02 June Tuesday

മതനിരപേക്ഷതയോ മതമോ ; യഥാർഥത്തിൽ ഇന്ത്യ മതനിരപേക്ഷ രാജ്യമാണോ അതോ മതരാഷ്ട്രമാണോ ?

പി രാജീവ്‌Updated: Tuesday Nov 26, 2019

1949ൽ ഇതേ ദിവസമാണ് ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചത്. 1934ൽ കാൺപുർ കേസിൽ ജയിലിൽ കിടന്ന കാലത്താണ് കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ എം എൻ റോയ് ഇന്ത്യക്ക് ഒരു ഭരണഘടനാ അസംബ്ലി വേണമെന്ന കാഴ്‌ചപ്പാട് ആദ്യമായി മുന്നോട്ടുവയ്‌ക്കുന്നത്. പിന്നീട് അത് സ്വാതന്ത്ര്യസമരത്തിന്റെ മുദ്രാവാക്യമായി മാറി. 1935ൽ കോൺഗ്രസ് ഈ ആവശ്യം മുന്നോട്ടുവച്ചു. 1940ൽ ബ്രിട്ടൻ തത്വത്തിൽ അംഗീകരിച്ചു. 1946 ഡിസംബറിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ അസംബ്ലി രൂപീകരിച്ചെങ്കിലും മുസ്ലിംലീഗ് അംഗങ്ങൾ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾക്കായുള്ള പുതിയ ഭരണഘടനാ അസംബ്ലി വേണമെന്ന ആവശ്യമുയർത്തി സഹകരിക്കാൻ തയ്യാറായില്ല. വർഗീയലഹളകൾക്കു നടുവിൽ രാജ്യം വിഭജിക്കാൻ തീരുമാനിച്ചു. പന്നീട് 1947 ആഗസ്‌ത്‌ 14നാണ് ഭരണഘടനാ അസംബ്ലി ചേരുന്നത്.

രാജ്യത്തിന്റെ പരിച്ഛേദം പ്രതിഫലിച്ച ഭരണഘടനാ അസംബ്ലി ആഴത്തിൽ ചർച്ചചെയ്‌ത്‌ രൂപം നൽകിയ ഭരണഘടനയ്‌ക്ക് 1949 നവംബർ 26ന്‌ ഒപ്പുവച്ച്‌ അംഗീകാരം നൽകി. അന്ന് പൊതുധാരണയിലെത്തിയ മൗലികസങ്കൽപ്പങ്ങൾ പലതും ഇപ്പോൾ ഉത്തരം തേടേണ്ട പുതിയ ചോദ്യങ്ങളായി ഭരണഘടനാ സ്ഥാപനങ്ങൾതന്നെ ഉന്നയിക്കുന്നു എന്നതാണ് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോഴുള്ള ഗൗരവമേറിയ പ്രതിസന്ധി.

ഭരണഘടനയാണോ വിശ്വാസമാണോ പ്രധാനം എന്ന ചോദ്യം സമീപകാലത്ത് ഗൗരവമായി ഉയരുന്നുണ്ട്. അയോധ്യാ കേസിലും ശബരിമല കേസിലും സുപ്രീംകോടതിയുടെ വിധികൾ ഈ ചോദ്യംതന്നെയാണ് ശക്തമായി ഉയർത്തിയത്. ശബരിമല കേസിലെ പുനഃപരിശോധന/റിട്ട് ഹർജികളിലെ ഭൂരിപക്ഷ വിധി ഇതു സംബന്ധിച്ച ഏഴു ചോദ്യം ഭരണഘടനാ ബെഞ്ചിന് നൽകുകയുംചെയ്‌തു. യഥാർഥത്തിൽ ഇന്ത്യ മതനിരപേക്ഷ രാജ്യമാണോ അതോ മതരാഷ്ട്രമാണോ എന്ന ചോദ്യമാണ് പരോക്ഷമായി ഉന്നയിക്കപ്പെട്ടത്.

