14 April Wednesday

പ്രത്യാശയുടെ വിശുദ്ധവാരം - സോണി ബി ജോൺ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021

മനുഷ്യരാശിക്ക് പ്രത്യാശയുടെ നവകിരണങ്ങൾ പ്രദാനം ചെയ്‌ത്‌ ഒരു വിശുദ്ധവാരംകൂടി കടന്നുവരുന്നു. മനുഷ്യരാശിയെ അവരുടെ പാപങ്ങളിൽനിന്ന്‌ മോചിപ്പിക്കാൻ ഒരു ദുഃഖവെള്ളിയാഴ്ചയിൽ രക്തസാക്ഷിത്വംവരിച്ച യേശു പുതുഞായറിലെ ഉയിർത്തെഴുന്നേൽപ്പിലൂടെ മാനവർക്ക് നൽകുന്നത് കഴിഞ്ഞുപോയ വർഷത്തെ വേദനകളെ കഴുകിക്കളയാനും വരുംനാളുകളെ പ്രതീക്ഷയോടെ പുൽകാനുമുള്ള അവസരമാണ്. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുന്ന ലോകത്തിന്‌ ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് പ്രതീക്ഷയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാകുമെന്നു കരുതാം.

തന്റെ ജ്ഞാനംകൊണ്ടും ഉൾക്കാഴ്ചകൾകൊണ്ടും മനുഷ്യജീവിതത്തെ ഇത്രമേൽ സ്വാധീനിച്ച യുഗപ്രഭാവനായ യേശു മുന്നോട്ടുവച്ച ജീവിത വീക്ഷണത്തെ വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് ഈ വിശുദ്ധവാരം നമുക്ക് നൽകുന്നത്. മനുഷ്യരാശി കടന്നുപോയ സഹനത്തിന്റെ ഈയൊരാണ്ട് മനുഷ്യജീവിത ദർശനത്തിൽത്തന്നെ ഒരു വീണ്ടെടുപ്പ് ആവശ്യപ്പെടുന്നുണ്ട്. പണാധിപത്യത്തിലും ലാഭേച്ഛയിലും ആണ്ടുപോയ ഒരു ജീവിതശൈലിയോട് നിരാസപ്പെടാൻ മനുഷ്യർ അവശ്യം പഠിക്കേണ്ട ഒരു സമയംകൂടിയാണ് ഈ കോവിഡ് കാലം. പണാധിപത്യത്തിലും ലാഭനിർമിതിയിലും അഭിരമിച്ചിരുന്ന വികസിത രാജ്യത്തെ സമൂഹങ്ങൾക്ക് ജീവിതത്തിലെ ഇഴയടുപ്പം കൈമോശം വന്നുപോയതിന്റെ ദുരന്ത ചിത്രംകൂടി ഈ കോവിഡുകാലം വരച്ചുകാണിക്കുന്നുണ്ട്.

വ്യക്തിത്വവാദവും അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യവും സാമൂഹ്യനീതി ബോധം ഉൾക്കൊള്ളാത്ത സ്വതന്ത്രചിന്തയും വളമാക്കിയെടുത്ത ഒരു ജീവിത വീക്ഷണം യഥാർഥത്തിൽ യേശു വിഭാവനംചെയ്ത ജീവിതവീക്ഷണത്തെ അപ്പാടെ നിരസിക്കുന്നതായിരുന്നു. വികസിതരാജ്യങ്ങളിൽ ഈ മഹാമാരിക്കാലത്തുണ്ടായ വർധിത മരണനിരക്ക് കുടുംബബന്ധങ്ങളിലും സമൂഹത്തിലും രൂഢമൂലമായിരുന്ന തീവ്ര പണാധിഷ്ഠിത ജീവിത ശൈലിയുടേതുകൂടിയായിരുന്നുവെന്ന് സാമൂഹ്യശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നുണ്ട്. മക്കളുടെ സ്നേഹപരിചരണങ്ങൾ നിഷേധിക്കപ്പെട്ട നിരാലംബരും വൃദ്ധരുമായ മാതാപിതാക്കൾ ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെയും ചികിത്സാച്ചെലവ് താങ്ങാൻ കഴിയാതെയും വലിയ തോതിൽ മരണത്തിനു കീഴടങ്ങുന്ന കാഴ്ചയ്‌ക്ക് ഈ കോവിഡുകാലം സാക്ഷിയായി. യേശു വിഭാവനംചെയ്ത കൂട്ടായ്മയിലും പങ്കുവയ്‌ക്കലിലും അധിഷ്ഠിതമായ ഇഴയടുപ്പമുള്ള ജീവിതവീക്ഷണത്തെ നിരസിച്ച് കേവലം പണാധിപത്യ ജീവിതവീക്ഷണത്തിലേക്ക് വഴുതിവീണ മനുഷ്യരാശിക്ക് കൊടുക്കേണ്ടിവന്ന വിലയായിരുന്നു ഈ കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജീവിതങ്ങളിൽ ഒരു വലിയ പങ്ക്.

