29 July Thursday

‘ഭരണഘടന: ചരിത്രവും സംസ്‌കാരവും’ - ആമുഖത്തിന്റെ ദർശനം

പി രാജീവ്‌Updated: Thursday Jan 23, 2020


ഇന്ന് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഒന്നാണ് ഭരണഘടനയുടെ ആമുഖം. അത് വായിക്കുന്നതുപോലും ക്രിമിനൽ കുറ്റമായി കാണുന്ന ഭരണസംവിധാനമാണ് രാജ്യത്ത് അധികാരത്തിലുള്ളത്. ഭരണഘടനയുടെ  തുടക്കത്തിലാണ് സ്വാഭാവികമായും ആമുഖമുള്ളതെങ്കിലും ഭരണഘടനാ അസംബ്ലിയുടെ അവസാനവട്ട ചർച്ചകളിലാണ് അതിന് രൂപംനൽകുന്നത്. ഇവിടെ രണ്ട്‌ കാഴ്ചപ്പാടുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശക്തമായി പ്രകടമായിരുന്നു. ‘ദൈവത്തിന്റെ പേരിൽ ’ എന്നായിരിക്കണം ഭരണഘടനയുടെ ആമുഖം തുടങ്ങേണ്ടത് എന്ന ഭേദഗതി എച്ച്‌ വി കമ്മത്ത് അവതരിപ്പിച്ചു. മതത്തിന്റെ പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു. മതവിശ്വാസം സംബന്ധിച്ച ചർച്ചകളിലും നേരത്തെ അദ്ദേഹം പ്രകടിപ്പിച്ച വാദങ്ങൾ ആവർത്തിച്ചു. ഏതു ദൈവത്തിന്റെ പേരിലാണ് തുടങ്ങേണ്ടതെന്ന സംശയം മറ്റു ചിലർ പ്രകടിപ്പിച്ചു. ഷിബൻ ലാൽ സക്‌സേനയും പണ്ഡിറ്റ് ഗോവിന്ദ് മാളവ്യയും സമാനമായ ഭേദഗതികൾ അവതരിപ്പിച്ചു.

‘ആ പരമശക്തിയുടെ അനുഗ്രഹത്താൽ, ലോകത്തിലെ വ്യത്യസ്‌ത ജനവിഭാഗങ്ങൾ വ്യത്യസ്‌ത പേരിൽ വിളിക്കപ്പെടുന്ന പ്രപഞ്ചത്തിന്റെ നാഥന് ’ എന്ന വാക്യത്തിൽ വേണം ഭരണഘടന ആരംഭിക്കേണ്ടതെന്നാണ് പണ്ഡിറ്റ് മാളവ്യ അവതരിപ്പിച്ച ഭേദഗതി. എന്നാൽ, ഇത് അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു എന്ന് പണ്ഡിറ്റ്‌ കുൻസ്രുവിനെ പോലുള്ള അംഗങ്ങൾ വാദിച്ചു. ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷൻ മറ്റൊരു പ്രശ്നമാണ് ഉന്നയിച്ചത്. ഭരണഘടനയുടെ വ്യത്യസ്‌ത ആർട്ടിക്കിളുകൾ ചർച്ച ചെയ്‌ത്‌ അംഗീകരിച്ച കാര്യം അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ എങ്ങനെയായിരിക്കണം സത്യപ്രതിജ്ഞചെയ്‌ത്‌  ചുമതല എടുക്കേണ്ടതെന്നും നിശ്ചയിച്ചു. ഒരു ജനപ്രതിനിധിക്ക് ദൈവനാമത്തിൽ മാത്രമല്ല സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടന അവകാശം നൽകുന്നത്. ദൃഢപ്രതിജ്ഞ എടുക്കുന്നതിനും അവകാശമുണ്ട്. അങ്ങനെയൊന്ന് അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെപേരിൽ എങ്ങനെയാണ് ഭരണഘടന തുടങ്ങാൻ കഴിയുന്നത് എന്ന പ്രശ്നമാണ് ഉന്നയിച്ചത്. അതുകൊണ്ടുതന്നെ ഭേദഗതികൾ പിൻവലിക്കണമെന്ന് അധ്യക്ഷൻ അഭ്യർഥിച്ചു. നിരീശ്വരവാദം ഉൾപ്പെടെ അംഗീകരിക്കുന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നും ചിലർ ഓർമിപ്പിച്ചു. രണ്ടുപേർ ഭേദഗതികൾ പിൻവലിച്ചെങ്കിലും കമ്മത്ത് തന്റെ ഭേദഗതിയിൽ ഉറച്ചുനിന്ന് വോട്ടിനിടാൻ  ആവശ്യപ്പെട്ടു. ദൈവത്തെ വോട്ടിനിടരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അങ്ങനെ ‘ദൈവനാമത്തിൽ’ ഭരണഘടനാ അസംബ്ലി വോട്ടിനിട്ടു. 68–-41 ഇതായിരുന്നു വോട്ടിങ് നില. 62ശതമാനം പേർ ദൈവനാമത്തിന് എതിരായി വോട്ടുചെയ്‌തു. രണ്ട്‌ കാഴ്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തിന്റെ സ്വഭാവം ഇത് വ്യക്തമാക്കുന്നു.


