21 August Wednesday

എച്ച്എൽഎൽ ലൈഫ് കെയർ വിൽപ്പനയ‌്ക്ക‌്

വി ശിവൻകുട്ടിUpdated: Monday Mar 18, 2019

രാജ്യത്തിന്റെ സാമൂഹിക  സാമ്പത്തിക മേഖലയുടെ പുരോഗതി ലക്ഷ്യമാക്കിയാണ‌്, 1951-ൽ ഒന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് 29 കോടി രൂപ മുതൽ മുടക്കി അഞ്ച‌്  പൊതുമേഖലാസ്ഥാപനങ്ങൾ ആരംഭിക്കുന്നത്. ഇന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന 257 സ്ഥാപനങ്ങളിൽ 174 എണ്ണം ലാഭത്തിലാണ്. പൊതുമേഖലയിൽ കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടുള്ള തുകയുടെ 30 ശതമാനം ഓരോ വർഷവും വിവിധ രൂപത്തിൽ സർക്കാരിനുതന്നെ തിരിച്ച് നൽകുന്നുണ്ട്.

രാജ്യത്ത് നടപ്പാക്കിയ നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് തുടക്കം കുറിച്ചത്. നരേന്ദ്ര മോഡി  സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് വിട്ടുനൽകുന്നതിനുവേണ്ടിയാണ്, ആസൂത്രണ കമീഷനെ പിരിച്ചുവിട്ട് നിതി ആയോഗ് രൂപീകരിച്ചത്. മോഡിയുടെ നാല‌് വർഷത്തെ ഭരണത്തിനിടയിൽ വിറ്റഴിക്കപ്പെട്ടത് 1,94,649 കോടി രൂപയുടെ പൊതുമേഖലാ കമ്പനികളുടെ ഓഹരികളാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷം നടന്ന വിൽപ്പനയുടെ  56.02 ശതമാനം വരും ഇത്. 2017-–-18-ൽ മാത്രം നടന്ന വിൽപ്പന 55000 കോടി രൂപയാണ്. പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിലൂടെ കിട്ടുന്ന തുക ഉപയോഗിക്കുന്നത് സർക്കാരിന്റെ ബജറ്റ് കമ്മി നികത്തുന്നതിനാണ്.

-കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിൽപ്പനയ‌്ക്ക‌് വച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾ, തിരുവനന്തപുരം വിമാനത്താവളം, കാസർകോട്ടുള്ള ബിഎച്ച്ഇഎൻ,  കോട്ടയത്തെ ഹിന്ദുസ്ഥാൻ  ന്യൂസ് പ്രിന്റ്, പാലക്കാട്ടെ ബിഇഎംഎൽ, കൊച്ചിയിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ്, തിരുവനന്തപുരത്തെ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് എന്നിവയുടെ വിൽപ്പനപ്രക്രിയ അതിവേഗം നടന്നുവരുകയാണ്.

എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിൽ 1969 ഏപ്രിൽ അഞ്ചിന് തിരുവനന്തപുരത്തെ പേരൂർക്കടയിലാണ് എച്ച്എൽഎൽ ലൈഫ് കെയർ സ്ഥാപിതമാകുന്നത്. കേരള സംസ്ഥാന സർക്കാർ സ്ഥാപനം തുടങ്ങുന്നതിനുവേണ്ടി 19 ഏക്കർ ഭൂമിയാണ് സൗജന്യമായി നൽകിയത‌്. കുടുംബക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഗർഭനിരോധ ഉൽപ്പന്നങ്ങൾ നിർമിക്കാനാണ് ഫാക്ടറി സ്ഥാപിച്ചത്. പ്രവർത്തനമികവ് കൊണ്ട് കേന്ദ്ര പൊതുമേഖലാ കമ്പനികളിൽ ഷെഡ്യൂൾ ബി യിൽ മിനിരത്ന പദവിയുള്ള, രാജ്യത്തിനുതന്നെ അഭിമാനകരമായ സ്ഥാപനമാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ‌് ഫാക്ടറികൾ ഉണ്ട്. ഇതിൽ 5000 ത്തോളം തൊഴിലാളികൾ ഈ വ്യവസായവുമായി ബന്ധപ്പെട്ട് ജോലി നോക്കുന്നുണ്ട്.

