31 January Tuesday

വീണ്ടെടുക്കേണ്ടത് ജനാധിപത്യ അവകാശങ്ങൾ

കെ വി സുധാകരൻUpdated: Saturday Dec 10, 2022

ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് നാൾവഴികൾ പ്ലാറ്റിനം ജൂബിലിയിലേക്ക് പദമൂന്നുമ്പോഴാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ അലകും പിടിയും കുറ്റമറ്റതാക്കാനും കൂടുതൽ അർഥപൂർണമാക്കാനും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസംഘടന 1948 ഡിസംബർ പത്തിന്  നടത്തിയ മനുഷ്യാവകാശ ദിനാചരണ പ്രഖ്യാപനം ഇക്കുറി വെള്ളിയാഴ്ച ആചരിക്കുകയാണ്.  മനുഷ്യാന്തസ്സ്‌, നീതിപൂർവമായ സാമൂഹ്യജീവിതം എന്നിവ സാധ്യമാക്കുകയെന്ന സ്വപ്നങ്ങളോടെ ആവിഷ്കരിക്കപ്പെട്ട ഈ ദിനാചരണം അത്യന്തം കലുഷവും സങ്കീർണവുമായ കാലത്തിലൂടെ നീങ്ങുമ്പോഴാണ് മനുഷ്യാവകാശ ദിനാചരണത്തെപ്പറ്റിയുള്ള ഓർമകൾ പങ്കിടേണ്ടി വരുന്നത്.

എഴുപത്തിനാലുവർഷം മുമ്പ് ഐക്യരാഷ്ട്രസംഘടന ഭൂമിയിലെ ഏറ്റവും ഉൽകൃഷ്ടമായ മാനവസൃഷ്ടിയെന്ന നിലയിലായിരുന്നു മനുഷ്യാവകാശ ദിനാചരണത്തെ വിലയിരുത്തിയത്.  ഫാസിസവും നാസിസവും ആടിത്തിമിർത്ത ഇരുപതാം നൂറ്റാണ്ടിന്റെ ദുരിത ഭീകരതകളിൽനിന്നുള്ള മോചനമായിരുന്നു ഇതിനുപിന്നിലെ സ്വപ്നം. രണ്ടാം ലോകയുദ്ധം തകർത്തെറിഞ്ഞ മനുഷ്യരാശിയുടെ ധർമസങ്കടങ്ങളും സംത്രാസങ്ങളും ഇത്തരമൊരു സ്വപ്നസാക്ഷാൽക്കാരത്തിന് കരുത്തുപകർന്നു. രാഷ്ട്രീയ ദർശനങ്ങൾ, ഭരണസമ്പ്രദായങ്ങൾ, സാമൂഹ്യ സാമ്പത്തിക സ്ഥിതിവിശേഷങ്ങൾ എന്നിവയിലെല്ലാം വ്യത്യസ്തതകളും വൈരുധ്യങ്ങളും അരങ്ങുവാണിരുന്ന 58 യുഎൻ അംഗരാഷ്ട്രങ്ങൾക്കിടയിൽ മനുഷ്യാവകാശ സംരക്ഷണത്തിന്‌ ഏകീകൃത രൂപഭാവങ്ങൾ നൽകുക അസാധ്യമായ സന്ദർഭത്തിലായിരുന്നു ആധുനിക മനുഷ്യവംശ ചരിത്രത്തിലെ ഏറ്റവും അർഥപൂർണമായ ഈ ചുവടു‌വയ്‌പിലേക്ക് നീങ്ങിയത്.