 

മതരാഷ്ട്രമാകണോ മതനിരപേക്ഷ രാഷ്ട്രമാകണോ എന്ന പ്രശ്നം പല ഘട്ടങ്ങളിലും സഭയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടുത്തണം എന്ന ഭേദഗതിയും തള്ളിക്കളഞ്ഞതാണെന്നും അത്‌ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും വർഗീയകാഴ്ചപ്പാടുള്ളവർ വാദിക്കുന്നുണ്ട്. എന്നാൽ, മതനിരപേക്ഷതമാത്രം കൂട്ടിച്ചേർക്കണമെന്ന ഭേദഗതി അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നില്ല. ബിഹാറിൽനിന്നുള്ള ബ്രജേശ്വർ പ്രസാദ് അവതരിപ്പിച്ച ഭേദഗതി മതനിരപേക്ഷത ഉൾപ്പെടെയുള്ളവകൂടി ചേരുന്നതായിരുന്നു. ‘സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സ്ഥാപിച്ച് അത് എല്ലാ ജനങ്ങൾക്കും ഉറപ്പുവരുത്തുന്ന ഒരു മതനിരപേക്ഷേ സഹകരണ  കോമൺവെൽത്ത്’ എന്ന നിലയിൽ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, അന്നത്തെ സാഹചര്യത്തിൽ അത് അപ്രായോഗികമാണെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. യഥാർഥത്തിൽ മതനിരപേക്ഷത അടിസ്ഥാന തത്വമായി നേരത്തേതന്നെ അംഗീകരിക്കുന്നുണ്ട്. അതിനെതിരെ ശക്തമായി വാദിച്ചിരുന്ന എച്ച് വി കമ്മത്തുതന്നെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഇത് സമ്മതിക്കുന്നുണ്ട്. ‘തീർച്ചയായും നമ്മൾ ഇന്ത്യയെ മതനിരപേക്ഷരാഷ്ട്രമായി അംഗീകരിച്ചു. എന്നാൽ, അത്  ദൈവ രഹിതരാഷ്ട്രമോ മതരഹിതരാഷ്ട്രമോ അല്ല.’ മതനിരപേക്ഷത എന്ന ‘വാക്കി’നെ അംഗീകരിക്കുമ്പോൾത്തന്നെ മതത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള രാഷ്ട്രസങ്കൽപ്പം അംഗീകരിക്കാൻ കമ്മത്ത് ഉൾപ്പെടെയുള്ളവർ തയ്യാറായിരുന്നില്ല. ഫലത്തിൽ വാക്കിനെ അംഗീകരിക്കുകയും അത് ഉൾക്കൊള്ളുന്ന ദർശനത്തിന് തീർത്തും വ്യത്യസ്‌തമായ വ്യാഖ്യാനം നൽകുകയുമാണ് ഇവർ ചെയ്യുന്നത്. പക്ഷേ, തെറ്റായ വ്യാഖ്യാനങ്ങൾ ശക്തിപ്പെട്ട ഘട്ടത്തിലാണ് ഭരണഘടന ഭേദഗതി ചെയ്‌ത്‌ ആമുഖത്തിൽ മതനിരപേക്ഷത ഉൾപ്പെടെ കൃത്യമായി പ്രഖ്യാപിച്ചത്.

