31 July Saturday

അനാവശ്യങ്ങളിൽ മുണ്ട്‌ മുറുക്കും- ധനമന്ത്രി നയം വ്യക്തമാക്കുന്നു

തയ്യാറാക്കിയത്‌ : ജി രാജേഷ്‌ കുമാർUpdated: Thursday Jun 17, 2021

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലാത്ത അവസ്ഥയിലാണ്‌ മുന്നോട്ടുപോകുന്നത്‌. നോട്ട്‌ നിരോധനം, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ജിഎസ്‌ടി നടപ്പാക്കൽ, നിപാ, ഓഖി, പ്രളയങ്ങൾ, കോവിഡിന്റെ ഒന്നും രണ്ടും തരംഗങ്ങൾ, സാമ്പത്തികമാന്ദ്യം തുടങ്ങിയവയെല്ലാം വരുമാനത്തെ ബാധിച്ചു. നികുതി–-നികുതിയിതര വരുമാനങ്ങൾ കുറഞ്ഞു. വരുമാന വളർച്ച നിരക്കുകൾ രാജ്യത്താകെ ഇടിയുന്നു. കേരളത്തിലും ഇത്‌ പ്രകടം. സംസ്ഥാനത്ത്‌ സർക്കാർ ചെലവുകൾ കുറയുന്നില്ല, ഉയരുകയാണ്‌. ആപത്തുകാലത്ത്‌ കടമെടുത്തായാലും ജനങ്ങളുടെ രക്ഷ ഉറപ്പാക്കുകയാണ്. ഈ അസാധാരണ സാഹചര്യം മുറിച്ചുകടക്കുമ്പോൾ പണത്തിന്റെ ധൂർത്തും ദുരുപയോഗവും ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലെന്ന്‌‌‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ദേശാഭിമാനിയോട്‌ നയം വ്യക്തമാക്കുന്നു.

പുതുക്കിയ ബജറ്റ്‌ അവതരിപ്പിച്ചശേഷം, അസാധാരണ സാഹചര്യത്തിലെ കർശന ചെലവു ചുരുക്കൽ നടപടികളിലേക്ക്‌ കടക്കുകയാണെന്ന്‌ പ്രഖ്യാപിച്ചു. ഇത്‌ എത്രത്തോളം പ്രായോഗികതലത്തിൽ എത്തിക്കാനാകുമെന്നാണ്‌ പ്രതീക്ഷ?
സർക്കാരിന്‌ മതിയായ പണം ഇല്ലെന്നത്‌ ജനങ്ങൾക്ക്‌ നന്നായി അറിയാം. സാമ്പത്തികമാന്ദ്യവും പ്രകൃതി ദുരന്തവും വരുന്ന ഘട്ടത്തിൽ സർക്കാർ ചെലവ്‌ ചുരുക്കുന്നതാണ്‌ പൊതുസമീപനം. ഇടതുപക്ഷ സമീപനം അതല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ, കടമെടുത്തായാലും മുൻനിരയിൽനിന്ന്‌ നാടിനെ ആപത്തിൽനിന്ന്‌ രക്ഷിക്കണം. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ അതേ നയംതന്നെയാണ്‌ ഈ സർക്കാരും തുടരുന്നത്‌. ഇതിനൊപ്പം പിടിവള്ളിയും ഉറപ്പാക്കേണ്ടതുണ്ട്‌. ഇവിടെയാണ്‌ വരുമാന വർധനയ്‌ക്കും ചെലവ്‌ ചുരുക്കലിനും പ്രാധാന്യമേറുന്നത്‌. പൊതുചെലവ്‌ കുറയ്‌ക്കുക എന്നത്‌ പ്രായോഗികമല്ല. അനാവശ്യ ചെലവും ധൂർത്തും ഇല്ലാതാക്കാനാകും. പ്രതിസന്ധിയെ അവസരമാക്കാനാണ്‌ തീരുമാനം.

വരുമാനവർധന മുഖ്യ പരിഗണന ആകുമ്പോഴും ബജറ്റിൽ അധിക വിഭവ സമാഹരണ നിർദേശമൊന്നുമില്ല?
നികുതിയിതര മേഖലയിൽ മാത്രമല്ല, നികുതിയിൽപ്പോലും വർധന അത്യാവശ്യമാകുന്ന സാഹചര്യത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ബജറ്റിൽ നികുതി വർധന‌ പൊതുവിൽ പ്രതീക്ഷിച്ചിരുന്നു. തൊഴിലും വരുമാനവും നിലച്ച അവസ്ഥയിൽ നികുതിയും നികുതിയിതര ഫീസുകളും വർധിപ്പിക്കുന്നത്‌ അനൗചിത്യമാണ്‌. സമ്പദ്‌ഘടനയുടെ വീണ്ടെടുപ്പിൽ നാട്ടിൽ വരുമാനം ഉയരും. പുതിയ വരുമാനമാർഗങ്ങളെക്കുറിച്ച്‌ അപ്പോൾ ആലോചിക്കാനാകും.

