20 May Friday

വിദ്യാഭ്യാസ അവകാശം നവലോകസൃഷ്ടിയുടെ ഭൂമിക - പ്രൊഫ. സി രവീന്ദ്രനാഥ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

ഇന്ന് അന്തർദേശീയ വിദ്യാഭ്യാസ അവകാശ ദിനമാണ്. ഭൂമിയിൽ ജനിച്ചുവീഴുന്ന എല്ലാ മനുഷ്യർക്കും വിദ്യാഭ്യാസം ലഭിക്കുക എന്നത് ഇന്നും ഒരു സ്വപ്നമായി മാത്രം അവശേഷിക്കുകയാണ്. അതേ സമയം അറിവ് (knowledge) അനുനിമിഷം വർധിച്ചുവരികയാണ്. അറിവിന്റെ വർധനയും നിരക്ഷരതയുടെ വർധനയും ഒരു പോലെ നടക്കുന്ന വൈരുധ്യം ഏറ്റവുമധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. നിരക്ഷരത വർധിക്കുന്നതോടൊപ്പം വിദ്യാഭ്യാസരംഗത്തെ പാർശ്വവൽക്കരണവും കൂടിവരുന്നു എന്നതും ഗുരുതരമായ പ്രശ്നമാണ്. വിദ്യാഭ്യാസ അവകാശ ദിനത്തിൽ ഈ ദിശയിലുള്ള വിശകലനവും മനനവും ആവശ്യമാണ് എന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

വിദ്യാഭ്യാസം തലമുറകളെ വാർത്തെടുക്കുന്ന പ്രക്രിയയാണ്. വികസനരംഗത്തെ ഏറ്റവും പ്രധാന മേഖല വിദ്യാഭ്യാസം തന്നെയാണ്. ഏതുതരം തലമുറയെ വളർത്തണം എന്ന് തീരുമാനിക്കുന്നത് വിദ്യാഭ്യാസ നയമാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ വർഗ സ്വഭാവം വളരെ പ്രധാനപ്പെട്ടതാണ്. ആധിപത്യ, അധീശ സ്വഭാവമുള്ള ഭരണകൂടം തങ്ങളുടെ ആധിപത്യത്തെ അംഗീകരിക്കുന്ന തലമുറയെ വാർത്തെടുക്കാനാണ് ശ്രമിക്കുക. അതിന്‌ ഉതകുന്ന രീതിയിലുള്ള വിദ്യാഭ്യാസ നയമാണ് അവർ നടപ്പാക്കുക. അത്തരം നയം മുന്നോട്ടുവയ്‌ക്കുന്ന കരിക്കുലവും സിലബസും പെഡഗോഗിയും പ്രകൃതിദത്തമായ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതായിരിക്കും. ഉദാഹരണം ഫ്യൂഡൽ വിദ്യാഭ്യാസം.

ഫ്യൂഡൽ വ്യവസ്ഥയോട് ചേർന്നു നിൽക്കുന്ന മനസ്സിനെ ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു അന്നത്തെ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യം. കുട്ടിയുടെ സർഗശേഷിയെ പരമാവധി വളർത്തുക എന്ന ലക്ഷ്യത്തിലല്ല കരിക്കുലവും പെഡഗോഗിയും. ഇത് ഒരു അവകാശ നിഷേധമാണ്. കുട്ടികൾ വളരുമ്പോൾ ഫ്യൂഡൽ വ്യവസ്ഥയോട് വിമർശമില്ലാത്തവരും വിയോജിപ്പില്ലാത്തവരുമായി തീരുന്നു എന്നതാണ്‌ പ്രശ്‌നം. അതോടെ അവർക്ക്‌ ലോകം സ്വപ്നം കാണാൻ കഴിയാതെ വരുന്നു, സ്വപ്നം കാണാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നു എന്നർഥം. ഇത്തരം വിദ്യാഭ്യാസം സൃഷ്ടിക്കുന്ന പ്രതിലോമ അവസ്ഥയാണ് പാർശ്വവൽക്കരണം. വിദ്യാഭ്യാസത്തിലെ വരേണ്യയുക്തിയാണ് പ്രാഥമിക വിദ്യാഭ്യാസ അവകാശത്തെ നിഷേധിക്കുന്നത്. ജാതിചിന്തകളും അന്ധവിശ്വാസങ്ങളും തുടർന്നുപോകുന്നത് ഈ പശ്ചാത്തലത്തിലാണ്. അക്ഷരനിഷേധം സൃഷ്ടിക്കുന്ന പ്രതിലോമ സമൂഹത്തിന്റെ ഉദാഹരണം കൂടിയാണ് പഴയ കേരളം.

