24 February Monday

കശ്മീരിന്റെ പ്രത്യേകപദവി ഭരണഘടനയില്‍ വന്നതെങ്ങനെ?; പിന്‍വലിയ്ക്കല്‍ നിലനില്‍ക്കുമോ ?

സാമുവല്‍ ഫിലിപ്പ് മാത്യുUpdated: Monday Aug 5, 2019
സാമുവല്‍ ഫിലിപ്പ് മാത്യു

സാമുവല്‍ ഫിലിപ്പ് മാത്യു

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370 ആം വകുപ്പ് റദ്ദാക്കാന്‍ നിലവില്‍ സാധിക്കില്ല എന്ന പൊതുധാരണയ്ക്ക് വിരുദ്ധമായാണ് വകുപ്പ് ഇല്ലാതാക്കിയതായി രാഷ്ട്രപതിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ ഭരണഘടനാ സഭ (Constituent Assembly) യുടെ അനുമതിയോടെ മാത്രമേ ഈ വകുപ്പ് പിന്‍വലിക്കാന്‍ കഴിയൂ എന്ന്‌ ആ വകുപ്പില്‍ തന്നെ വ്യവസ്ഥയുണ്ട്. എന്നാല്‍ ജമ്മു കശ്മീര്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയതോടെ സഭ ഇല്ലാതായി. അതുകൊണ്ട് ആ സഭയുടെ അനുമതി തേടാന്‍ സാധിയ്ക്കില്ല. കോൺസ്റ്റിറ്റുവെൻറ് അസംബ്ലി ഇല്ലാതായതോടെ 370ആം വകുപ്പ്‌ സ്ഥിരമായിക്കഴിഞ്ഞു എന്ന്‌ സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുണ്ട്‌.അതിനു ബിജെപി സര്‍ക്കാര്‍ കണ്ടെത്തിയ കുറുക്കുവഴി ജമ്മു കശ്മീരിലെ ഭരണഘടനാ സഭ എന്നത് കശ്മീര്‍ നിയമസഭ ആണെന്ന് വ്യാഖ്യാനിക്കുകയാണ്. നിയമസഭയും ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ട് ആ അധികാരങ്ങള്‍ പാര്‍ലമെന്റിനാണ് എന്നാണു സര്‍ക്കാര്‍ ഭാഷ്യം.
 
അതിനാല്‍ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷത്തിലൂടെ തീരുമാനത്തിനു അംഗീകാരം നേടാം എന്നും അവകാശപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെയാണ് തീരുമാനം എന്ന് രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ പറയുന്നു. ആരാ ഗവൺമെന്റ് എന്ന് ചോദിച്ചാല് 'അതൊരു ട്രസ്റ്റാ. ട്രസ്റ്റ് എന്ന് പറഞ്ഞാൽ ഞാനും, അപ്പനും, അപ്പൻറെ സഹോദരി സുഭദ്രയും!!'.എന്ന മട്ടിലാണ് സ്ഥിതി. കാരണം അവിടെ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ്.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ട് ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയുടെ ചരിത്രം വിലയിരുത്തുകയാണ്  ഇവിടെ.
 
ഇൻസ്ട്രുമെൻറ് ഓഫ് അക്സെഷൻ 
 
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ജമ്മു ആൻഡ് കശ്മീർ എന്ന പ്രദേശം ഇന്ത്യൻ ഡൊമിനിയൻറെ ഭാഗമായി തീർന്നത് അന്ന് അവിടുത്തെ മഹാരാജാവായിരുന്ന ഹരി സിങ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റണ് അയച്ച ഇൻസ്ട്രുമെൻറ് ഓഫ് അക്സെഷനിലൂടെയാണ്. 1947 ഒക്ടോബർ 26 ന് അദ്ദേഹം അയച്ച ആ രേഖയിൽ തൊട്ടടുത്ത ദിവസം ഗവർണർ ജനറൽ ഒപ്പിട്ടതോടെയാണ് ജമ്മു ആൻഡ് കശ്മീർ ഇന്ത്യയുടെ ഭാഗമായി തീർന്നത്. 
 
ആ പ്രദേശത്തിൻറെ ഭരണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ആ രേഖയിൽ പ്രതിപാദിച്ചിരുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കപ്പെട്ട കോൺസ്റ്റിറ്റുവെൻറ് അസംബ്ലിയിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടത് ജമ്മു ആൻഡ് കശ്മീരിനെ ബാധിക്കുന്ന വിഷയങ്ങൾ ഇൻസ്ട്രുമെൻറ് ഓഫ് അക്സെഷന് അനുസൃതമായേ കൈകാര്യം ചെയ്യാവൂ എന്നാണ്. 
 
