21 February Thursday

ജനങ്ങള്‍ക്ക് പ്രഹരമായി 2 പരിഷ്കാരം

സാജന്‍ എവുജിന്‍Updated: Tuesday Aug 8, 2017

മൂന്നുവര്‍ഷം പിന്നിട്ട മോഡിസര്‍ക്കാര്‍ നടപ്പാക്കിയ രണ്ട് പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളാണ് നോട്ടുനിരോധനവും ചരക്കുസേവന നികുതിയും (ജിഎസ്ടി). അപ്രതീക്ഷിതവും നാടകീയവുമായി പ്രഖ്യാപിച്ച നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കും എതിരായ യുദ്ധപ്രഖ്യാപനമായി പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിച്ചു. കള്ളനോട്ടുകളുടെ വ്യാപനം ഇല്ലാതാകുമെന്നും അവകാശപ്പെട്ടു. ജിഎസ്ടിയാകട്ടെ അപ്രതീക്ഷിതമായിരുന്നില്ല. ഒന്നര ദശകത്തിലേറെയായി രാജ്യത്ത് ചര്‍ച്ച നടന്നുവരികയായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജിഎസ്ടി എന്ന ആശയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് നരേന്ദ്രമോഡിയായിരുന്നു. സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ജിഎസ്ടി ഹാനികരമാകുമെന്ന് മോഡി അന്ന് വാദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുരഞ്ജന നീക്കങ്ങളൊന്നും ഫലിച്ചില്ല. ജിഎസ്ടി ബില്‍ പാസാക്കാന്‍ ബിജെപി സഹകരിച്ചില്ല. 

ഏതായാലും മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപിക്ക് ജിഎസ്ടിയോട് കലശലായ താല്‍പ്പര്യമായി. തിരക്കിട്ട് പാര്‍ലമെന്റില്‍ ബില്‍ പാസാക്കുകയും മതിയായ തയ്യാറെടുപ്പ് നടത്താതെ ജിഎസ്ടി രാജ്യമെമ്പാടും നടപ്പാക്കുകയും ചെയ്തു. അതിന്റേതായ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഇന്ന് ജനങ്ങള്‍ അനുഭവിക്കുന്നു. നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം വിട്ടുമാറുംമുമ്പാണ്  ജിഎസ്ടിയുടെ പ്രഹരം. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ച രണ്ടു പരിഷ്കാരവും രാജ്യത്തിന്റെ സമ്പദ്ഘടനയെ തളര്‍ത്തി. സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു. എന്നാല്‍, രാഷ്ട്രീയമായ കാരണങ്ങളാല്‍ സര്‍ക്കാരിന്റെ ഈ വീഴ്ചയും പരാജയവും വേണ്ടത്ര രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഉത്തര്‍പ്രദേശില്‍ വര്‍ഗീയധ്രുവീകരണം വഴി ബിജെപി നേടിയ വിജയവും ബിഹാറില്‍ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയഅട്ടിമറിയും കൂടിയായപ്പോള്‍ ബിജെപിയുടെ അശ്വമേധത്തെക്കുറിച്ചാണ് മുഖ്യധാരാമാധ്യമങ്ങളില്‍ ചര്‍ച്ച. ജനങ്ങളുടെ ദുരിതവും സാമ്പത്തികപ്രതിസന്ധിയും ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുന്നു. കടക്കെണിയിലായ കര്‍ഷകരുടെ സമരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോഴും പ്രതിസന്ധിയുടെ അടിസ്ഥാനകാരണങ്ങള്‍ മറച്ചുവയ്ക്കപ്പെടുന്നു.

