24 November Tuesday

ഹാഥ്‌രസിൽ കത്തിച്ചുകളഞ്ഞത്‌

ഹാഥ്‌രസിൽ നിന്നും ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ്‌ സാജൻ എവുജിൻUpdated: Monday Oct 5, 2020


വിശാലമായ ഉത്തർപ്രദേശിലെ ചെറിയ ജില്ലയാണ്‌ ഹാഥ്‌രസ്‌. ഡൽഹിയിൽനിന്ന്‌ 200 കിലോമീറ്റർ അകലെ മഥുര, ആഗ്ര ജില്ലകളോട്‌ ചേർന്നുകിടക്കുന്നു. ഹാഥ്‌രസ്‌ പട്ടണത്തിലേക്കുള്ള പാതയിൽനിന്ന്‌ രണ്ട്‌ കിലോമീറ്റർ ദൂരം പാടങ്ങൾക്ക്‌  ഇടയിലൂടെ സഞ്ചരിച്ചാൽ ബുൽഗഡി ഗ്രാമത്തിൽ എത്താം. ബജ്‌റ വിളഞ്ഞുനിൽക്കുന്ന പാടങ്ങൾ; ഗ്രാമത്തിൽ വിദ്വേഷത്തിന്റെ വിളവെടുപ്പും. ബുൽഗഡി  ഗ്രാമം ഇന്ന്‌ രാജ്യത്തിന്റെ ഞെട്ടലായി മാറിയിരിക്കുന്നു; ഭരണഘടനാപരമായി വ്യവസ്ഥചെയ്‌തിട്ടുള്ള നീതി ഇന്ത്യയിൽ എത്രമാത്രം ലഭ്യമാകുന്നുവെന്ന ഗൗരവതരമായ ചോദ്യവും ഇവിടെനിന്ന്‌ ഉയരുന്നു.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു, കിസാൻസഭ ജോയിന്റ്‌ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി എന്നിവർക്കൊപ്പം ഞായറാഴ്‌ച ഹാഥ്‌രസിൽ എത്തിയപ്പോൾ പൊലീസുകാരുടെ വൻനിരയെ കണ്ടു. ബുൽഗഡിക്ക്‌ കിലോമീറ്ററുകൾ അകലെ വച്ചുതന്നെ വഴിനീളെ പൊലീസ്‌ കാവൽ. ഗ്രാമത്തിലേക്ക്‌ പ്രവേശിക്കാൻ പൊതുപ്രവർത്തകരും നേതാക്കളും പൊലീസിന്റെ അനുമതി തേടണം. വാഹനങ്ങൾ പ്രധാനറോഡിൽ നിർത്തിയിടണം.


 

പൊലീസ്‌ കാവലിൽ ഒരു ഗ്രാമം
ഗ്രാമത്തിലേക്ക്‌ ‌‌ നടന്നുനീങ്ങവെ പൊലീസ്‌ സാന്നിധ്യം കൂടുതൽ ശക്തമായ തോതിൽ പ്രകടമായി. ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സായുധ പൊലീസിനെ വിന്യസിച്ചിരിക്കുന്നു. സെപ്‌തംബർ 14ന്‌ വൈകിട്ട്‌ ഗ്രാമത്തിൽ  ക്രൂരമായ ആക്രമണത്തിന്‌ ഇരയായി 29ന്‌ പുലർച്ചെ  ഡൽഹി സഫ്‌ദർജങ്‌ ആശുപത്രിയിൽവച്ച്‌ മരിച്ച പെൺകുട്ടിയുടെ വീട്ടിൽ എത്തി. വീടിനുചുറ്റും പൊലീസുകാരുടെ പട. ശനിയാഴ്‌ച വൈകിട്ടുവരെ രണ്ട്‌ ദിവസം വീട്ടിനുള്ളിലും പൊലീസുകാരായിരുന്നു. സ്വകാര്യത പൂർണമായും നഷ്ടപ്പെട്ടതിനെത്തുടർന്ന്‌ പെൺകുട്ടിയുടെ സഹോദരനും അമ്മയും രോഷം പ്രകടിപ്പിച്ചപ്പോഴാണ്‌ പൊലീസുകാർ പുറത്തിറങ്ങിയത്‌.

