09 December Friday

യുഎസ്‌ അടിമത്തത്തിന്‌ മോദിയുടെ കെെയൊപ്പ്

വി ബി പരമേശ്വരൻUpdated: Saturday Aug 27, 2022

ഇന്ത്യൻ വിദേശനയം സൂക്ഷ്‌മമായ വിശകലനത്തിന്‌ വിധേയമാക്കിയാൽ ഈ ‘സ്വതന്ത്ര വിദേശനയം’ വെറും പുകമറ മാത്രമാണെന്നും അമേരിക്കയുമായുള്ള നയതന്ത്രബന്ധം നാൾക്കുനാൾ ശക്തിപ്പെടുകയാണെന്നും മനസ്സിലാക്കാം. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ യുഎൻ രക്ഷാസമിതിയിൽ റഷ്യക്കെതിരെ ഇന്ത്യ വോട്ട്‌ ചെയ്‌തത്‌

മോദി സർക്കാർ സ്വതന്ത്ര വിദേശനയമാണ്‌ പിന്തുടരുന്നത്‌ എന്ന വാദത്തിന്‌ അടുത്തകാലത്തായി പ്രചാരണം ലഭിച്ചിട്ടുണ്ട്‌. ഉക്രയ്‌ൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധത്തെ കണക്കിലെടുക്കാതെ ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്നതാണ്‌ ഈ വാദത്തിന്‌ അടിസ്ഥാനം. യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങൾക്ക്‌ (ജർമനിക്ക്‌) എണ്ണ ഇറക്കുമതി ചെയ്യാമെങ്കിൽ എന്തുകൊണ്ട്‌ ഇന്ത്യക്ക്‌ അത്‌ പാടില്ലെന്ന വിദേശമന്ത്രാലയത്തിന്റെ ചോദ്യം സ്വതന്ത്ര വിദേശ നയത്തിനുള്ള തെളിവായി എടുത്തുകാട്ടപ്പെടുകയും ചെയ്‌തു.

എന്നാൽ, ഇന്ത്യൻ വിദേശനയം സൂക്ഷ്‌മമായ വിശകലനത്തിന്‌ വിധേയമാക്കിയാൽ ഈ ‘സ്വതന്ത്ര വിദേശനയം’ വെറും പുകമറ മാത്രമാണെന്നും അമേരിക്കയുമായുള്ള നയതന്ത്രബന്ധം നാൾക്കുനാൾ ശക്തിപ്പെടുകയാണെന്നും മനസ്സിലാക്കാം. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ യുഎൻ രക്ഷാസമിതിയിൽ റഷ്യക്കെതിരെ ഇന്ത്യ വോട്ട്‌ ചെയ്‌തത്‌. നേരത്തേ രക്ഷാസമിതിയിൽ റഷ്യക്കൊപ്പം നിലയുറപ്പിച്ച ഇന്ത്യ ഇപ്പോൾ റഷ്യക്കെതിരെ വോട്ട്‌ ചെയ്തിരിക്കുന്നു. ഉക്രയ്‌ൻ പ്രസിഡന്റ്‌ സെലൻസ്‌കി വിർച്വലായി യുഎന്നിനെ അഭിസംബോധന ചെയ്യണമോയെന്ന വിഷയത്തിലാണ്‌ അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും വോട്ട്‌ ചെയ്‌തത്‌. ഉക്രയ്‌ൻ ആക്രമണത്തിൽ ഇതുവരെയും റഷ്യയെ വിമർശിക്കാൻ തയ്യാറാകാത്ത ഇന്ത്യയാണ്‌ ഇപ്പോൾ അതിന്‌ കടകവിരുദ്ധമായ സമീപനം സ്വീകരിച്ചിരിക്കുന്നത്‌.

