20 September Sunday

മരണത്തിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ മാനവികതയുടെ പ്രതിഷേധം...വിജയ് പ്രഷാദ് എഴുതുന്നു

വിജയ് പ്രഷാദ്Updated: Friday Aug 14, 2020

വിജയ് പ്രഷാദ്

വിജയ് പ്രഷാദ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുതലാളിത്ത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ മുൻഗണനയിൽ മാറ്റം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ് എഴുതുന്നു.

ലോകത്ത് ഇതിനകം 15 ദശലക്ഷം ആളുകൾക്ക് കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ-ജനറൽ ഡോ. തെദ്രോസ് അധാനോം ഗെബ്രെയേസൂസ് ജൂലൈ 23-ന് പ്രഖ്യാപിച്ചു. “ഈ മഹാമാരി കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അലോസരപ്പെടുത്തിയിരിക്കുന്നു. പലരും മാസങ്ങളായി വീട്ടിനകത്താണ് ”, അദ്ദേഹം പറഞ്ഞു. മഹാ ലോക്ഡൌണിന്റെ ആഘാതം ഗുരുതരമായ മാനസിക-സാമൂഹിക വിനാശങ്ങൾക്ക് കാരണമായിരിക്കുകയാണ്. ‘ആളുകൾ അവരുടെ ജീവിതവുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നത് പൂർണ്ണമായും മനസ്സിലാക്കാവുന്നതേയുള്ളൂ’, ഡോ. ഗെബ്രെയേസൂസ് പറഞ്ഞു. “എന്നാൽ ഇനി നമുക്ക് ആ “പഴയ സാധാരണ നില”യിലേയ്‌ക്ക് മടക്കമില്ല. മഹാമാരി ഇതിനകം തന്നെ നമ്മുടെ ജീവിതരീതിയെ മാറ്റിമറിച്ചു കഴിഞ്ഞു.  നമ്മുടെ ജീവിതം സുരക്ഷിതമായി ജീവിക്കാനുള്ള വഴികൾ കണ്ടെത്തുക എന്നതാണ് “പുതിയ സാധാരണ നില”യുമായി പൊരുത്തപ്പെടുന്നതിന്റെ ഒരു ഭാഗം.”

“ആഫ്രിക്കയിലെ കോവിഡ്-19 കേസുകളിൽ നമ്മൾ കാണുന്ന വർധനവ് ഈ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആരോഗ്യ സേവന സംവിധാനങ്ങൾക്ക് മേൽ എക്കാലത്തെയും  വലിയ സമ്മർദ്ദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്‘,” ജൂലൈ 23 ന് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ബ്രസ്സാവില്ലിൽ നടന്ന പത്രസമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക റീജിയണൽ ഡയറക്ടർ ഡോ. മാറ്റ്ഷിഡിസോ മൊയേറ്റി പറഞ്ഞു. ആഫ്രിക്കയിലിപ്പോൾ ആരോഗ്യ പ്രവർത്തകർക്കിടയിൽ പതിനായിരത്തോളം കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. “[ആരോഗ്യമേഖലയിൽ] ജോലി ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ചിടത്തോളം ഇതിന് വലിയ അനന്തരഫലങ്ങളുണ്ട്.” മൊയേറ്റി തുടർന്നു, “ആരോഗ്യ പ്രവർത്തകർക്കിടയിലുണ്ടാകുന്ന ഒരു അണുബാധ തന്നെ അധികമാണ്. ഡോൿടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമെല്ലാം നമ്മുടെ അമ്മമാരും സഹോദരീസഹോദരന്മാരുമാണ്. കോവിഡ് മൂലം അപകടത്തിൽപ്പെട്ട ജീവിതങ്ങളെ സഹായിക്കുകയാണ് അവർ. തങ്ങളെയും തങ്ങളുടെ രോഗികളെയും സഹപ്രവർത്തകരെയുമെല്ലാം സുരക്ഷിതരായി നിലനിർത്താനാവശ്യമായ ഉപകരണങ്ങളും വൈദഗ്ധ്യവും വിവരങ്ങളും അവരുടെ പക്കലുണ്ടെന്ന് നമ്മൾ ഉറപ്പാക്കണം.” മറ്റിടങ്ങളിലും കാര്യങ്ങൾ മോശമാണ്, അല്ലെങ്കിൽ രൂക്ഷമാണ്. മെയ് അവസാനം, ബ്രസീലിയൻ നഴ്സുമാരുടെ സംഘടനകളായ Federal Council of Nursing [COFEN], International Council of Nurses [ICN] എന്നിവ കോവിഡ്-19 ബാധിച്ച് ഏറ്റവുമധികം നഴ്സുമാർ - കൂടുതലും സ്ത്രീകൾ - മരിച്ചത് ബ്രസീലിലാണെന്ന് പറഞ്ഞു.