ആരോഗ്യരംഗത്തെ നിരവധി ഉൽപ്പന്നങ്ങളുടെ  ഉൽപ്പാദകരും വിതരണക്കാരുമാണ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്. ചെലവുകുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആരോഗ്യ ഉൽപ്പന്നങ്ങൾ നൽകുന്നതിൽ എച്ച്എൽഎൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഗർഭനിരോധ ഉൽപ്പന്നങ്ങൾ, ബ്ലഡ് ബാഗ്, ഗുളികകൾ, ആശുപത്രി ഉപകരണങ്ങൾ, സ്കാനിങ‌്, രക്തപരിശോധന തുടങ്ങി ആരോഗ്യരംഗത്തെ പല സേവനങ്ങളും ചെലവുകുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നു. ന്യായവില നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്ന മെഡിക്കൽ സ്റ്റോറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. രാജ്യത്തിന്റെ ജനന നിരക്ക് നിയന്ത്രിക്കുന്നതിനും  എയ്ഡ്സ് പോലുള്ള രോഗങ്ങളുടെ നിയന്ത്രണത്തിലും ഈ സ്ഥാപനം നിർണായക പങ്ക് വഹിക്കുന്നുണ്ട്.

രാജ്യത്തെ ആരോഗ്യരംഗം സമ്പൂർണമായി  കുത്തക വൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ‌് എച്ച്എൽഎല്ലിന്റെ സ്വകാര്യവൽക്കരണം . ആരോഗ്യ-കുടുംബക്ഷേമ
പ്രവർത്തനങ്ങൾ സാധാരണക്കാർക്ക‌്  ചെലവു കുറഞ്ഞ നിരക്കിൽ ലഭ്യമായത് നഷ്ടപ്പെടാൻ പോകുകയാണ്. സാമൂഹികവും  സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിൽ
കഴിയുന്നവർക്ക് തൊഴിൽ കിട്ടാൻ സാധ്യതയുള്ള പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവരുടെ തൊഴിലവസരങ്ങളെ നിഷേധിക്കുകയാണ്

രാജ്യത്തിന്റെ വിവിധ മെഡിക്കൽ കോളേജുകളിൽ സ‌്കാനിങ‌് സെന്ററുകൾ നടത്തുന്നുണ്ട്. എംആർഐ സ്കാനിങ്ങിന് സ്വകാര്യ സ്ഥാപനങ്ങൾ 9000 രൂപ ഈടാക്കുമ്പോൾ 3600 രൂപ മാത്രമാണ് എച്ച്എൽഎൽ ഈടാക്കുന്നത്. ആരോഗ്യരംഗത്ത് നിരവധി സേവനങ്ങൾ നൽകിവരുന്ന സ്ഥാപനത്തെ തകർക്കുന്ന നിലപാടാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. 1950 ദശലക്ഷം ഗർഭനിരോധ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സ്ഥാപനമാണ‌് എച്ച്എൽഎൽ.  കേന്ദ്രസർക്കാർ 15.5 കോടി രൂപ മുതൽ മുടക്കിയാണ് ഈ സ്ഥാപനം തുടങ്ങിയതെങ്കിൽ, ഇതുവരെ 52 കോടി രൂപ ലാഭവിഹിതമായി സർക്കാരിന് നൽകിയിട്ടുണ്ട്. 2015-–-16-ൽ മാത്രം 35 കോടി രൂപ ലാഭമുണ്ടായിരുന്നു. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് എച്ച്എൽഎല്ലിന്റെ സ്വകാര്യവൽക്കരണം ആരംഭിക്കുന്നത്. ആദ്യം എച്ച്എൽഎല്ലി-ന്റെ 25 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിക്കുകയും   2017ൽ നവംബറിൽ ക്യാബിനറ്റ‌് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേഴ്സിന്റെ (സിസിഇഎ) തീരുമാനമനുസരിച്ചാണ് പൂർണമായും വിൽപ്പന നടത്തുന്നത്. വിൽപ്പന തീരുമാനം വന്നശേഷം ആദ്യ എട്ട‌് മാസങ്ങൾകൊണ്ട് കമ്പനി 25 കോടി രൂപ നഷ്ടത്തിൽ ആകുകയും അതിനടുത്ത വർഷം 50 കോടി രൂപ നഷ്ടത്തിലാകുകയും ചെയ‌്തു. കമ്പനിയെ നഷ്ടത്തിലാക്കി സ്ഥാപനം ചുരുങ്ങിയ വിലയ‌്ക്ക‌് കോർപറേറ്റുകൾക്ക് വിൽപ്പന നടത്തുമ്പോൾ പൊതുജനങ്ങളിൽ നിന്നും  തൊഴിലാളികളിൽ നിന്നും എതിർപ്പുണ്ടാകില്ലെന്നാണ് സർക്കാർ കരുതുന്നത്.

