾ എന്ന ആശയം യാഥാർഥ്യമാക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ കൈക്കൊണ്ട തീരുമാനമാണ് ജനകീയാസൂത്രണം സാധ്യമാക്കിയത്. രാഷ്ട്രീയനിലപാടിന്റെയും ഇച്ഛാശക്തിയുടെയും ചരിത്രസാക്ഷ്യമായിരുന്നു അത്. അന്നുവരെ മൂവായിരമോ നാലായിരമോ രൂപ ആകെ ഫണ്ടുമായി കഴിഞ്ഞുവന്ന പഞ്ചായത്തുകൾക്ക് ജനകീയാസൂത്രണത്തോടെ ദശലക്ഷക്കണക്കിനു രൂപ പദ്ധതിവിഹിതമായിമാത്രം ലഭിച്ചു. ജീവനക്കാരുടെ ഘടനതന്നെ മാറി. ഒട്ടേറെ പുതിയ തസ്തിക നിലവിൽ വന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി കീഴ്‌ത്തട്ടിലെ സ്ഥാപനങ്ങൾ കൈമാറിയതുവഴി ലഭ്യമായ ഉദ്യോഗസ്ഥർ വേറെയും. പലകോണിൽനിന്നും സൃഷ്‌ട്യുൻമുഖവും രാഷ്ട്രീയപ്രേരിതവുമായ വിമർശങ്ങളും ആക്ഷേപങ്ങളും അനാവശ്യവിവാദങ്ങളുമൊക്കെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് നേരെയുണ്ടായി. ഗ്രാമസഭസകൾ എന്തിനാണെന്നുവരെ ചോദ്യമുണ്ടായി. വകുപ്പുകളുടെ പ്രാദേശികപ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾക്കു കീഴിലാക്കുന്നതിനെ ഉദ്യോഗസ്ഥരും സംഘടനകളും എതിർത്തു. സ്വന്തം അധികാരം ഇല്ലാതാകുമോയെന്നു ഭയന്ന ജനപ്രതിനിധികൾപോലും ഉണ്ടായിരുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങളെ പിരിച്ചുവിടാൻ സർക്കാരിന് ഉണ്ടായിരുന്ന അധികാരം ഇല്ലാതാക്കി. തദ്ദേശസ്ഥാപനങ്ങൾക്ക്‌ ധനം അനുവദിക്കുന്ന അധികാരം നിയമസഭയ്ക്കു നൽകി. ധനവിന്യാസത്തിന്‌ കൃത്യമായ മാനദണ്ഡങ്ങളോടെ സുതാര്യമായ ഫോർമുല കൊണ്ടുവന്നു. വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള അധികാരം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‌ വിട്ടുകൊടുത്തു. അഴിമതി കുറയ്ക്കാൻ ഓംബുഡ്‌സ്‌മാന്‌ രൂപം നൽകി. ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ വിട്ടുകൊടുത്തു. ഉദ്യോഗസ്ഥ പുനർവിന്യാസത്തിനും ഗ്രാമവികസന വകുപ്പ് തദ്ദേശഭരണവകുപ്പിൽ ലയിപ്പിക്കുന്നതിനും നടപടിയെടുത്തു. ഡിആർഡിഎ അടക്കമുള്ള പല അതോറിറ്റിയും നിർത്തലാക്കി. വലിയൊരു മാറ്റമാണ് ഉണ്ടായത്.