എല്ലാ വൈജാത്യങ്ങൾക്കും വിപരീതങ്ങൾക്കുമപ്പുറം സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഓരോ വ്യക്തിക്കും അവകാശമുണ്ടെന്ന കാഴ്ചപ്പാടിന്റെ വെള്ളിവെളിച്ചമാണ് മനുഷ്യാവകാശ ദിനാചരണത്തിന്റെ സാർഥകതയിലേക്ക് ഐക്യരാഷ്ട്രസംഘടനയെ കൂട്ടിക്കൊണ്ടുപോയത്. ജാതി, മതം, ഭാഷ, വിശ്വാസം, പൗരത്വം, ദേശീയത, കുടുംബം, പ്രാദേശികത എന്നിവയൊന്നും പരിമിതികളുടെ മതിലുകൾ സൃഷ്ടിക്കാത്ത മനുഷ്യാന്തസ്സ്‌  സാധ്യമാകണമെന്നായിരുന്നു അന്ന് ചിന്തിച്ചത്. അതുകൊണ്ട് പ്രഖ്യാപനത്തിന്റെ ഇരുപത്തിരണ്ടാം അനുച്ഛേദത്തിൽ പറയുന്നുണ്ട്– -‘‘ഓരോ വ്യക്തിക്കും സമൂഹത്തിലെ അംഗമെന്ന നിലയിൽ സാമൂഹ്യ സുരക്ഷിതത്വം, സമ്പൂർണ വ്യക്തിത്വ വികാസം എന്നിവ കൈവരിക്കാൻ അർഹതയും അതിന് അനുപേക്ഷണീയമായ സാമ്പത്തിക സാമൂഹ്യ സാംസ്കാരിക അവകാശങ്ങളുമുണ്ടെ’ന്ന്.  ഈ അവകാശങ്ങൾ സാക്ഷാൽക്കരിക്കുന്നതിനുള്ള വ്യവസ്ഥകളാണ് 23 മുതൽ 27 വരെയുള്ള അനുച്ഛേദങ്ങളിൽ പറയുന്നത്. തൊഴിൽ, സാമൂഹ്യ സുരക്ഷിതത്വം, തുല്യജോലിക്ക് തുല്യവേതനം, വിശ്രമത്തിനും വിനോദത്തിനുമുള്ള അവകാശങ്ങൾ, ആരോഗ്യവും ക്ഷേമവും നിലനിർത്താൻ സഹായമായ ജീവിതനിലവാരം, വിദ്യാഭ്യാസം എന്നിവയാണ് ഈ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചുരുക്കത്തിൽ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അടിവരയിടുന്ന മുപ്പതാം അനുച്ഛേദങ്ങളും ആമുഖവും അടങ്ങുന്നതാണ് ആഗോള മനുഷ്യാവകാശ പ്രഖ്യാപനം.

മനുഷ്യാവകാശത്തിന്റെ നാൾവഴികൾ
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തിനിടയിൽ നിലവിൽ വന്ന ഇന്ത്യയിലേത് അടക്കമുള്ള ദേശീയ ഭരണഘടനകളിൽ ഈ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ സ്വാധീനം പ്രകടമാണ്. ചേരിചേരാ രാഷ്ട്രങ്ങളുടെ ഉച്ചകോടി, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയൊക്കെ മനുഷ്യാവകാശങ്ങൾ ആവർത്തിച്ച് പറയാറുള്ളതുമാണ്. ഇതിന് അനുപൂരകമെന്ന നിലയിൽ നിരവധി ഉടമ്പടികളും ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനമാണ് 1976ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടി. 1979 മാർച്ച് 27ന് ഉടമ്പടികൾ സ്ഥിരീകരിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ്‌ മനുഷ്യാവകാശ സംരക്ഷണത്തിന്റെ നിയമബാധ്യത ഏറ്റെടുക്കുകയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങളിലും നിർദേശകതത്വങ്ങളിലും ഇതിന്റെ ചൈതന്യം നാം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഇന്ത്യൻ ഭരണഘടന പറയുന്നത്
മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാൻ നമ്മുടെ ഭരണഘടനയുടെ വിവിധ അനുച്ഛേദങ്ങൾ നിർദേശിക്കുന്നുണ്ട്. അനുച്ഛേദം 14 മുതൽ 18 വരെ വിവിധ രംഗങ്ങളിലെ സമത്വത്തിനുള്ള അവകാശത്തെപ്പറ്റി പറയുന്നു. അനുച്ഛേദം 19 സ്വാതന്ത്ര്യത്തിനുള്ള അവകാശപ്രഖ്യാപനമാണ്. അനുച്ഛേദം 20 കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ്. അനുച്ഛേദം 22 അറസ്റ്റിനും തടങ്കലിനുമെതിരായ സംരക്ഷണം ഉദ്ഘോഷിക്കുന്നു. 23, 24 എന്നിവ ചൂഷണത്തിനെതിരായ അവകാശമാണ് ഉറപ്പുനൽകുന്നത്.

