19 September Sunday

കുതിപ്പേകും ഹരിതോർജം - ഗതാഗത മന്ത്രി ആന്റണി രാജു ദേശാഭിമാനിയോട്‌ സംസാരിക്കുന്നു

തയ്യാറാക്കിയത്‌: സുമേഷ്‌ കെ ബാലൻUpdated: Wednesday Jul 14, 2021

അടിക്കടിയുള്ള ഇന്ധനവിലവർധനയിൽ പിടിച്ചുനിൽക്കാനാകാത്തവിധം പ്രതിസന്ധിയിലാണ്‌ 
മോട്ടോർ വാഹന വ്യവസായം. കോവിഡ്‌ സൃഷ്‌ടിച്ച ആഘാതങ്ങളിൽനിന്ന്‌ പതിയെ കരകയറാനുള്ള ശ്രമത്തിലാണ്‌ പൊതുഗതാഗത മേഖല. കോവിഡ്‌ നിയന്ത്രണങ്ങളുടെ ഭാഗമായി സർവീസുകൾ 
നിലച്ചപ്പോഴും കെഎസ്‌ആർടിസിയിൽ എല്ലാ ജീവനക്കാർക്കും മുടങ്ങാതെ ശമ്പളവും 
പെൻഷനും നൽകി. കെഎസ്‌ആർടിസിയെ സ്വന്തം കാലിൽനിർത്താനുള്ള 
ശ്രമങ്ങൾക്ക്‌ പിന്തുണയും സാമ്പത്തികസഹായവും നൽകി. സ്വകാര്യ ബസുകൾക്കും 
കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങൾക്കും നികുതിയിളവ്‌ നൽകി. പൊതുയാത്രാ 
വാഹനങ്ങളെ ഘട്ടം ഘട്ടമായി ഹരിത ഇന്ധനത്തിലേക്ക്‌ മാറ്റാനുള്ള ചുവടുവയ്‌പിലാണ്‌
ഇപ്പോൾ സർക്കാർ. ഗതാഗത മേഖലയിലെ പ്രതിസന്ധിയെക്കുറിച്ചും അത്‌ 
മറികടക്കാനുള്ള സർക്കാർ നടപടിയെക്കുറിച്ചും 
ഗതാഗത മന്ത്രി ആന്റണി രാജു ദേശാഭിമാനിയോട്‌ സംസാരിക്കുന്നു.          

കോവിഡ്‌ നിയന്ത്രണങ്ങൾക്കൊപ്പം ഡീസൽവിലവർധന കൂടിയായതോടെ കെഎസ്‌ആർടിസി കടുത്ത പ്രതിസന്ധിയിലാണ്‌. എങ്ങനെയാണ്‌ ഈ സാഹചര്യം മറികടക്കുക
അടിക്കടിയുള്ള ഡീസൽവിലവർധന വലിയ ആഘാതമാണ്‌ സൃഷ്‌ടിക്കുന്നത്‌. കോവിഡ്‌ മഹാമാരിയെത്തുടർന്നുള്ള നിയന്ത്രണങ്ങൾ പൊതുഗതാഗത മേഖലയ്‌ക്ക്‌ വലിയ തിരിച്ചടിയായി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ഇപ്പോൾ ബസ്‌ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്‌. കെഎസ്‌ആർടിസിയെ ലാഭമുണ്ടാക്കാനുള്ള ഒരു വ്യവസായമായി സർക്കാർ കാണുന്നില്ല. ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് സ്ഥാപനത്തെ നന്നാക്കാം എന്നതും പ്രായോഗികമല്ല. പരമാവധി ചെലവ്‌ കുറയ്‌ക്കാനും സർവീസ്‌ കാര്യക്ഷമമാക്കാനും ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനും നടപടിയുണ്ടാകും. ജനങ്ങൾക്ക്‌ മികച്ച യാത്രാസൗകര്യമൊരുക്കും.

ഇന്ധനവില മൂലമുള്ള പ്രതിസന്ധിക്ക്‌ എന്താണ്‌ പരിഹാരം?
പരിസ്ഥിതി മലിനീകരണവും യാത്രാച്ചെലവും കുറയ്‌ക്കാനായി ലോകമെങ്ങും പൊതുയാത്രാസംവിധാനങ്ങൾ ഹരിത ഇന്ധനത്തിലേക്ക്‌ ചുവടുമാറുകയാണ്‌. കെഎസ്‌ആർടിസിയും ഹരിത ഇന്ധനത്തിലേക്ക്‌ മാറാനുള്ള ശ്രമത്തിലാണ്‌. സാധ്യതാപഠനവും പരീക്ഷണ ഓട്ടവും നടത്തി വിജയകരമാണെന്ന്‌ തെളിഞ്ഞാൽ ഡീസലിൽനിന്നുള്ള ചുവടുമാറ്റം വേഗത്തിലാക്കും.