ഭരണഘടനയുടെ ആമുഖം "ദൈവത്തിന്റെ പേരിൽ' എന്ന്‌ തുടങ്ങണമെന്ന ഭേദഗതി അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി. രാജേന്ദ്ര പ്രസാദും അംബേദ്കറും ഉൾപ്പെടെയുള്ളവർ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് ഭരണഘടനാ അസംബ്ലിയിലെ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചു. ഈ ഭേദഗതി ഭരണഘടനാ അസംബ്ലി വോട്ടിനിട്ട് പരാജയപ്പെടുത്തി

ഇത്‌ പഴയ ചോദ്യമാണ്. ഭരണഘടനാ അസംബ്ലിയിൽ ഗൗരവമായ സംവാദങ്ങൾ വ്യത്യസ്‌ത ഘട്ടങ്ങളിൽ ഇതിനെ അടിസ്ഥാനപ്പെടുത്തി നടന്നു. രാജ്യത്തിന്റെ പേര്, ആമുഖത്തിന്റെ ഘടന, വ്യത്യസ്‌ത അനുച്ഛേദങ്ങൾ എന്നിവ സംബന്ധിച്ച ചർച്ചകളിൽ ഈ അടിസ്ഥാന ചോദ്യത്തിന്റെ വിവിധ മാനങ്ങൾ അംഗങ്ങൾ അവതരിപ്പിക്കുന്നത് കാണാം. മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കായി പാർലമെന്റ് ലൈബ്രറിയിൽനിന്ന്‌ ലഭ്യമായ രേഖകൾ ഇത്‌ വ്യക്തമാക്കുന്നു. ഭരണഘടനയുടെ ആമുഖം "ദൈവത്തിന്റെ പേരിൽ' എന്ന്‌ തുടങ്ങണമെന്ന ഭേദഗതി അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി. രാജേന്ദ്ര പ്രസാദും അംബേദ്കറും ഉൾപ്പെടെയുള്ളവർ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. മതനിരപേക്ഷതയാണ് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് ഭരണഘടനാ അസംബ്ലിയിലെ ഭൂരിപക്ഷവും നിലപാട് സ്വീകരിച്ചു. ഈ ഭേദഗതി ഭരണഘടനാ അസംബ്ലി വോട്ടിനിട്ട് പരാജയപ്പെടുത്തി. മതനിരപേക്ഷ റിപ്പബ്ലിക്‌ എന്ന പ്രഖ്യാപനവും ആമുഖത്തിൽ വേണമെന്ന ആവശ്യം ചില അംഗങ്ങൾ ഉയർത്തിയെങ്കിലും പ്രത്യേകം പറയാതെതന്നെ അത് ഭരണഘടനയുടെ മുഖമുദ്രയാണെന്ന അഭിപ്രായം സ്വീകരിക്കപ്പെട്ടു.

എന്നാൽ, ഇന്ന് സുപ്രീംകോടതി പഴയതും ഭരണഘടനാ അസംബ്ലി തീർപ്പുകൽപ്പിച്ചതുമായ ചോദ്യങ്ങൾ ആവർത്തിക്കുന്നു. പൗരന് ഭരണഘടന നൽകുന്ന തുല്യതയുടേതുൾപ്പെടെയുള്ള മൗലികാവകാശങ്ങൾ വിശ്വാസത്തിന്റെ കാര്യത്തിൽ ബാധകമാക്കാമോ എന്നു ചോദിക്കുന്നു. പൗരൻ എന്ന സ്വത്വമാണോ അതോ വിശ്വാസിയെന്ന സ്വത്വമാണോ ഉയർന്നുനിൽക്കുന്നത് എന്നതാണ് യഥാർഥത്തിൽ ഉന്നയിച്ചിരിക്കുന്നത്. മതവിശ്വാസികളുടെ രാജ്യത്ത് പൗരൻ എന്ന സ്വത്വത്തെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് ഭരണഘടനാ അസംബ്ലി വ്യക്തമാക്കി. ഭാരതീയ സംസ്‌കൃതിയുടെ ആഴങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള, ആശയവാദതലങ്ങളെത്തന്നെ ഉയർത്തിപ്പിടിച്ചിട്ടുള്ള ഡോ. എസ് രാധാകൃഷ്ണൻ തെളിമയോടെ ചർച്ചയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. "മതമല്ല, ദേശീയതയാണ് ആധുനിക ജീവിതത്തിന്റെ അടിസ്ഥാനം. മതരാഷ്ട്രത്തിന്റെ നാളുകൾ അവസാനിച്ചിരിക്കുന്നു. ഇത് ദേശീയതയുടെ കാലമാണ്’ ആ വാദത്തെ പിന്തുണച്ചുകൊണ്ട് മറ്റൊരു അംഗമായ ഗുപ്താനാഥ് സിങ്‌ പറഞ്ഞു: "രാഷ്ട്രമാണ് എല്ലാ ദൈവങ്ങൾക്കും മുകളിലുള്ളത്. അതാണ് ദൈവങ്ങളുടെ ദൈവം. രാഷ്ട്രമായിരിക്കണം എല്ലാ ജനങ്ങളെയും പ്രതിനിധാനംചെയ്യുന്ന സംവിധാനം.’


