27 October Wednesday

വിഭജന നാളുകളിലേക്ക്‌ വീണ്ടും - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Aug 20, 2021

നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ തലേ ദിവസമായ ആഗസ്‌ത് 14 ഇനി എല്ലാ വർഷവും ഇന്ത്യാവിഭജനത്തിന്റെ ഭീകരനാളുകൾ അനുസ്‌മരിക്കുന്ന ദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം രാജ്യത്തെ എങ്ങോട്ടു നയിക്കാനാണ്‌ സംഘപരിവാർ ശ്രമിക്കുന്നത്‌ എന്നതിന്റെ മറ്റൊരു സൂചനയാണ്‌. വിഭജനത്തിന്റെ മുറിവുകൾ മാന്തി പുണ്ണാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പകൽപോലെ വ്യക്തം. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച്‌ അവരുടെ മനസ്സിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കനൽ കോരിയിടണം. സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്‌ട്രമാകുമ്പോൾ ഇത്തരം ഹീന നീക്കങ്ങളും കുടിലതന്ത്രങ്ങളും ഉണ്ടാകുന്നതിൽ അത്ഭുതമില്ല.

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികമാണ്‌ നാം കഴിഞ്ഞ ദിവസം ആഘോഷിച്ചത്‌. 74 വർഷവും ഇല്ലാത്ത ‘ഭീതി ഓർമദിനം’ ഇപ്പോൾ കടന്നുവരാൻ എന്താണ്‌ കാരണമെന്ന്‌ അന്വേഷിക്കേണ്ടതില്ല. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള പരിശ്രമത്തിൽ ഒരു ചുവടുകൂടി വയ്‌ക്കുന്നു എന്ന്‌ കണ്ടാൽ മതി. ഇന്ത്യയുടെ ഭാഗമായിരുന്ന പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഗസ്‌ത്‌ 14നാണ്‌. ആ ദിനംതന്നെ ഇങ്ങനെയൊരു ഓർമപ്പെടുത്തലിന്‌ തെരഞ്ഞെടുത്തത്‌ യാദൃച്ഛികമല്ല. കാരണം, വിഭജനത്തിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട ലഹള ഒന്നോ രണ്ടോ ദിവസംകൊണ്ട്‌ അവസാനിച്ചതല്ല. കലാപത്തിൽ കൊല്ലപ്പെട്ടവരിലും എല്ലാം നഷ്ടപ്പെട്ട്‌ ജന്മദേശം വിടേണ്ടിവന്നവരിലും ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരമുണ്ട്‌.

ഭീതിദനാളുകൾ ഓർമിപ്പിക്കുന്ന പരിപാടിയുമായി നരേന്ദ്ര മോദി വന്നതിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌. സ്വാതന്ത്ര്യസമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ആർഎസ്‌എസോ അതിന്റെ മുൻഗാമിയായ ഹിന്ദു മഹാസഭയോ പങ്കെടുത്തിട്ടില്ല. എന്നു മാത്രമല്ല, ഇന്ത്യയിലെ ജനങ്ങൾ ജാതിക്കും മതത്തിനും ഭാഷയ്‌ക്കും ദേശത്തിനും അതീതമായി ബ്രിട്ടീഷുകാർക്കെതിരെ പോരാടുമ്പോൾ, ഇപ്പോൾ ദേശസ്‌നേഹികളായി ചമയുന്ന ആർഎസ്‌എസ്‌ ബ്രിട്ടീഷുകാരുടെ വിശ്വസ്‌ത വിധേയ കൂട്ടാളിയായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ എല്ലാ ഘട്ടത്തിലും ഇക്കൂട്ടർ മറുപക്ഷത്തായിരുന്നു എന്ന്‌ ചരിത്രം വ്യക്തമാക്കുന്നുണ്ട്‌.


