23 September Wednesday
ഇന്ന് ലോക യുവജന ദിനം

കൊറോണക്കാല യുവജന ചിന്തകള്‍

ഡോ. അജീഷ് പി ടിUpdated: Wednesday Aug 12, 2020

ഡോ. അജീഷ് പി ടി

ഡോ. അജീഷ് പി ടി

കൊറോണ വൈറസിന്‍റെ സംഹാര വ്യാപനം ലോകമെമ്പാടും അതിതീവ്രമായി പടരുകയാണ്. ഈ മഹാമാരി പിടിമുറുക്കിയിട്ട്  ആറ് മാസം പിന്നിടുമ്പോള്‍  ഇതിനെ പ്രതിരോധിക്കുവാനുള്ള  മരുന്ന് കണ്ടെത്തുന്നതിനുള്ള  തീവ്രശ്രമത്തിലാണ് ശാസ്ത്രലോകം.2020 മാര്‍ച്ച് മാസത്തിലെ കണക്കു പ്രകാരം ലോക ജനസംഖ്യ 780 കോടിയിലധികമാണ്. കൊറോണയുടെ ആഘാതം ലോകത്തെ 213 ലധികം രാജ്യങ്ങളിലെ ജനങ്ങളെ പൂര്‍ണമായോ ഭാഗികമായോ ബാധിച്ചിട്ടുണ്ട്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, മനുഷ്യവിഭവശേഷിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍ നിരയിലുള്ള ചൈനയെ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മറികടക്കുമെന്നതില്‍ സംശയമില്ല. ലോകത്തിലെ ഭൂരിഭാഗം വികസിത രാജ്യങ്ങളിലുമുള്ള ജനസംഖ്യയെ പരിഗണിച്ചാല്‍, അവരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്ന വിഭാഗം പ്രായമേറിയവരും വ്യദ്ധ ജനങ്ങളുമാണ്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി യുവജനങ്ങളുടെ എണ്ണം കൂടുതല്‍  എന്നത് ഇന്ത്യയെ വ്യത്യസ്തമാക്കുന്നു. 40 ശതമാനത്തിലധികം വരുന്ന യുവജന വിഭവശേഷി ഇന്ത്യയെപ്പോലൊരു വികസ്വര രാഷ്ട്രത്തിന്‍റെ വികസനത്തിലും പുരോഗതിയിലും നിര്‍ണായകമാകുമെന്ന ചര്‍ച്ച ലോകമെമ്പാടുമുണ്ട്. രാജ്യത്തിന് മുതല്‍ക്കൂട്ടാകുവാന്‍ കഴിയുന്നവരും ഊര്‍ജസ്വലരായ യുവാക്കളുടെ അധ്വാനശേഷിയും നൈപുണിയും ഫലപ്രദമായ രീതിയില്‍ വിനിയോഗിക്കുകയാണെങ്കില്‍ ലോകത്തെ മുന്‍നിര വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംനേടും. രാജ്യത്തെ യുവജനങ്ങളുടെ വളര്‍ച്ചാവികാസത്തിന് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കുകയും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അവരെ ശാക്തീകരിക്കുവാനുമുള്ള നടപടികളാണ് ആദ്യം സ്വീകരിക്കേണ്ടത്.

ലോകമിന്ന് അത്യന്തം ഭയാനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അതിനെതിരെ ശക്തമായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നവരില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നവര്‍ യുവജനങ്ങളാണ്. ഈ സവിശേഷമായ സന്ദര്‍ഭത്തിലാണ് അന്താരാഷ്ട്ര യുവജന ദിനാചരണം പ്രസക്തമാകുന്നത്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക്സ് ആന്‍റ് സോഷ്യല്‍ അഫയേഴ്സിന്‍റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും ആഗസ്റ്റ് 12 ന് സംഘടിപ്പിക്കപ്പെടുന്ന ഈ ദിനം ലോകമെമ്പാടുമുള്ള യുവജനങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. യുവജന പുരോഗതി ലക്ഷ്യം വച്ചു കൊണ്ട് യു.എന്നിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ- സാംസ്കാരിക പരിപാടികള്‍, ശില്‍പ്പശാലകള്‍, യുവജന പരിവര്‍ത്തന പരിപാടികള്‍ തുടങ്ങിയവ ലോകരാജ്യങ്ങളുടേയും യുവജന സംഘടനകളുടേയും ആഭിമുഖ്യത്തില്‍ നടത്തി വരുന്നു.കൊറോണ വില്ലനായി എത്തിയത് ഇത്തരം പരിപാടികളുടെ സംഘാടനത്തിനു തടസമാകുന്നുണ്ടെങ്കിലും ലോകം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രശ്ന പരിഹാരത്തിനായി സമസ്ത മേഖലകളിലും യുവജനങ്ങള്‍ നല്‍കുന്ന കൈത്താങ്ങ്  മഹത്തരമാവുകയാണ്.

