16 July Thursday

ലോകം കുട്ടികൾക്കും കൂടിയുള്ളതാണ്‌ - അഡ്വ. പി സതീദേവി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ലോകരാഷ്ട്രങ്ങൾ പലതും ശിശുദിനമായി ആചരിക്കുന്ന ദിവസമാണ് ജൂൺ ഒന്ന്‌.  അമ്മമാർ കുഞ്ഞുങ്ങൾക്കായി നീക്കിവയ്ക്കുന്ന ദിനമാണിത്. ഇത്തവണ ശിശുദിനാചരണം നടത്തുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്നുണ്ടായ കരൾപിളർക്കുന്ന കാഴ്ചകളിലൂടെ ലോകം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് ലോകമാകെ ഉയർന്നുവന്ന ചർച്ചകളുടെ പശ്ചാത്തലത്തിൽ തന്നെയാണ് കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ചർച്ചകളും ഉയരുന്നത്. 1949 നവംബർ 22ന് മോസ്കോയിൽവച്ച് വിമൻസ് ഇന്റർനാഷണൽ ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനമാണ് ജൂൺ ഒന്ന്‌ സാർവദേശീയ ശിശുദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളാണ് ഈ തീരുമാനം പ്രാവർത്തികമാക്കിയത്. ഇന്ത്യയിൽ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ആണ് ശിശുദിനമായി ആചരിക്കുന്നത്.

ലോകരാഷ്ട്രങ്ങളിലെല്ലാം ശിശുദിനം ആചരിക്കുന്നുവെന്നല്ലാതെ കുട്ടികളെ എല്ലാ മനുഷ്യാവകാശങ്ങളുമുള്ള പൗരന്മാരായി പരിഗണിക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇന്ത്യൻ ഭരണഘടനയുടെ നിർദേശക തത്വങ്ങളിൽ ഭരണകൂടത്തിലെ ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നത് 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്നതായിരുന്നു. ഭരണഘടന നിലവിൽ വന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ 2009ലാണ് കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമം  നിലവിൽ വന്നത്. എന്നാൽ, ഇപ്പോഴും നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തപ്പെട്ടിട്ടില്ല.

1954ൽ ഐക്യരാഷ്ട്രസഭ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് കൺവൻഷൻ(കൺവൻഷൻ ഓൺ റൈറ്റ്‌സ്‌ ഓഫ്‌ ചിൽഡ്രൻ ) നടത്തുകയും സിആർസി  തീരുമാനങ്ങൾ പിന്നീട് നിരവധി രാഷ്ട്രങ്ങൾ അംഗീകരിക്കുകയുമുണ്ടായി. 1992ൽ ഇന്ത്യ സിആർസി അംഗീകരിക്കുകയുണ്ടായി. നാല് തത്വമാണ് പ്രഖ്യാപിച്ചത്.

1. കുട്ടികളോട് ഒരുതരത്തിലുള്ള വിവേചനവും പാടില്ല.
2. കുട്ടികളുടെ താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെടണം.
3. കുട്ടികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ പരിഹരിക്കപ്പെടണം.
4. കുട്ടികളുടെ അതിജീവനവും വികസനവും ഉറപ്പുവരുത്തണം.

കുട്ടികളുടെ പോഷകാഹാര ലഭ്യത, ഭക്ഷ്യസുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസ സൗകര്യങ്ങൾ, വ്യക്തിത്വവികസനം ഇതെല്ലാം പ്രാവർത്തികമാക്കപ്പെടുമ്പോഴേ കുട്ടിയെ മികച്ച പൗരന്മാരായി വാർത്തെടുക്കാനാകൂ. എന്നാൽ, ഇതൊന്നും നടപ്പിൽ വരുത്താൻ ആവശ്യമായ പദ്ധതികൾ പ്രാവർത്തികമാക്കപ്പെടുന്നേയില്ല. രണ്ടായിരമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യം കൈവരിക്കാനുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തിൽ ഇന്ത്യയും ഭാഗഭാക്കായിരുന്നു. എന്നാൽ, 2020ൽ എത്തിനിൽക്കുമ്പോൾ രാജ്യത്തെ 35 ശതമാനം സ്ത്രീകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നാണ് കുടുംബാരോഗ്യ സർവേ റിപ്പോർട്ട്.  56 ശതമാനം സ്ത്രീകൾ വിളർച്ച ബാധിച്ചവരാണ് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാതൃമരണനിരക്ക് ഒരുലക്ഷത്തിന് 301 എന്നതാണ്. കുട്ടികളാകട്ടെ മതിയായ ശരീരഭാരമില്ലാതെയാണ് പിറന്നുവീഴുന്നത്. രാജ്യത്ത് ഭക്ഷ്യസുരക്ഷാനിയമം പാസാക്കപ്പെട്ട വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. മൂന്നു കോടിയിലധികം വരുന്ന കുട്ടികൾ ഒരു നേരത്തെ ആഹാരത്തിനായി ആപൽക്കരമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്.ഐസിഡിഎസ്‌, മിഡ്ഡേ മീൽസ് എന്നീ പദ്ധതികൾക്കുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാതെ ഈ പദ്ധതികളുടെ പേരിൽ പണം പിരിച്ചെടുക്കാനുള്ള അനുവാദവും അന്താരാഷ്ട്ര ഫണ്ടിങ് സ്വീകരിക്കുന്നതിനുള്ള മൗനാനുവാദവും എൻജിഒകൾക്ക് നൽകുന്നതിനാണ് സർക്കാർ തയ്യാറാകുന്നത്.