 

ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ ഭാഗമായി സർക്കാർ ജോലി ഉപേക്ഷിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്‌തപ്പോൾ ഹിന്ദു മഹാസഭയുടെ പ്രമുഖനായ വി ഡി സവർക്കർ അനുയായികളോട്‌ നിർദേശിച്ചത്‌ ജോലിയിൽ തുടരാനായിരുന്നു. 1942 ആഗസ്‌ത്‌ 31ന്‌ സവർക്കരുടെ അധ്യക്ഷതയിൽ മഹാസഭ പ്രവർത്തക കമ്മിറ്റി ഒരു പ്രമേയവും പാസാക്കി, ഗാന്ധിജിയുടെ ആഹ്വാനം നിരാകരിക്കാൻ. ക്വിറ്റ്‌ ഇന്ത്യ മാത്രമല്ല, സിവിൽ നിയമലംഘന പ്രസ്ഥാനത്തിലോ സുഭാഷ്‌ ചന്ദ്രബോസിന്റെ ആസാദ്‌ ഹിന്ദ്‌ ഫൗജിലോ ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലോ ഒന്നും ഹിന്ദു മഹാസഭയെയോ ആർഎസ്‌എസിനെയോ കണ്ടിട്ടില്ല. ബോംബെയിൽ നാവികർ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ കലാപമുയർത്തിയപ്പോഴും അവർ ബ്രിട്ടീഷുകാർക്കൊപ്പം നിന്നു. നാവിക കലാപകാരികൾ ബ്രിട്ടീഷുകാർക്കെതിരെ തോക്ക്‌ ഉപയോഗിക്കുന്നുണ്ടെന്നും തോക്ക്‌ ഉപയോഗിക്കുന്നത്‌ പിന്തിരിപ്പനാണെന്നും പറഞ്ഞാണ്‌ നാവിക കലാപത്തെ എതിർത്തത്‌.

ആർഎസ്‌എസിന്റെ സ്ഥാപക സർസംഘ ചാലകായിരുന്ന ഹെഡ്‌ഗേവാർ അവരുടെ നിലപാട്‌ വളച്ചുകെട്ടില്ലാതെ പറഞ്ഞിട്ടുണ്ട്‌–-""ബ്രിട്ടീഷ്‌ വിരുദ്ധരാകുന്നത്‌ ദേശാഭിമാനമോ ദേശീയതയോ ആയി കാണുന്ന വീക്ഷണം തികച്ചും പിന്തിരിപ്പനാണ്‌. ഇതിന്‌ വിനാശകരമായ പ്രത്യാഘാതമുണ്ടാകും'' –-ഇതായിരുന്നു ആർഎസ്‌എസിന്റെ പ്രഖ്യാപിത നിലപാട്‌. ഈ ആശയം മുറുകെ പിടിക്കുന്നവർ ബ്രിട്ടീഷുകാരുടെ പാദസേവകരായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ പല ധാരകളുണ്ടായിരുന്നു എന്ന്‌ നമുക്കറിയാം. വ്യത്യസ്‌ത വീക്ഷണമുള്ള ഒരുപാട്‌ പ്രസ്ഥാനങ്ങൾ അതിൽ പങ്കാളികളായിട്ടുണ്ട്‌. ധീരോദാത്തമായ പങ്കാണ്‌ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാർ വഹിച്ചത്‌. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെ തുടർന്ന്‌ രാജ്യമാകെ പ്രത്യക്ഷമായ ബഹുജന മുന്നേറ്റങ്ങളുണ്ടായി. ഈ സമരങ്ങളുടെ മുൻ നിരയിൽ കമ്യൂണിസ്‌റ്റുകാരുണ്ടായിരുന്നു. തൊഴിലാളി–-കർഷക–-വിദ്യാർഥി സമരങ്ങളെ രാഷ്ട്രീയ പ്രക്ഷോഭവുമായി കൂട്ടിയിണക്കുന്നതിലും കമ്യൂണിസ്‌റ്റ്‌ പാർടി വലിയ പങ്കുവഹിച്ചു. സൗത്ത്‌ ഇന്ത്യൻ റെയിൽവേ തൊഴിലാളി സമരം, കാൺപുരിലെയും നാഗ്പുരിലെയും ബോംബെയിലെയും തുണിമിൽ തൊഴിലാളി സമരം, കൽക്കരി തൊഴിലാളി സമരം, ബംഗാളിലെ തുറമുഖ തൊഴിലാളി സമരം, തപാൽ–-കമ്പി വകുപ്പുകളിലെ ജീവനക്കാരുടെ സമരം–-ഇങ്ങനെ എണ്ണമറ്റ സമരങ്ങൾ. കർഷകർക്കിടയിലും വലിയ സമരങ്ങൾ വളർന്നുവന്നു. ബംഗാളിലെ കൃഷിക്കാർ നടത്തിയ തേഭാഗ സമരം അതിലൊന്നാണ്‌. പുന്നപ്ര–-വയലാർ സമരവും തെലങ്കാന സമരവും ആ കാലഘട്ടത്തിലെ ബഹുജനമുന്നേറ്റങ്ങളിൽ പ്രധാനമാണ്‌. രണ്ട്‌ സമരത്തിനും നേതൃത്വം നൽകിയത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയായിരുന്നു.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതൃത്വം ബൂർഷ്വാസിക്കായിരുന്നു എന്ന്‌ നമുക്കറിയാം. ‘ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം’ എന്ന ഗ്രന്ഥത്തിൽ ഇ എം എസ്‌ പറയുന്നു: ‘‘വിപ്ലവസമരത്തിനു പകരം വിലപേശലിന്റെയും വിട്ടുവീഴ്‌ചയുടെയും മാർഗം ബൂർഷ്വാ നേതൃത്വം അംഗീകരിച്ചു. ഫലമോ? വിപ്ലവസമരത്തിലൂടെ പ്രകടമായ ബഹുജനവികാരം, ഹിന്ദു–- മുസ്ലീം ലഹളയാക്കി മാറ്റാൻ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ കഴിഞ്ഞു’’.