സർക്കാരിന്റെ മുൻഗണനകൾ?
ആദ്യ പരിഗണന ആരോഗ്യത്തിന്‌. എല്ലാവർക്കും ചികിത്സയും ഭക്ഷണവും വാക്‌സിനും എന്നതിലേക്ക്‌ എത്തുന്നു. കോവിഡിനെ കീഴടക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ്‌ ലക്ഷ്യം. ആരോഗ്യ അടിയന്തരാവസ്ഥ മറികടക്കാനായാൽ കാർഷിക, വ്യാവസായിക, സേവനമേഖലകളുടെ വീണ്ടെടുപ്പ്‌ സാധ്യമാകും. സ്‌കൂളുകളടക്കം തുറക്കാനാകും. ടൂറിസത്തിലേക്ക്‌ മടങ്ങാം. ഒപ്പം, പ്രാഥമിക സഹകരണ സംഘങ്ങളെയും വാണിജ്യ ബാങ്കുകളെയും ഉപയോഗിച്ചുള്ള വിപുല സാമ്പത്തിക പുനരുജ്ജീവന വായ്‌പാ പദ്ധതിയുമുണ്ടാകും. ദീർഘകാല പദ്ധതികളിൽ അഭ്യസ്തവിദ്യർക്ക്‌ തൊഴിൽ ഉറപ്പാക്കുന്നതിന്‌ വലിയ പ്രാധാന്യം നൽകുന്നു‌. കേരള നോളജ്‌ ഇക്കോണമി മിഷൻ മുന്നിൽനിന്ന്‌ നയിക്കും. തീരസംരക്ഷണത്തിനായി 5300 കോടി രൂപ നീക്കിവച്ചു. 10,000 കോടയിലേറെ രൂപയുടെ പദ്ധതികൾ തീരദേശത്ത്‌‌ വലിയ മാറ്റം സൃഷ്ടിക്കും. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, കിടപ്പാടം, ആരോഗ്യകരമായ ചുറ്റുപാട്‌, സമാധാനപരമായ ജീവിതം ഇവയൊക്കെയാണ്‌ ഉറപ്പാക്കുന്നത്‌.

കർഷക നേതാവായ ധനമന്ത്രിയുടെ കാർഷികമേഖലയ്‌ക്കായുള്ള കരുതലിൽ ആർക്കും ആക്ഷേപമില്ല. എത്രത്തോളം വിജയ പ്രതീക്ഷയാണുള്ളത്‌?
ചക്കപ്പഴംമുതൽ കൈതച്ചക്കവരെ നിർജലീകരിച്ച്‌ ഉപ്പേരിയാക്കി വിപണിയിലെത്തിക്കുന്ന സാങ്കേതികവിദ്യ വിയറ്റ്‌നാം ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ ദശകങ്ങളായി. നാം ഇപ്പോഴും ചിന്തിച്ചു തുടങ്ങിയിട്ടില്ല. ധാന്യ ഉൽപ്പാദനത്തിലെ കേന്ദ്രീകരണം പയർ, പഴം, പച്ചക്കറി, കിഴങ്ങുവർഗങ്ങളിലേക്കും വരണം. ഉൽപ്പാദനം കൂടുന്നതിനൊപ്പം, സംഭരണം, സംസ്‌കരണം, വിപണനം തുടങ്ങിയവയിൽ പുതിയ വെല്ലുവിളികളെ നേരിടാനും സാങ്കേതിക വിദ്യകൾ പ്രായോഗികമാക്കാനുമാകണം. ഇതിനാവശ്യമായ മൂലധന നിക്ഷേപം ഉറപ്പാക്കാൻ കാർഷിക സഹകരണ സംഘങ്ങളെ മുന്നിൽ നിർത്തുകയാണ്‌. വിപണനത്തിന്‌ വിവര സാങ്കേതിക വിദ്യാ സഹായവും തേടുന്നു. ലോകം കാർഷികമേഖലയിലെ സാങ്കേതികമാറ്റം പൂർണതോതിൽ നടപ്പാക്കിക്കഴിഞ്ഞു. നമുക്ക്‌ കാത്തുനിൽക്കാനാകില്ല. കാർഷിക ഉൽപ്പന്നങ്ങൾ വ്യാവസായിക ഉൽപ്പാദനത്തിനുള്ള മുഖ്യ അസംസ്‌കൃത വസ്‌തുവാകണം. അത്തരം വ്യവസായങ്ങളും വ്യാപകമാക്കണം. ഇതിനുള്ള പദ്ധതികളിലേക്ക്‌ കടക്കുകയാണ്‌.

