16 January Saturday

കേരളകോൺഗ്രസ്‌ പോയതോടെ യുഡിഎഫ്‌ ഭദ്രമായി - രമേശ്‌ ചെന്നിത്തല സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


യുഡിഎഫ്‌ രാഷ്ട്രീയത്തെ നയിക്കുന്നത്‌‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല. ഉമ്മൻചാണ്ടിയോളം നേതൃശേഷി പ്രകടിപ്പിക്കുന്നില്ലെന്ന്‌ കോൺഗ്രസുകാർതന്നെ പ്രചരിപ്പിക്കുമ്പോഴും, അവിശ്രമം മുന്നോട്ടു തന്നെയാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയം. സർക്കാരിന്‌ മീഡിയ മാനിയ ആണെന്ന്‌ ഒരുവശത്ത്‌ ആക്ഷേപിക്കുമ്പോൾ, അതേ മീഡിയയെ ചെന്നിത്തല കാണാത്ത ദിവസവും ഉണ്ടാകില്ല. പറയാനുള്ളത്‌ നിരന്തരം പറഞ്ഞുപോകുമ്പോൾ, അതിലെ കതിരും പതിരുമൊന്നും ചികഞ്ഞ്‌ മറുപടി പറയാനുള്ള സമയമോ ശ്രദ്ധയോ അദ്ദേഹം കാട്ടാറില്ല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.

● വികസനവും മതമൈത്രിയുമാണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫ്‌ മുദ്രാവാക്യം‌. എന്നാൽ, യുഡിഎഫ്‌‌ എന്താണ്‌ പറയുന്നത്‌?
പ്രാദേശിക വികസനം ശക്തിപ്പെടുത്തും എന്നതാണ്‌ പ്രധാന വാഗ്‌ദാനം‌. യുഡിഎഫാണ്‌ അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തിയത്‌. എന്നാൽ, എൽഡിഎഫ്‌ സർക്കാരുകൾ അധികാരം കവർന്നെടുത്തു.

● യുഡിഎഫ്‌ കാലത്ത്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ ശോഷിച്ച നിലയിലായിരുന്നു?
ഒരിക്കലുമല്ല. കഴിഞ്ഞ നാലര വർഷത്തെ എൽഡിഎഫ്‌ ഭരണം തദ്ദേശഭരണ സ്ഥാപനങ്ങളെ തകർക്കുകയാണ്‌ ചെയ്‌തത്‌. 40 മുതൽ 50 ശതമാനംവരെ മാത്രമാണ്‌ വികസനഫണ്ടിന്റെ ചെലവ്‌. വാർഷിക പദ്ധതികൾ വെട്ടിച്ചുരുക്കി. അഞ്ചാം ധന കമീഷൻ ശുപാർശകളും നടപ്പാക്കിയില്ല. റീബിൽഡ്‌ കേരള പദ്ധതിയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ കാര്യമായ പങ്കാളിത്തം നൽകിയില്ല.

● സംസ്ഥാന സർക്കാർ ലൈഫ്‌ പദ്ധതിയിലൂടെമാത്രം രണ്ടര ലക്ഷത്തോളം വീട്‌ നൽകി. ആർദ്രം, ഹരിതകേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയുടെയും കേന്ദ്ര ബിന്ദു തദ്ദേശസ്ഥാപനങ്ങളല്ലേ?
ഇവ പുതിയ പദ്ധതികളല്ല. നിലവിലുണ്ടായിരുന്ന വിവിധ പദ്ധതികൾ കൂട്ടിയോജിപ്പിച്ചതാണ്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നാൽ ഇവ അതുപോലെ തുടരില്ല. പുതിയ കാഴ്‌ചപ്പാടോടെയാകും നടപ്പാക്കുക. ഇതിനായി നാല്‌ മിഷനും ഫലപ്രദമായി വിലയിരുത്തും.