സിപിഐ എമ്മിന്റെ സ്ഥാപക പൊളിറ്റ്‌ ബ്യൂറോയിലെ ഒമ്പത്‌ അംഗങ്ങളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ദീർഘകാലം ഇരുമ്പഴിക്കുള്ളിലായിരുന്നു. ഏറ്റവുമധികം ജയിലിൽ കിടന്നത്‌ എ കെ ജിയാണ്‌. പന്ത്രണ്ടര വർഷം. ഹർകിഷൻസിങ്‌ സുർജിത്‌, പ്രമോദ്‌ദാസ്‌ ഗുപ്‌ത എന്നിവർ പത്ത്‌ വർഷവും ബി ടി രണദിവെ ഒമ്പത്‌ വർഷവും ജയിലിലായിരുന്നു. ഇ എം എസ്‌ രണ്ടരവർഷം.


വിഭജനത്തിന്റെ മുറിവുകൾ നരേന്ദ്ര മോദി നമ്മെ ഓർമിപ്പിക്കുമ്പോൾ സംഘപരിവാറിന്റെ തലതൊട്ടപ്പനായിരുന്ന വി ഡി സവർക്കർ പറഞ്ഞത്‌ ഉദ്ധരിക്കുന്നത്‌ നന്നായിരിക്കും. ‘‘എനിക്ക്‌ ജിന്നയുടെ ദ്വിരാഷ്‌ട്രവാദത്തോട്‌ ഒരു തർക്കവുമില്ല. ഞങ്ങൾ ഹിന്ദുക്കൾ സ്വയംതന്നെ ഒരു രാഷ്‌ട്രമാണ്‌. ഹിന്ദുക്കളും മുസ്ലീങ്ങളും ചരിത്രപരമായിത്തന്നെ രണ്ടു രാഷ്‌ട്രമാണ്‌’’–- സവർക്കർ.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചില അക്രമസംഭവങ്ങളിൽ പങ്കാളിയായതിന്‌ സവർക്കറെ ബ്രിട്ടീഷ്‌ ഭരണാധികാരികൾ ആൻഡമാൻ ജയിലിലടച്ചിരുന്നു. 1911–-ജൂലൈയിൽ ജയിലിലായ സവർക്കർ രക്ഷപ്പെടാൻ പലകുറി മാപ്പപേക്ഷ ബ്രിട്ടീഷ്‌ സർക്കാരിന്‌ സമർപ്പിച്ചിരുന്നു. 1913 നവംബർ 14ന്‌ ബ്രിട്ടീഷ്‌ അധികാരികൾക്ക്‌ സവർക്കർ എഴുതിയ കത്തിലെ പ്രസക്തഭാഗം: ‘‘സർക്കാരിന്റെ ദയാവായ്‌പ്‌കൊണ്ട്‌ എന്നെ മോചിപ്പിച്ചാൽ ഞാൻ സർക്കാരിന്റെ ശക്തനായ വക്താവായിരിക്കും’’. സ്ഥലപരിമിതികൊണ്ട്‌ കൂടുതൽ ഉദ്ധരിക്കുന്നില്ല. ഭഗത്‌സിങ്‌, സുഖ്‌ദേവ്‌, ശിവറാം രാജഗുരു തുടങ്ങിയ ധീരന്മാർ തല ഉയർത്തി നെഞ്ചുവിരിച്ച്‌ ബ്രിട്ടീഷുകാർ ഒരുക്കിയ കഴുമരത്തിലേക്ക്‌ നടന്നുപോയതാണ് ഇന്ത്യൻസ്വാതന്ത്ര്യ സമരചരിത്രം. ഹിന്ദു രാഷ്‌ട്രവാദത്തെയും ആർഎസ്‌എസിന്റെ വിഭജന അജൻഡയെയും എതിർക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന സംഘപരിവാർ നേതാക്കളെ ഒരു കാര്യംകൂടി ഓർമിപ്പിക്കട്ടെ. സിപിഐ എമ്മിന്റെ സ്ഥാപക പൊളിറ്റ്‌ ബ്യൂറോയിലെ ഒമ്പത്‌ അംഗങ്ങളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ദീർഘകാലം ഇരുമ്പഴിക്കുള്ളിലായിരുന്നു. ഏറ്റവുമധികം ജയിലിൽ കിടന്നത്‌ എ കെ ജിയാണ്‌. പന്ത്രണ്ടര വർഷം. ഹർകിഷൻസിങ്‌ സുർജിത്‌, പ്രമോദ്‌ദാസ്‌ ഗുപ്‌ത എന്നിവർ പത്ത്‌ വർഷവും ബി ടി രണദിവെ ഒമ്പത്‌ വർഷവും ജയിലിലായിരുന്നു. ഇ എം എസ്‌ രണ്ടരവർഷം.