 

മതപരമായ ആചാരങ്ങളും രാഷ്ട്രത്തിന്റെ താൽപ്പര്യങ്ങളുടെയും പൗരന്റെ അവകാശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം വിലയിരുത്തേണ്ടതെന്ന അഭിപ്രായവും പൊതുവെ സ്വീകരിക്കപ്പെട്ടു.മതവിശ്വാസത്തിന്റെ പേരിലുള്ള ‘ആചാര'ങ്ങളായ ശൈശവ വിവാഹം, സതി, പെൺകുട്ടികളെ ക്ഷേത്രങ്ങൾക്ക് സമർപ്പിക്കുക തുടങ്ങിയവ ഇല്ലാതാക്കണമെങ്കിലും ഈ കാഴ്‌ചപ്പാട് അനിവാര്യമാണെന്ന് അംഗങ്ങൾ വാദിച്ചു. തൊട്ടുകൂടായ്‌മ നിരോധിക്കുന്ന അനുച്ഛേദം ഭരണഘടനയിൽ നിലനിൽക്കണമെങ്കിലും വിശ്വാസമല്ല മതനിരപേക്ഷ നിലപാടാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന് രാജ്കുമാർ അമൃത കൗറിനെപ്പോലുള്ളവരും വാദിച്ചു. ഇത്തരം നിലപാടുകൾ അംഗീകരിച്ചതിന്റെ ഭാഗമായാണ് അമേരിക്കൻ ഭരണഘടനയിൽനിന്ന് വ്യത്യസ്‌തമായി വിശ്വാസത്തിന്റെ തലത്തിലും രാഷ്ട്രത്തിന് ഇടപെടുന്നതിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നത്. പൊതുക്രമത്തിനും ധാർമികതയ്‌ക്കും ആരോഗ്യത്തിനും വിധേയമായാണ് അനുച്ഛേദം 25 പ്രകാരം വിശ്വസിക്കുന്നതിനുള്ള അവകാശം പൗരന് നൽകുന്നത്.

ഈ കാഴ്ചപ്പാടാണ് സുപ്രീംകോടതി നിരവധി വിധികളിലൂടെ ആധികാരികമാക്കിയത്. ഏത്‌ ജാതിയിൽപ്പെട്ടവർക്കും പൂജാരിയാകാമെന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് രമണയും ഉൾപ്പെടുന്ന ബെഞ്ചിന്റെ വിധിയും ഇതിന്റെ ഭാഗമാണ്. തുല്യതയുടെ മൗലികാവകാശ തത്വംതന്നെയാണ് വിശ്വാസത്തിന്റെ കാര്യത്തിലും പിന്തുടരേണ്ടതെന്ന് വ്യക്തമാക്കുകയാണ് ചെയ്‌തത്.

മതത്തെ ഭരണഘടന നിർവചിക്കുന്നില്ലെങ്കിലും നിരവധി നിർദേശങ്ങൾ അംഗങ്ങൾ മുന്നോട്ടുവച്ചിരുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ളത്‌ സ്വകാര്യമായ കാര്യമാണെന്ന് മസാനിയും കെ ടി ഷായും വാദിച്ചു. അത് പൊതുക്രമത്തിന് അനുസൃതമായിരിക്കണം. തെരഞ്ഞെടുപ്പു നിയമവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിശ്വാസമെന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള തീർത്തും സ്വകാര്യമായ കാര്യമാണെന്ന് വ്യക്തമാക്കുകയുണ്ടായി. 42-–-ാമത് ഭേദഗതിയിലൂടെ 1976ലാണ് മതനിരപേക്ഷത ആമുഖത്തിലിടം നേടുന്നതെങ്കിലും അതിനുമുമ്പേ മൗലികസ്വഭാവം അതുതന്നെയായിരുന്നു. അതിന്‌ മുമ്പും ശേഷവും വിവിധ വിധികളിൽ ഉന്നത നീതിപീഠവും ഇത്‌ വ്യക്തമാക്കി.


 

മതനിരപേക്ഷത മതവിശ്വാസിയെക്കൂടി ഉൾക്കൊള്ളുന്നതാണ്. അത് മതത്തിന്റെ തുല്യതയും രാഷ്ട്രത്തിന്റെ പരമാധികാരവും ഉറപ്പുവരുത്തുന്നതാണ്. അഹമ്മദാബാദ് സെന്റ് സേവ്യേഴ്സ് കേസിൽ മതനിരപേക്ഷതയെന്നത് ദൈവത്തിന് എതിരോ അനുകൂലമോ അല്ലെന്നും വിശ്വാസത്തിന്റെ പേരിൽ വിവേചനം അനുവദിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതുമാണന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഇന്ത്യൻ ഭരണഘടന വിശ്വസിക്കുന്നതിനു മാത്രമല്ല തന്റെ വിശ്വാസം പ്രചരിപ്പിക്കുന്നതിനുകൂടി പൗരന് അവകാശം നൽകുന്നതാണ്. ആ അവകാശത്തെയാണ് ഭരണഘടനാ ധാർമികതയുടെകൂടി അടിസ്ഥാനത്തിൽ ശബരിമല കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ വ്യാഖ്യാനിച്ചിട്ടുള്ളത്.