● അഴിമതിക്കൊരു വോട്ട്‌ എന്നായിരുന്നല്ലോ യുഡിഎഫിന്റെ ആദ്യ മുദ്രാവാക്യം. എന്തുകൊണ്ടാണ്‌ ‌ യുഡിഎഫ്‌ അതിൽനിന്ന്‌ പിന്മാറിയത്‌?
കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യ സമിതിയിൽ വന്ന അഭിപ്രായമാണ്‌ അഴിമതിക്കെതിരെ ഒരു വോട്ട്‌ എന്നത്‌. കേരളത്തിൽ എല്ലാ പദ്ധതികളിലും അഴിമതിയാണ്‌. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ഇപ്പോൾ ജയിലിലാണ്‌. ഇതിൽനിന്നൊക്കെ രക്ഷപ്പെടാനും പ്രതികാരം തീർക്കാനുമാണ്‌ പ്രതിപക്ഷത്തെ വേട്ടയാടുന്നത്‌. അത്‌ നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ.

● ബാർകോഴ കേസിൽ ചെന്നിത്തലയ്‌ക്ക്‌ എതിരെ ഒരു അന്വേഷണവും നടന്നിട്ടില്ലെന്ന വിവരമാണ്‌ ഇപ്പോൾ പുറത്തുവന്നത്‌. എന്ത്‌ പറയുന്നു?
അതേക്കുറിച്ച്‌ ഇനി പ്രതികരിക്കാനില്ലെന്ന്‌ പറഞ്ഞതാണ്‌.

● യുഡിഎഫിൽ ഇപ്പോൾ ലോക്‌താന്ത്രിക്‌ ജനതാദളുംകേരളകോൺഗ്രസും (മാണി)  ഇല്ല. ശോഷിച്ച യുഡിഎഫ്‌ അല്ലെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്‌?
മുന്നണികളിൽനിന്ന്‌ രാഷ്‌ട്രീയകക്ഷികൾ പല കാരണങ്ങളാൽ പോകാറുണ്ട്‌. കേരള കോൺഗ്രസ്‌ യുഡിഎഫ്‌ വിട്ടത്‌ നന്നായി. ഇപ്പോൾ യുഡിഎഫിൽ നല്ല ഭദ്രത കൈവന്നിട്ടുണ്ട്‌. അച്ചടക്കവും യോജിപ്പുമുണ്ടായി.

● തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും കുറ്റപ്പെടുത്താൻ യുഡിഎഫ്‌ പിശുക്ക്‌ കാണിക്കുന്നു?
തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിന്റെ കൊള്ളയും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധനയവും ഒരുപോലെയാണ്‌ യുഡിഎഫ്‌ പ്രചാരണായുധമാക്കുന്നത്‌.

● പക്ഷേ, സർക്കാരിനെതിരായ സമരത്തിൽ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണല്ലോ?
യുഡിഎഫും ബിജെപിയും ഒന്നിച്ച്‌ സമരം ചെയ്യുന്നുവെന്നത്‌ ബോധപൂർവമായ കള്ളപ്രചാരണമാണ്‌. പ്രതിപക്ഷ സംഘടനകൾ സർക്കാരിനെതിരെ ഒരുവിഷയം ഉയർത്തുന്നത്‌ സ്വാഭാവികമാണ്‌.

●ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ സംഘടനയായ വെൽഫയർ പാർടിയുമായി യുഡിഎഫ്‌ സഖ്യത്തിലാണ്‌. വളരെ അപകടകരമായ തീരുമാനമല്ലേ ഇത്‌?
വെൽഫെയർ പാർടിയുമായി ഔദ്യോഗിക കൂട്ടുകെട്ടില്ല. രാഷ്‌ട്രീയ ബന്ധത്തിന്‌ യുഡിഎഫ്‌ ഒരു അനുമതിയും നൽകിയിട്ടില്ല. ചില നീക്കുപോക്കാണുള്ളത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ശുദ്ധരാഷ്‌ട്രീയമല്ലല്ലോ.

തയ്യാറാക്കിയത്‌: റഷീദ‌് ആനപ്പുറം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top