ഏഴരപ്പതിറ്റാണ്ടോടടുക്കുമ്പോഴും മനുഷ്യാവകാശങ്ങളുടെ ധ്വംസനം പല സ്ഥലങ്ങളിൽ പല രൂപത്തിൽ അരങ്ങു തകർക്കുകയാണ്. ഫലമോ അന്തസ്സാർന്ന ജീവിതമെന്ന മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ സ്വപ്നസന്നിഭമായ ലക്ഷ്യം മരീചികയായി തുടരുകയും ചെയ്യുന്നു. ലോകമെമ്പാടും മനുഷ്യാവകാശ ലംഘനങ്ങൾ പെരുമ്പറ കൊട്ടിയാടുകയാണ്‌. മതം, വംശം, വിശ്വാസം എന്നിവയുടെ പേരിൽ വിവേചനങ്ങൾ നേരിടുന്ന മനുഷ്യരുടെ എണ്ണം വർധിച്ചുവരുന്നു. ഭീകരപ്രവർത്തനം, മയക്കുമരുന്ന് വ്യാപാരം, സാമ്പത്തികമാന്ദ്യം, കടബാധ്യത, നിരക്ഷരത, ദാരിദ്ര്യം, പട്ടിണിമരണം, സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണവും പീഡനങ്ങളും, കൂട്ട ബലാത്സംഗങ്ങൾ, തടവറകളിലെ പീഡനം, ആദിവാസികൾക്കു നേരെയുള്ള അരുതായ്മകൾ, ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന വേട്ടയാടൽ തുടങ്ങിയവയെല്ലാം ഇന്ത്യയിലടക്കം വർധിച്ചുവരുന്നതായാണ് അനുഭവം. ലോക ജനസംഖ്യയിലെ 800 കോടിയിൽ 335 കോടിയും ദരിദ്രരാണെണ്‌ ഔദ്യോഗിക കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിലാകട്ടെ ദരിദ്രരുടെ ജനസംഖ്യ 42 കോടി കഴിഞ്ഞിരിക്കുന്നു. വരൾച്ച, അതിവർഷം, വെള്ളപ്പൊക്കം, ആഗോളതാപനം, ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം തുടങ്ങിയ പരിസ്ഥിതി ദുരന്തങ്ങൾ അനുഭവിക്കുന്നവരേറെയും പാവപ്പെട്ട മനുഷ്യരാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും മനുഷ്യരാശിയുടെ വരുംവർഷങ്ങളിലെ നിലനിൽപ്പിനുതന്നെ ഭീഷണി സൃഷ്ടിക്കുന്ന ഹരിതഗൃഹവാതക ബഹിർഗമനം മുതലാളിത്ത വികസിത രാഷ്ട്രങ്ങളുടെ ലാഭക്കൊതിയിൽനിന്നുമാണ്  ഉണ്ടാകുന്നതെന്ന് അടുത്തിടെ ഈജിപ്‌തിൽ നടന്ന ഇരുപത്തേഴാം കാലാവസ്ഥാ ഉച്ചകോടി വിലയിരുത്തിയിട്ടുണ്ട്.

