16 September Monday

അന്ന് തൊപ്പിയൂരിയ ലീഗ് ഇന്ന് കൊടിമടക്കുന്നു

കെ രാജേന്ദ്രൻUpdated: Monday Apr 8, 2019


മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി പാർടിയുടെ പേര് മാറ്റിയ ഒരു നേതാവ് രാജ്യത്ത് ഉണ്ടായിരുന്നു. പേര് ഷെയ്ഖ് അബ‌്ദുള്ള. കശ‌്മീരിലെ പ്രാദേശിക പാർടിയായിരുന്ന മുസ്ലിം നാഷണൽ കോൺഫറൻസിന്റെ പേരിലെ ആദ്യവാക്കായ മുസ്ലിം  ഒ‍ഴിവാക്കി. പാർടിയിലെ തൊണ്ണൂറ് ശതമാനത്തോളം അംഗങ്ങളും അനുഭാവികളും മുസ്ലിങ്ങളായിരുന്നിട്ടും പതാകയുടെ നിറം പച്ചയാക്കിയില്ല. നാഷണൽ കോൺഫറൻസിന്റെ പതാകയുടെ നിറം ഇന്നും ചുവപ്പാണ്. അടുത്ത സുഹൃത്തായ ജവാഹർലാൽ നെഹ്റുവിന്റെ സ്വാധീനവും പാർടിക്കകത്തെ കമ്യൂണിസ്റ്റുകാരുടെ സാന്നിധ്യവുമാണ് കശ‌്മീരിൽ വർഗീയത ആളിപ്പടർന്നിരുന്ന അക്കാലത്ത്  ഇത്തരം ധീരമായ തീരുമാനങ്ങളെടുക്കാൻ ഷെയ്ഖ് അബ‌്ദുള്ളയ‌്ക്ക‌്  കരുത്തുനൽകിയത‌്.  ജനസംഘത്തിന്റെയും  പ്രജാപരിഷത്തിന്റെയും സമ്മർദങ്ങൾക്ക് മുന്നിൽ തലകുനിച്ച നെഹ്റു കശ‌്മീരിന‌് നൽകിയ പ്രത്യേക ഭരണഘടനാ അവകാശങ്ങളിൽ വെള്ളം ചേർത്തു. വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ ഷെയ്ഖ് അബ‌്ദുള്ളയും നിലപാട് മാറ്റി. പക്ഷേ, കൊടിയുടെ നിറം മാറ്റാനോ പാർടിയുടെ പേരിനൊപ്പം മുസ്ലിം എന്ന വാക്ക് പുനഃസ്ഥാപിക്കാനോ ഷെയ്ഖ് അബ‌്ദുള്ളയോ നാഷണൽ കോൺഫറൻസോ തയ്യാറായില്ല. മറിച്ചൊരു നിലപാട് കൈക്കൊണ്ടിരുന്നെങ്കിൽ കലുഷിതമായ കശ‌്മീരിൽ കലക്കവെള്ളത്തിൽ എളുപ്പത്തിൽ മീൻ പിടിക്കാൻ ഷെയ്ഖ് അബ‌്ദുള്ളയ‌്ക്ക‌് സാധിക്കുമായിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നവും പതാകയാണ്. മുസ്ലിംലീഗ് എന്ന പാർടിയുടെ പതാക. ലീഗിന്റെ പതാകയുടെ നിറം പച്ചയാണ്. പാക‌് പതാകയുടെ നിറവും പച്ചയാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് കോൺഗ്രസ് ശക്തി കേന്ദ്രമല്ല; കോൺഗ്രസിനേക്കാൾ ശക്തി മുസ്ലിംലീഗിനാണ്. രാഹുലിന്റെ  പ്രചാരണ പരിപാടികളിൽ  മുസ്ലിംലീഗിന്റെ പതാക പാറുന്ന ദൃശ്യങ്ങൾ  ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ കാണുമോ എന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും  ഇപ്പോ‍ഴത്തെ ആശങ്ക. എഐസിസി നേതൃത്വം സംസ്ഥാന കോൺഗ്രസ‌് നേതൃത്വത്തെയും കോൺഗ്രസ‌് നേതൃത്വം   മുസ്ലിംലീഗ‌് സംസ്ഥാന നേതൃത്വത്തെയും ആശങ്ക അറിയിച്ചു.  ഈ ആശങ്കയാണ് ലീഗിന്റെ വയനാട് ജില്ലാ ജനറൽ സെക്രട്ടറി യാഹ്യഖാൻ വാട്സാപ് ശബ്ദ സംപ്രേഷണത്തിലൂടെ മുസ്ലിംലീഗ് അണികളെ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ പത്രികാ സമർപ്പണ ആഘോഷത്തിൽ ആരും ലീഗിന്റെ പതാക വീശരുതെന്നായിരുന്നു യാഹ്യഖാന്റെ നിർദേശം.വാട്സാപ് സന്ദേശം മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് ലീഗ് അണികൾ അരിശം തീർത്തത്. വിഷയം വിവാദമായതോടെ രാഹുലിന്റെ റോഡ്ഷോക്കിടെ അവിടെയും ഇവിടെയുമെല്ലാമായി പച്ച പതാക പാറിച്ചാണ് ലീഗും കോൺഗ്രസും തടിയൂരിയത്.പിറ്റേ ദിവസം ഇറങ്ങിയ ചന്ദ്രിക പത്രത്തിൽ നൽകിയ ചിത്രത്തിലും ലീഗ്‌ കൊടി കുറവായിരുന്നു.