കുരിശിലേറ്റപ്പെടുന്നതിന് ഒരാഴ്ചമുമ്പുമാത്രം ജെറുസലേം ദേവാലയത്തിലേക്ക് കഴുതപ്പുറത്തേറി ജനങ്ങളുടെ ആർപ്പുവിളികളുടെ അകമ്പടിയോടെ എത്തിയ യേശു തന്റെ പിതാവിന്റെ ആലയത്തെ കൊള്ളക്കാരുടെ സങ്കേതമാക്കി മാറ്റിയ അവിടെയുള്ള നാണയമാറ്റക്കാരെയും മറ്റു കച്ചവടക്കാരെയും ചമ്മട്ടികൊണ്ടടിച്ച് പുറത്താക്കി ദേവാലയം ശുദ്ധീകരിക്കുന്നുണ്ട്. യേശുവിന്റെ ജനപിന്തുണയും തങ്ങളുടെ വരുമാനദാതാക്കളായ കച്ചവടക്കാരെ ആട്ടിയോടിച്ച രീതിയും അവിടത്തെ പുരോഹിതർക്ക് യേശുവിനെതിരെ തിരിയാനുള്ള പെട്ടെന്നുള്ള പ്രചോദനമായതായി ഹൂസ്റ്റണിലെ സെന്റ് തോമസ് കത്തോലിക്കാ സർവകലാശാലയിലെ പ്രൊഫസറായ ഡേവിസ് ലാൻഡ്രി അഭിപ്രായപ്പെടുന്നു.

തന്റെ ജീവിതത്തിലുടനീളം സമാധാന പ്രിയനായിരുന്ന യേശു അക്രമാസക്തനാകുന്നത് ഈയൊരവസരത്തിൽ മാത്രമാണെന്നത് ഏറെ ശ്രദ്ധേയമാണ്. അവിടെയുണ്ടായിരുന്ന നാണയമാറ്റക്കാർ തങ്ങളുടെ പണം ദേവാലയ നടത്തിപ്പുകാരുടെ സഹായത്തോടെ നികുതിയടയ്‌ക്കാനാകാതെ കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ കഷ്ടപ്പെട്ടിരുന്ന സാധാരണക്കാർക്ക് കൊള്ളപ്പലിശയ്‌ക്ക് കടം കൊടുത്ത് അവരെ ചൂഷണം ചെയ്യുന്ന ഒരേർപ്പാടുണ്ടായിരുന്നത്രേ. പണക്കാരോടൊപ്പം ചേർന്ന് ദേവാലയ അധികാരികൾ ചെയ്തിരുന്ന ഈയൊരേർപ്പാടായിരിക്കണം പാവപ്പെട്ടവർക്കുവേണ്ടി അത്തരക്കാരെ അടിച്ചോടിക്കാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ന് ചരിത്ര ഗവേഷകനും "ദി ചലഞ്ച് ആൻഡ്‌ സ്പിരിച്വാലിറ്റി ഓഫ് കാത്തലിക് സോഷ്യൽ ടീച്ചിങ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ മർവിൻ ക്രിയർ മിക്‌ അഭിപ്രായപ്പെടുന്നുണ്ട്. യേശുവിന്റെ മരണം നീതിക്കുവേണ്ടിയുള്ള രക്തസാക്ഷിത്വമായി അംഗീകരിക്കപ്പെടുമ്പോൾത്തന്നെ ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾക്ക് അത് രക്ഷകന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രവചനങ്ങളുടെ ആത്യന്തിക സാക്ഷാൽക്കാരം കൂടിയാണ്.