ധനമന്ത്രിയുടെ കീശയിൽ പണമില്ലെന്നത്‌ വസ്‌തുതയാണ്‌. പ്രതിസന്ധി എങ്ങനെ മറികടക്കും?
സമ്പദ്‌വ്യവസ്ഥയിൽ വലിയ ഇടിവാണുള്ളത്‌. കഴിഞ്ഞവർഷം ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിൽ 3.82 ശതമാനമാണ്‌ കുറവ്‌‌. റവന്യൂവരുമാനം 18.77 ശതമാനം ഇടിഞ്ഞു. നടപ്പുവർഷം 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ചു. ആദ്യപാദം പൂർണമായും സ്‌തംഭനാവസ്ഥയിലായി. രണ്ടാംപാദത്തിലെ സ്ഥിതി കണ്ടറിയണം. 10 ലക്ഷത്തോളം പ്രവാസികൾ മടങ്ങിയെത്തി. ഇവർ വഴി നടന്നിരുന്ന പണം എത്തൽ നിലയ്‌ക്കും. ഇവരിൽ മഹാഭൂരിപക്ഷത്തിനും പുനരധിവാസം ഉറപ്പാകേണ്ടതുണ്ട്‌. കേന്ദ്ര വിഹിതങ്ങളും ജിഎസ്‌ടി നഷ്ടപരിഹാരവുമാണ്‌ പ്രതീക്ഷിക്കേണ്ടത്‌. രണ്ടിലും നിരാശമാത്രം. കേന്ദ്ര സർക്കാരുകൾ നവഉദാരവൽക്കരണ നയങ്ങളുടെയും കെടുകാര്യസ്ഥതയുടെയും തിക്തഫലങ്ങൾ കണ്ടുതുടങ്ങി. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നികുതിക്കൊള്ള നടത്തിയിട്ടും കേന്ദ്രത്തിന്റെ നില ഭദ്രമല്ല. സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതങ്ങൾ അടിക്കടി കുറയുന്നു. എൺപതുകളിൽ 3.92 ശതമാനമായിരുന്നു കേരളത്തിന്‌‌ അവകാശപ്പെട്ട കേന്ദ്ര നികുതിവിഹിതം. ഇപ്പോൾ 1.92 ശതമാനമായി. ഏതാണ്ട്‌ പകുതി നഷ്ടപ്പെട്ടു. ജിഎസ്‌ടി നഷ്ടപരിഹാരം കുടിശ്ശികയാണ്‌. നഷ്ടപരിഹാരം അഞ്ചുവർഷത്തേക്കെങ്കിലും നീട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ല. നൂറ്റാണ്ടിലെ അപൂർവ പ്രതികൂല സാഹചര്യത്തിൽ, കടമെടുക്കാനും സംസ്ഥാനങ്ങൾക്ക്‌ സ്വാതന്ത്ര്യമില്ല. കടമെടുപ്പ്‌ പരിധി ഉയർത്തുന്നതായി പ്രഖ്യാപിച്ചശേഷം ഉപാധികൾ വയ്‌ക്കുന്നു. ജനവിരുദ്ധ നിബന്ധനകളാണ്‌ ഉപാധികളുടെ കാതൽ. ഇത് അംഗീകരിക്കാൻ കേരളത്തിനാകില്ല.

കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ എന്ത്‌ നിലപാടായിരിക്കും സ്വീകരിക്കുക?
ജനവിരുദ്ധ കേന്ദ്രനയങ്ങൾക്കെതിരായ പോരാട്ടത്തിൽ മുന്നിലാണ്‌ കേരളത്തിന്റെ സ്ഥാനം. സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉറപ്പാക്കുകയാണ്‌ പ്രധാനം. കോവിഡ്‌ സാധന സാമഗ്രികളുടെ ജിഎസ്‌ടി കുറയ്‌ക്കുന്നതിന്‌ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശൽ സഹായിച്ചു. 12 സംസ്ഥാനത്തിന്‌ ജിഎസ്‌ടി കൗൺസിലിൽ ഒരേ സ്വരം ഉയർത്താനായി. ഇതിൽ കേരളത്തിന്റെ നിലപാട്‌ നിർണായകമായി. പൂജ്യം നിരക്കാണ്‌ നമ്മൾ മുന്നോട്ടുവച്ചത്‌. ഈ നേതൃ നിലപാടായിരിക്കും തുടർന്നും സ്വീകരിക്കുക. ഭരണവും സമരവുമെന്നത്‌ കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്‌. ‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top