ചത്ത കുതിരയുടെ തൊപ്പിയൂരിയ കഥ
വിമോചന സമരകാലത്ത് കോൺഗ്രസിനുവേണ്ടി മുസ്ലിം  സമുദായത്തിനിടയിൽ കമ്യൂണിസ്റ്റ് വിരുദ്ധത ആളിക്കത്തിക്കുക എന്ന ദൗത്യമാണ് ലീഗിന്  നിർവഹിക്കാനുണ്ടായിരുന്നത്. വർഗീയ രാഷ്ടീയം എങ്ങനെ എളുപ്പത്തിൽ വോട്ടാക്കിമാറ്റാമെന്ന് ലീഗിലെ മഹാരഥന്മാർ അന്നേ തെളിയിച്ചതാണ്. 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ  ലീഗിന് 11 സീറ്റ‌് ലഭിച്ചു. വിമോചന സമരത്തിലൂടെ കമ്യൂണിസ്റ്റ് വിരുദ്ധ സർക്കാരിനെ അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചെങ്കിലും ലീഗിന് മന്ത്രിസഭയിൽ  ഇടംനൽകാൻ അന്നത്തെ കോൺഗ്രസ് ഹൈക്കമാൻഡ‌് തയ്യാറായില്ല.

ചത്ത കുതിരയായ ലീഗിനെ കാ‍ഴ്ചബംഗ്ലാവിൽ സൂക്ഷിക്കണമെന്ന് ജവാഹർലാൽ നെഹ്റു പരസ്യമായി അധിക്ഷേപിച്ചിട്ടും ലീഗ് അധികാരത്തിന‌ുവേണ്ടി കോൺഗ്രസ് നേതാക്കൾക്കുമുന്നിൽ യാചിച്ചുകൊണ്ടിരുന്നു. ഒടുവിൽ മനമില്ലാമനസ്സോടെ കോൺഗ്രസ് വച്ചുനീട്ടിയ സ്പീക്കർ സ്ഥാനത്ത് സീതിസാഹിബിനെ അവരോധിച്ചുകൊണ്ടാണ്ലീഗ് അന്ന് സായൂജ്യമടഞ്ഞത്. സീതി സാഹിബ് മരിച്ചതിനെത്തുടർന്ന് സി എച്ച് മുഹമ്മദ് കോയയെ സ‌്പീക്കർ ആക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. സ‌്പീക്കർ ആക്കണമെങ്കിൽ  സി എച്ച് മുസ്ലിംലീഗ‌് അംഗത്വം രാജിവയ‌്ക്കണമെന്ന് നെഹ്റു നിഷ‌്കർഷിച്ചു. ലീഗിന് അന്നും ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമായിരുന്നു. സ‌്പീക്കർ കസേരയിലിരിക്കാനായി സി എച്ച് സ്വന്തം പാർടി അംഗത്വം രാജിവച്ചു. കാര്യസാധ്യത്തിനായി ആത്മാഭിമാനം പണയം വയ‌്ക്കുന്നതിന‌് ‘കോയയുടെ തൊപ്പി ഊരിച്ചപോലെ’ എന്ന വിശേഷണം  അന്നുമുതലാണ്  പ്രയോഗിച്ചുതുടങ്ങിയത്.

കേരളത്തിൽ ലീഗിനെ ഭരണത്തിൽ പങ്കാളിയാക്കിയാൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ മതേതര പ്രതിച്ഛായക്ക‌് പോറലേൽക്കുമെന്ന‌് ജവാഹർലാൽ നെഹ്റു ആശങ്കപ്പെട്ടു. നെഹ്റുവിന്റെ കൈകളിൽനിന്ന് രാഹുലിലേക്ക‌് എത്തപ്പെട്ട കോൺഗ്രസിന്റെ രൂപവും ഭാവവും അടിമുടി മാറിയിരിക്കുന്നു. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത‌്  മുസ്ലിംലീഗിന്റെ കനിവ് തേടിയാണെന്ന വസ‌്തുത പ്രകടമായാൽ ഉത്തരേന്ത്യയിലെ മൃദു ഹിന്ദുത്വ നിലപാടുകൾക്ക് തിരിച്ചടിയാകുമോ എന്നതാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആശങ്ക. ലീഗിന് ആശങ്കയോ ആശയക്കു‍ഴപ്പമോ ഇല്ല. ലീഗ് ഇന്നും തൊപ്പി ഊരിയ പ‍ഴയ ചത്തകുതിര തന്നെയാണ്.

 

പച്ച എങ്ങനെ അസ്‌പൃശ്യമാകും
പച്ച പാകിസ്ഥാന്റെ ദേശീയ പതാകയുടെ നിറമാണ്. ഇന്ത്യയിലെ ഏതെങ്കിലും മുസ്ലിം മതവിശ്വാസി  പച്ച പതാക വീശിയാൽ അയാൾ പാക‌് അനുകൂലിയും ഇന്ത്യാവിരുദ്ധനും ആകുമെന്ന സംഘപരിവാർ പ്രചാരണത്തിന് വിഭജന കാലത്തോളം പ‍ഴക്കമുണ്ട്.  അടുത്ത കാലംവരെ ബിജെപിയുടെ വിശ്വസ‌്ത സഖ്യകക്ഷിയായിരുന്ന ജമ്മു കശ‌്മീരിലെ പിഡിപി പാർടിയുടെ കൊടിയുടെ നിറവും പച്ചയാണ്. ലോകത്തെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ‌്മയായ ഒഐസിയുടെ (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക‌്കോർപറേഷൻ) പതാകയുടെ നിറം പച്ചയാണ്. ഒഐസിയിലെ 57 അംഗ രാജ്യങ്ങളുടേയും പതാകകളിൽ പച്ചയുണ്ട്. ക‍ഴിഞ്ഞ മാർച്ചിൽ അബുദാബിയിൽ നടന്ന മന്ത്രിതല ഉച്ചകോടിയിൽ  പാകിസ്ഥാന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ഇന്ത്യയെ പ്രത്യേക ക്ഷണിതാക്കളായി ഒഐസി ആദരിച്ചത്. ഭൂരിഭാഗം വരുന്ന അയൽരാജ്യങ്ങളേയും മോഡി സർക്കാർ പിണക്കിയപ്പോ‍ഴും ഇന്നും ഇന്ത്യയുമായി ഇ‍ഴപിരിയാത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് പച്ച പതാകയുള്ള ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമാണ്. യാഥാർഥ്യങ്ങൾ ഇതെല്ലാമാണെങ്കിലും "പച്ച’ ബിജെപിക്ക് വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും  സംജ്ഞയാണ്. ഈ സംജ്ഞയെ ആശയപരമായി നേരിടാനല്ല, പ്രിയങ്ക ഗാന്ധിയുടെ ഗംഗായാത്രയിലൂടെയും രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളിലൂടെയും മറികടക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അധികാരത്തിന്റെ അപ്പക്കഷ‌ണംമാത്രം ലക്ഷ്യമിടുന്ന മുസ്ലിം ലീഗാകട്ടെ കോൺഗ്രസിന്റെ പല്ലവിക്കൊപ്പം ദയനീയമായി ചുവടുവയ‌്ക്കുന്നു.