‘മതമല്ല, ദേശീയതയാണ് ആധുനികരാഷ്ട്രത്തിന്റെ അടിത്തറ’
ഭരണഘടനയുടെ ലക്ഷ്യങ്ങൾ പ്രതിപാദിച്ചുകൊണ്ട് സംസാരിക്കുമ്പോൾ ഡോ. എസ് രാധാകൃഷ്‌ണൻ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. അത് ഇന്നും പ്രസക്തമാണ്. ‘മതമല്ല, ദേശീയതയാണ് ആധുനികരാഷ്ട്രത്തിന്റെ അടിത്തറ. മതരാഷ്ട്രങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു. ഇനിയുള്ളത് ദേശീയതയുടെ കാലമാണ്.’  വിശ്വാസിയെന്ന അസ്‌തിത്വമല്ല ശക്തിപ്പെടുത്തേണ്ടതെന്നും പൗരൻ എന്ന അസ്‌തിത്വമാണ് ആധുനിക ഇന്ത്യക്ക് ആവശ്യമെന്ന നിലപാടും ഈ ഘട്ടത്തിൽത്തന്നെ ഉയരുന്നുണ്ട്. പൗരത്വത്തെ സംബന്ധിച്ച ആർട്ടിക്കിളുകളുടെ രൂപീകരണത്തിന്റെ ചർച്ചകളിൽ ഇത്തരം നിലപാടുകൾ എങ്ങനെ പ്രതിഫലിച്ചെന്ന് പിന്നീട് പരിശോധിക്കാം.

മതവിശ്വാസമെന്നത് തീർത്തും സ്വകാര്യമായ കാര്യമാണെന്ന നിലപാടിനായിരുന്നു അസംബ്ലിക്കകത്ത് ഭൂരിപക്ഷം. വിശ്വാസമെന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വകാര്യമായ കാര്യമാണെന്നായിരുന്നു നിഗമനം. അത് മറ്റൊരാളെയും ഒരുതരത്തിലും ബാധിക്കുന്നതായിരിക്കരുതെന്ന്  വ്യക്തമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് മതത്തിൽ ഇടപെടാൻ പാടില്ലെന്ന്‌ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നിയമത്തിൽ 123 (3) വ്യാഖ്യാനിച്ചുകൊണ്ട്  സുപ്രീംകോടതി 2017ൽ ഇതേ വാചകങ്ങൾ ആവർത്തിക്കുന്നുണ്ട്. 


 

മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോൾത്തന്നെ തജ്മൽ ഹുസൈൻ ഒരു ഭേദഗതികൂടി ആവശ്യപ്പെട്ടു. അത്  ‘വിശ്വാസം സ്വകാര്യമായിരിക്കണം’ എന്നതായിരുന്നു. ഇന്നത്തെ കാലത്തെ കൂടി മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കാം മറ്റൊരു ഭേദഗതികൂടി അദ്ദേഹം മുന്നോട്ടുവയ്‌ക്കുന്നുണ്ട്.  ‘ഒരാളുടെ മതത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന പേരോ അടയാളങ്ങളോ ആർക്കും ഉണ്ടാകാൻ പാടില്ല. മതത്തെ വ്യക്തമാക്കുന്ന  വസ്ത്രങ്ങളും ധരിക്കാൻ പാടില്ല.’ എന്നാൽ,  ഇത്ര ശക്തമായ നിലപാട് സ്വീകരിക്കാൻ അന്ന് സഭ തയ്യാറായില്ല.

