29 May Friday

മറാത്ത കുരുക്ഷേത്ര പോരാട്ടം കോൺഗ്രസിന്റെ വാട്ടർ ലൂ

പി വി തോമസ‌് Updated: Monday Oct 21, 2019


തികച്ചും കലുഷിതമായ ഒരു രാഷ്‌ട്രീയ അന്തരീക്ഷത്തിലാണ്‌ മഹാരാഷ്‌ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പുനടക്കുന്നത്‌. രണ്ടു സംസ്ഥാനവും ഒരുകാലത്ത്‌ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. മറാത്ത–-ജാട്ട്‌ രാഷ്‌ട്രീയത്തിന്റെ ഈറ്റില്ലങ്ങൾ. കോൺഗ്രസ്‌ മഹാരാഷ്‌ട്രയിൽ തുടർച്ചയായി 15 വർഷവും ഹരിയാനയിൽ 10 വർഷവും ഭരിച്ചതാണ്‌, 2014ൽ ബിജെപിക്ക്‌ വഴിമാറുന്നതുവരെ. ഇവിടെ ഏറ്റുമുട്ടൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ. തെരഞ്ഞെടുപ്പുഫലം ഒക്‌ടോബർ 24നു മാത്രമേ പുറത്തുവരികയുള്ളൂവെങ്കിലും രാഷ്‌ട്രീയ നിരീക്ഷകരുടെയും തെരഞ്ഞെടുപ്പുവിദഗ്‌ധരുടെയും അഭിപ്രായത്തിൽ ഈ സംസ്ഥാനങ്ങളിൽ ബിജെപിക്കാണ്‌ മേൽക്കൈ. പ്രതിപക്ഷം, പ്രത്യേകിച്ചും കോൺഗ്രസ്‌, വിഘടിതവും ദുർബലവുമാണ്‌. തൊഴിൽരാഹിത്യവും സാമ്പത്തികമാന്ദ്യവും കർഷക ആത്മഹത്യകളും മഹാരാഷ്‌ട്രയിലും ഹരിയാനയിലും വ്യാപകമാണ്‌. എന്നിട്ടും അവയെ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമാക്കി ഭരണം പിടിച്ചെടുക്കാൻ സാധിക്കാത്ത ഒരു രാഷ്‌ട്രീയ കക്ഷിയായി കോൺഗ്രസ്‌ മാറിയിരിക്കുന്നു. 2018 ഡിസംബറിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ബിജെപിയെ  അട്ടിമറിവിജയത്തിലൂടെ പുറത്താക്കാൻ കോൺഗ്രസിന്‌ സാധിച്ചെങ്കിലും ഇതേ സംസ്ഥാനങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ ചിത്രമാണ്‌ 2019ൽ കണ്ടത്‌. കോൺഗ്രസ്‌ ഇന്ന്‌ അതിലും വലിയ തകർച്ചയിലാണ്‌. മഹാരാഷ്‌ട്രയും ഹരിയാനയും നഷ്ടപ്പെട്ടാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത്‌ ജാർഖണ്ഡും (2019 ഡിസംബറിൽ) ഡൽഹിയും (2020 ജനുവരി)ആണ്‌. ജാർഖണ്ഡിൽ ബിജെപിയുടെ തിരിച്ചുവരവാണ്‌ പ്രവചിക്കപ്പെടുന്നത്‌. ഡൽഹിയിൽ ആം ആദ്‌മി പാർടി–-ബിജെപി പോരാട്ടത്തിൽ ആം ആദ്‌മി പാർടിയുടെ വിജയവും. ഡൽഹിയിൽ കോൺഗ്രസ്‌ മൂന്നാം സ്ഥാനത്ത്‌ ഒതുങ്ങും. ഇതിനുശേഷമാണ്‌ 2021ലെ ബംഗാൾ, ബിഹാർ തെരഞ്ഞെടുപ്പുകളിലേക്ക്‌ കോൺഗ്രസ്‌ പോകുന്നത്‌. രണ്ടിടത്തും കോൺഗ്രസിന്‌ ഒരു സാധ്യതയുമില്ല.