ആർട്ടിക്കിൾ 370
 
ഈ കാഴ്ചപ്പാടിൻറെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണഘടനയിൽ 370 ആം വകുപ്പ് ചേർക്കപ്പെട്ടത്. ജമ്മു ആൻഡ് കശ്മീരിനെ ബാധിക്കുന്ന വിഷയങ്ങൾ ആ സംസ്ഥാനത്തിൻറെ അംഗീകാരത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നാണ് ആർട്ടിക്കിൾ 370 അനുശാസിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ, ജമ്മു ആൻഡ് കശ്മീരിന് സ്വയം ഭരണാവകാശം നൽകുന്ന വകുപ്പാണ് ആർട്ടിക്കിൾ 370.  മറ്റ് ഇന്ത്യൻ സംസ്ഥാങ്ങളെ അപേക്ഷിച്ച് ഇതൊരു പ്രത്യേക പദവിയാണ്. 
 
ആർട്ടിക്കിൾ 35 എ 
 
ജമ്മു ആൻഡ് കശ്മീരിൻറെ പ്രത്യേക പശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയിൽ ഉർചേർത്തിരിക്കുന്ന വകുപ്പാണ് 35 എ. അവിടുത്തുകാർക്ക് ഇന്ത്യൻ പരത്വം നൽകുന്ന വകുപ്പാണിത്. ഇതിൻപ്രകാരം അവിടുത്തെ നിയമസഭയ്ക്ക് ആ സംസ്ഥാനത്തെ പെർമനെൻറ് റെസിഡൻറ് ആരാണ് എന്ന് നിർവചിക്കാനുള്ള അധികാരമുണ്ട്. ജമ്മു ആൻഡ് കശ്മീരിൻറെ സവിശേഷതകൾ നിലനിർത്താൻ ഉതകുന്ന വിധത്തിൽ അവിടെ സ്ഥിര താമസക്കാരായിട്ടുള്ള ആളുകൾക്ക് ചില പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഇതിൻറെ അടിസ്ഥാനത്തിൽ നൽകപ്പെടുന്നുണ്ട്. (പെർമനെൻറ് റെസിഡൻറ്സിനു മാത്രമേ കശ്മീരിൽ ഭൂമി വാങ്ങാൻ കഴിയൂ, അവിടെ സർക്കാർ ജോലി ലഭിക്കൂ.) ജമ്മു ആൻഡ് കശ്മീരിൻറെ പ്രത്യേക പദവി ഒന്നുകൂടി വ്യക്തമാക്കുന്ന വകുപ്പാണിത്. 
 
സംഘപരിവാർ / ബിജെപി നിലപാട് 
 
ഇന്ത്യൻ ബഹുസ്വരത ഇല്ലാതാക്കാനും 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ' എന്ന ആശയം പ്രാവർത്തികമാക്കാനും ഉള്ള സംഘ പരിവാറിൻറെ ശ്രമങ്ങൾക്ക് തടസ്സം നിൽക്കുന്നതാണ് ജമ്മു ആൻഡ് കശ്മീരിൻറെ പ്രത്യേക പദവി. ഇന്ത്യ വിവിധ ദേശീയതകൾ ഉൾപ്പെടുന്ന രാജ്യമാണ് എന്ന വസ്തുത അംഗീകരിക്കുന്നവയാണ് ആർട്ടിക്കിൾ 370 ഉം ആർട്ടിക്കിൾ 35 എയും. അതുകൊണ്ടുതന്നെ, സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം അവ ഇല്ലാതാക്കിയേ തീരൂ. സംഘ പരിവാറിൻറെ രാഷ്ട്രീയ ആയുധമായ ബിജെപി സ്വാഭാവികമായും അതേ നിലപാടാണ് മുന്നോട്ടുവെക്കുന്നത്. 
ജമ്മു ആൻഡ് കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളയുക എന്നതാണ് ബിജെപിയുടെ നിലപാട്. പഴയ ജന സംഘത്തിൻറെയും നിലപാടിതായിരുന്നു. അതിന് ആർട്ടിക്കിൾ 370 ഉം ആർട്ടിക്കിൾ 35 എയും ഇല്ലാതാക്കണം. ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ബിജെപി വ്യക്തമാക്കുന്നത് ആർട്ടിക്കിൾ 370 ഉം ആർട്ടിക്കിൾ 35 എയും എടുത്തു കളയും എന്നാണ്. ഇതിനു പിന്നിലുള്ള കാരണം വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത സംഘ പരിവാറിൻറെ മനസികാവസ്ഥയാണെങ്കിലും ഈ രണ്ടു വകുപ്പുകൾ ജമ്മു ആൻഡ് കശ്മീരിൻറെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നു എന്ന വിചിത്ര വാദമാണ് അവർ മുന്നോട്ട് വെയ്ക്കുന്നത്. വികസനത്തിൻറെ പേരിൽ വർഗ്ഗീയത വിതയ്ക്കുന്ന അവരുടെ സ്ഥിരം അടവു തന്നെയാണിതും. 
 