മുസ്ലിംലീഗിന്റെമാത്രം അവസ്ഥയല്ലിത്. കോൺഗ്രസിലെ പ്രമുഖരായ മുസ്ലിം നേതാക്കിൽ പലരേയും ഏറെക്കാലമായി തെരഞ്ഞെടുപ്പ് രാഷ്ടീയത്തിൽനിന്ന് ബോധപൂർവം  അകറ്റിനിർത്തുകയാണ്. സോണിയ ഗാന്ധിയുടെ വിശ്വസ‌്തനായ അഹമ്മദ് പട്ടേൽ ക‍ഴിഞ്ഞ 28 വർഷമായി  ഒരു ലോക‌്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. ഗുജറാത്തിലെ ജന്മനാടായ ബറൂച്ചിൽനിന്ന് ജനവിധി തേടാൻ ഇത്തവണയും പട്ടേൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പട്ടേലിന്റെ സാന്നിധ്യം ഗുജറാത്തിൽ ഹിന്ദുവോട്ടർമാരെ അകറ്റുമോ എന്നതാണ് കോൺഗ്രസ് നേതാക്കളുടെ ഭയം. ഈ ഒറ്റ കാരണംകൊണ്ട് സോണിയ ഗാന്ധിയുടെ വിശ്വസ‌്തനായ അഹമ്മദ് പട്ടേലിന് ഇത്തവണയും സീറ്റ് നിഷേധിച്ചു. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽനിന്ന് അകന്നതിനെത്തുടർന്നാണ് അസമിൽ എഐയുഡിഎഫ്, തെലങ്കാനയിൽ എഐഎംഐഎം എന്നീ പാർടികൾ ശക്തമായത്. ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ബി ടീമായ കോൺഗ്രസിനെ ഇവർക്ക് വിശ്വാസമില്ല. മുസ്ലിം വോട്ടുകളിൽ ഇവർ ഉണ്ടാക്കുന്ന ഭിന്നിപ്പിന്റെ നേട്ടം ബിജെപിക്കായിരിക്കും; കോട്ടം കോൺഗ്രസിനും.

കോൺഗ്രസ് മാത്രമല്ല, മുസ്ലിംലീഗും കേരള കോൺഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗ് നേതാക്കളും ബിജെപി നേതാക്കളും പലതവണ ചർച്ച നടത്തി. മറ്റ് കക്ഷികളേക്കാൾ  സഹകരണാത്മകസമീപനം അവരിലുണ്ടായി. ബിജെപി സഹകരണം ഉറപ്പാക്കുന്നതിൽ കരുണാകരൻ അത്യുത്സാഹം കാട്ടി

 

