20 March Wednesday

നവകേരള നിർമിതിയും സാക്ഷരതയും

ഡോ. പി എസ‌് ശ്രീകലUpdated: Saturday Sep 8, 2018


ഇന്ന് ലോകസാക്ഷരതാദിനമാണ്. യുനെസ്കോയുടെ തീരുമാനപ്രകാരം 1967  മുതലാണ് സെപ‌്തംബർ എട്ട് ലോക സാക്ഷരതാദിനമായി ആചരിച്ചുവരുന്നത്. 2015ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിരവികസനലക്ഷ്യങ്ങളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനുള്ളിൽപെടുന്ന ഒന്ന് സാക്ഷരതയാണ്. അതനുസരിച്ച് 2030 എത്തുമ്പോഴേക്കും ലോകത്ത് യുവാക്കൾ പൂർണമായും മുതിർന്നവർ ഭൂരിഭാഗവും സാക്ഷരരായിരിക്കണമെന്നാണ് ലക്ഷ്യം. ഈ ലക്ഷ്യം നേടുകയെന്നത് അസാധ്യമല്ല, പക്ഷേ, ശ്രമകരമാണ്. കാരണം, ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ അത്രമാത്രം ഭീതിദമാണ്. പ്രാഥമികവിദ്യാഭ്യാസം നേടേണ്ട പ്രായത്തിലുള്ള 57 ദശലക്ഷം കുട്ടികൾക്ക് സ്‌കൂളിൽ പോകാനാകുന്നില്ല. ഇവരിൽ 50 ശതമാനവും സംഘർഷബാധിതമേഖലകളിലാണ് ജീവിക്കുന്നത്. 617 ദശലക്ഷം യുവാക്കൾ ഗണിതം സംബന്ധിച്ച അടിസ്ഥാനധാരണപോലുമില്ലാത്തവരും നിരക്ഷരരുമാണ്.

ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. രാജ്യം സ്വതന്ത്രമാകുമ്പോൾ ജനങ്ങളിൽ 12 ശതമാനമായിരുന്നു സാക്ഷരർ. സ്വാതന്ത്ര്യാനന്തരം ഏഴുപതിറ്റാണ്ട‌് പിന്നിട്ടിട്ടും 26 ശതമാനം പേർ  നിരക്ഷരരായി തുടരുകയാണ്. 14 വയസ്സുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുനൽകുന്ന ഭരണഘടനയുള്ള രാജ്യമാണ് നമ്മുടേത്. 1950ൽ തന്നെ ഭരണഘടനയിൽ രേഖപ്പെടുത്തിയ ആശയമാണത്. എന്നാൽ, വിദ്യാഭ്യാസം അവകാശമാണെന്ന നിലയിൽ അനുഭവിക്കാൻ ഇന്നും നമ്മുടെ കുട്ടികൾക്ക് കഴിയുന്നില്ല. 2009ൽ വിദ്യാഭ്യാസ അവകാശനിയമം രൂപീകരിച്ചെങ്കിലും സാർവത്രികമായി പ്രാഥമിക വിദ്യാഭ്യാസം നടപ്പായിട്ടില്ല. 62.1 ദശലക്ഷം  കുട്ടികൾ സ്‌കൂളിൽ പോകുന്നില്ല.

ഏഴുവയസ്സിനുമുകളിൽ പ്രായമുള്ള കുട്ടികളിൽ 27 ശതമാനം നിരക്ഷരരാണ്. 15 വയസ്സിനുമേൽ പ്രായമുള്ളവർക്കിടയിൽ നിരക്ഷരത 30.7 ശതമാനമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കിയെന്നതുകൊണ്ട്  എല്ലാർക്കും വിദ്യാഭ്യാസം ലഭ്യമാകില്ല. വിദ്യാഭ്യാസത്തിനുള്ള അവസരമാണ് പ്രധാനം. പലതരത്തിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ വിദ്യാഭ്യാസത്തിന‌ു തുല്യമായ അവസരം ലഭ്യമാകുക സാധ്യവുമല്ല. ഭൂവുടമാസമ്പ്രദായം നിലനിൽക്കുന്നതും ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിക്കാത്തതും ഭൂപരിഷ്കരണം നടപ്പാക്കാത്തതും  മൂലധനശക്തികളുടെ മേൽക്കൈയും ഇന്ത്യയിൽ സാർവത്രികമായ വിദ്യാഭ്യാസത്തിനും സമ്പൂർണ സാക്ഷരതയ്ക്കും തടസ്സം സൃഷ്ടിക്കുന്ന അടിസ്ഥാനഘടകങ്ങളാണ്.