കൊളോണിയൽ വിദ്യാഭ്യാസവും ഇതേരീതിയുള്ള മറ്റൊരു ഉദാഹരണമാണ്. ഓരോ കുട്ടിയുടെയും സർഗശേഷിയെ കൊളോണിയൽ ചിന്താമണ്ഡലത്തിലേക്ക് തിരിച്ചുവിട്ട് സാമ്രാജ്യത്വഭരണം നിലനിർത്തുക എന്നതായിരുന്നു അവരുടെ വിദ്യാഭ്യാസ നയം. വലിയതോതിലുള്ള വിദ്യാഭ്യാസ അവകാശ നിഷേധം അന്നുണ്ടായിരുന്നു. മേൽപ്പറഞ്ഞ രണ്ടുതരം നിഷേധങ്ങളും കേരള ജനതയുടെ വൈജ്ഞാനിക പകർച്ചയ്‌ക്ക് അനിർവചനീയമായ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. ആംഗലേയ ഭാഷകൾക്ക് വലിയ ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്നതും പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഇതിലൂടെയുണ്ടായിട്ടുള്ള അവകാശനിഷേധം എളുപ്പത്തിൽ കണക്കാക്കാൻ കഴിയാത്തതാണ്.


 

ഈ അവകാശ നിഷേധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇന്ത്യൻ വിദ്യാഭ്യാസ അവകാശത്തിന്റെ പരമാവധി വികാസത്തിനുവേണ്ടി ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം, ഫെഡറൽ രാജ്യം എന്നീ ആശയങ്ങൾ നമ്മുടെ ഭരണഘടനയിൽ ചേർത്തത്. ഈ ആശയങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ ഭരണകേന്ദ്രത്തിന്റെ വർഗസ്വഭാവം വ്യത്യസ്തമാണ്. എങ്കിൽ കൂടിയും 1964 -66 ലെ കോത്താരി കമീഷൻ കുറെയൊക്കെ മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ സങ്കൽപ്പം മുന്നോട്ടുവച്ചു. അതനുസരിച്ച് 1968ൽ ആദ്യത്തെ വിദ്യാഭ്യാസ നയം ഉണ്ടായി. ഇക്കാലത്ത് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലായിരുന്നു. ഫെഡറൽ സംസ്കാരം ഉൾക്കൊണ്ടുകൊണ്ടായിരുന്നു ഈ നയം.

ഈ ദേശീയ പശ്ചാത്തലത്തിൽ കേരളം കുറെക്കൂടി വ്യത്യസ്തമായി വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിന് ശ്രമിച്ചു. ഫ്യൂഡൽ വിദ്യാഭ്യാസ നയങ്ങളെ പ്രതിരോധിക്കാൻ വേണ്ടി ഭൂപരിഷ്കരണത്തിനും പൊതുവിദ്യാഭ്യാസത്തിനും നേതൃത്വം നൽകി. മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസത്തിന് വഴിയൊരുക്കി. ൧൯൫൭ലെ ഇ എം എസ് സർക്കാർ അങ്ങനെയാണ് സമഗ്ര വിദ്യാഭ്യാസ അവകാശസംരക്ഷണത്തിന് സാമൂഹ്യ, രാഷ്ട്രീയ ദിശാവബോധം നൽകിയത്. വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലാണ് എന്ന ഫെഡറൽ സങ്കൽപ്പം മേൽപ്പറഞ്ഞ നയങ്ങൾക്ക് ശക്തിപകർന്നു. പൊതു വിദ്യാഭ്യാസത്തിന്റെ സാർവത്രിക വൽക്കരണവും ജനകീയവൽക്കരണവും കേരളത്തിൽ ഇടതുപക്ഷ രാഷ്ട്രീയ പരിസരത്തിലാണ് വളർന്നത് എന്നത്‌ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അടിയന്തരാവസ്ഥ അധികാരകേന്ദ്രീകരണത്തിന്റെയും അവകാശനിഷേധത്തിന്റെയും കാലഘട്ടമായിരുന്നു. ഇക്കാലത്ത് വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാക്കി. അതോടെ കേന്ദ്രസർക്കാരിന്റെ ഇടപെടൽ സാധ്യത വർധിച്ചു. ൧൯൮൬ൽ പുതിയ വിദ്യാഭ്യാസ നയം വന്നു. സാം പിത്രോഡയെ പോലെയുള്ളവരുടെ സ്വാധീനം വ്യക്തമായിരുന്നു. ജനാധിപത്യവൽക്കരണത്തിനും ജനകീയവൽക്കരണത്തിനും തടസ്സം ഉയർന്നുവന്നു. 1991ൽ സാമ്രാജ്യത്വ–- സാമ്പത്തിക പദ്ധതിയായ നവഉദാരവാദ സാമ്പത്തിക നയങ്ങൾ നടപ്പാക്കി. ഇതോടെ വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണത്തിന് മങ്ങലേൽക്കുകയും കമ്പോളവൽക്കരണത്തിന് ശക്തിയാർജിക്കുകയും ചെയ്തു. ഇതോടെ വിദ്യാഭ്യാസ അവകാശ നിഷേധത്തിന്റെ ഭാവങ്ങൾ വീണ്ടും ശക്തി പ്രാപിച്ചു. വിദ്യാഭ്യാസം സംസ്കാരമാണെന്നും വിമോചന ആയുധമാണെന്നും കേരളം ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക് വീണ്ടും വെല്ലുവിളി ഉയർന്നു.