നോട്ടുനിരോധനം നടപ്പാക്കിയിട്ട് ഒമ്പതുമാസമായി. അസാധുവായ നോട്ടുകളില്‍ എത്രത്തോളം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് കേന്ദ്രസര്‍ക്കാരോ റിസര്‍വ്ബാങ്കോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രചാരത്തിലുണ്ടായിരുന്ന 1000, 500 നോട്ടുകളുടെ മൂല്യത്തില്‍ അഞ്ചുലക്ഷം കോടി രൂപയെങ്കിലും  തിരിച്ചുവരാതെ ശേഷിക്കുമെന്നും ഇത്രയും മൂല്യം സര്‍ക്കാരിനു വന്‍നേട്ടമാകുമെന്നും ചില കേന്ദ്രങ്ങള്‍ അവകാശപ്പെട്ടു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ കണക്കെല്ലാം പാളി. പിന്നീട്, തിരിച്ചുവന്ന നോട്ടുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ മൌനത്തിലായി. ഇനി ആരും കള്ളനോട്ട് അടിക്കില്ലെന്ന അവകാശവാദവും തകര്‍ന്നു. ബിജെപി നേതാക്കള്‍ തന്നെ കള്ളനോട്ടുകേസില്‍ അറസ്റ്റിലായി. കള്ളപ്പണം വിഷയത്തിലും ഇതുതന്നെ സ്ഥിതി. കള്ളപ്പണം ഇല്ലാതാകുന്നതോടെ അഴിമതി അവസാനിക്കുമെന്നായിരുന്നു കൊട്ടിഘോഷിച്ചത്. ഡിജിറ്റല്‍ ഇടപാടുകളുടെ യുഗത്തില്‍ കോഴയൊക്കെ കേട്ടുകേള്‍വിയാകുമെന്നും പലരും സ്വപ്നം കണ്ടു. കള്ളപ്പണവും കോഴയും പൂര്‍വാധികം ശക്തിയായി നടക്കുന്നുവെന്ന് തെളിയിക്കുന്ന എത്രയോ സംഭവങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിജെപി നേതാക്കള്‍തന്നെ ഈ കേസുകളില്‍ പങ്കാളികളാകുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതമാണ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.  ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയില്‍ 60 ശതമാനവും അനൌപചാരിക മേഖലയിലാണ്്. ചരിത്രപരമായ സവിശേഷതകളും രാജ്യത്തിന്റെ വൈപുല്യവും ഭൂമിശാസ്ത്രപരമായ കാരണങ്ങളും ഇതിനു പിന്നിലുണ്ട്. ബാങ്കിങ് സംവിധാനം ഇനിയും കടന്നുചെന്നിട്ടില്ലാത്ത വിദൂരഗ്രാമങ്ങള്‍, നിരക്ഷരരായ ജനത, ദൈനംദിന വിനിമയത്തിനുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത വ്യാപാരികളും സംരംഭകരും തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിക്കാതെയാണ് നോട്ടുനിരോധനം നടപ്പാക്കിയത്. നോട്ടുനിരോധനത്തിന്റെ അടിയന്തര പ്രത്യാഘാതം നഗരങ്ങളിലെയും പട്ടണങ്ങളിലെയും  ഇടത്തരക്കാരാണ് ഏറ്റുവാങ്ങിയത്. ബാങ്കുകളിലും എടിഎമ്മുകളിലും പണമെത്തിയതോടെ ഈ പ്രശ്നം പരിഹരിച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍, പണം അനൌപചാരികമായി വിനിമയം ചെയ്യപ്പെടുന്ന ഗ്രാമങ്ങളിലും കാര്‍ഷികമേഖയിലും നോട്ടുനിരോധനം കടുത്ത നാശം വിതച്ചു. വിളകള്‍ക്ക് ന്യായവില കിട്ടാതെ കര്‍ഷകര്‍ വന്‍ ദുരന്തത്തില്‍ അമര്‍ന്നു. നിര്‍മാണമേഖലയില്‍ വളര്‍ച്ച 3.7 ശതമാനം ചുരുങ്ങി. ഖനന, ഹോട്ടല്‍, ഗതാഗത, വിവരവിനിമയ, പ്രക്ഷേപണസേവന, ധനസേവന മേഖലകളിലും തിരിച്ചടി നേരിടുകയാണ്. വളര്‍ച്ച ആറുശതമാനമായി ഇടിഞ്ഞു.

ഈ സാഹചര്യത്തില്‍നിന്ന് കരകയറാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയത്. അശാസ്ത്രീയ നികുതിഘടന കൂടിയായപ്പോള്‍ സാധാരണക്കാരായ വ്യാപാരികളും വ്യവസായികളും സേവനദാതാക്കളും ശരിക്കും നട്ടംതിരിയുകയാണ്. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പ്രശ്നമൊന്നുമില്ല. അവരുടെ കാര്യങ്ങള്‍ സുരക്ഷിതമാണ്. ജിഎസ്ടി വരുമ്പോള്‍ വിലകുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം പാഴായെന്ന് മാത്രമല്ല, ജീവന്‍രക്ഷാഔഷധങ്ങള്‍ക്കും ഭിന്നശേഷിയുള്ളവരുടെ സഹായഉപകരണങ്ങള്‍ക്കും ഉള്‍പ്പെടെ വില വര്‍ധിച്ചു. തലതിരിഞ്ഞ നികുതിഘടന സര്‍വമേഖലയിലും പ്രകടമാണ്. തിരുപ്പതി ലഡുവിനു നികുതിയില്ല, അമൃത്സര്‍ സുവര്‍ണക്ഷേത്രത്തിലെ അന്നദാനത്തിനു നികുതി എന്നതാണ് അവസ്ഥ. ഡയാലിസിസിന് അഞ്ചുശതമാനമായിരുന്ന നികുതി 12 ശതമാനമായി ഉയര്‍ന്നു. രോഗനിര്‍ണയ കിറ്റുകള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. സാധാരണ ഹോട്ടല്‍ഭക്ഷണത്തിനു നേരത്തെ അര ശതമാനമായിരുന്നു വാറ്റ് നികുതി. ഇപ്പോള്‍ 12 ശതമാനവും എസി ഹോട്ടലുകളില്‍ 18 ശതമാനവുമായി. റെസ്റ്റോറന്റിലെ ഒരുഭാഗം എസിയാണെങ്കില്‍പോലും എല്ലാവരും 18 ശതമാനം നികുതി നല്‍കണം.

നികുതിനിരക്കുകള്‍ കുറച്ച മേഖലകളില്‍തന്നെ ഉപയോക്താവിന് ഇതിന്റെ പ്രയോജനം കിട്ടുന്നില്ല; കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാനാണ് അവസരം ഒരുങ്ങിയത്. ചെറുകിട വ്യാപാരികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഇടപാടുകള്‍ നടത്തുക ക്ളേശകരമാണ്. ഇങ്ങനെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിധത്തിലാണ് ജിഎസ്ടി വന്നുഭവിച്ചിരിക്കുന്നത്. ഉന്നതതലത്തില്‍തന്നെ ഒട്ടേറെ ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നു. തിരക്കിട്ട് നടപ്പാക്കിയതിന്റെ ഫലമാണിത്. ചുരുക്കത്തില്‍ മോഡിസര്‍ക്കാരിന്റെ രണ്ട് പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളും ജനങ്ങളുടെ തലയില്‍ ഇടിത്തീ വര്‍ഷിച്ചിരിക്കുന്നു

പ്രധാന വാർത്തകൾ
 Top