രാജ്യത്ത് ആദ്യമായി സമ്പൂർണ സാക്ഷരത നേടുന്ന സംസ്ഥാനം  കേരളമാണ്. യുനെസ്കോയുടെ മാനദണ്ഡമനുസരിച്ച് 90 ശതമാനം സാക്ഷരത നേടിയ സമൂഹം സമ്പൂർണസാക്ഷരതയുള്ളതായി കണക്കാക്കപ്പെടും. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ജനകീയ യജ്ഞമാണ് 1991ൽ കേരളത്തെ ആ നേട്ടത്തിന് അർഹമാക്കിയത്. രണ്ടരപ്പതിറ്റാണ്ടിനുശേഷവും ആ നേട്ടം നിലനിർത്താൻ നമുക്ക് കഴിയുന്നു. 2011ലെ സെൻസസ് അനുസരിച്ച് 93.94 ശതമാനമാണ് കേരളത്തിന്റെ സാക്ഷരത.

പൊതുവിൽ സമ്പൂർണ സാക്ഷരത നിലനിർത്തുമ്പോഴും നിരക്ഷരതയുടെ മേഖലകൾ അവശേഷിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാൻ സർക്കാർ വിവിധ പദ്ധതികൾ സാക്ഷരതാമിഷനിലൂടെ നടപ്പാക്കിവരുന്നു. ആദിവാസി, തീരദേശം, പട്ടികജാതി എന്നീ മേഖലകൾക്ക് പ്രധാന ഊന്നൽ നൽകിയുള്ള സാക്ഷരതാ തുടർ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നടന്നുവരുന്നു.  കേരളത്തിൽ അതിഥി തൊഴിലാളികളെന്ന നിലയിൽ പരിഗണിക്കപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക സാക്ഷരതാപദ്ധതിയും നിലവിലുണ്ട്. സമൂഹത്തിൽ അദൃശ്യരായിക്കഴിയേണ്ടിവന്നിരുന്ന ട്രാൻസ്‍ജെൻഡർ വിഭാഗത്തിനായി സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികളോടൊപ്പം അവർക്കുവേണ്ടി തുടർവിദ്യാഭ്യാസ പരിപാടിയും നടപ്പാക്കുന്നുണ്ട്. 

സാക്ഷരതയെന്നാൽ പൊതുവിൽ കരുതുന്നത് ഒരു നിശ്ചിതഭാഷയിൽ എഴുതാനും വായിക്കാനും കണക്ക‌് കൈകാര്യം ചെയ്യാനുമുള്ള ശേഷി എന്നാണ്. എന്നാൽ, അത്തരമൊരു പരിമിതാർഥത്തിൽ  ഒതുങ്ങുന്ന ഒന്നല്ല, സാക്ഷരത. വ്യത്യസ്ത സന്ദർഭങ്ങളിൽ ആശയവിനിമയം, തിരിച്ചറിവ്, മനസ്സിലാക്കൽ, വ്യാഖ്യാനിക്കൽ തുടങ്ങിയവയ്ക്കുള്ള കഴിവ്  സാക്ഷരതയിലൂടെ നേടാനാകണം. ഒരു വ്യക്തിയുടെ അറിവും ശേഷിയും വികസിപ്പിക്കാനും സമൂഹത്തിന്റെ വികസനപ്രക്രിയയിൽ വ്യക്തിയെ പൂർണമായും പങ്കാളിയാക്കാനും സാക്ഷരതയിലൂടെ കഴിയണം. ഇന്ത്യയെ സംബന്ധിച്ച്, ഒരു വ്യക്തി സാക്ഷരനാ/യാകുന്നതിലൂടെ സാമൂഹ്യാവബോധവും ഭരണഘടനാപരമായ അവകാശബോധവുമുള്ള പൗരനാ/യായി മാറാൻ കഴിയണം. മാനവികതതന്നെയാകണം സാമൂഹ്യാവബോധത്തിന് അടിസ്ഥാനം.