പ്രതിപക്ഷം ദുർബലം
2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലെ 288 സീറ്റിൽ ബിജെപി 122ഉം ശിവസേന 63ഉം കോൺഗ്രസ്‌ 42ഉം എൻസിപി 41ഉം സീറ്റാണ്‌ നേടിയത്‌. കോൺഗ്രസ്‌ മൂന്നാം സ്ഥാനത്താണ്‌. ഇപ്രാവശ്യം അതും സംശയമാണ്‌. ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപി 47 സീറ്റ്‌ നേടി. ഇന്ത്യൻ നാഷണൽ ലോക്‌ദൾ 19ഉം കോൺഗ്രസ്‌ 15ഉം. ഇന്ത്യൻ നാഷണൽ ലോക്‌ദൾ ഛിന്നഭിന്നമായതിന്റെ പശ്ചാത്തലത്തിൽ ഒരുപക്ഷേ ഇപ്രാവശ്യം കോൺഗ്രസിന്‌ രണ്ടാം സ്ഥാനത്ത്‌ എത്താൻ സാധിച്ചേക്കാം. പക്ഷേ, വിദൂരമായ ഒരു രണ്ടാം സ്ഥാനത്ത്‌. കാരണം 2015ലെ തെരഞ്ഞെടുപ്പിൽ ഡൽഹി ആം ആദ്‌മി പാർടി തൂത്തുവാരിയതുപോലെ (70ൽ 67 സീറ്റ്‌) ഹരിയാന ബിജെപി നേടുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്‌. കോൺഗ്രസിന്റെ ദേശീയ രാഷ്‌ട്രീയം അത്രമാത്രം ദുർബലമായിരിക്കുന്നു. മഹാരാഷ്‌ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പുചിത്രത്തിലേക്ക്‌ തിരിച്ചുവരുംമുമ്പ്‌ പ്രസക്തമായ ഒരു രാഷ്‌ട്രീയ സ്ഥിതിവിശേഷം  പരിശോധിക്കാം. കോൺഗ്രസിന്റെ ദേശീയതലത്തിലുള്ള തിരിച്ചുവരവിന്റെ മനക്കോട്ട കെട്ടുന്നവർ അത്‌ അറിഞ്ഞാൽ നന്ന്‌.

ഇന്ത്യയിൽ ഇന്ന്‌ എത്ര സംസ്ഥാനങ്ങളിലാണ്‌ ശക്തമായ ഒരു രണ്ടാംകക്ഷി? തെക്കേ ഇന്ത്യയിൽ ഒരുപക്ഷേ, കർണാടകത്തിലും കേരളത്തിലും മാത്രം. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും കോൺഗ്രസിന്റെ അവസ്ഥ ദയനീയമാണ്‌. ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിലും ബിഹാറിലും കോൺഗ്രസ്‌ രണ്ടാം സ്ഥാനത്ത്‌ ഇല്ല. ബംഗാളിലും സ്ഥിതി തഥൈവ. അസം ഉൾപ്പെടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കോൺഗ്രസിന്‌ നഷ്ടപ്പെട്ടിരിക്കുന്നു. അതുതന്നെ ജമ്മു കശ്‌മീരിലെ അവസ്ഥയും. രണ്ടാം സ്ഥാനത്തുപോലും എത്താൻ കഴിയാത്ത കോൺഗ്രസ്‌ പാർടിക്ക്‌ എങ്ങനെ ഒന്നാം സ്ഥാനത്ത്‌ എത്താൻ സാധിക്കും. പഞ്ചാബും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഢും തൽക്കാലം പിടിയിലുണ്ട്‌. പക്ഷേ, ലോക്‌സഭാ തെരഞ്ഞെടുപ്പോടെ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്‌ഗഢും പിടിവിട്ടുപോയി. ഇതേ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. മഹാരാഷ്‌ട്രയിൽ 48ൽ 41 സീറ്റും ഹരിയാനയിൽ 10ൽ 10 സീറ്റും ബിജെപി നേടി. കോൺഗ്രസ്‌ ഉൾപ്പെട്ട പ്രതിപക്ഷത്തിന്റെ ഭിന്നതയും ജനങ്ങളുടെ പ്രശ്‌നങ്ങളെ വേണ്ടവിധം ജനസമക്ഷം അവതരിപ്പിക്കാൻ സാധിക്കാതെ പോയതും പ്രധാന കാരണങ്ങളായിരുന്നു. കൂടാതെ മോഡി–-ഷാ ദ്വയത്തിന്റെ മുമ്പിൽ പിടിച്ചുനിൽക്കാനാകാത്ത നിഷ്‌പ്രഭമായ നേതൃനിരയും കാരണമായി. ഇന്നും ഇതൊക്കെത്തന്നെയാണ്‌ മഹാരാഷ്‌ട്രയിലെയും ഹരിയാനയിലെയും കോൺഗ്രസ്‌–- പ്രതിപക്ഷ യാഥാർഥ്യങ്ങൾ. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഈ സംസ്ഥാനങ്ങളിൽ ഒരുവിധ ചലനവും സൃഷ്ടിക്കാൻ കഴിയുന്നില്ല. കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം പേരിനുപോലുമില്ല. ഹൈക്കമാൻഡ്‌ അതിനെ നശിപ്പിച്ചിരിക്കുന്നു. കാർഷികമേഖലയിലെ കെടുതികളുടെയും ജലക്ഷാമത്തിന്റെയും സാമ്പത്തിക മാന്ദ്യതയുടെയും ഇരകളായ ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‌ പച്ചതൊടാൻ സാധിക്കുന്നില്ല എന്നത്‌ രാഷ്‌ട്രീയപരമായി എത്ര പരിതാപകരമാണ്‌.