രാജ്യം വിവിധ രംഗങ്ങളിൽ ഗുരുതര പ്രതിസന്ധി നേരിടുമ്പോഴാണ്‌ പ്രധാനമന്ത്രി ജനങ്ങളുടെ മുമ്പിലേക്ക്‌ വെറുപ്പിന്റെ രാഷ്‌ട്രീയവുമായി കടന്നുവരുന്നത്‌. കാർഷികമേഖലയിലെ തകർച്ചയാണ്‌ ഏറ്റവും ഗുരുതരം. കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ വിട്ടുകൊടുക്കുന്ന നിയമങ്ങൾക്കെതിരെ കർഷകർ പ്രക്ഷോഭം തുടങ്ങിയിട്ട്‌ ഒരു വർഷമായി. അവരെ തിരിഞ്ഞുനോക്കാൻ മോദി സർക്കാർ തയ്യാറായിട്ടില്ല. തൊഴിലില്ലായ്‌മ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. കോവിഡ് മഹാമാരി തൊഴിൽ–-വ്യാപാര മേഖലകളെ തകർത്തു. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ഓരോ ദിവസവും പെട്രോൾ–-ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടുന്നു. കോവിഡ്‌ –-19മൂലം സാമ്പത്തികരംഗത്തുണ്ടായ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാരിന്‌ പദ്ധതികളില്ല. ഈ സാഹചര്യത്തിലാണ്‌ ജനങ്ങളുടെ ഐക്യം തകർക്കുന്നതിന്‌ പുതിയ പരിപാടിയുമായി പ്രധാനമന്ത്രി രംഗത്തുവരുന്നത്‌.

കോൺഗ്രസ്‌ നേതാക്കളായ നെഹ്‌റു, പട്ടേൽ, രാജാജി, രാജേന്ദ്രപ്രസാദ്‌, മൗലാന അബുൾകലാം ആസാദ്‌, ആചാര്യ കൃപലാനി എന്നിവരെല്ലാം വെവ്വേറെയായിട്ടാണെങ്കിലും ഒരേ സ്വരത്തിൽ മൗണ്ട്‌ബാറ്റന്റെ മുമ്പിൽവച്ച നിർദേശം വിഭജനം അനിവാര്യമായിരിക്കുന്നു എന്നാണ്‌