കേരളം മഹാപ്രളയത്തിന്റെ ദുരന്തമുഖത്ത് നിൽക്കുമ്പോഴാണ് ഇത്തവണ ലോകസാക്ഷരതാദിനം എത്തുന്നത്. സാക്ഷരതയിലെ മികച്ച അവസ്ഥ ഈ ദുരന്തത്തെ അതിജീവിക്കുന്നതിൽ കേരളത്തിന് സഹായകമായിട്ടുണ്ട്. അതാകട്ടെ, കേരളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിന്റെ തുടർച്ചയാണ്. അനാചാരങ്ങളിൽനിന്ന് സമൂഹത്തെ മോചിപ്പിച്ച് പരിഷ്കരിക്കാൻ നവോത്ഥാനകാലത്ത് നടന്ന ശ്രമങ്ങൾ ഒരു സാമൂഹ്യവിദ്യാഭ്യാസപ്രക്രിയയായിരുന്നു. അനൗപചാരികവിദ്യാഭ്യാസം ജനകീയ സംരംഭമായാണ് കേരളത്തിൽ ആരംഭിച്ചത് എന്നുതന്നെ പറയാം. അത് തുടങ്ങുന്നത‌് നവോത്ഥാനകാലത്തോടെയാണ്. അവകാശബോധമുള്ള പൗരരാക്കിമാറ്റുകയെന്നത് ഒരു സാമൂഹ്യസാക്ഷരതാ പരിപാടിയാണ്. നവോത്ഥാനകാലത്തെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾ വിപുലമായ ഒരു വിദ്യാഭ്യാസപ്രക്രിയതന്നെയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലും തുടർച്ചയിലുമാണല്ലോ ആധുനികകേരളം രൂപപ്പെടുന്നത്.

പിന്നീട് കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട ജനകീയ സംരംഭം സമ്പൂർണസാക്ഷരതായജ്ഞമാണ്. ജനകീയാസൂത്രണവും കേരളത്തിൽ വിജയിച്ചത് ജനകീയയജ്ഞമായാണ്. അതായത്, ജനകീയമായ ഇടപെടലും ഒരുമിച്ചുനിന്നുള്ള പ്രവർത്തനങ്ങളും കേരളത്തിന്റെ സാമൂഹ്യബോധത്തിൽ അന്തർലീനമാണ് അഥവാ കേരളത്തിന്റെ സംസ്കാരപരമായ സവിശേഷതയാണ് എന്നർഥം. ഈ ബോധമാണ് പ്രളയകാലത്ത് ഓരോ അവസരത്തിലും മുഖ്യമന്ത്രി നടത്തിയ ഇടപെടലുകൾക്കനുസരിച്ച്, ഒരുമിച്ചുനിന്ന് പ്രളയത്തോട് പോരാടി അതിജീവിക്കാൻ കേരളത്തിന് സഹായകമായത്. അദൃശ്യമായ ഈ പ്രേരണാശക്തിക്ക് കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയിലും നിർണായകമായി സ്വാധീനിക്കാൻ കഴിയും.

ദുരന്തപ്രതിരോധത്തിന് പ്രാപ്തമായൊരു സാമൂഹ്യബോധം അടിസ്ഥാനപരമായി സൃഷ്ടിക്കപ്പെടണം. അത് ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസപ്രക്രിയയിലൂടെമാത്രമേ  സാധ്യമാകൂ. അടിസ്ഥാനപരമായി ഓരോ വ്യക്തിയും കുടുംബവും ശ്രദ്ധിക്കേണ്ട മാലിന്യസംസ്കരണം, ജലസ്രോതസ്സുകളുടെ പരിപാലനം, കാലാവസ്ഥയ്ക്കനുസൃതമായ മുൻകരുതലുകൾ, രോഗപ്രതിരോധം സംബന്ധിച്ച അറിവുകൾ തുടങ്ങിയവ പ്രയോഗക്ഷമമായ അറിവുകളായി മാറണം. ആ നിലയിലേക്ക് സാക്ഷരതയുടെ അർഥതലം കേരളത്തിന്റെ പുതിയ സാഹചര്യത്തിൽ വികസിക്കണം.യുനെസ്‌കോ ഇത്തവണ ലോകസാക്ഷരതാദിനത്തിൽ മുന്നോട്ടുവയ്ക്കുന്ന ‘സാക്ഷരതയും നൈപുണ്യ വികസനവും’ എന്ന ആശയം കേരളത്തിന്റെ ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ കൂടുതൽ പ്രസക്തമാണ്.

(കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി ഡയറക്ടറാണ‌് ലേഖിക)


പ്രധാന വാർത്തകൾ
 Top