ദൗർഭാഗ്യമെന്നു പറയട്ടെ, 2001ൽ വന്ന സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനം അവസാനിപ്പിക്കുകയും പുതിയ പേരിലൊരു പദ്ധതി കൊണ്ടുവരികയും ചെയ്തു. തദ്ദേശഭരണവകുപ്പ് വിഭജിച്ച് മൂന്നാക്കി. സന്നദ്ധ സാങ്കേതികസമിതികൾ പിരിച്ചുവിട്ടു. ആസൂത്രണ നിർവഹണങ്ങളിൽ ഉദ്യോഗസ്ഥാധിപത്യം തിരികെ കൊണ്ടുവന്നു. ജനപങ്കാളിത്തം എല്ലാതലത്തിലും ശുഷ്കമാക്കി. കുടുംബശ്രീക്കെതിരായ നീക്കങ്ങൾപോലുമുണ്ടായി. അങ്ങനെ പലനിലയ്‌ക്കും ജനകീയാസൂത്രണം അക്കാലത്ത് തിരിച്ചടി നേരിട്ടു.

2006ൽ വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ജനകീയാസൂത്രണ പദ്ധതി ആദ്യംമുതൽ തുടങ്ങേണ്ടിവന്നു. ലക്ഷ്യബോധത്തോടെ ഇതു നിറവേറ്റാനായി. ജനകീയാസൂത്രണത്തിലൂടെ വികസിച്ചുവന്നിരുന്ന നടപടിക്രമങ്ങളും ചിട്ടകളും നിയമപ്രാബല്യത്തോടെ വ്യവസ്ഥപ്പെടുത്തി. ഉദ്യോഗസ്ഥ പുനർവിന്യാസം അടക്കമുള്ള അടിസ്ഥാനകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി. വിവരസാങ്കേതികവിദ്യയിലൂടെ ഭരണനിർവഹണം സുഗമവും സുതാര്യവുമാക്കി. സേവനപ്രദാനത്തിൽ മുന്നേറ്റമുണ്ടാക്കി. എന്നാൽ, 2011ലെ സർക്കാർ മാറ്റത്തോടെ വീണ്ടും അതെല്ലാം തകർത്തു. പദ്ധതിപ്രവർത്തനം സമയത്തു പൂർത്തിയാകാതെയും പദ്ധതിപ്പണം വിനിയോഗിക്കാതെ പോകുന്ന നിലപോലും ഉണ്ടായി.

അധികാരവികേന്ദ്രീകരണത്തിന്റെ നഷ്ടപ്പെട്ട ജനകീയപങ്കാളിത്തവും സുതാര്യതയും പുനഃസൃഷ്ടിക്കും എന്നതായിരുന്നു 2016ലെ പ്രകടനപത്രികയിൽ ഇടതുപക്ഷം മുന്നോട്ടുവച്ച വാഗ്ദാനം. അത് അക്ഷരംപ്രതി പാലിക്കാൻ എൽഡിഎഫ് സർക്കാരിനായി. "നവകേരളത്തിന്‌ ജനകീയാസൂത്രണം' എന്ന ലക്ഷ്യത്തോടെയാണ്‌ 13–-ാം പദ്ധതിയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ജനകീയാസൂത്രണത്തിലൂടെ വികസിപ്പിച്ച സംവിധാനങ്ങളും ജനാധിപത്യ–-ജനകീയ സമ്പ്രദായങ്ങളും നിയമംമൂലം വ്യവസ്ഥപ്പെടുത്തുന്നതടക്കം ഒട്ടേറെ കാര്യവും സാധ്യമാക്കി.

പ്രാദേശികാസൂത്രണം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ജനകീയാസൂത്രണം ആരംഭിച്ചു. അതിന്റെ അനുഭവത്തിലാണ് ഹരിതകേരളം മിഷൻ വിജയിപ്പിക്കാനായത്. നവകേരള സൃഷ്ടിക്കായുള്ള മറ്റു മിഷനുകളും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനകീയമായി നടപ്പാക്കി. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയെ സംയോജിപ്പിച്ച്‌ സമഗ്രപ്രാദേശിക സ്ഥല ജലാസൂത്രണത്തിനും കഴിഞ്ഞ സർക്കാർ മുൻകൈയെടുത്തു.