ഡോക്ടർ മൊയേറ്റിയുടെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ ജൂൺ മാസത്തിലിറങ്ങിയ “ആരോഗ്യം ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്” എന്ന ഞങ്ങളുടെ ഇരുപത്തിയൊൻപതാമത് ദോസിയറിനെക്കുറിച്ച് എന്നെ ഓർമിപ്പിച്ചു. അർജന്റീന, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അവരുടെ സർക്കാരുകൾ മഹാമാരിയെ കൈകാര്യം ചെയ്യുന്ന രീതിയെപ്പറ്റി അവർക്കുള്ള ആശങ്കകളെക്കുറിച്ചും  മനസിലാക്കാനായി ഞങ്ങളുടെ ഗവേഷകർ അവരോട് സംസാരിച്ചു. “കോവിഡിൽ അകപ്പെടുന്നതിന് മുൻപ് തന്നെ ഞങ്ങളുടെ ആരോഗ്യ സംവിധാനം രോഗാതുരമായിരുന്നു. നഴ്സുമാരുടെ എണ്ണത്തിലെ അപര്യാപ്തതയായിരുന്നു ലിസ്റ്റിൽ ആദ്യത്തേത്. ശുഷ്കമായ നഴ്സിംഗ് സ്റ്റാഫുമായിട്ടാണ് ഞങ്ങൾ ഈ മഹാമാരിയിലേക്ക് കടന്നത്”, ദക്ഷിണാഫ്രിക്കയിലെ Young Nurses Indaba Trade Union പ്രസിഡന്റ് ലെരാറ്റോ മദുമോ പറയുന്നു. ബജറ്റ് വെട്ടിക്കുറയ്‌ക്കുന്നത് തങ്ങളുടെ പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തിയിരിക്കുന്നുവെന്ന് ഞങ്ങൾ സംസാരിച്ച ഓരോ ആളും ഞങ്ങളോട് പറഞ്ഞു. പലപ്പോഴും ഇത്തരം ചെലവുചുരുക്കൽ അടിച്ചേൽപ്പിക്കുന്നത് വായ്പാ തിരിച്ചടവുകൾക്കായി സമ്മർദ്ദം ചെലുത്തുന്ന സമ്പന്നരായ കടപ്പത്രം (ബോണ്ട്) ഉടമകളും അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) യുമാണ്. ബജറ്റിൽ പൊതുജനാരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും സാമൂഹ്യ ക്ഷേമത്തിനുമെല്ലാം മാറ്റിവയ്‌ക്കേണ്ട പണത്തിൽ നിന്നാണ് ഈ വായ്പാ തിരിച്ചടവിനുള്ള പണം എടുക്കേണ്ടത് എന്നത് ബോണ്ട് ഉടമകൾക്കും ഐ എം എഫിനും ഒരു പ്രശ്‌നമേയല്ല. വികസ്വര രാജ്യങ്ങളുടെ കടം റദ്ദാക്കുവാനുള്ള ആഹ്വാനത്തിനൊപ്പം ചേരേണ്ടതിന്റെ കാരണവും ഇതുതന്നെയാണ്. 

എനാർ ദിയെസ് വിയ്യാവോസ്, “ജീവൻ നിലനിർത്തുന്നവർ” (2020)

എനാർ ദിയെസ് വിയ്യാവോസ്, “ജീവൻ നിലനിർത്തുന്നവർ” (2020)

ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ്, നഴ്‌സിംഗ് നൗ എന്നിവർ ചേർന്ന് ‘ലോകത്തെ നഴ്സിങ്ങിന്റെ അവസ്ഥ 2020’ (State of the World's Nursing 2020) എന്ന പേരിൽ ഒരു റിപ്പോർട്ട് ഏപ്രിലിൽ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് ആറ് ദശലക്ഷം നഴ്‌സുമാരുടെ കുറവുണ്ട് എന്നതാണ് ഈ റിപ്പോർട്ടിലെ കാതലായ കണക്ക്. ഗ്ലോബൽ സൌത്തിലാണ് ഈ അഭാവത്തിന്റെ 89 ശതമാനവും എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായിപ്പോലുമുള്ള വർദ്ധനവ് നഴ്‌സുമാരുടെ എണ്ണത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് ഈ രാജ്യങ്ങളിലെ അവസ്ഥ. വായ്പ ഇളവ് നൽകുന്നതിനു പകരമായി പൊതുമേഖലയിലെ വേതനം തുച്ഛമാക്കി നിലനിർത്താനുള്ള സമ്മർദ്ദം ഐ എം എഫ് ചെലുത്തുന്നത് ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇത് നഴ്സുമാർക്ക് കുറഞ്ഞ വേതനം മാത്രം ലഭിക്കുന്നതിനും അവർ ഉയർന്ന വേതനം ലഭിക്കുന്ന രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനും കാരണമാകുന്നു. സുഹാൽ യെസില്യുർട്ട് ഗൂണ്ടൂസ് ഇതിനെ വിശേഷിപ്പിച്ചത് ‘കെയർ ഡ്രെയിൻ’ എന്നാണ്.
നഴ്സുമാരെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ മുഖ്യമായും സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവിടെയാണ് നമ്മുടെ ശ്രദ്ധ വിവേചനത്തിന്റെയും അവഗണനയുടെയും ചിത്രത്തിലേക്ക് പതിയേണ്ടത്. ലോകാരോഗ്യ സംഘടന 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ ലിംഗസമത്വത്തെക്കുറിച്ചുള്ള എല്ലാ കപട വാചാടോപങ്ങൾക്കും വിരാമമിടാനുതകുന്ന ഒരു വാചകമുണ്ട്: “ആരോഗ്യ പ്രവർത്തകരുടെ എഴുപത് ശതമാനവും സ്‌ത്രീകളാണ്, എന്നാൽ അവരുടെ ശരാശരി വരുമാനം പുരുഷന്മാരുടേതിനേക്കാൾ 28 ശതമാനം കുറവാണ്.” ട്രൈക്കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ ഞങ്ങളുടെ ഡപ്യൂട്ടി ഡയറക്ടർ റെനാത്താ പോർത്തോ ബുഗ്നിയുടെ നേതൃത്വത്തിൽ കൊറോണാ ആഘാതത്തിന്റെ ലിംഗപരമായ മാനങ്ങളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സൂക്ഷ്മ പഠനം ഇത്തരം വസ്തുതകൾ വിശദീകരിക്കുന്നതാണ്. ഈ റിപ്പോർട്ട് വരും മാസങ്ങളിൽ പുറത്തിറങ്ങും.

‘ആരോഗ്യം ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പാണ്’ എന്ന ദോസിയർ തയ്യാറാക്കുവാനായി ഞങ്ങളുടെ സംഘം ആരോഗ്യ പ്രവർത്തകരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത ദോസിയർ മുതലാളിത്ത രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ മുൻഗണനയിൽ മാറ്റം കൊണ്ടുവരാനായി ഒരു പതിനാറിന അജണ്ട വികസിപ്പിച്ചിരുന്നു. അതിൽ ആറെണ്ണം സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണ്:
1) ആരോഗ്യ പ്രവർത്തകർക്കുള്ള കോവിഡ്-19 പരിശോധന ഗണ്യമായി വർധിപ്പിക്കുക.
2) ഉയർന്ന നിലവാരത്തിലുള്ള പി പി ഇ കിറ്റുകളും മാസ്‌കുകളും മറ്റ് അവശ്യ ഉപകരണങ്ങളും നൽകി ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുക. മുൻനിര പ്രവർത്തകർക്ക് രോഗത്തെ നേരിടാനാവശ്യമായ പരിശീലനം നൽകിയിരിക്കണം.
3) ഡോൿടർമാരും നഴ്‌സുമാരും പൊതുജനാരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കെല്ലാമായി പരിശീലന സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ട് അടിയന്തരമായി അനുവദിക്കുക.
4) ആരോഗ്യ പ്രവർത്തകർക്കുള്ള ശമ്പളം വർധിപ്പിക്കുകയും അവ തടസ്സം കൂടാതെ കൃത്യമായി നൽകുകയും ചെയ്യുക.
5) ചെയ്യുന്ന ജോലി തങ്ങളുടെ ആരോഗ്യത്തിനോ ജീവനോ അപകടകരമാണെന്ന് തോന്നുന്ന പക്ഷം അതിൽ നിന്ന് പിൻമാറാൻ ആരോഗ്യ പ്രവർത്തകർക്ക് അവകാശമുണ്ട് എന്നത് അംഗീകരിക്കുക (അന്താരാഷ്‌ട്ര തൊഴിൽ സംഘടനയുടെ 155, 187 കൺവൻഷനുകളുടെ അടിസ്ഥാനത്തിലാണിത്).
6) ആരോഗ്യമേഖലയ്‌ക്കായി പൊതുവിലും കോവിഡ്-19 പ്രതിസന്ധി നേരിടാൻ പ്രത്യേകിച്ചും ഉള്ള നയങ്ങൾ രൂപീകരിക്കുന്ന കമ്മിറ്റികളിൽ ആരോഗ്യ പ്രവർത്തകരുടെ യൂണിയനുകളെ ഉൾപ്പെടുത്തുമെന്ന് ഉറപ്പ് നൽകുക. ഇത്തരം നയങ്ങൾ നിർണ്ണയിക്കാൻ സഹായിക്കുന്നതിൽ അവർക്ക് പങ്കുണ്ടെന്ന് ഉറപ്പാക്കുക.