3000 കെഎസ്‌ആർടിസി ബസ്‌ സിഎൻജിയിലേക്ക് ഘട്ടം ഘട്ടമായി മാറ്റാൻ തീരുമാനമുണ്ട്‌. ഇതിന്‌ 300 കോടി രൂപയാണ് ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. എന്നാൽ, ഇതുവഴി ഇന്ധനച്ചെലവിനത്തിൽ പ്രതിവർഷം 500 കോടി രൂപ ലാഭിക്കാനാകും. ഹരിത ഇന്ധനത്തിലേക്ക്‌ മാറുന്നതിന്റെ ഭാഗമായി മൂന്ന്‌ ഏജൻസിയെ സർക്കാർ ഷോർട്ട്‌ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. പെട്രോനെറ്റ്‌ എൽഎൻജി ലഭ്യമാക്കിയ എൽഎൻജി ബസ്‌ പരീക്ഷണ സർവീസ്‌ ഇതിനകം ആരംഭിച്ചു. ഹൈഡ്രജൻ ഇന്ധനമായ പത്ത്‌ ബസ്‌ നിരത്തിലിറക്കാൻ ബജറ്റിൽ പത്ത്‌ കോടി രൂപ നീക്കിവച്ചിട്ടുണ്ട്‌.

സർക്കാരിന്റെ വിവിധ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഡീസൽ/ പെട്രോൾ വാഹനങ്ങൾക്ക് പകരമായി ഇലക്ട്രിക് കാറുകൾ നൽകുന്ന ഇ-മൊബിലിറ്റി പദ്ധതിക്കും സർക്കാർ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്‌. അനെർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്‌. വാടകയ്‌ക്ക്‌ എടുക്കുന്ന ഡീസൽ/പെട്രോൾ കാറുകൾ ഒഴിവാക്കി ഇലക്‌ട്രിക്‌ കാറുകളാണ്‌ മോട്ടോർ വാഹനവകുപ്പ്‌ നിലവിൽ ഉപയോഗിക്കുന്നത്‌.

കെഎസ്ആർടിസി-യിൽ കംപ്യൂട്ടർവൽക്കരണത്തിനുള്ള നടപടികൾ?
കെഎസ്‌ആർടിസിയിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാൻ നടപടിയുണ്ടാകും. ഇ -ഗവേണൻസും കംപ്യൂട്ടർവൽക്കരണവും ഇതിനാവശ്യമാണ്‌. ഫയലുകൾ മാന്വലായി കൈകാര്യം ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കാനാകില്ല. കെഎസ്ആർടിസി-യിലെ ഭരണപരമായ നടപടികൾ, സർവീസ് ഓപ്പറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ടിക്കറ്റിങ് തുടങ്ങിയവ ആധുനികവൽക്കരിക്കും. ജീവനക്കാരുടെ ശമ്പള വിതരണം ഇതിനകം ജി സ്‌പാർക്ക്‌ സോഫ്‌ട്‌വെയറിലേക്ക്‌ മാറിയിട്ടുണ്ട്‌. ജീവനക്കാരുടെ ശമ്പളം, ലീവ്‌, പിഎഫ്‌ തുടങ്ങിയ വിവരങ്ങളെല്ലാം ഇതുവഴി വിരൽത്തുമ്പിൽ ലഭ്യമാണ്‌.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള മാർഗം?
കെഎസ്‌ആർടിസിയുടെ ഡീസൽ പമ്പുകൾ പൊതുജനങ്ങൾക്കുകൂടി പ്രയോജനപ്പെടുംവിധം റോഡരികിലേക്ക്‌ മാറ്റും. പെട്രോൾകൂടി ഇവിടെ ലഭ്യമാക്കുന്നതോടെ പൊതുജനങ്ങൾക്കും സഹായകരമാകും. ഐഒസിയുമായി ചേർന്ന്‌ കെഎസ്‌ആർടിസിയുടെ സ്ഥലത്ത്‌ 67 പമ്പ്‌ തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നത്‌. ലോജിസ്‌റ്റിക്‌സ്‌, കൊറിയർ സർവീസ്‌, പരസ്യം, ഷോപ്പിങ് കോംപ്ലക്‌സ്‌ കടമുറികളിലെ വാടക വരുമാനം തുടങ്ങിയവയും വർധിപ്പിക്കാൻ പദ്ധതി ആരംഭിച്ചിട്ടുണ്ട്‌. പഴയ ബസുകൾ ഫുഡ്‌ ട്രക്കുകളാക്കി മാറ്റുന്നുണ്ട്‌. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനായി കൊമേഴ്‌സ്യൽ വിഭാഗം രൂപീകരിച്ചിട്ടുണ്ട്‌.