ഇന്ത്യാ വിഭജനഘട്ടത്തിൽ കോൺഗ്രസ്‌ നേതൃത്വം സ്വീകരിച്ചിരുന്ന നിലപാടുകൂടി പറഞ്ഞ് ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. ഇന്ത്യയെ വെട്ടിമുറിക്കാൻ ബ്രിട്ടീഷുകാർ മുന്നോട്ടുവച്ച പദ്ധതിയെ കോൺഗ്രസ് എതിർത്തിരുന്നില്ല. ‘‘കോൺഗ്രസ്‌ നേതാക്കളായ നെഹ്‌റു, പട്ടേൽ, രാജാജി, രാജേന്ദ്രപ്രസാദ്‌, മൗലാന അബുൾകലാം ആസാദ്‌, ആചാര്യ കൃപലാനി എന്നിവരെല്ലാം വെവ്വേറെയായിട്ടാണെങ്കിലും ഒരേ സ്വരത്തിൽ മൗണ്ട്‌ബാറ്റന്റെ മുമ്പിൽവച്ച നിർദേശം വിഭജനം അനിവാര്യമായിരിക്കുന്നു എന്നാണ്‌’’–- (ഇ എം എസ്‌–-ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം). 1942ൽ വിഭജനപദ്ധതി അംഗീകരിക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. എന്നാൽ, അഞ്ചുവർഷം കഴിഞ്ഞപ്പോൾ അംഗീകരിച്ചു. കാരണം അവർക്ക്‌ ഉടൻ അധികാരത്തിൽ എത്തേണ്ടിയിരുന്നു. ഗാന്ധിജി മാത്രമാണ്‌ വിഭജനത്തെ എതിർത്തത്‌. അദ്ദേഹം തീർത്തും ഒറ്റപ്പെട്ടു.

‘‘ഉള്ളിൽ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ഭരണമേഖലയിൽ പ്രവർത്തിക്കുന്ന നേതാക്കളുടെ തീരുമാനങ്ങളെ ഗാന്ധിജി പരസ്യമായി എതിർത്തില്ല. വൈസ്രോയി വേവലും ക്യാബിനറ്റ്‌ മിഷനും പിന്നീട്‌ മൗണ്ട്‌ ബാറ്റനും തയ്യാറാക്കിയ പദ്ധതികളോട്‌ മൗലികമായി വിയോജിപ്പുണ്ടായിരുന്നുവെങ്കിലും അതിനെതിരെ ജനങ്ങളെ അണിനിരത്താൻ ഗാന്ധിജി ഒരിക്കലും തയ്യാറായില്ല. ഗാന്ധിജി എതിർത്തിരുന്നുവെങ്കിൽ മൗണ്ട്‌ ബാറ്റന്റെ പദ്ധതി ഇത്ര എളുപ്പം നടപ്പാകുമായിരുന്നില്ല. മൗനാനുവാദമെന്ന്‌ വിളിക്കാവുന്ന ഒരു സമീപനം ഗാന്ധിജി അംഗീകരിച്ചിരുന്നതിനാലാണ്‌ ഇന്ത്യാ വിഭജനം നടന്നത്‌’’ –- (ഇ എം എസ്‌).

സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം ആഘോഷിക്കാൻ സിപിഐ എം തീരുമാനിച്ചതിനെ ഇടതുപക്ഷവിരുദ്ധർ വിമർശിക്കുന്നത്‌ അവർക്ക്‌ കാര്യങ്ങൾ അറിയാത്തതുകൊണ്ടല്ല. 75–-ാം വാർഷികം ഉചിതമായി ആഘോഷിക്കുന്നതിന്റെ സാംഗത്യം പാർടി കേന്ദ്രകമ്മിറ്റിതന്നെ വിശദീകരിച്ചിട്ടുണ്ട്‌. ദേശീയ സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റുകാർ വഹിച്ച പങ്ക്‌ ഉയർത്തിക്കാണിക്കുക എന്നത്‌ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമാണ്‌. ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കും മതനിരപേക്ഷതയ്‌ക്കും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കും എതിരെ കേന്ദ്ര സർക്കാരിൽനിന്നും സംഘപരിവാർ ശക്തികളിൽനിന്നും കടുത്ത ആക്രമണമാണുണ്ടാകുന്നത്‌. മതനിരപേക്ഷ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ കമ്യൂണിസ്‌റ്റുകാർ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്‌. ഇന്ത്യയെന്ന ആശയത്തിന്‌ നേരെയാണ്‌ സംഘപരിവാർ വാളോങ്ങുന്നത്‌. ജനങ്ങളുടെ ഐക്യം തകരുമ്പോൾ ജനാധിപത്യവും സ്വാതന്ത്ര്യവും അപകടത്തിലാകും. രാജ്യത്തിന്റെ ജനാധിപത്യവും സ്വാതന്ത്ര്യവും മതനിരപേക്ഷ അടിത്തറയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ്‌ 75–-ാം വാർഷികം ഉചിതമായി ആഘോഷിക്കാൻ പാർടി തീരുമാനിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top