മഹാമാരിയുടെ കാലത്ത് മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കപ്പെട്ടിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായതിനു ശേഷം പ്രതികരണശേഷിയുള്ള ഏതൊരാളും അംഗീകരിക്കുന്ന, തികച്ചും പ്രാഥമികമായ, ആവശ്യങ്ങൾ മാത്രമാണിവ. ഇവയിൽ പലതും കോവിഡാനന്തര കാലത്തെ ഗ്ലോബൽ സൌത്തിനു വേണ്ടി തയ്യാറാക്കിയിരുന്ന ഞങ്ങളുടെ പത്തിന അജണ്ടയിലും കാണാം. മേൽപ്പറഞ്ഞ ലിസ്റ്റിനോട് നമ്മൾ ഇത് കൂടി കൂട്ടിച്ചേർക്കണം:

7. ഇനി മേലിൽ വായ്പ നൽകുന്നതിന്റെ ഉപാധിയായി പൊതുമേഖലയിലെ വേതനം  എന്തായിരിക്കണമെന്നത് ഐ എം എഫും യു എസ് ട്രഷറി ഡിപ്പാർട്ട്മെന്റും തീരുമാനിക്കുന്നത് അവസാനിപ്പിക്കാൻ അവർക്കുമേൽ സമ്മർദ്ദം ചെലുത്തുക. അങ്ങനെ വരുമ്പോൾ ഗ്ലോബൽ സൌത്തിലെ സർക്കാരുകൾക്ക് അവരുടെ ആരോഗ്യ പ്രവർത്തകർക്ക് മതിയാംവണ്ണം പ്രതിഫലം നൽകാനാകും.

1947 സെപ്റ്റംബറിൽ, വടക്കൻ ഈജിപ്തിലെ ഫാഖൂസിലെ ഒരു ഡോക്ടർ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളുള്ള രണ്ട് രോഗികളെ കണ്ടു. അടുത്ത ദിവസം ഇതുപോലെ രണ്ട് രോഗികൾ കൂടി എത്തി. അവരോട് ജനറൽ ആശുപത്രിയിലേക്ക് പോകാൻ അദ്ദേഹം  ഉപദേശിച്ചു. മധ്യ ഈജിപ്തിലെ അൽ ഖർനയിലെ  ആരോഗ്യ ഉദ്യോഗസ്ഥൻ ആ ദിവസം പത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിൽ സംഭ്രമിച്ചിരിക്കുകയായിരുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പിന്നീട് നിരീക്ഷിച്ചു. ഈജിപ്തിൽ അതിനു മുമ്പ് ആറ് തവണ (1817, 1831, 1846, 1863, 1883, 1902) കോളറ മഹാമാരി ഉണ്ടായിട്ടുണ്ടായിരുന്നു. എന്നിട്ടും ഇത്തവണ എന്താണ് രോഗത്തിന് കാരണമെന്ന് മെഡിക്കൽ ഓഫീസർമാർക്ക് പിടി കിട്ടിയില്ല.

