20 June Sunday

റെയിൽവേയും വിൽപ്പനയ്‌ക്ക്‌

ആർ ജി പിള്ളUpdated: Friday Jul 3, 2020

കോവിഡ്–-19 മഹാമാരി സാമൂഹ്യജീവിതത്തിൽ സൃഷ്ടിച്ചിട്ടുള്ള അരക്ഷിതാവസ്ഥയും പ്രതിഷേധസമരങ്ങൾക്കുള്ള പരിമിതിയും മുതലെടുത്ത് തങ്ങളുടെ നവ ലിബറൽ അജൻഡ പൂർത്തിയാക്കാനാണ് കേന്ദ്രഭരണക്കാർ ശ്രമിക്കുന്നത്. അതുപോലെ തൊഴിലാളികളുടെ ജനാധിപത്യാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് അധ്വാനഭാരം അടിച്ചേൽപ്പിച്ചും അവകാശങ്ങൾ നിഷേധിച്ചും ചൂഷണത്തിന്‌ വിധേയരാക്കുന്നതിൽ റെയിൽവേ എന്നും മുൻപന്തിയിലാണ്. മഹാമാരിക്കാലത്തെ അനുഭവങ്ങളും വ്യത്യസ്തമല്ല.

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്പെയിനിൽ ആശുപത്രികളും ബ്രിട്ടനിൽ ട്രെയിൻ കമ്പനികളും ദേശസാൽക്കരിച്ചപ്പോൾ, നമ്മുടെ കേന്ദ്രഭരണാധികാരികൾക്ക് പൊതുമേഖലാസ്ഥാപനങ്ങളും പ്രകൃതിവിഭവങ്ങളും സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാനാണ് തിടുക്കം. റെയിൽവേയും ഇൻഷുറൻസും ബാങ്കുകളും നേരത്തെതന്നെ വിദേശനിക്ഷേപത്തിന്‌ തുറന്നുകൊടുത്തു. ഇന്നിപ്പോൾ 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ പേരിൽ  ധാതുവിഭവങ്ങളും അവയിൽ ഏറ്റവും പ്രധാനപ്പെട്ട കൽക്കരിയും പ്രതിരോധവ്യവസായങ്ങളും ബഹിരാകാശ ഗവേഷണവുമെല്ലാം സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ തയ്യാറായിരിക്കുകയാണ്.  എന്നാൽ, കൽക്കരിത്തൊഴിലാളികൾ ഒറ്റക്കെട്ടായി  ജൂലൈ രണ്ടുമുതൽ നാലുവരെ മൂന്നുദിവസം പണിമുടക്കി പ്രതിഷേധിക്കുകയാണ്. പ്രതിരോധമേഖലയിലും ബിഎംഎസ് അടക്കം അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ്.


 

വിദേശനിക്ഷേപം 100 ശതമാനം
റെയിൽവേയിലാകട്ടെ 2014ൽ 100 ശതമാനം വിദേശനിക്ഷേപം എല്ലാ മേഖലകളിലും അനുവദിച്ചതുമുതൽ സ്വകാര്യവൽക്കരണ നടപടികൾ പുരോഗമിക്കുകയാണ്. 2015ൽ സമർപ്പിക്കപ്പെട്ട ബിബെക് ദേബ്‌റോയ് കമ്മിറ്റി ശുപാർശപ്രകാരം വിവിധ കമ്പനികളായി വിഭജിക്കാനും ട്രെയിൻ ഓപ്പറേറ്റിങ്‌ കമ്പനികൾവഴി സ്വകാര്യ യാത്രാട്രെയിനുകളും ചരക്കുവണ്ടികളും ഓടിക്കാനും ശ്രമം തുടരുകയാണ്. ദേബ്റോയ് കമ്മിറ്റിയുടെ കണ്ടെത്തലിൽ സ്വകാര്യവൽക്കരണത്തിനും പരിഷ്കരണത്തിനുമുള്ള പ്രധാന തടസ്സം റെയിൽവേ ബോർഡും ഉദ്യോഗസ്ഥ  മേധാവികളുമാണ്. ആ തടസ്സം നീക്കുന്നതിന്റെ ഭാഗമായി റെയിൽവേ ബോർഡ് ഉടച്ചുവാർക്കപ്പെട്ടുകഴിഞ്ഞു. ബോർഡ് മെമ്പർമാരുടെ എണ്ണം വെട്ടിക്കുറച്ചു. പുറമെനിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കാമെന്നാക്കി. ഡിപ്പാർട്‌മെന്റുകൾ തമ്മിൽ ലയിപ്പിച്ച്‌ ഘടനാപരമായ പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കിവരികയാണ്. ഒട്ടേറെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ സംരംഭകരെ ഏൽപ്പിച്ചുകഴിഞ്ഞു. എന്നാൽ, കേരളത്തിലെ രണ്ടു പ്രധാന റെയിൽവേ സ്റ്റേഷനുകളായ കോഴിക്കോടും എറണാകുളവും ഇത്തരത്തിൽ കൈമാറുന്നതിനുള്ള നീക്കത്തെ ഡിആർഇയു മുൻകൈയെടുത്ത്‌ വിജയകരമായി പ്രതിരോധിച്ചു.