മത്തായിയുടെ സുവിശേഷത്തിൽ 22–-ാം അധ്യായത്തിൽ വഴിയരികിൽ അവശനായി കിടന്നിരുന്നയാളെ ശുശ്രൂഷിച്ച വിജാതീയനായ സമരിയക്കാരന്റെ പ്രവൃത്തിയെയാണ് നല്ല അയൽക്കാരന്റേതായി യേശു ചൂണ്ടിക്കാണിക്കുന്നത്

ക്രിസ്തുവിനെ ജനക്കൂട്ടങ്ങളുടെ പ്രിയപ്പെട്ടവനാക്കിയത് ഏറെക്കാലത്തെ രഹസ്യ ജീവിതത്തിനുശേഷമുള്ള പൊതുജീവിതദശയിൽ ഉപമകളിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയുമുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ജനങ്ങളുമായുള്ള നിരന്തര സംവേദനങ്ങളുമാണ്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല അയൽക്കാരന്റെ ഉപമ. മത്തായിയുടെ സുവിശേഷത്തിൽ 22–-ാം അധ്യായത്തിൽ വഴിയരികിൽ അവശനായി കിടന്നിരുന്നയാളെ ശുശ്രൂഷിച്ച വിജാതീയനായ സമരിയക്കാരന്റെ പ്രവൃത്തിയെയാണ് നല്ല അയൽക്കാരന്റേതായി യേശു ചൂണ്ടിക്കാണിക്കുന്നത്. അതിൽത്തന്നെ എടുത്തുപറയേണ്ടകാര്യം നല്ല അയൽക്കാരനായി യേശു അവതരിപ്പിക്കുന്നത് വിജാതീയനായ സമരിയക്കാരനെയാണ്. നല്ല അയൽക്കാരനാകാൻ ജാതിയോ മതമോ ജീവിക്കുന്ന ദേശമോ അല്ല അളവുകോലെന്നും മറിച്ച് കരുണയും സ്നേഹവും സഹജീവികളോടുള്ള അനുകമ്പയുമാണെന്നാണ് യേശു ലോകത്തിനു വെളിപ്പെടുത്തുന്നത്. വർഗീയതയും ജാതീയതയും മനുഷ്യരാശിയെ വിഭജിച്ചു നിർത്താനുള്ള ഉപാധികളായി മാറുന്ന ഈ കാലഘട്ടത്തിൽ യേശുദേവന്റെ പ്രബോധനങ്ങൾക്ക് അതിരുകളില്ലാത്ത പ്രാധാന്യമുണ്ട്.

ലോകം എക്കാലവും ഏറെ ആരാധനയോടെ തുടർച്ചയായി വിചിന്തനം ചെയ്യുന്ന ജീവിതവീക്ഷണമാണ് യേശു മുന്നോട്ടുവയ്‌ക്കുന്ന നല്ല ഇടയന്റേത്. നഷ്ടപ്പെട്ട ആട്ടിൻകുട്ടിയെ അന്വേഷിച്ചു കണ്ടെത്തുന്ന ആ ഇടയന്റെ ഉപമ പാർശ്വവൽക്കരിക്കപ്പെടുന്നവരെ ഉപേക്ഷിക്കരുതെന്ന വലിയ സന്ദേശമാണ് ലോകത്തിനു നൽകുന്നത്. ഒരുപക്ഷേ, ഈ കോവിഡ് കാലത്ത് ഏറ്റവുമധികം അന്വർഥമാകുന്ന ഉപമയാണ് നല്ല ഇടയന്റേതെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ക്രിസ്തു മുന്നോട്ടുവച്ച മൂലഗുണങ്ങളായ കരുണയും സ്നേഹവും കരുതലും പങ്കുവയ്‌ക്കലും ഈ കോവിഡുകാലത്തെ മറികടക്കുന്നതിൽ കരുത്താകുന്ന കാഴ്ച ഒരുഭാഗത്ത് കാണുമ്പോൾതന്നെ ലാഭക്കൊതിമൂത്ത് കരുണ ലവലേശമില്ലാതെ മനുഷ്യരെ ചൂഷണം ചെയ്യുന്ന മുതലാളിത്ത രാഷ്ട്രീയത്തെ കാണാതിരിക്കാനാകില്ല. മാനവരാശിയുടെ വലിയൊരു ഭാഗം മഹാമാരിയോടേറ്റുമുട്ടി അതിജീവനത്തിനായി പൊരുതുമ്പോഴും ഭക്ഷണത്തിലൂടെയും ചികിത്സയിലൂടെയും പാർപ്പിടത്തിലൂടെയും അതിലാഭം കൊയ്യുന്നവർ ഇന്നും ക്രിസ്തുവിനെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലാത്തവർക്ക് ഭക്ഷണവും പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടവും ഉടുക്കാനില്ലാത്തവർക്ക് ഉടുക്കാനും നൽകി പാർശ്വവൽക്കരിക്കപ്പെട്ടവരെ കരുതലോടെ ചേർത്തുവയ്‌ക്കുകയെന്നത് നല്ല ഇടയൻ തെളിച്ച വഴിയിലൂടെയുള്ള മുന്നോട്ടുപോക്കിനുള്ള മികച്ച ദൃഷ്ടാന്തങ്ങളാണ്. തീർച്ചയായും മനുജർ സ്നേഹപക്ഷത്താകുന്നതിന്റെ ഉജ്വലോദാഹരണങ്ങളാണവ.