എന്നാൽ, ഞങ്ങൾ എത്തിയപ്പോൾ പ്രത്യേക അന്വേഷണസംഘം വീട്ടുമുറ്റത്തുണ്ട്‌. അവർ രാവിലെ ഒമ്പതരയോടെ എത്തിയതാണ്‌. മൊഴിയെടുക്കൽ അപ്പോൾ ഒന്നര മണിക്കൂർ പിന്നിട്ടു. മറ്റാരെയും അകത്തേക്ക്‌ വിടുന്നില്ല. കാത്തുനിൽപ്പിനിടെ അയൽവാസികളുമായി സംസാരിച്ചു. താക്കൂർ ഭൂരിപക്ഷഗ്രാമത്തിൽ കർഷകത്തൊഴിലാളികളായ ഭൂരഹിതരാണ്‌ വാൽമീകി സമുദായം. 10–-12 കുടുംബങ്ങളാണ്‌ വാൽമീകി സമുദായത്തിൽ. ഇത്രയും പൊലീസുകാർ നിരന്നിട്ടും നാട്ടുകാരിൽ ചിലരോടുള്ള അവരുടെ ഭയം വർധിക്കുന്നതേയുള്ളു. പെൺകുട്ടിയുടെ കുടുംബത്തോട്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അവർക്ക്‌ ധൈര്യമില്ല. രണ്ട്‌ തരത്തിലുള്ള ഭയമാണ്‌ അവർക്ക്‌–-ശാരീരിക ആക്രമണം ഉണ്ടാകുമെന്ന ഭയവും ജോലി നഷ്ടപ്പെടുമെന്ന ഭീഷണിയും. പകൽ മുഴുവൻ പാടത്ത്‌ പണിയെടുത്താൽ കിട്ടുന്നത്‌ 200 രൂപ. അത്‌ നഷ്ടപ്പെടുന്നതിനെക്കുറിച്ച്‌ ആലോചിക്കാൻപോലും കഴിയുന്നില്ല.


 

തുടക്കംമുതൽ നീതിനിഷേധം
തെളിവെടുപ്പ്‌  നാല്‌ മണിക്കൂർ നീണ്ടു. ഇതിനിടെ ഉദ്യോഗസ്ഥർ വന്നുപോയി. മെഡിക്കൽ സംഘവുമെത്തി; പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ പരിശോധിക്കാൻ. മൊഴിയെടുക്കൽ പൂർത്തിയായശേഷം പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. രാജ്യമാകെ പിന്തുണ പ്രഖ്യാപിക്കുമ്പോഴും അവർ ഭീതിയിലാണ്‌. ഒന്നിനുപിറകെ ഒന്നായി എത്തുന്ന ദുരനുഭവങ്ങൾ. പെൺകുട്ടി ആക്രമിക്കപ്പെട്ടശേഷം അധികാരകേന്ദ്രങ്ങളിൽനിന്ന്‌ അവർക്ക്‌ നീതി ലഭിച്ചിട്ടില്ല. ഒരാഴ്‌ചയ്‌ക്കുശേഷമാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിനുവേണ്ടി പൊലീസിനു പിന്നാലെ നടക്കേണ്ടിവന്നു. പെൺകുട്ടിയുടെ സഹോദരൻ ട്വിറ്ററിൽ ദൃശ്യങ്ങൾ പോസ്‌റ്റ്‌ചെയ്‌തശേഷമാണ്‌ പൊലീസ്‌ പരിമിതമായ നടപടിക്ക്‌ തയ്യാറായത്‌.  രണ്ടാഴ്‌ച കിടന്ന അലിഗഢ്‌ ആശുപത്രിയിൽനിന്ന്‌ ശരിയായ ചികിത്സ ലഭിച്ചില്ല. സഫ്‌ദർജങ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതിന്റെ പിറ്റേന്ന്‌ മരിച്ചു.

പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ കോപ്പി നൽകിയില്ല
മൃതദേഹത്തിനായി കുടുംബം കാത്തുനിൽക്കുമ്പോൾ റവന്യൂ, പൊലീസ്‌ അധികൃതർ അത്യന്തം മനുഷ്യത്വവിരുദ്ധമായ നിലയിൽ പ്രവർത്തിച്ചു. രക്ഷിതാക്കൾക്ക്‌ അന്ത്യചുംബനം അർപ്പിക്കാൻപോലും അവസരം നൽകാതെ പുലർച്ചെ 2.30ന്‌ കനത്ത പൊലീസ്‌ കാവലിൽ മൃതദേഹം സംസ്‌കരിച്ചു. വെട്ടിമുറിച്ച മൃതദേഹം കണ്ടാൽ കുടുംബത്തിന്‌ സഹിക്കില്ലെന്ന വിശദീകരണമാണ്‌ ഇതിന്‌ അധികൃതർ നൽകിയത്‌. മൃതദേഹം ആവശ്യപ്പെട്ട കുടുംബാംഗങ്ങളെ മർദിക്കാൻപോലും പൊലീസ്‌ മുതിർന്നു. ‘‘കത്തിച്ചുകളഞ്ഞത്‌ ആരുടെ മൃതദേഹമാണെന്ന്‌'' പെൺകുട്ടിയുടെ സഹോദരൻ ചോദിക്കുന്നു. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ കോപ്പി നൽകാൻപോലും അധികൃതർ തയ്യാറായില്ല. ഇംഗ്ലീഷ്‌ വായിച്ചാൽ നിങ്ങൾക്ക്‌ മനസ്സിലാകില്ലെന്ന്‌  ആക്ഷേപിക്കുകയാണ്‌ ചെയ്‌തത്‌.