ഈ പശ്ചാത്തലത്തിലാണ് ൨൦൧൬ലെ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കാനും ആധുനികവൽക്കരിക്കാനും ജനകീയവൽക്കരിക്കാനും ശ്രമിച്ചത്. വിദ്യാഭ്യാസ അവകാശങ്ങൾ സമ്പൂർണമായും അനുഭവിക്കാൻ അവസരമുണ്ടാകുക, ആധുനിക വൈജ്ഞാനിക മണ്ഡലത്തിലേക്ക് കേരള ജനതയെ മുഴുവൻ കൈപിടിച്ചുയർത്തുക, സർഗശേഷി വികസനം സമഗ്രവും സമ്പൂർണവുമാക്കുക എന്നീ ലക്ഷ്യങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‌ ഉണ്ടായിരുന്നത്. അത് ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു കൂടി വ്യാപിക്കുന്ന വിദ്യാകിരണം പരിപാടി ഇപ്പോൾ തുടരുന്നു.

പക്ഷേ, വിദ്യാഭ്യാസ അവകാശത്തെ എന്നെത്തേക്കാളുമേറെ ഇല്ലാതാക്കുന്ന വിദ്യാഭ്യാസനയം കേന്ദ്ര സർക്കാർ നടപ്പാക്കി വരികയാണ്. അതാണ് പുതിയ വിദ്യാഭ്യാസ നയം. ജനാധിപത്യരാജ്യത്ത് ജനാധിപത്യവിരുദ്ധമായിട്ടാണ് ഈ നയം നടപ്പാക്കുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യാതെയാണ് പുതിയ വിദ്യാഭ്യാസനയം കേന്ദ്ര മന്ത്രിസഭ പാസാക്കിയത്. കേന്ദ്രീകരണവും കമ്പോളവൽക്കരണവും വർഗീയവൽക്കരണവും വിദ്യാഭ്യാസരംഗത്തെ അപനിർമിക്കുകയാണ്‌. പ്രതിലോമപരമായ ഈ ഇടപെടലിനെതിരെ ശക്തമായ ജനകീയ പോരാട്ടം ഉയർന്നുവരണം. മനസ്സിന്റെ അപനിർമാണത്തിലൂടെ വരേണ്യയുക്തി ഉള്ളതാക്കിത്തീർക്കുമ്പോൾ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടും. അന്താരാഷ്ട്ര വിദ്യാഭ്യാസ അവകാശസംരക്ഷണദിനത്തിൽ കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസനയത്തെ എതിർത്തുകൊണ്ട് കേരളം മുന്നോട്ടുവച്ച അറിവിന്റെ ജനകീയവൽക്കരണത്തെയും ആധുനികവൽക്കരണത്തെയും ശക്തമായി പിന്തുണച്ച് വികസിപ്പിക്കണം. ഇത് ലോകത്തിനു തന്നെ അനന്യമായ ഒരു മാതൃകയാകും.

വിദ്യാഭ്യാസത്തിന്റെ അവകാശം മാത്രമല്ല പ്രതിലോമ വ്യവസ്ഥയെ മറികടക്കാനും കൂടി ശ്രമിക്കുകയാണ്. ലോകത്താദ്യമായി ടെക്നോ പെഡഗോഗി എന്ന ബോധനരീതി നടപ്പാക്കുന്നതിലൂടെ വിദ്യാർഥിയുടെ മനസ്സിൽ വ്യവസ്ഥയുടെ കുറവുകളോട് വിമർശം ഉയർത്തുകയാണ്. ഈ വിമർശമാണ് നവലോകസ്വപ്നത്തിലേക്ക് വഴിതുറക്കുന്നത്‌. കൂടുതൽ മതനിരപേക്ഷമായതും പരിസ്ഥിതി സൗഹൃദമായതും സ്വത്വബോധവുമുള്ള ഒരു ലോകം സ്വപ്നം കാണാൻ ഒരു വിദ്യാർഥിക്കു കഴിയുമ്പോൾ വിദ്യാഭ്യാസ അവകാശം സാർഥകമാകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top