മാരാരുടെ പുസ‌്തകം ഒരുമിച്ച് വായിക്കണം
ഹിന്ദുവർഗീയത ആളിക്കത്തിക്കുന്നതിനായി യുപി മുഖ്യമന്ത്രി ആദിത്യനാഥ് മുസ്ലിംലീഗിനെ  "ഇന്ത്യയെ കാർന്നുതിന്നുന്ന വൈറസ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ആദിത്യനാഥിന്റെ അധിക്ഷേപത്തിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് മുസ്ലിംലീഗ‌് നേതാവ് കുഞ്ഞാലിക്കുട്ടി പ്രസ‌്താവിച്ചിരിക്കുന്നു‌. മതവിവേചനത്തിന്റെ പ്രതീകമായ മുത്തലാഖ് ബിൽ പാസാക്കുന്നതിനായി ലോക‌്സഭയിൽനിന്ന‌് വിട്ടുനിന്ന് ബിജെപിയെ സഹായിച്ച  നേതാവാണ് കുഞ്ഞാലിക്കുട്ടി. എന്തായാലും  ജന്മഭൂമി പത്രത്തിന്റെ  അസോസിയേറ്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണൻ  കെ ജി മാരാരെക്കുറിച്ച്‌ എ‍ഴുതിയ ജീവചരിത്രഗ്രന്ഥം  ആദിത്യനാഥും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചിരുന്ന‌് വായിക്കണം. ഗ്രന്ഥത്തിൽ 1991ലെ കോ-ലീബി സഖ്യത്തെക്കുറിച്ച് ഇങ്ങനെ എ‍ഴുതിയിരിക്കുന്നു:

"കോൺഗ്രസ് മാത്രമല്ല, മുസ്ലിംലീഗും കേരള കോൺഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗ് നേതാക്കളും ബിജെപി നേതാക്കളും പലതവണ ചർച്ച നടത്തി. മറ്റ് കക്ഷികളേക്കാൾ  സഹകരണാത്മകസമീപനം അവരിലുണ്ടായി. ബിജെപി സഹകരണം ഉറപ്പാക്കുന്നതിൽ കരുണാകരൻ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും  തൃശൂരും കോ‍ഴിക്കോടും കൂടിയാലോചനകൾക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാർഥിയായി ബേപ്പൂരിൽ ഡോ. കെ മാധവൻകുട്ടിയെ നിർത്താനും വടകര ലോക‌്സഭാ മണ്ഡലത്തിൽ അഡ്വ. രത്നസിങ്ങിനെ പൊതുസ്ഥാനാർഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിനുപുറമെ മഞ്ചേശ്വരത്ത് കെ ജി മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ രാമൻപിള്ള, തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ ഒ രാജഗോപാൽ എന്നിവർക്ക് ഐക്യമുന്നണി പിന്തുണനിൽക്കാൻ ധാരണയിലെത്തിയിരുന്നു. കെ ജി മാരാർക്ക് ജയിക്കാനാവശ്യമായ വോട്ട്  കോൺഗ്രസും ലീഗും നൽകുമെന്ന‌് ഉറപ്പുണ്ടായി. അതിനായി  ഓരോ മുതിർന്ന നേതാക്കളെ അവർ ചുമതലപ്പെടുത്തുന്നതായും അറിയിച്ചു.’

അന്ന‌് കോ-ലീ-ബി സഖ്യമെങ്കിൽ ഇന്ന‌് കോലീബി- എസ് ഡിപിഐ സഖ്യമാണ്. കൊല്ലം മണ്ഡലത്തിലെമാത്രം കാര്യമെടുക്കാം. ഇവിടത്തെ ബിജെപി സ്ഥാനാർഥി ആരാണെന്ന‌് ബിജെപിക്കാർക്കുപോലും അറിയില്ല. യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനുവേണ്ടി വോട്ട്പിടിക്കാൻ ആദിത്യനാഥും കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചെത്തുമോ എന്നുമാത്രമേ ഇനി അറിയാനുള്ളൂ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top