എന്നാൽ, വിശ്വാസം ഇപ്പോൾ അവകാശത്തർക്കങ്ങളുടെ തീർപ്പിനുപോലും ഉന്നത നീതിപീഠം ആധാരമാക്കുന്നു. ഉടമസ്ഥതയെ സംബന്ധിച്ച രേഖകളും തെളിവുകളുംമാത്രമേ തങ്ങൾ നോക്കുന്നുള്ളൂവെന്നും മറ്റു കാര്യങ്ങൾ ഉന്നയിക്കാനുള്ള കേസല്ല ഇതെന്നും അയോധ്യാ കേസിന്റെ വാദത്തിൽ ചീഫ് ജസ്റ്റിസ് കക്ഷികളെ നിരന്തരം ഓർമിപ്പിച്ചു. എന്നാൽ, എല്ലാ തെളിവുകളേക്കാളും വലിയ തെളിവ് ശ്രീരാമൻ അവിടെ ജനിച്ചുവെന്ന വിശ്വാസമാണെന്ന് വിധിയിൽ പ്രഖ്യാപിച്ചു! തെളിവ് നിയമങ്ങൾ അപ്രസക്തമാവുകയും ഭൂരിപക്ഷത്തിന്റെ വിശ്വാസം ആധികാരികമാവുകയും ചെയ്യുന്നു. അത്‌ സാധാരണ മത കോടതികളുടെ പരിശോധനാരീതിയാണ്.

ഭരണഘടന ഇപ്പോഴും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു. ബൊമ്മെ കേസിൽ സുപ്രീംകോടതി "മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണെന്ന്' വിധിച്ചു. അടിസ്ഥാനശിലയെ സ്‌പർശിക്കുന്ന ഭരണഘടനാ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതിതന്നെയാണ് ചരിത്ര വിധി പ്രഖ്യാപിച്ചത്‌. എന്നാൽ, ഇപ്പോൾ അതേ കോടതിതന്നെ വിധികളിലൂടെ അടിസ്ഥാനശിലയെ മാറ്റിയെഴുതുന്നു. ഭൂരിപക്ഷത്തിന്റെ ശരികൾ രാജ്യത്തിന്റെ ശരികളാക്കുമെന്ന അപകടം സംഭവിക്കാമെന്ന മുന്നറിയിപ്പ് ഭരണഘടനാ ശിൽപ്പികൾതന്നെ വ്യക്തമാക്കുന്നുണ്ട്. "ഇന്ത്യൻ ‘ദേശീയ വാദം' ഒരു പുതിയ തത്വംതന്നെ വികസിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ന്യൂനപക്ഷത്തെ ഭരിക്കുന്നതിനുള്ള ‘ദൈവിക'മായ അവകാശം ഭൂരിപക്ഷത്തിനുണ്ടെന്നതാണ് ആ തത്വം. അധികാരത്തിന്റെ പങ്കിനുവേണ്ടിയുള്ള ന്യൂനപക്ഷത്തിന്റെ ഏത്‌ അവകാശവാദവും വർഗീയതയാകും. അതേസമയം, അധികാരത്തെ കുത്തകയാക്കുന്ന ഭൂരിപക്ഷത്തിന്റെ രീതിയെ ദേശീയതയെന്നും വിളിക്കും’.  അംബേദ്കറുടെ ഈ നിരീക്ഷണം കൂടുതൽ പ്രസക്തമാക്കുന്ന അവസ്ഥയാണ് ഭരണഘടനയ്‌ക്ക് അംഗീകാരം നൽകിയതിന്റെ 70–-ാംവാർഷികത്തിൽ വീണ്ടുമുയരുന്നത്. ഭരണഘടന സംരക്ഷിച്ചുകൊണ്ടുമാത്രമേ മതനിരപേക്ഷതയും ജനാധിപത്യവും മാത്രമല്ല കോടതികളെയും സംരക്ഷിക്കാൻ കഴിയുകയുള്ളൂ.


പ്രധാന വാർത്തകൾ
 Top