'ആഗോള മുന്നേറ്റത്തില്‍ യുവജന പങ്കാളിത്തം' എന്നതാണ് ഈ വര്‍ഷത്തെ ലോക യുവജന ദിനത്തിന്‍റെ മുഖ്യ പ്രമേയം. ലോകത്തിന്‍റെ ശക്തമായ കെട്ടുറപ്പിന് യുവജനങ്ങള്‍ നല്‍കുന്ന അതിരറ്റ സേവനത്തെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി യുവാക്കളെ പ്രധാന നേതൃനിരയില്‍ എത്തിക്കുവാനും, അവരുടെ പ്രാതിനിധ്യം എല്ലാ മേഖലകളിലും ഉറപ്പാക്കുകയും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ അധിവസിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത് ആഗോള യുവതയുടെ എണ്ണം പരിഗണിച്ചാല്‍ അഞ്ചില്‍ ഒരു ഭാഗം വരും. ഈ മനുഷ്യവിഭവത്തെ രാഷ്ട്ര നിര്‍മ്മിതിയിലും തൊഴില്‍ മേഖലയിലും ഫലപ്രദമായി ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കുകയാണെങ്കില്‍ രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ പടവുകളില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ സംഭാവന ചെയ്യുവാന്‍ ഇന്ത്യന്‍ യുവത്വത്തിന് സാധിക്കും.
രോഗവ്യാപനം അതിതീവ്രമായതിലൂടെ സംജാതമായ സ്ഥിതി വിശേഷം  നിരവധി യുവജനങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായി. സാഹചര്യങ്ങളുടെ സമ്മര്‍ദത്തിന് കീഴ്‌പ്പെടാതെ വീടുകള്‍ തന്നെ തൊഴിലിടങ്ങളായി മാറ്റി മുന്നോട്ട് നീങ്ങുന്നവരും നിരവധിയുണ്ട്. സാമൂഹിക പ്രതിബദ്ധതയുമുള്ള അനേകം ചെറുപ്പക്കാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങി. സമയം ധാരാളം ലഭിച്ചതിനാല്‍ വീട്ടുകാരുമായി ഊഷ്മളമായ സ്നേഹ ബന്ധം ഉറപ്പിക്കുവാന്‍ കഴിഞ്ഞവരും ധാരാളം. സോഷ്യല്‍ മീഡിയ  ഉപയോഗം കൂടിയെങ്കിലും സാമൂഹിക, കാരുണ്യ  പ്രവര്‍ത്തനങ്ങള്‍ക്കായി ഇത്തരം പ്ലാറ്റുഫോമുകള്‍  വിനിയോഗിച്ചവരും ഒട്ടനവധിയാണ്. നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ കാലങ്ങളിലായി സംഭവിച്ച എത്രയോ ദുരന്തമുഖങ്ങളില്‍ കരുത്തോടെ പ്രവര്‍ത്തിച്ചവരില്‍ യുവജന കൂട്ടായ്മകള്‍ നല്‍കിയ സംഭാവനകള്‍ ഏറെ  മുമ്പന്തിയിലാണ്.