സ്വതന്ത്ര വിദേശനയം മറയാക്കി അമേരിക്കയുമായുള്ള ഒന്നരപ്പതിറ്റാണ്ടിലെ തന്ത്രപ്രധാന ബന്ധം ഇന്ത്യ ശക്തമാക്കുകയാണെന്ന്‌ കഴിഞ്ഞ ആറുമാസത്തെ അനുഭവം വ്യക്തമാക്കുന്നു. 2005ൽ ഒപ്പിട്ട പ്രതിരോധ ചട്ടക്കൂട്‌ കരാറിന്റെയും 2008ൽ ഒപ്പിട്ട ഇന്ത്യ–-അമേരിക്ക ആണവസഹകരണ കരാറിന്റെയും തുടർച്ചയായി അമേരിക്കയുമായി തന്ത്രപ്രധാന നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന്‌ ആവശ്യമായ മൂന്ന്‌ അടിസ്ഥാന കരാറിലും(ലെമൊവ–-2017, കോംകാസ–-2018, ബെക്ക–-2020) ഒപ്പിട്ടത്‌ മോദി സർക്കാരാണ്‌. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ ക്വാഡ്‌ എന്ന ചതുർരാഷ്ട്ര (അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ)  ഇന്ത്യ–-പസഫിക് സഖ്യത്തിന്‌ രൂപം നൽകപ്പെട്ടത്‌. ചൈനയെ ലക്ഷ്യമിട്ടാണ്‌ ക്വാഡ്‌ രൂപംകൊണ്ടതെങ്കിൽ ഇപ്പോൾ പശ്‌ചിമേഷ്യയിൽ ഇന്ത്യൻ സുഹൃത്തായ ഇറാനെ ലക്ഷ്യമിട്ട്‌ അമേരിക്ക രൂപീകരിച്ച ഐ2യു2 (ഐ2–-ഇന്ത്യ, ഇസ്രയേൽ. യു2–-യഎസ്‌എ, യുഎഇ) സഖ്യത്തിലും ഇന്ത്യ ഭാഗഭാക്കായിരിക്കുന്നു. പശ്‌ചിമേഷ്യൻ ക്വാഡ്‌ എന്നറിയപ്പെടുന്ന ഈ സഖ്യം അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ പശ്‌ചിമേഷ്യൻ യാത്രയ്‌ക്കിടെയാണ്‌ പ്രഖ്യാപിക്കപ്പെട്ടതും ആദ്യ വിർച്വൽ ഉച്ചകോടി നടന്നതും. പശ്‌ചിമേഷ്യയിൽ അയയുന്ന അമേരിക്കൻ പിടി മുറുക്കാനും സുഹൃത്തായ ഇസ്രയേലിന്‌ മേഖലയിൽ അംഗീകാരം വർധിപ്പിക്കാനും ഇറാനെ ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടാണ്‌ പുതിയ സഖ്യത്തിന്‌ അമേരിക്ക രൂപം നൽകിയത്‌. ജിദ്ദയിൽ ചേർന്ന ജിസിസി കൗൺസിൽ യോഗത്തിൽ ബൈഡൻ പറഞ്ഞതും ഇതോടൊപ്പം കുട്ടിവായിക്കണം. ‘മധ്യപൗരസ്‌ത്യ ദേശത്തുനിന്ന്‌ ഓടിപ്പോകാനില്ലെന്നും ഞങ്ങളുടെ കുറവ്‌ നികത്താൻ ചൈനയെയോ റഷ്യയെയോ ഇറാനെയോ അനുവദിക്കില്ലെന്നും’ ബൈഡൻ പറയുമ്പോൾ ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്തെന്ന്‌ പകൽപോലെ വ്യക്തം.