സുപ്രധാന സുരക്ഷാജോലികളായ ട്രാക്‌ പട്രോളിങ്ങും ഗേറ്റ് കീപ്പിങ്ങും കരാർവൽക്കരിക്കുന്നതിനെതിരെ കൂട്ടായ പ്രതിഷേധം ഉയർത്തുന്നതിനും ഡിആർഇയു മുന്നിൽനിന്ന് പ്രവർത്തിച്ചു. ആലപ്പുഴയിൽ 16 തൊഴിലാളികൾക്കെതിരെ ക്രിമിനൽകേസ് ചാർജ് ചെയ്യുകയും രണ്ടുപേർക്കെതിര ഏറ്റവും ഉയർന്ന ശിക്ഷ നൽകുന്നതിനുള്ള ചാർജ്ഷീറ്റ് നൽകുകയും ചെയ്‌തു. അവർക്കെതിരെ കടുത്ത ശിക്ഷാ നടപടി, നിയമവിരുദ്ധമായിട്ടായാലും എടുത്തു. പ്രക്ഷോഭം എല്ലാ യൂണിയനുകളിലുംപെട്ട തൊഴിലാളികളും പ്രവർത്തകരും സ്വമേധയാ നടത്തിയതാണ്‌. ഡിആർഇയു പ്രവർത്തകരെ വേർതിരിച്ച്‌ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുന്നത്‌ തൊഴിലാളികളുടെ ന്യായമായ മറ്റു പ്രശ്നങ്ങൾ ഉന്നയിക്കപ്പെടാതിരിക്കാനും തൊഴിലാളികളിൽ ആശയക്കുഴപ്പവും ഭിന്നിപ്പും സൃഷ്ടിക്കാനുമാണ്. കോവിഡുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ലംഘിക്കുന്നതിനെതിരെ, മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട് പ്ലക്കാർഡ് പിടിച്ച് പ്രതിഷേധിച്ച ജീവനക്കാർക്കെതിരെയും ചാർജ് ഷീറ്റുകൾ നല്കുകയാണുണ്ടായത്. ഇത്തരത്തിൽ തൊഴിലാളികളുടെ ന്യായമായ പരാതികൾക്കുപോലും പരിഹാരം കാണാൻ തയ്യാറാകാതെ ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിച്ച് ജീവനക്കാരെ പീഡിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ പ്രമുഖർ കാട്ടുന്ന വ്യഗ്രത അങ്ങേയറ്റം അപലപനീയമാണ്.  


 