പത്ത്‌ വർഷത്തിനുശേഷമാണ്‌ കെഎസ്‌ആർടിസിയിൽ ശമ്പള പരിഷ്‌കരണ ചർച്ച ആരംഭിക്കുന്നത്‌. തുടർനടപടികൾ എന്തായി ?
ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി ട്രേഡ്‌ യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. പ്രതിസന്ധിയുണ്ടെങ്കിലും ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞുവയ്‌ക്കുക സർക്കാർ നയമല്ല. എന്നാൽ, ഈ സ്ഥാപനത്തെ നിലനിർത്താൻ ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്‌. കെഎസ്‌ആർടിസി ജനങ്ങളുടെ സ്വത്താണ്‌.

മോട്ടോർ വാഹന വകുപ്പിൽ എന്തെല്ലാം മാറ്റങ്ങളാണ്‌ ഉദ്ദേശിക്കുന്നത്‌?
സംസ്ഥാനത്ത്‌ 1.52 കോടി സ്വകാര്യവാഹനമുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ സേവനവും ഓൺലൈനിലേക്ക് മാറ്റുകയാണ്. അങ്ങനെയായാൽ ഇനി ആർക്കും ഓഫീസിലേക്ക്‌ വരാതെതന്നെ സേവനങ്ങൾ നേടാനാകും. ഓൺലൈൻ അപേക്ഷകൾ മുൻഗണന അനുസരിച്ച്മാത്രം നൽകാൻ ക്രമീകരണമേർപ്പെടുത്തിയാൽ മറ്റ് ഇടപെടലുകൾ കുറയ്‌ക്കാനാകും. ഡ്രൈവിങ് ലൈസൻസ്‌ പുതുക്കലും വിലാസം മാറ്റലും പൂർണമായി ഓൺലൈനിൽ ചെയ്യാം. ലഭിക്കുന്ന അപേക്ഷകൾ മുൻഗണന പ്രകാരമാണ്‌ പുതുക്കുക.

വാഹനപരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. എന്നാൽ, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരിക്കും പരിശോധന. വളവുകളിലും അപകടസാധ്യതാ മേഖലകളിലും നിന്ന്‌ പരിശോധന നടത്തരുതെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌. ഇ ചെലാൻ സംവിധാനം ഉപയോഗിച്ച്‌ ഫൈൻ അടയ്‌ക്കാൻ സംവിധാനമുണ്ട്‌. വാഹനം തടഞ്ഞുനിർത്താതെ നമ്പർപ്ലേറ്റ്‌ തിരിച്ചറിഞ്ഞുതന്നെ പിഴ നിശ്‌ചയിക്കാൻ സംവിധാനമുണ്ട്‌. അത്തരം നൂതനസംവിധാനങ്ങളാണ്‌ പരിശോധനയ്‌ക്ക്‌ അനുവർത്തിക്കുക.

ജലഗതാഗതത്തിന്‌ ഏറെ സാധ്യതകളുണ്ടെങ്കിലും അത്‌ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടുണ്ടോ?
ജലഗതാഗതത്തിന്‌ ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ്‌ നമ്മുടേത്‌. അത്‌ പ്രയോജനപ്പെടുത്തുക തന്നെയാണ്‌ ലക്ഷ്യം. പരിസരമലിനീകരണമില്ലാതെ യാത്ര ചെയ്യാം എന്നതിനൊപ്പം ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനാകും. കൂടുതൽ ബോട്ട്‌ സർവീസുകൾ ആരംഭിക്കും. ചരക്ക്‌ ഗതാഗതത്തിന്‌ ജലമാർഗം പ്രയോജനപ്പെടുത്തും. ജലഗതാഗത വകുപ്പിന്‌ കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക്‌ മാറ്റും. 30 പേർക്കുവരെ യാത്രചെയ്യാവുന്ന നാല്‌ ബോട്ടും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇതിന്‌ പത്ത്‌ കോടി രൂപയുടെ ഭരണാനുമതി നൽകി. പരിസ്ഥിതി സൗഹാർദവും പ്രവർത്തനച്ചെലവ്‌ കുറഞ്ഞതുമാണ്‌ ഇവ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top