കശ്‌മീർ വിഷയത്തിലടക്കം എന്നും ഇന്ത്യയെ പിന്തുണച്ച ഇറാനെ ലക്ഷ്യമിട്ടുള്ള സഖ്യത്തിൽ ഇന്ത്യ ചേർന്നത്‌ അമേരിക്കൻ വിധേയത്വമല്ലാതെ മറ്റെന്താണ്‌ കാണിക്കുന്നത്‌? ഫുഡ്‌ പാർക്കിലുൾപ്പെടെ 200 കോടി ഡോളറിന്റെ യുഎഇ നിക്ഷേപം ഈ സഖ്യം വഴി ലഭിച്ചുവെന്നാണ്‌ മോദി സർക്കാരിന്റെ അവകാശവാദം. യുഎഇയുമായി ഊഷ്‌മള ബന്ധം നിലനിൽക്കെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടിരിക്കെ നേരിട്ടുതന്നെ ഈ നിക്ഷേപം ലഭിക്കുമായിരുന്നു. എന്തിനാണ്‌ അമേരിക്കയുടെ കൈപിടിച്ച്‌ യുഎഇയെ തൊടുന്നത്‌ എന്ന ചോദ്യം ന്യായമായും ഉയരുന്നു. ഐ2യു2 രൂപീകരണശേഷം ഇന്ത്യ, അമേരിക്കൻ നേതൃത്വത്തിലുള്ള സംയുക്ത മാരിടൈം സേനയുടെ (സിഎംഎഫ്‌) ഭാഗമാകുകയും ചെയ്‌തു. ബഹ്‌റൈൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, നാറ്റോ രാഷ്ട്രങ്ങൾ ഉൾപ്പെടെ 35 രാജ്യം അംഗങ്ങളായുള്ള നാവികസേനാ സംവിധാനത്തിലാണ്‌  ഇന്ത്യ അസോസിയേറ്റഡ്‌ അംഗമായത്‌. 

എന്നാൽ, അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കുന്ന വിധം സൈനിക സൗകര്യങ്ങൾ പരസ്‌പരം കൈമാറുന്ന ലോജിസ്‌റ്റിക്‌സ്‌ എക്‌സ്‌ചേഞ്ച്‌ മെമ്മോറാണ്ടം ഓഫ്‌ എഗ്രിമെന്റ്‌ (ലെമൊവ)അനുസരിച്ച്‌ ഒരു അമേരിക്കൻ ചരക്കുകപ്പൽ ‘ചാൾസ്‌ ഡ്ര്യൂ’ ചെന്നൈക്കടുത്ത കാട്ടുപള്ളിയിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയിരിക്കുന്നു. ലെമൊവ അനുസരിച്ച്‌ അമേരിക്കൻ സേനയ്‌ക്ക്‌ ഇന്ത്യയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഇന്ധനം നിറക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഉപയോഗിക്കാം.(ഇന്ത്യക്ക്‌ മറിച്ചും). മേഖലയിൽ ‘അമേരിക്കയുടെ പ്രതിരോധ പങ്കാളിയായി ഇന്ത്യ മാറിയതിന്റെ’ വിളംബരമായാണ്‌ ഇന്ത്യൻ നാവിക ഉപമേധാവിതന്നെ ഇതിനെ വിശേഷിപ്പിച്ചത്‌.

ഏറ്റവും അവസാനമായി ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ അമേരിക്കൻ സേനയുമായി സംയുക്ത സൈനിക പരിശീലനം നടത്താനും ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. ഇതിനെതിരെ ചൈന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു കഴിഞ്ഞു. ഇന്ത്യ–-ചൈന അതിർത്തി പ്രശ്‌നം ഉഭയകക്ഷി പ്രശ്‌നമാണെന്നും അതിലേക്ക്‌ ഒരു മൂന്നാം ശക്തിയെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നുമാണ്‌ ചൈനയുടെ അഭിപ്രായം. അതിർത്തിയിൽ ചൈനയുമായി പ്രശ്‌നം നിലനിൽക്കെ അമേരിക്കൻ സേനയുമായി ചേർന്ന്‌ അവിടെ ‘യുദ്ധ അഭ്യാസ്‌’നടത്തുന്നത്‌ കൂടുതൽ പ്രകോപനത്തിന്‌ വഴിവയ്‌ക്കുമെന്ന്‌ വ്യക്തം.  ഇതെല്ലാം തെളിയിക്കുന്നത്‌ മോദി സർക്കാരിന്റെ  അമേരിക്കൻ വിധേയത്വമാണ്‌. അമേരിക്കൻ പ്രസ്‌ സെക്രട്ടറി കരിനേ പിയറി കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ‘ ഇന്ത്യ ഒഴിച്ചുകൂടാനാകാത്ത പങ്കാളിയാണ്‌’. ഹിന്ദുത്വ വലതുപക്ഷവും സാമ്രാജ്യത്വവും തമ്മിലുള്ള പ്രത്യയശാസ്‌ത്രപരവും രാഷ്ട്രീയവുമായ ഐക്യമാണ്‌ ഇവിടെ തെളിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top