നിയമപരമായ നീക്കങ്ങൾ 
 
2015 ൽ ജമ്മു ആൻഡ് കശ്മീർ സ്റ്റഡി സെൻറർ എന്ന ആർഎസ്എസ് അനുകൂല എൻജിഒ ആർട്ടിക്കിൾ 35 എയുടെ സാധുതയെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. 4 വർഷമായിട്ടും സുപ്രീം കോടതിയിൽ ജമ്മു ആൻഡ് കശ്മീരിൻറെ പ്രത്യേക പദവിക്ക് അനുകൂലമായ നിലപാട് എടുക്കാൻ ബിജെപി സർക്കാർ തയ്യാറായിട്ടില്ല. 
 
ഇരട്ടത്താപ്പ് 
 
ജമ്മു ആൻഡ് കശ്മീർ എന്ന പ്രദേശം തങ്ങളുടേതാണെന്നും അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ തങ്ങളുടേതല്ല എന്നുമുള്ള ഇരട്ടത്താപ്പാണ് സംഘ പരിവാർ മുന്നോട്ടു വെയ്ക്കുന്നത്. അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന അന്യഥാത്വത്തിന് പരിഹാരം കാണാതെ അവരുടെയും ആ പ്രദേശത്തിൻറെയും പ്രശ്നങ്ങൾക്ക് അറുതി വരുത്താനാവില്ല. അതിന് വർഗ്ഗീയതയുടെ കണ്ണുകൾ കൊണ്ടുള്ളതല്ല, മറിച്ച്, മാനവികതയുടെ വിശാലമായ ഹൃദയം കൊണ്ടുള്ള സമീപനമാണ് ആവശ്യമായിട്ടുള്ളത്. 
 
സിപിഐ എമ്മിൻറെ ഇടപെടൽ 
 
ആർട്ടിക്കിൾ 370 ൻറെ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ലീവ് പെറ്റീഷനിൽ സിപിഐഎം ഒരു ഇൻറർവെൻഷൻ ആപ്ലിക്കേഷൻ ഫയൽ ചെയ്തിട്ടുണ്ട്. ആർട്ടിക്കിൾ 370 എടുത്തു കളയണം എന്ന വാദം നമ്മുടെ ഭരണഘടനയിൽ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ഭരണഘടനയുടെ മാർഗ നിർദേശക തത്വങ്ങൾക്കെതിരായ സമീപനമാണിത്. 
 
ആർട്ടിക്കിൾ 370 എടുത്തു കളയുക അസാധ്യം 
 
ഇന്ത്യയെയും ജമ്മു ആൻഡ് കശ്മീരിനെയും ബന്ധിപ്പിക്കുന്ന പൊക്കിൾ കൊടിയാണ് ആർട്ടിക്കിൾ 370. അത് ഇല്ലാതെയാക്കുന്നത് ഇന്ത്യയുടെയും ജമ്മു ആൻഡ് കശ്മീരിൻറെയും ആരോഗ്യത്തിന് ഹാനികരമാണ്. വസ്തുതാപരമായി വിലയിരുത്തിയാൽ, ഇന്നത്തെ നിലയിൽ എടുത്തു കളയാൻ കഴിയുന്ന ഒന്നല്ല അത്. കാരണം, ആർട്ടിക്കിൾ 370 യുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് ജമ്മു ആൻഡ് കശ്മീരിൻറെ കോൺസ്റ്റിറ്റുവെൻറ് അസംബ്ലിയുടെ അംഗീകാരം വേണം. അതാകട്ടെ, 1957 ൽ ഇല്ലാതായ ഒരു സംവിധാനമാണ്. അതുകൊണ്ടാണ് ആർട്ടിക്കിൾ 370 സ്ഥിരം സ്വഭാവം ആർജ്ജിച്ചിട്ടുണ്ടെന്നും അതിനെ ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ഒഴിവാക്കാൻ ആവില്ല എന്നും സുപ്രീം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളത്.
 
ആർട്ടിക്കിൾ 370 പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണം 
 
യഥാർത്ഥത്തിൽ ഇന്ന് ആവശ്യമായിട്ടുള്ളത് അമ്പതോളം പ്രെസിഡെൻഷ്യൽ ഓർഡറുകളിലൂടെ പലപ്പോഴായി ദുർബലപ്പെടുത്തിയിട്ടുള്ള ആർട്ടിക്കിൾ 370 നെ (അതിൻറെ ഉത്തരവാദിത്തം കോൺഗ്രസിനാണ്) അതിൻറെ പൂർവസ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കുക എന്നതാണ്. ജമ്മു ആൻഡ് കശ്മീരിൻറെ വൈവിധ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സമഗ്രമായ ഇടപെടലുകൾ നടത്തുക എന്നതാണ് ശാശ്വതമായ നടപടി.
 
(ചരിത്ര ഗവേഷകനാണ് ലേഖകന്‍)
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top