എൽഡിഎഫ്‌ മുന്നണിക്ക്‌ ഭരണത്തുടർച്ചയുണ്ടായ സാഹചര്യം, അധികാരവികേന്ദ്രീകരണം അടക്കമുള്ള വികസന–-ജനാധിപത്യ–-പുരോഗമന പ്രവർത്തനങ്ങൾക്ക്‌ തുടർച്ച നൽകുന്നതിന് ഉപകരിക്കും. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ജനാധിപത്യവൽക്കരണം, കൂടുതൽ പുനർവിന്യാസം, കാലികമായ നിയമഭേദഗതികളടക്കം പലതും ഇനിയും ചെയ്യേണ്ടതുണ്ട്. താഴേത്തലത്തിൽ മുഖ്യമായും വേണ്ടത് ഗ്രാമസഭകൾ ജീവസ്സുറ്റ വേദികളാക്കി മാറ്റുക എന്നതാണ്. സൂക്ഷ്മതലത്തിലെ ജനകീയപ്രശ്നങ്ങൾ നിരീക്ഷിക്കാനും തക്കസമയത്ത് ഇടപെടാനും കഴിയുന്ന ജാഗ്രതാസമിതികൾപോലുള്ള ജനകീയസംവിധാനങ്ങൾ വ്യവസ്ഥാപിതമാകണം. തൊഴിൽ സൃഷ്ടിക്കായി നൈപുണ്യവികസനത്തിന് ഊന്നൽ നൽകേണ്ടതുണ്ട്. ഓരോ നാടിന്റെയും ആവശ്യങ്ങളുമായി ബന്ധപ്പെട്ട നൈപുണികളും അവ ആർജിക്കാൻ കഴിവുള്ളവരെയും കണ്ടെത്തി പരിശീലനത്തിന്‌ പ്രോത്സാഹനം നൽകാം. നൈപുണ്യം ആർജിച്ചവരെ ഉൾപ്പെടുത്തി ലേബർ ബാങ്കുകൾ രൂപീകരിച്ച് ആവശ്യാനുസരണം അവരുടെ സേവനം പ്രയോജനപ്പെടുത്താം. സൂക്ഷ്മതല ദാരിദ്ര്യനിർമാർജനംപോലുള്ള പദ്ധതികൾ ജനപങ്കാളിത്തം ആവശ്യമുള്ള പ്രവർത്തനങ്ങളാണ്.

വിഭവഭൂപടത്തിലും നീർത്തടത്തിലും അധിഷ്ഠിതമായ വികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് ജനകീയാസൂത്രണത്തിന്റെ തുടർച്ചയായി ഉണ്ടാകേണ്ടത്. ജിപിഎസ് പോലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി സ്ഥാനീയാസൂത്രണവും നികുതിപിരിവുമൊക്കെ ഫലപ്രദമാക്കാൻ ഇന്ന് അവസരമുണ്ട്. വിജ്ഞാന സമൂഹസൃഷ്ടിയുടെ ഭാഗമായി ഇത്തരം മാറ്റങ്ങൾ നമ്മുടെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും ഉണ്ടാകേണ്ടതുണ്ട്.

പുതിയ കാഴ്ചപ്പാടുള്ള, പ്രതീക്ഷയുള്ള പുതിയ തലമുറയുടെ ആശയാഭിലാഷങ്ങൾ മനസ്സിലാക്കി പദ്ധതികൾ ആസൂത്രണംചെയ്ത് അവരുടെ മുൻകൈയിൽ നടപ്പാക്കാനുള്ള ഉദ്യമങ്ങൾ എല്ലാ തദ്ദേശഭരണ സ്ഥാപനത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം. ഇത്തരത്തിലുള്ള കൂടുതൽ കൂടുതൽ ആശയങ്ങൾ വികസിപ്പിക്കുക എന്നതാണ് ജനകീയാസൂത്രണത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ഈ ഘട്ടത്തിൽ നമുക്കു ചെയ്യാനാകുന്ന പ്രധാന കാര്യം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top