ഇന്നും ക്രിസ്തീയ ആരാധനാവേളകളെ ധന്യമാക്കുന്നത് പരസ്പരാശ്രിത ജീവിതത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്ന യേശുവിന്റെ ശരീരവും രക്തവും പങ്കുവയ്‌ക്കുന്ന പ്രതീകാത്മകചടങ്ങായ വിശുദ്ധകുർബാന സ്വീകരണമാണ്

യേശു മുന്നോട്ടുവയ്‌ക്കുന്ന കൂട്ടായ്മയുടെയും പങ്കുവയ്‌ക്കലിന്റെയും ജീവിതവീക്ഷണം സമാനതകളില്ലാത്തതാണ്. അന്ത്യത്താഴവേളയിൽ പ്രതീകാത്മകമായി സ്വന്തം ശരീരവും രക്തവും ശിഷ്യർക്ക് പകുത്തുനൽകിയാണ് എങ്ങനെയാണ് പങ്കുവയ്‌ക്കലും പരസ്‍പരാശ്രിതജീവിതവും ജീവിതസുസ്ഥിരതയ്‌ക്കുള്ള ലവണമാകുന്നതെന്ന് യേശു ലോകത്തിനു കാണിച്ചുകൊടുക്കുന്നത്. ഇന്നും ക്രിസ്തീയ ആരാധനാവേളകളെ ധന്യമാക്കുന്നത് പരസ്പരാശ്രിത ജീവിതത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിക്കുന്ന യേശുവിന്റെ ശരീരവും രക്തവും പങ്കുവയ്‌ക്കുന്ന പ്രതീകാത്മകചടങ്ങായ വിശുദ്ധകുർബാന സ്വീകരണമാണ്.

യേശുവിന്റെ സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ജീവിത തത്വങ്ങളാണ് കാൾമാർക്സിന് എഴുതാൻ പ്രചോദനമായതെന്ന് റോളണ്ട് ബോയറെപ്പോലുള്ള തത്വചിന്തകർ അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല, മാർക്സ് ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകവും ബൈബിളല്ലാതെ മറ്റൊന്നല്ലെന്ന് അവർ ഉദാഹരണങ്ങളിലൂടെ സമർഥിക്കുന്നുണ്ട്. ആശയതലത്തിലെ ഈ ഏകീകരണം തന്നെയാണ് ക്രിസ്തു മുന്നോട്ടുവയ്‌ക്കുന്ന അധ്യാത്മികതയിലൂന്നിയ പരസ്പരാശ്രിത ജീവിതവീക്ഷണത്തെയും സാമൂഹ്യ, രാഷ്ട്രീയ ചിന്തകനായിരുന്ന കാൾമാർക്സ് മുന്നോട്ടുവച്ച വൈരുധ്യാത്മക ഭൗതികവാദത്തിലൂന്നിയ ഇടതുപക്ഷ ജീവിതവീക്ഷണത്തെയും സമന്വയിപ്പിക്കുന്നത്. മാർക്‌സും ഏംഗൽസും കത്തിടപാടുകളിൽ തങ്ങളുടെ "പ്രിയപ്പെട്ട ആ പഴയ സഖാവിനെ' ഓർമിക്കുന്നതും മേലുദ്ധരിച്ച കാരണങ്ങൾകൊണ്ടൊക്കെ തന്നെയാകണം.

പത്രപ്രവർത്തകനും ജീവചരിത്രകാരനുമായ ഇഗ്നേസ്യോ റമോണെറ്റ് ഒരഭിമുഖത്തിൽ ഫിദൽ കാസ്ട്രോയോട് താങ്കളൊരു ക്രിസ്ത്യാനിയാണോ എന്നൊരു ചോദ്യം ചോദിക്കുന്നുണ്ട്. അതിനുള്ള ഉത്തരമായി ഫിദൽ പറഞ്ഞതിങ്ങനെ. "വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ ചോദ്യമെങ്കിൽ ഞാൻ തീർച്ചയായും ക്രിസ്ത്യാനിയല്ല. എന്നാൽ, ഞാൻ ചെയ്ത പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെങ്കിൽ തീർച്ചയായും ക്രിസ്തുവിന്റെ അനുയായി എന്നറിയപ്പെടുന്നതിൽ ഞാനേറെ അഭിമാനം കൊള്ളും'.

(ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌ 
അധ്യാപകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top