നവകേരളത്തിന്‍റെ വികസന പ്രയാണത്തിന് പ്രതിബന്ധമായി കടന്നെത്തിയ രണ്ട് പ്രളയങ്ങള്‍, ഓഖി, നിപ്പ രോഗത്തിന്‍റെ ഭീഷണി തുടങ്ങിയവയെ അതിജീവിക്കുവാനായി ഇച്ഛാശക്തിയും കര്‍മ്മശേഷിയും സാമൂഹിക ബോധവുമുള്ള  യുവജന കൂട്ടായ്മകളുടെ സേവനം വിസ്മരിക്കുവാനാകാത്തതാണ്.കിടപ്പാടം നഷ്ടപ്പെട്ട പട്ടിണിപ്പാവങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി സംരക്ഷണ നടപടികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമാണ് കേരളത്തിലെ യുവജന പ്രസ്ഥാനങ്ങളുടേത്. ടണ്‍ കണക്കിന് ആഹാരസാധനങ്ങളും, മരുന്നും, മറ്റ് അവശ്യവസ്തുക്കളും  ശേഖരിച്ച് കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കിയും പ്രളയ ബാധിത പ്രദേശങ്ങളില്‍ നേരിട്ട് സാന്ത്വന ഹസ്തമാകുവാനും യുവജന കൂട്ടായ്മകള്‍ക്ക് സാധിച്ചു. നേട്ടമൊന്നും പ്രതീക്ഷിക്കാതെ സഹജീവികളുടെ ക്ഷേമം മാത്രം ആഗ്രഹിച്ച് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കടന്നുവരവ് ന്യുജെന്‍ ലോകത്തിലെ പുത്തന്‍ പ്രതീക്ഷയാണ്.

നമ്മുടെ സംസ്ഥാനത്ത് യുവജന ക്ഷേമ ബോര്‍ഡ്, യുവജന കമ്മിഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ യുവജനങ്ങളുടെ അഭിവ്യദ്ധിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. യുവജന കമ്മിഷന്‍ യുവജനങ്ങള വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുകയും പ്രാവര്‍ത്തികമാക്കുകയും  ചെയ്തിട്ടുണ്ട്. ഇതു കൂടാതെ കൊറോണ പ്രതിരോധത്തിനായി യൂത്ത് ഡിഫന്‍സ് ഫോഴ്സിന്‍റെ പ്രവര്‍ത്തനം 14 ജില്ലകളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍റെ കീഴിലുള്ള യൂത്ത് വോളന്‍റിയര്‍മാര്‍ സേവന, സന്നദ്ധ മേഖലകളില്‍ സദാ കര്‍മ്മനിരതരാണ്. യുവജനക്ഷേമ ബോര്‍ഡ് പ്രാദേശികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ടീം സജ്ജീകരിക്കുകയും ആവശ്യമുള്ള സ്ഥലങ്ങളില്‍ സേവനം നിര്‍വഹിക്കുകയും ചെയ്തുവരുന്നു. ഇതോടൊപ്പം കാര്‍ഷിക സ്വയം പര്യാപ്തത ലക്ഷ്യം വച്ച് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും മുന്‍കൂറായി ഏറ്റെടുത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിനു പിന്നിലും അണിചേരുകയാണ്.

രാജ്യത്തെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടം സംഭവിച്ച ആദ്യ ഘട്ടത്തില്‍ത്തന്നെ സഹായഹസ്തവുമായി എത്തിയത് കണ്ടയ്‌ന്‍‌മെന്‍റ് സോണില്‍ ഉള്‍പ്പെടുന്ന കൊണ്ടോട്ടിയിലെ സാധാരണക്കാരായ യുവാക്കളാണ്. അവരുടെ സമയോജിതമായ ഇടപെടലാണ് നിരവധി ജീവനുകള്‍ രക്ഷിക്കുവാന്‍ കാരണമായത്. കൊറോണ രോഗബാധ പോലും അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് മാത്രം പരിഗണന നല്‍കിയ കൊണ്ടോട്ടിയിലെ യുവജനങ്ങള്‍ മനുഷ്യത്വത്തിന്‍റെ തീവ്രമായ സന്ദേശമാണ് ലോകത്തിന് കാട്ടിയത്.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ നിരവധി യുവജനങ്ങള്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാപ്പകല്‍ അധ്വാനിക്കുന്നു. സ്വന്തം വീടുകളില്‍ പോയി കുടുംബാംഗങ്ങളെപ്പോലും കണ്ടിട്ട് മാസങ്ങള്‍ ആയവര്‍ നിരവധി പേര്‍. കരിപ്പൂര്‍ അപകടത്തിനു ശേഷം രക്തം ആവശ്യമുണ്ട് എന്ന സന്ദേശം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രതികൂല കാലാവസ്ഥ പോലും മറന്ന് രക്ത ദാനത്തിന് താത്പര്യപ്പെട്ട് നിരയായി നില്‍ക്കുന്ന യുവാക്കളുടെ ചിത്രവും വളരെപ്പെട്ടെന്ന് വൈറലായി. സ്വന്തം നാടിനെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തുവാന്‍ ശ്രമിക്കുന്ന ഇവരും ഹീറോകളാണ്.രാജ്യത്തെ എല്ലാ വിഭാഗം യുവജനങ്ങളുടേയും പൂര്‍ണമായ ശേഷിയും കഴിവും പുറത്തു കൊണ്ടു വരുവാനുള്ള അവസരങ്ങളും പ്രവര്‍ത്തിക്കുവാനുള്ള കര്‍മ്മമണ്ഡലവും ഭരണാധികാരികള്‍ ഒരുക്കി നല്‍കണം. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് കൈത്താങ്ങാകുവാന്‍ പാഴ്‌വസ്തുക്കളുടെ  വില്‍പ്പനപോലെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയും ഏകദേശം 11 കോടി രൂപ സംഭാവന ചെയ്ത  യുവജന സംഘടന പുത്തന്‍ കേരള ചരിത്ര മാതൃകയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുവാന്‍ സംസ്ഥാന വ്യാപകമായി ടെലിവിഷന്‍ വിതരണം ചെയ്തതും ഈ സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമോദാഹരണമാണ്.