പൊതുമേഖലയെ ഇല്ലാതാക്കുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ഗർഭനിരോധന ഉൽപ്പന്നങ്ങളുടെ ഉൽപ്പാദകരായ, എച്ച്എൽഎല്ലിനെ വട്ടമിട്ടുപറക്കുന്നത് വൻകിട കോർപറേറ്റുകളാണ്. സ്വകാര്യവൽക്കരണ നടപടികൾ ഏതാണ്ട് പൂർത്തിയായി വരുകയാണ്. കമ്പനിയുടെ ആസ‌്തി  വില നിശ്ചയിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥർക്ക‌് തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങേണ്ടി വന്നു.

രാജ്യത്തെ ആരോഗ്യരംഗം സമ്പൂർണമായി  കുത്തക വൽക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ‌് എച്ച്എൽഎല്ലിന്റെ സ്വകാര്യവൽക്കരണം . ആരോഗ്യ-കുടുംബക്ഷേമ പ്രവർത്തനങ്ങൾ സാധാരണക്കാർക്ക‌്  ചെലവു കുറഞ്ഞ നിരക്കിൽ ലഭ്യമായത് നഷ്ടപ്പെടാൻ പോകുകയാണ്. സാമൂഹികവും  സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിൽ കഴിയുന്നവർക്ക് തൊഴിൽ കിട്ടാൻ സാധ്യതയുള്ള പൊതുമേഖലയുടെ സ്വകാര്യവൽക്കരണം അവരുടെ തൊഴിലവസരങ്ങളെ നിഷേധിക്കുകയാണ്. എച്ച്എൽഎല്ലി-ൽ  തൊഴിലെടുക്കുന്ന അയ്യായിരത്തോളം തൊഴിലാളികളെയും  അവരുടെ കുടുംബത്തെയും വഴിയാധാരമാക്കുന്ന നിലപാട് മോഡി സർക്കാർ ഉപേക്ഷിക്കണം. ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ ഇതിൽ സ്വീകരിക്കുന്ന ഇരട്ടത്താപ്പ‌് ഖേദകരമാണ‌്.

എച്ച‌്എൽഎല്ലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും കുത്തക മുതലാളിമാർക്ക് വിൽക്കാൻ നേത്യത്വം നൽകുന്ന ബിജെപിക്കും അതിനെ പിന്തുണയ‌്ക്കുന്ന കോൺഗ്രസിനും എന്തെല്ലാം കിട്ടുമെന്ന് ജനങ്ങൾക്ക് അറിയാം. കോടാനുകോടി വില വരുന്ന ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും  എച്ച‌്എൽഎൽ ലൈഫ‌് കെയറും വിറ്റു തുലച്ചവർ വീണ്ടും അധികാരത്തിൽ വന്നാൽ, അവശേഷിക്കുന്ന പൊതുമേഖലാസ്ഥാപനവും കൂടി വിറ്റ് അതിന്റെ കമീഷൻ വാങ്ങും എന്ന കാര്യത്തിൽ സംശയമില്ല. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് വിൽക്കുന്നതിൽ അഭിമാനം കൊള്ളുന്ന ശശി തരൂർ എച്ച‌്എൽഎൽ ലൈഫ് കെയറിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോൾ ഐപിഎൽ ക്രിക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് രാജിവച്ച ശശി തരൂരിന് കോടികളുടെ അഴിമതിക്ക‌് വഴിവയ‌്ക്കുന്ന എച്ച‌്എൽഎൽ ലൈഫ് കെയറിന്റെയും വിമാനത്താവളത്തിന്റെയും വിൽപ്പനയിൽ പ്രതിഷേധിക്കാനുള്ള അർഹതയില്ലെന്ന് ജനങ്ങൾക്ക് അറിയാം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ ഇതിന് മറുപടി പറഞ്ഞേ മതിയാവുകയുള്ളൂ. ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ കോവളം ഐടിഡിസി ഹോട്ടൽ വിറ്റു. ആ വിൽപ്പനയിൽ കൂട്ടുനിന്നവരാണ് കോൺഗ്രസുകാർ. ജനങ്ങളുടെ ദാരിദ്ര്യത്തിനും പട്ടിണിക്കും പരിഹാരം കാണാൻ പ്രവർത്തിക്കേണ്ട  ജനപ്രതിനിധികൾ രാജ്യത്തിന്റെ പൊതുസ്വത്ത് കോടിക്കണക്കിന് രൂപയ‌്ക്ക‌് കൊള്ളയടിക്കുന്ന അവസ്ഥ, ജനാധിപത്യ ബോധവും രാജ്യസ്നേഹവുമുള്ള ജനങ്ങൾ ചോദ്യംചെയ്യും.


പ്രധാന വാർത്തകൾ
 Top