 

പൊതുസേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിനുള്ള അവസരങ്ങൾ കുറയുന്നത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണ്. പുരുഷാധിപത്യ പ്രവണതകളുടെ ഫലമായി പെൺകുഞ്ഞുങ്ങൾ കടുത്ത വിവേചനത്തിനിരകളാകുന്നതും സാധാരണമാണ്. ഭ്രൂണാവസ്ഥയിലുള്ള ലിംഗനിർണയം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവിലുണ്ടെങ്കിലും രാജ്യത്ത് പല രീതിയിൽ പെൺഭ്രൂണഹത്യകൾ നടക്കുന്നുവെന്നതും ഒരു വസ്തുതയാണ്.
കുഞ്ഞുങ്ങളുടെ ജീവിതം രൂപകൽപ്പന ചെയ്യുന്നതിനുള്ള അവകാശം രക്ഷിതാക്കൾക്കുണ്ടെന്ന ധാരണയാണ് പൊതു സമൂഹത്തിനുള്ളത്. കുഞ്ഞുങ്ങളുടെ യജമാനൻമാരാണ് തങ്ങളെന്ന ധാരണ കുടുംബപശ്ചാത്തലത്തിൽ നിലനിൽക്കുമ്പോൾ കുട്ടികളുടെ ഇംഗിതത്തിനോ താൽപ്പര്യത്തിനോ വിരുദ്ധമായനിലയിൽ അവരുടെ ദൈനംദിന ജീവിതചര്യകളിലും വിദ്യാഭ്യാസത്തിലുമെല്ലാം ഇടപെടൽ ഉണ്ടാകുകയാണ്.

കുട്ടികളെ വളർത്തുന്ന കാര്യത്തിൽ കടുത്ത ആൺ–-പെൺ വിവേചനം കേരളീയ സമൂഹത്തിനുണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അന്തിമലക്ഷ്യം  അവളുടെ വിവാഹമാണ്. തങ്ങളുടെ പ്രൗഢിയും പകിട്ടും പ്രകടിപ്പിക്കാനായി വിവാഹം നടത്തിപ്പിച്ച് പെണ്ണിനോടൊപ്പം പൊന്നും പണവും നൽകി അവളെ "സുരക്ഷിത'യാക്കുകയാണ് രക്ഷിതാക്കളുടെ ലക്ഷ്യം. ജൂണിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കംകുറിക്കൽ കൂടിയാണ്. എന്നാൽ, ഇത്തവണ ലോക്‌ഡൗൺ കാലയളവിൽ തുടങ്ങാനിരിക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളെ മുഴുവൻ സജ്ജമാക്കാൻ കഴിയണം. സൈബർ ലോകത്തെ കെണികളെക്കുറിച്ചുള്ള ശരിയായ ധാരണകൾ കുട്ടികൾക്ക് നൽകാനാകണം. 

എല്ലാ മൗലികാവകാശങ്ങളുമുള്ള പൗരന്മാരാണ് കുട്ടികളെന്ന ധാരണ പൊതുസമൂഹത്തിനുണ്ടാകുമ്പോഴേ നമ്മുടെ നാടിന്റെ ഭാവി ശോഭനമാകൂ. കുഞ്ഞുങ്ങൾക്കുകൂടി ജീവിക്കാനുള്ളതാണ് ഈ ലോകമെന്ന് ഭരണകൂടത്തിന് തിരിച്ചറിവുണ്ടാകുക എന്നതാണ് പ്രധാനം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാർവദേശീയ ശിശുദിനാചരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ""സ്ത്രീകളുടെയും കുട്ടികളുടെയും ഭക്ഷണത്തിനുള്ള അവകാശം പരിരക്ഷിക്കുക, ഭക്ഷ്യഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ധാന്യം പാവപ്പെട്ടവർക്കായി വിതരണം ചെയ്യുക, ജോലിയോ വരുമാനമോ ഇല്ലാത്തവർക്ക് പ്രതിമാസം 7500 രൂപവീതം സാമ്പത്തിക സഹായം നൽകുക'' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ശക്തമായ പ്രക്ഷോഭത്തിനുള്ള ആഹ്വാനം നടത്തുകയാണ്.


പ്രധാന വാർത്തകൾ
 Top