ആചാരങ്ങൾ പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യം വിശാലമാണോ, അതിന്‌ നിയന്ത്രണങ്ങൾ ഉണ്ടാകണമോ എന്ന പ്രശ്നവും ഭരണഘടനാ അസംബ്ലിക്കകത്ത് ചർച്ചചെയ്യപ്പെട്ടു. മതനിരപേക്ഷരാജ്യത്ത് പൊതുവായ തത്വങ്ങൾക്ക്‌ വിധേയമായിമാത്രമേ വിശ്വസിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും അവകാശമുള്ളൂ എന്നതായിരുന്നു ഭൂരിപക്ഷത്തിന്റെ സമീപനം. അങ്ങനെയല്ലെങ്കിൽ ഏത് സാമൂഹ്യവിപത്തും വിശ്വാസത്തിന്റെയും ആചാരത്തിന്റെയുംപേരിൽ നിയമപരമായ പിന്തുണ നേടുമെന്ന് രാജകുമാരി അമൃത് കൗർ മുന്നറിയിപ്പ്‌ നൽകി. തൊട്ടുകൂടായ്‌മ, അയിത്തം, ബാല്യവിവാഹം , സതി എന്നിവ ആചാരത്തിന്റെപേരിൽ ഇടം തേടും. അതിനെ നിരോധിക്കാൻ നിയമം നിർമിക്കുന്നതിന്  അവകാശമില്ലാതെയാകും. ഈ വാദങ്ങൾ പരിഗണിച്ചാണ് പൊതുക്രമം, ധാർമികത, ആരോഗ്യം എന്നിവയ്‌ക്ക് വിധേയമായാണ് വിശ്വാസത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയത്. അതോടൊപ്പം രാഷ്‌ട്രത്തിന് ഔദ്യോഗികമതമില്ലെന്നും വ്യക്തമാക്കി.

യഥാർഥത്തിൽ മതത്തിൽ ഭരണകൂടം ഇടപെടരുതെന്ന സങ്കൽപ്പത്തിൽമാത്രം ഒതുങ്ങിനിന്നല്ല ഭരണഘടനാ അസംബ്ലി ഈ പ്രശ്നത്തെ സമീപിച്ചത്. അതുകൊണ്ടാണ് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായിത്തന്നെ വരാവുന്ന സാമ്പത്തികവും രാഷ്ട്രീയവും മറ്റു മതനിരപേക്ഷവുമായ കാര്യങ്ങളിൽ സർക്കാരിന്‌ നിരോധനമോ നിയന്ത്രണമോ ഏർപ്പെടുത്തുന്ന നിയമങ്ങൾ ഉണ്ടാക്കുന്നതിന്  ഈ മൗലികാവകാശം തടസ്സമല്ലെന്നും പ്രഖ്യാപിച്ചത്. എല്ലാ വിഭാഗങ്ങൾക്കും ഹിന്ദുക്ഷേത്രങ്ങൾ തുറന്നുകൊടുക്കുന്നതിനും സാമൂഹ്യ ക്ഷേമത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും പദ്ധതികൾ  നടപ്പാക്കുന്നതിനും സർക്കാരിനുള്ള അവകാശവും സ്ഥാപിക്കുന്നത് ഈ കാഴ്ചപ്പാടിലാണ്. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർടികൾ രൂപീകരിക്കാൻ പാടില്ലെന്ന ചർച്ചകൾക്കും അസംബ്ലിയിൽ മുൻതൂക്കം കിട്ടി.


 