ലോക്‌ഡൗണിൽ ജീവനക്കാർക്ക്‌ ദുരിതം
ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ റെയിൽവേയിലെ കരാർത്തൊഴിലാളികൾക്കടക്കം മുഴുവൻ ശമ്പളവും കിട്ടുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് പേഴ്സണൽ മന്ത്രാലയവും റെയിൽവേ മന്ത്രാലയവും ഉത്തരവിറക്കിയിട്ടും നടപ്പായില്ല. പ്രത്യേകിച്ചും പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ. പല മേഖലകളിലും  ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ശമ്പളം നിഷേധിക്കപ്പെട്ടു. റണ്ണിങ്‌ സ്റ്റാഫിന് മൈലേജ് നിഷേധിച്ചു. ഡിആർഡിയുവിന്റെ ശക്തമായ ഇടപെടലുകളെത്തുടർന്ന് ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർ  സതേൺ റെയിൽവേ ജനറൽ മാനേജർ, പാലക്കാട്,  തിരുവനന്തപുരം ഡിവിഷണൽ മാനേജർമാർ എന്നിവരോട് വിശദീകരണം ചോദിച്ചു. ഉത്തരവ് പാലിക്കാത്തതിന് ക്രിമിനൽ കേസ് ചാർജ് ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് മുഴുവൻ വേതനവും ഏപ്രിൽ 30 വരെ ലഭ്യമാക്കിയത്‌. എങ്കിലും തൊടുന്യായങ്ങൾ പറഞ്ഞ് മംഗളൂരുവിൽ മെക്കാനിക്കൽവിഭാഗത്തിൽ നാൽപ്പതോളം ജീവനക്കാർക്കും സേലം ഡിവിഷനിൽ എൻജിനിയറിങ്‌ വിഭാഗത്തിൽ നൂറോളം ജീവനക്കാർക്കും ശമ്പളം നൽകുന്നതിന് കാലതാമസം വരുത്തി.

പെട്ടെന്നുണ്ടായ ലോക്‌ഡൗൺ പ്രഖ്യാപനത്തെതുടർന്ന് മംഗലാപുരത്തെ തൊഴിലാളികൾക്കുണ്ടായ ഭക്ഷ്യദൗർലഭ്യമടക്കമുള്ള പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ പേരിൽ ശിക്ഷാനടപടി എടുത്തു. ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നതിന്റെ പേരിലാണ് കുറ്റപത്രം നൽകിയത്. കൊടുക്കാത്ത അഭിമുഖം കൊടുത്തുവെന്നാണ് ആരോപണം. അഭിമുഖം തന്നിട്ടില്ലെന്ന് വാർത്ത വന്നുവെന്നു പറയപ്പെടുന്ന ഓൺലൈൻപത്രമേധാവികൾതന്നെ സാക്ഷ്യപ്പെടുത്തി. അതുപോലെ യൂണിയൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ മാധ്യമസംവാദത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാത്യു സിറിയക്കിനെതിരെ കുറ്റപത്രം നൽകി. പ്രകടനം നടത്തിയതിന്റെ പേരിൽ ഒരു കേസ് നിലവിലുണ്ട് എന്നുപറഞ്ഞ്‌ സ്റ്റേഷൻ മാസ്റ്റർ/ മാനേജർ തസ്തികയിൽ ദീർഘകാലം സേവനം പൂർത്തിയാക്കിയ സുശോഭനന് റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി തടഞ്ഞുവച്ചിരിക്കുന്നു. ഡിപ്പാർട്‌മെന്റുകൾതന്നെ ഇല്ലാതാകുന്നു.


 