ലോകവ്യാപകമായി അരങ്ങേറുന്ന  മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരകൾ നമ്മുടെ രാജ്യത്തും ഏറെ വർധിച്ചുവരുന്നതായാണ് സമകാലിക അനുഭവം.‘നമ്മൾ ഇന്ത്യക്കാർ’ എന്ന ഭരണഘടനയുടെ ആമുഖ വാചകത്തിന്റെ തുടക്കംതന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. ജാതി, മത, വർഗീയ, സങ്കുചിത ദേശീയവാദത്തിന്റെയും അർഥശൂന്യമായ ഏകഭാഷവാദത്തിന്റെയും ശത്രുതാപരമായ ന്യൂനപക്ഷ വേട്ടയുടെയുമൊക്കെ പേരിൽ ‘നമ്മൾ ഇന്ത്യക്കാർ’ എന്നതിനെ ഭരണകൂടം ഛിന്നഭിന്നമാക്കുകയാണ്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മഹത്തായ ഭരണഘടനാ മൂല്യങ്ങളെയും കവർന്നെടുക്കുകയാണ്. ‘ഭരണഘടനാ നിർവഹണരീതിയും ഭരണഘടനാ മൂല്യങ്ങളും ഒത്തുപോകുമ്പോൾ മാത്രമേ ജനാധിപത്യത്തിന്‌ അർഥമുണ്ടാകൂ’ എന്ന അംബേദ്കറുടെ വാക്കുകൾ വാറു പൊട്ടിയ ചെരുപ്പുപോലെ ഭരണകൂടം തെരുവിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

അന്തസ്സ്‌, സ്വാതന്ത്ര്യം, നീതി
ഇത്തരമൊരു ചരിത്രസന്ധിയിലാണ് ഇത്തവണത്തെ മനുഷ്യാവകാശദിനാചരണം നടത്തുന്നത്. ‘അന്തസ്സ്‌, സ്വാതന്ത്ര്യം, എല്ലാവർക്കും നീതി എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിനാചരണ പ്രമേയം.  ഈ പ്രമേയത്തിന്റെ അടിപ്പടവുകൾവരെ ഇളക്കിമാറ്റുന്ന അത്യന്തം ജുഗുപ്സാവഹമായ സാഹചര്യം രാജ്യത്ത് ശക്തിപ്പെടുന്ന സന്ദർഭത്തിലാണ് മനുഷ്യാവകാശ ദിനാചരണ പരിപാടികൾ.

ജനാധിപത്യ അവകാശങ്ങളും നീതിയുക്തമായ ഭരണഘടനാ മൂല്യങ്ങളും വീണ്ടെടുക്കാനുള്ള പ്രക്ഷോഭങ്ങളാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്. 82 പേരുമായി വിപ്ലവപ്രവർത്തനങ്ങൾ ആരംഭിച്ച ഫിദൽ കാസ്ട്രോ പറഞ്ഞു–- ‘ഇനിയും വിപ്ലവം നടത്തേണ്ടി വന്നാൽ പത്തോ പതിനഞ്ചോ പേരുമായി ഞാനത് നടത്തും. നിങ്ങൾ എത്ര ചെറുതാണ് എന്നതല്ല പ്രശ്നം. നിങ്ങൾക്ക് ആത്മധൈര്യവും പ്രവർത്തനപദ്ധതിയും ഉണ്ടോ എന്നതാണ് പ്രസക്തം’. എല്ലാത്തരം ജനവിരുദ്ധതയുടെയും കത്തിവേഷങ്ങൾ ആടുന്ന നരേന്ദ്ര മോദി ഭരണത്തിന്റെ അടിക്കല്ലുകൾ ഇളക്കാനുള്ള ശ്രമങ്ങൾ സജീവമാകണമെന്നാണ് ജനാധിപത്യവാദികൾക്ക് ഈ ദിവസം ഏറ്റെടുക്കാനുള്ള പ്രതിജ്ഞ.

(മുൻ വിവരാവകാശ കമീഷണറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top