“ഡോക്ടർമാർ, സാനിറ്ററി ഉദ്യോഗസ്ഥർ, നഴ്‌സിംഗ് സ്റ്റാഫ്, അണുനാശിനി പ്രയോഗം നടത്തുന്നവർ തുടങ്ങിയവരുടെ  സേന” അണുബാധയുടെ ശൃംഖല തകർക്കുന്നതിനുമുമ്പ് കോളറ രാജ്യമെമ്പാടും വ്യാപിച്ചു; 10277 പേർ മരിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ഈജിപ്‌തിൽ നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനികരാണ് കോളറ അവിടേയ്‌ക്ക് കൊണ്ടുവന്നതെന്ന അഭ്യൂഹങ്ങൾ ബ്രിട്ടീഷ് അധികൃതർ തള്ളിക്കളഞ്ഞു.
 

 ഈജിപ്‌തിൽ കോളറ പൊട്ടിപ്പുറപ്പെട്ടതിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇറാഖിലിരുന്ന് നാസിക് അൽ-മലൈക്ക (1923-2007) റേഡിയോയിൽ കേട്ടു. അവരുടെ വിഷമം ‘കോളറ’ എന്ന മനോഹരമായ കവിതയായി. അതിന്റെ വിവർത്തനം ഇവിടെ ചേർക്കുന്നു.

രാത്രിയാണ്.
ഇരുട്ടിൽ നിശബ്ദതയ്ക്ക് മുകളിൽ ഉയരുന്ന
വിലാപങ്ങളുടെ പ്രതിധ്വനികൾ കേൾക്കുക
...
വേദനയുടെ, കവിഞ്ഞൊഴുകുന്ന ദുഃഖം
വിലാപങ്ങളുമായി ഏറ്റുമുട്ടുന്നു.
ഓരോ ഹൃദയത്തിലും തീയുണ്ട്,
നിശബ്‌ദമായ ഓരോ കുടിലിലും, ദു;ഖവും
പിന്നെ എല്ലായിടത്തും ഇരുട്ടിൽ കരയുന്ന ഒരു ആത്മാവ്.

രാത്രിയാണ്.
പ്രഭാതത്തിന്റെ നിശബ്ദതയിൽ
വഴിപോക്കന്റെ കാൽപ്പെരുമാറ്റം ശ്രദ്ധിക്കുക.
ശ്രദ്ധിക്കൂ, വിലാപയാത്രകൾ നോക്കൂ,
പത്ത്, ഇരുപത്, അല്ല… എണ്ണമറ്റവ.
...
എല്ലായിടത്തും ഒരു മൃതദേഹം കിടക്കുന്നു. വിലാപമായി
സ്‌തുതികളില്ലാതെ, നിശബ്ദതയുടെ ഒരു നിമിഷമില്ലാതെ.
...
മരണത്തിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ മാനവികത പ്രതിഷേധിക്കുന്നു.
...
മരണത്തിന്റെ പ്രതികാരമാണ് കോളറ.
...
കുഴിമാടം തീർക്കുന്നയാൾ പോലും മരിച്ചിരിക്കുന്നു
പള്ളിയിൽ ബാങ്ക് വിളിക്കുന്നയാളും
മരിച്ചവർക്ക് ആര് സ്‌തുതി പാടും?
...
ഓ ഈജിപ്ത്, മരണത്തിന്റെ വിനാശത്താൽ എന്റെ ഹൃദയം പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു.


കുഴിമാടം തീർക്കുന്നയാൾ പോലും രോഗത്തിന് കീഴടങ്ങിയിരിക്കുന്നു, കൂടെ ആരോഗ്യ പ്രവർത്തകരും. മരണം വിതച്ച വിനാശത്താൽ, കൊറോണാവൈറസ് മഹാമാരിയുടെ ആഴത്തിലുള്ള വേദനകളാൽ, പട്ടിണിയുടെ മഹാമാരിയാൽ, പ്രത്യാശകൾക്കെതിരായ മഹാമാരിയാൽ, നമ്മുടെ ഹൃദയങ്ങൾ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. എന്നിട്ടും, ഈ വിഷാദത്തിലും “മരണത്തിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ മാനവികത പ്രതിഷേധിക്കുന്നു”വെന്ന് കവി നമ്മെ ഓർമിപ്പിക്കുന്നു.

(Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്.  ട്രൈക്കോണ്ടിനെന്റലിന്റെ 2020-ലെ മുപ്പത്തിയൊന്നാമത് ന്യൂസ് ലെറ്ററിന്റെ പരിഭാഷയാണിത്.)

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top