കമ്പനിവൽക്കരണത്തിന്റെ ദുരന്തം
എല്ലാം കമ്പനിവൽക്കരിക്കപ്പെടുകയും സ്വകാര്യവൽക്കരിക്കപ്പെടുകയും ചെയ്താൽ തങ്ങളുടെ സ്ഥിതി എന്തെന്ന ഉൽക്കണ്ഠ ഉണ്ടാകാം. തുറന്ന് എതിർക്കാനും വയ്യ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട്‌ എന്നതുപോലെ തൊഴിലാളികളോടും സംഘടനാ പ്രവർത്തകരോടും പ്രതികാര നടപടികൾ എടുത്ത് ഒരുതരം ആത്മരതിയിൽ മുഴുകുന്ന സ്വഭാവവൈകല്യമാണ് മിക്ക റെയിൽവേ ഉദ്യോഗസ്ഥ മേധാവികളും കാട്ടുന്നത്. ഇപ്പോൾ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടാൻ മൂന്നു ലക്ഷത്തോളം തസ്‌തിക വെട്ടിക്കുറയ്‌ക്കാനാണ് ഗവൺമെന്റ് തീരുമാനിച്ചിട്ടുള്ളത്. 55 വയസ്സോ 33 വർഷം സർവീസോ ആയവരെയാണ് ലക്ഷ്യംവയ്ക്കുന്നത്. മറ്റൊരു പാശുപതാസ്ത്രം അണിയറയിൽ ഒരുങ്ങുന്നു. അതിന്റെ പേരാണ് മൾട്ടി സ്കില്ലിങ്‌. റെയിൽവേ ബോർഡ് എസ്റ്റാബ്ലിഷ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കൺവീനറായി എട്ടു പേരടങ്ങുന്ന ഒരു കമ്മിറ്റിയെ നിയമിച്ചിരിക്കുന്നു. അതിന്റെ  പരിഗണനാവിഷയങ്ങൾ അത്യന്തം യുക്തിരഹിതവും ഇന്നത്തെ റെയിൽവേയുടെ പ്രവർത്തനരീതിയെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലുമാണ് നിർദേശിച്ചിട്ടുള്ളത്. ജോലി സംബന്ധമായി ഒരു സാമ്യതയും ഇല്ലാത്ത കേഡറുകൾ തലങ്ങും വിലങ്ങും സംയോജിപ്പിച്ച് ഒരാളെക്കൊണ്ടുതന്നെ വ്യത്യസ്തങ്ങളായ പലതരം ജോലികൾ ഒരേസമയം ചെയ്യിക്കുകയാണ് ലക്ഷ്യം. ഇത് വളരെ ആളെ കുറയ്‌ക്കലിനും ജോലിഭാരവർധനയ്‌ക്കുമാണ് ഇടയാക്കുന്നത്. സ്വകാര്യവൽക്കരണത്തിനുള്ള അതിവേഗപാതയിലാണ്‌ ഇന്ന് റെയിൽവേ. റെയിൽവേ ഫെഡറേഷനുകൾ എത്രമാത്രം ഒഴിഞ്ഞുമാറാൻ ശ്രമിച്ചാലും തങ്ങളുടെ സ്ഥാപനത്തെയും അതുവഴി തൊഴിലും വരുമാനവും സംരക്ഷിക്കാനും സംഘടനാ ഭേദമെന്യേ അരയും തലയും മുറുക്കി രംഗത്തിറങ്ങും. പാസഞ്ചർ ട്രെയിനുകൾ പേരുമാറ്റി എക്സ്പ്രസ്‌ ട്രെയിനുകളാക്കി മാറ്റിയും സ്റ്റോപ്പുകൾ കുറച്ചും സാധാരണക്കാരുടെ യാത്രാസൗകര്യം നിഷേധിക്കാനും റെയിൽവേ ശ്രമിക്കുന്നു.

തൊഴിലാളികളുടെ താല്പര്യസംരക്ഷണത്തിനായി സംഘടനയുടെ സമരശേഷിയും ഐക്യവും നിരന്തരം വർധിപ്പിച്ചുകൊണ്ട് അവകാശങ്ങൾ ഒന്നൊന്നായി നേടിയതിന്റെയും പ്രതികാരനടപടികളെ ചെറുത്തുതോല്പിച്ചതിന്റെയും ചരിത്രമാണ് ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന്  ഉള്ളത്.  തൊഴിലാളികളുടെ ജനാധിപത്യാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിച്ച്‌, അന്യായമായ ശിക്ഷാ നടപടികൾ റദ്ദ് ചെയ്യണം. തടഞ്ഞുവച്ച റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉടനടി നൽകിക്കൊണ്ടും തൊഴിൽ സമാധാനം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണം. അതോടൊപ്പം പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്‌ ട്രെയിനുകളാക്കി സ്റ്റോപ്പുകൾ കുറയ്‌ക്കാനുള്ള തീരുമാനം പിൻവലിച്ച്‌ സർക്കാർ ഉടമസ്ഥതയിൽത്തന്നെ നിലനിർത്തണം. റെയിൽവേയുടെ ഏകോപിത പ്രവർത്തനം തുടർന്നും ഉറപ്പുവരുത്തണമെന്നാണ്‌‌ കേന്ദ്ര സർക്കാരിനോടും റെയിൽവേ മന്ത്രാലയത്തോടും അഭ്യർഥിക്കാനുള്ളത്‌.

(ഡിആർഇയു ജോയിന്റ് ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top