ബിജെപിയുടെ വിലകുറഞ്ഞ തന്ത്രങ്ങൾ
നേരെമറിച്ച്‌ ബിജെപിയുടെ സോഷ്യൽ എൻജിനിയറിങ്‌ കോൺഗ്രസ്‌ പഠിക്കേണ്ടതാണ്‌. മഹാരാഷ്‌ട്രയിലും ഹരിയാനയിലും ഒരുകാലത്ത്‌ കോൺഗ്രസിന്റെ അടിത്തറയായിരുന്ന മറാത്തികളെയും ജാട്ടുകളെയും ബിജെപി പിടിച്ചിരിക്കുന്നു. മഹാരാഷ്‌ട്രയിൽ മറാത്ത അല്ലാത്ത ഒരു ബ്രാഹ്മണനാണ്‌ ബിജെപിയുടെ മുഖ്യമന്ത്രി (ദേവേന്ദ്ര ഫഡ്‌നാവിസ്‌). ഹരിയാനയിലാകട്ടെ ജാട്ട്‌ അല്ലാത്ത മനോഹർലാൽ ഖട്ടറും. സംവരണം മുതൽ ഒട്ടേറെ ഞാണിന്മേൽ കളി ഇതിനായി ബിജെപി നടത്തിയിട്ടുണ്ട്‌. കൂട്ടത്തോടെയുള്ള കൂറുമാറ്റം, കോൺഗ്രസിൽനിന്നും എൻസിപിയിൽനിന്നും ഇതിനായി ബിജെപി ഉപയോഗിച്ചു. മഹാരാഷ്‌ട്രയിലെയും ഹരിയാനയിലെയും കോൺഗ്രസ്‌ നേതാക്കന്മാരും അനുയായികളും പാർടിവിട്ട്‌ ബിജെപിയിൽ ചേരാൻ ‘ക്യൂ’ നിൽക്കുകയാണ്‌.

ശിവസേനയെ ഒതുക്കി രണ്ടാംകക്ഷിയാക്കി മുന്നണിയിൽ നിർത്തിയത്‌ ബിജെപിയുടെ മറ്റൊരു വിജയമാണ്‌. ശിവസേനയുടെ ഒരുവിധ തന്ത്രവും ബിജെപിയുടെ മുന്നിൽ ഫലിച്ചില്ല. കാരണം 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുഫലങ്ങളിലൂടെ ബിജെപി അതിന്റെ അധീശാധികാരം തെളിയിച്ചു. പക്ഷേ, ഇക്കുറി ശിവസേനയ്‌ക്ക്‌ മേൽക്കൈ ലഭിച്ചാൽ ആദിത്യ താക്കറെ ആയേക്കും മുഖ്യൻ.

മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപി വിജയിച്ചേക്കാം. പക്ഷേ, അത്‌ സവർക്കറെപ്പോലുള്ളവരെ വോട്ട്‌ നേടാൻ ഉപയോഗിച്ചുകൊണ്ടായിരിക്കരുത്‌

ഹരിയാനയിലും മഹാരാഷ്‌ട്രയിലും ബിജെപി ഉപയോഗിക്കുന്നത്‌ വിലകുറഞ്ഞ തെരഞ്ഞെടുപ്പുതന്ത്രങ്ങളാണ്‌. മോഡിയും ഷായും പട്ടാളത്തെയും ഭരണഘടനയെയും രാഷ്‌ട്രീയലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണ്‌. ബാലാക്കോട്ടും അനുച്ഛേദം 370ഉം മുത്തലാഖും എല്ലാം നിർബാധം പ്രയോഗിക്കുന്നുണ്ട്‌. ഏറ്റവും ഒടുവിലായി ബിജെപി (മഹാരാഷ്‌ട്ര) മാനിഫെസ്‌റ്റോയിൽ സവർക്കറിന്‌ ഭാരതരത്നം വാഗ്‌ദാനം ചെയ്‌തത്‌ വിവാദമായി. വിനായക്‌ ദാമോദർ സവർക്കർ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ വിവാദ പുരുഷനാണ്‌. ബ്രിട്ടീഷുകാരോട്‌ പലകുറി മാപ്പിരന്ന്‌ ജയിൽമോചനം നേടിയ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ആദ്യമുഖം. അദ്ദേഹം ഗാന്ധിവധക്കേസിലെ ഏഴാം പ്രതിയായിരുന്നു. മഹാത്മാഗാന്ധിയുടെ 150–-ാം ജന്മദിനവാർഷികം ആഘോഷിക്കുമ്പോൾ ഇതിൽപ്പരം ഒരു ഇരട്ടത്താപ്പ്‌ ഉണ്ടോ?

മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപി വിജയിച്ചേക്കാം. പക്ഷേ, അത്‌ സവർക്കറെപ്പോലുള്ളവരെ വോട്ട്‌ നേടാൻ ഉപയോഗിച്ചുകൊണ്ടായിരിക്കരുത്‌. സവർക്കറുടെ മൂല്യങ്ങളാണ്‌ ഇന്ത്യൻ ദേശീയതയുടെ ആത്മാവും വഴികാട്ടിയുമെന്ന്‌ പ്രധാനമന്ത്രി മോഡിയും ആവർത്തിക്കുന്നു. ഇത്‌ ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. ഈ വക വിലകുറഞ്ഞ തന്ത്രങ്ങളിലൂടെ നേടുന്ന വിജയങ്ങൾ ഭരണഘടന–ജനാധിപത്യവിരുദ്ധമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top