വ്യത്യസ്‌ത ധാരകൾ തമ്മിലുള്ള ഏറ്റുമുട്ടൽ
യഥാർഥത്തിൽ മതനിരപേക്ഷ കാഴ്ചപ്പാടും വർഗീയ കാഴ്ചപ്പാടുംതമ്മിൽ മാത്രമല്ല, അതിന്റെ വ്യത്യസ്‌ത ധാരകൾ തമ്മിലും ഏറ്റുമുട്ടലുകൾ ഉണ്ടായി. നെഹ്‌റു ‘ധർമ നിരപേക്ഷത’ എന്ന ആശയം മുന്നോട്ടുവച്ചു. എന്നാൽ, മഹാത്മാഗാന്ധിയുടേത് ‘സർവ ധർമ സമഭാവന’ എന്ന ദർശനമായിരുന്നു. ഒരാൾ മതത്തെ രാഷ്ട്രീയത്തിൽനിന്ന്‌ മാറ്റിനിർത്തുന്ന സമീപനം സ്വീകരിച്ചപ്പോൾ ഗാന്ധി എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. എന്നാൽ, ഇന്ന് ശക്തിപ്പെട്ട മറ്റൊരു കാഴ്ചപ്പാട് അന്നേ പ്രചരിപ്പിക്കപ്പെട്ടിരുന്നു. അത് സാംസ്‌കാരിക ദേശീയതയുടേതാണ്. ദേശീയത തന്നെ ഹിന്ദുത്വമാണെന്ന് സ്ഥാപിക്കലാണ്. അത് ഭൂരിപക്ഷാധിപത്യത്തിന്റേതാണ്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വഴിയാണ്. മതനിരപേക്ഷരാഷ്ട്രത്തെ മതരാഷ്ട്രമാക്കുന്നതിനുള്ള ശ്രമം അന്നേ തുടങ്ങിയിരുന്നു. ഗാന്ധിയും നെഹ്‌റുവും  പിന്തുടർന്നിരുന്ന ദേശീയസങ്കൽപ്പത്തിന് തീർത്തും എതിരായ മതരാഷ്ട്ര കാഴ്ചപ്പാടാണ് സവർക്കറും ഗോൾവാൾക്കറും ശരത്‌ചന്ദ്ര ചതോപാധ്യയയും മറ്റും പ്രചരിപ്പിച്ചിരുന്നത്. സാംസ്കാരികരൂപങ്ങളിലൂടെ എങ്ങനെയാണ് ഇന്നത്തെ ഭീകരാവസ്ഥയിലേക്ക് വികസിച്ചതെന്ന് പ്രത്യേകം പരിശോധിക്കേണ്ടതാണ്.

അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ്, ഇന്ത്യപോലുള്ള വിശ്വാസങ്ങൾക്ക് ആധിപത്യമുള്ള രാജ്യത്ത് മതനിരപേക്ഷത സാധ്യമാകുമോ എന്ന ചോദ്യം. ശശി തരൂരിനെ പോലുള്ളവരും ഇത് ആവർത്തിക്കുന്നുണ്ട്. യഥാർഥത്തിൽ ഭരണഘടനാ അസംബ്ലി അന്നേ ചർച്ചചെയ്‌ത്‌ വഴി കണ്ടെത്തിയ പ്രശ്നങ്ങളിലൊന്നാണിത്. മതനിരപേക്ഷവൽക്കരണം [ secularization]  അനിവാര്യമായ മുന്നുപാധിയാണെന്ന് അസംബ്ലി കണ്ടിരുന്നു. അതിൽ പ്രധാനം വിദ്യാഭ്യാസമാണ്.

മതനിരപേക്ഷതയിലേക്ക്‌  രാജ്യത്തെ ഉയർത്തുന്നതിന് ഉതകുന്നതായിരിക്കണം വിദ്യാഭ്യാസ സമ്പ്രദായം. മറ്റുപകരണങ്ങളും അതുപോലെതന്നെ ആധുനിക ഇന്ത്യയെ മതനിരപേക്ഷ ഇന്ത്യയാക്കി മാറ്റുന്നതിന്  ഉപയോഗിക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിൽ കേന്ദ്രീകരിച്ചില്ലെന്നുമാത്രമല്ല, വിപരീത ദിശയിലേക്ക്‌ പോകുകയുംചെയ്‌തു. അത്  ഭരണഘടനാ അസംബ്ലി കണ്ടതിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ അനുഭവത്തിലേക്ക് എത്തിച്ചു. മതനിരപേക്ഷരാജ്യത്ത് ജീവിക്കാനുള്ള അവകാശം ജനങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകിയെങ്കിൽ ഇന്ന് ആ ഭരണഘടനയെത്തന്നെ സംരക്ഷിക്കാൻ ജനങ്ങൾ രംഗത്തിറങ്ങേണ്ടി വന്നിരിക്കുന്നു.

(തുടരും)

ഭാഗം 1
ഭരണഘടന: ചരിത്രവും സംസ്‌കാരവും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top