29 February Saturday

മറഞ്ഞത് ഗറില്ലാ സമരത്തിന്റെ ഉജ്വല നായകന്‍

കെ വി അബ്‌ദുൾഖാദർUpdated: Thursday Jan 2, 2020


ക്യൂബൻ വിപ്ലവത്തിന്റെയും ബൊളീവിയൻ ഗറില്ലാ പോരാട്ടത്തിന്റെയും വീരനായകരിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ‘പോമ്പോ’ എന്നറിയപ്പടുന്ന ഹാരി വില്ലെഗാസ്. വിശ്വവിപ്ലവകാരി ചെ ഗുവേരയ്‌ക്കൊപ്പം ക്യൂബയിലും ബൊളീവയയിലും ഗറില്ലാ സമരത്തിൽ പങ്കെടുത്തു.

1940ൽ കിഴക്കൻ ക്യൂബയിലെ ഒരു ഗ്രാമത്തിലാണ് ഹാരി ജനിച്ചത്. കൗമാരകാലത്തുതന്നെ ബാറ്റിസ്റ്റയ്‌ക്കെതിരായ സമരങ്ങളിൽ പങ്കെടുത്തു, 1957ൽ ക്യൂബൻ ഗറില്ലാ പോരാട്ടത്തിൽ ചേർന്നു. ചെയുടെ സന്തത സഹചാരിയായിമാറി. ക്യൂബൻ വിപ്ലവസർക്കാർ അധികാരമേറ്റശേഷം വിപ്ലവസംരക്ഷണത്തിൽ അനേകം ഇടപെടലുകൾ നടത്തി. ക്യൂബൻവിപ്ലവകാലത്ത് ചെയാണ് ഹാരിക്ക് ‘പോമ്പോ’ എന്ന ഗറില്ലാ നാമം നൽകിയത്. ബൊളീവിയൻ ഗറില്ലാ പോരാട്ടത്തിൽ ജനറൽ സ്റ്റാഫ് പദവിയിൽ ഉജ്വലമായി പൊരുതി. ശത്രു സൈന്യത്തിനെതിരായ നിർണായകമായ ചെറുത്തുനിൽപ്പുകൾ നടന്നെങ്കിലും വിപ്ലവ ഗ്രൂപ്പിന് വലിയ നഷ്ടങ്ങളുണ്ടായി. സഹപോരാളികൾ പലരും കൊല്ലപ്പെട്ടു. വെടിയുണ്ടകളിൽനിന്ന് പോമ്പോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ‘ചെ’ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌തതോടെയാണ് അവശേഷിച്ചവർ മടങ്ങാൻ നിർബന്ധിരായത്.


 

ബൊളീവിയയിൽനിന്ന് ക്യൂബയിൽ തിരിച്ചത്തിയശേഷം സൈന്യത്തിന്റെ രാഷ്ടീയ വിദ്യാഭ്യാസച്ചുമതല ഏറ്റെടുത്തു. പിന്നീട് ക്യൂബൻസേനയുടെ തലവനായും പ്രവർത്തിച്ചു. 1997 ആഗസ്‌തിലാണ് ഹവാനയിൽവച്ച് ഈ ലേഖകൻ പോമ്പോയെ കാണുന്നത്. 14–-ാം  ലോക യുവജന വിദ്യാർഥി സമ്മേളനത്തിൽ പങ്കെടുക്കാൻ ഡിവൈഎഫ്ഐ പ്രതിനിധിയായിട്ടാണ് ഹവാനയിലെത്തിയത്. അവിടെ സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ കാലിക പ്രസക്തി എന്ന  വിഷയത്തെക്കുറിച്ച് പോമ്പോ പ്രസംഗിച്ചു. അതിനുശേഷം ‘A Man of  Che’s Guerrilla’ എന്ന   അദ്ദേഹത്തിന്റെ പുസ്‌തകം പ്രകാശനംചെയ്‌തു. ബൊളീവിയൻ പോരാട്ടത്തിന്റെ സ്‌മരണകളുണർത്തുന്ന ഈ പുസ്‌തകം പിന്നീട് ചിന്ത പബ്ലിഷേഴ്‌സ് മലയാളത്തിൽ വിവർത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു.


ലേഖകൻ പോമ്പോക്കൊപ്പം
(ഫയൽ ചിത്രം)

 


പ്രധാന വാർത്തകൾ
 Top