ലോകത്തിന്‍റെ സുരക്ഷിതമായ നിര്‍മ്മാണ പ്രക്രിയയില്‍ താങ്ങും കരുത്തുമായി നിലകൊള്ളേണ്ട യുവജനങ്ങളുടെ സൃഷ്ടിപരമായ സാധ്യതകള്‍ക്കൊപ്പം, അവരുടെ ഉത്സാഹവും ഊര്‍ജവും വൈദഗ്ധ്യവും ഏകോപിപ്പിക്കുമ്പോള്‍ ലോകത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടും. നിര്‍മ്മാണ, ആതുര സേവന, നിയമ, കലാ സാംസ്കാരിക, കായിക തുടങ്ങിയ എല്ലാവിധ  മേഖലകളിലും നായക സ്ഥാനം വഹിക്കുവാന്‍ യുവത്വത്തിന്‍റെ പ്രതിനിധികള്‍ക്ക് കഴിയും. ഇതു കൂടാതെ സാമൂഹികമായ പൊതു കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട് സഹജീവി ക്ഷേമത്തിനായി സദാ പ്രവര്‍ത്തിക്കുവാന്‍ ഇവര്‍ തയാറാകുകയും വേണം. ഇതിനായി ദൃഢവും വൈകാരികവുമായ താത്പര്യം കൂടി ഉണ്ടാകണം. നവലോകത്തിന്‍റെ സൃഷ്ടിയുടെ വക്താക്കളാകുവാന്‍ യുവജനങ്ങള്‍ എപ്പോഴും തയാറായിരിക്കണം. മുന്‍ രാഷ്ട്രപതിയായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ  'യുവത്വം കൊതിക്കുന്ന ഇന്ത്യ' എന്ന പുസ്തകത്തില്‍ ആധുനിക യുവാക്കളുടെ പലവിധ  സംശയങ്ങള്‍ക്കുള്ള വിശദീകരണം വിവിധ ലേഖന രൂപേണ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒരു മികച്ച രാഷ്ട്രത്തിന്‍റെ പുരോഗതിയില്‍ യുവജനങ്ങളെ സജ്ജരാക്കുന്നതിന്‍റെയും ജനാധിപത്യ പ്രക്രിയയില്‍ യുവാക്കളും പൗരന്‍മാരും പങ്കുകൊള്ളുന്നതിന്‍റെയും പ്രചോദനമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം.ലോകം നേരിടുന്ന എല്ലാവിധ പ്രശ്നങ്ങളേയും അതിജീവിക്കുവാന്‍ യുവജനങ്ങളുടെ നിറസാന്നിധ്യവും പ്രയത്നവും എക്കാലത്തും പ്രേരക ശക്തിയായി മാറുമെന്നുറപ്പാണ്. അതിനായി എല്ലാവിഭാഗം ജനങ്ങളുടെയും പരിപൂര്‍ണ പിന്തുണ ഇതിന്‍റെ പിന്നില്‍ ഉറപ്പാക്കേണ്ടതുണ്ട്.

(എസ്‌സിഇആര്‍ടിയില്‍ റിസര്‍ച്ച് ഓഫീസറാണ് ലേഖകന്‍)

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top