കേസിൽ പ്രതികളായി നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും ബലാത്സംഗം നടന്നിട്ടില്ലെന്ന്‌ തികച്ചും നിയമവിരുദ്ധമായി പൊലീസ്‌ ഉന്നതർ പ്രഖ്യാപിച്ചു. ക്രിമിനൽ നിയമനടപടിക്രമങ്ങൾക്കും സുപ്രീംകോടതി വിധികൾക്കും വിരുദ്ധമായാണ്‌ എഡിജിപി അടക്കമുള്ളവർ ഈ പ്രചാരണം നടത്തിയത്‌. പൊലീസ്‌ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിന്റെ ആഘാതവും താങ്ങേണ്ടിവരുന്ന അവസ്ഥയിലാണ്‌ പെൺകുട്ടിയുടെ കുടുംബം. മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിൽ എത്തിയില്ല. സർക്കാർ  പ്രഖ്യാപിച്ച നഷ്ടപരിഹാരം വാങ്ങി മിണ്ടാതിരുന്നാൽ പോരേ എന്നാണ്‌ പെൺകുട്ടിയുടെ കുടുംബത്തെ ‌ ഉദ്യോഗസ്ഥരിൽ ചിലർ ഉപദേശിച്ചത്‌. ‘‘മാധ്യമങ്ങളും സന്ദർശകരും നാളെ മടങ്ങും; നിങ്ങൾക്ക്‌ ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്‌’’ എന്ന മുന്നറിയിപ്പും.

പെൺകുട്ടിയും മൂത്ത രണ്ട്‌ സഹോദരിമാരും സ്‌കൂളിൽ പോയിട്ടില്ല. ദിവസവും ഗ്രാമത്തിലൂടെ സ്‌കൂളിൽ പോകുന്നത്‌ സുരക്ഷിതമല്ല എന്നതാണ്‌ കാരണം. ഭീഷണികൾ നിസ്സാരമായി തള്ളാൻ കഴിയില്ലെന്ന്‌ സെപ്‌തംബർ 14ഉം തുടർന്നുള്ള സംഭവങ്ങളും തെളിയിച്ചു. ‘‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’’ ഇമ്പമുള്ള മുദ്രാവാക്യംമാത്രം. പക്ഷേ   പെൺകുട്ടികളുടെ ജഡം പാതിരായ്‌ക്ക്‌ കത്തിച്ചുകളയുന്നതാണ് ക്രൂരമായ യാഥാർഥ്യം.


 

അമ്മയുടെ കണ്ണുതെറ്റിയപ്പോൾ.....
വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്ക്‌ ആഹാരം ശേഖരിക്കാൻ അമ്മയ്‌ക്കും സഹോദരനും ഒപ്പം സെപ്‌തംബർ 14ന്‌ പാടത്തേക്ക്‌ പോയതാണ്‌ പെൺകുട്ടി. ബജ്‌റ വിളവെടുപ്പ്‌ കഴിഞ്ഞ്‌ ബാക്കിയായ ഉണങ്ങിയ പുല്ല് ശേഖരിച്ച്‌ സമയം നീണ്ടുപോയി. ഇതിനിടെ സഹോദരൻ വീട്ടിലേക്ക്‌ മടങ്ങി. ഏതാനും മീറ്റർ അകലെ ജോലി ചെയ്‌തിരുന്ന മകളെ കാണാനില്ലെന്ന്‌ അമ്മ മനസ്സിലാക്കിയത്‌  കുറച്ചു സമയം കഴിഞ്ഞാണ്‌.

ഓടി നടന്നുനോക്കിയപ്പോൾ മകൾ രക്തത്തിൽ കുളിച്ചുകിടക്കുന്നത്‌ കണ്ടു. അർധനഗ്നയായിരുന്നു. സ്വന്തം ശിരോവസ്‌ത്രംകൊണ്ട്‌ മകളുടെ നഗ്നത മറച്ചു. നിലവിളി കേട്ട്‌ ആളുകൾകൂടി. പെൺകുട്ടിയുടെ മുഖത്ത്‌ വെള്ളം തളിച്ചപ്പോൾ അനങ്ങി. ജീവനുണ്ടെന്ന്‌ ബോധ്യമായതോടെ അലിഗഢിലെ ആശുപത്രിയിൽ എത്തിച്ചു.  ഗ്രാമവാസികളായ സന്ദീപ്‌(20), അമ്മാവൻ രവി(35), ലവ്‌ കുശ്‌(23), രാമു(26) എന്നിവരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പെൺകുട്ടിയെ ഏതാനും മാസംമുമ്പ്‌ സന്ദീപ്‌ അപമാനിച്ചിരുന്നതായി അമ്മപറഞ്ഞു. പെൺകുട്ടിയുടെ മൂത്ത രണ്ട്‌ സഹോദരിമാരും ഒരു സഹോദരനും വിവാഹിതരാണ്‌. ഇളയ ഒരു സഹോദരൻ കൂടിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top