24 February Sunday
ഇന്ന് സുര്‍ജിത് ദിനം : സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് (1916 മാര്‍ച്ച് 23-2008 ആഗസ്ത് 1)

ജനങ്ങളുടെ പ്രിയ കോമ്രേഡ്ജി

മുരളീധരന്‍Updated: Tuesday Aug 1, 2017

ഹര്‍കിഷന്‍സിങ് സുര്‍ജിത് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒമ്പതുവര്‍ഷം പൂര്‍ത്തിയായി. പത്താം ചരമദിനമാണിന്ന്. ഒരുവര്‍ഷംമുമ്പ് സുര്‍ജിത്തിന്റെ ജന്മശതാബ്ദിവര്‍ഷം നീണ്ടപരിപാടികളോടെ ആചരിച്ച വേളയില്‍ അദ്ദേഹത്തിന്റെ സംഭാവനകളുടെ വിവിധ വശങ്ങള്‍ വിലയിരുത്തുകയുണ്ടായി. അതുകൊണ്ടുതന്നെ ഇപ്പോള്‍ ചില വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍മാത്രമാണ് മുതിരുന്നത്.  

ഗുജറാത്തില്‍നിന്ന് 1988ല്‍ പാര്‍ടി കേന്ദ്രത്തിലേക്ക് മാറിയപ്പോള്‍ എനിക്കാകെ പരിഭ്രമമായിരുന്നു. ജനങ്ങള്‍ വന്ന് അന്വേഷിക്കുന്നത് കോമ്രേഡ്ജി ഹായ് (സഖാവ് അകത്തുണ്ടോ) എന്നാണ്. ഇവര്‍ അന്വേഷിക്കുന്ന 'കോമ്രേഡ്ജി' സുര്‍ജിത്താണെന്ന് മനസ്സിലാക്കാന്‍ അധികസമയമൊന്നും വേണ്ടിവന്നില്ല. പാര്‍ടികേന്ദ്രത്തിലെ മറ്റു മൂന്ന് നെടുംതൂണുകള്‍ ഇ എം എസ്, ബി ടി ആര്‍, എം ബി എന്നിവരായിരുന്നു. അവരൊക്കെ ഈ ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. സുര്‍ജിത് ചിലര്‍ക്കൊക്കെ കോമ്രേഡ്ജിയായിരുന്നുവെങ്കില്‍ തീന്‍ മൂര്‍ത്തി ലെയ്നിലെ എട്ടാംനമ്പര്‍ വസതിയിലെ സന്ദര്‍ശകര്‍ക്ക് അദ്ദേഹം പാപാജിയായിരുന്നു. 

ഞാന്‍ കണ്ട ഏറ്റവും സൌമ്യനും പ്രാപ്യനുമായ രാഷ്ട്രീയക്കാരനായിരുന്നു സുര്‍ജിത്. ഇതിനൊരപവാദം അവസാന രണ്ടുമൂന്നുവര്‍ഷം മാത്രമായിരുന്നു. അതും ഞങ്ങള്‍ ബോധപൂര്‍വംതന്നെ സന്ദര്‍ശകര്‍ക്ക് അനുമതി നിഷേധിച്ചതിനാലാണത്. അതുവരെയും മന്ത്രിമാര്‍മുതല്‍ സാധാരണക്കാര്‍ക്കുവരെ ഏത് സമയത്തും അവരുടെ പ്രശ്നങ്ങളുമായി അദ്ദേഹത്തെ മടിയേതുമില്ലാതെ സമീപിക്കാമായിരുന്നു. പ്രശ്നങ്ങളുടെ സ്വഭാവമെന്തായാലും സുര്‍ജിത് എപ്പോഴും സഹായിക്കാന്‍ സന്നദ്ധനായിരുന്നു. ആരോഗ്യം മോശമായി വരുന്ന പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് അതും എല്ലാ വഴികളും അടഞ്ഞഘട്ടത്തിലാണ് അവര്‍ തന്റെ അടുത്തുവരുന്നത്.  നമുക്ക് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെങ്കിലും അവരെ കാണാന്‍ അനുവദിക്കുന്നതുകൊണ്ടുതന്നെ അവര്‍ സംതൃപ്തരാകുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണജനങ്ങളോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യവും പ്രതിബദ്ധതയും അത്രമാത്രം ശക്തമായിരുന്നു. 

സുര്‍ജിത് എവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ അദ്ദേഹത്തെ കാണാന്‍ ജനങ്ങള്‍ അവരുടെ ആവലാതികളുമായി തിക്കിത്തിരക്കി വരുമായിരുന്നു. അവര്‍ക്ക് ചെവികൊടുക്കാന്‍ എപ്പോഴും സുര്‍ജിത് തയ്യാറുമായിരുന്നു. ചിലരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ഫോണില്‍ ബന്ധപ്പെടേണ്ടിവന്നാല്‍ സുര്‍ജിത് അതിനും മടികാണിച്ചിരുന്നില്ല. സൌമ്യനും പിതൃതുല്യനുമായിരുന്നു പലര്‍ക്കും സുര്‍ജിത്. വ്യക്തിപരമായ തര്‍ക്കങ്ങള്‍മാത്രമല്ല, രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിച്ചു. സ്വന്തം നഷ്ടം സഹിച്ചായാലും അതില്‍നിന്ന് അദ്ദേഹം പിന്മാറിയിരുന്നില്ല. നാട്യങ്ങളൊന്നുമില്ലാത്ത നിഷേധാത്മകസ്വഭാവം ഒട്ടുമില്ലാത്ത വ്യക്തിയായിരുന്നു സുര്‍ജിത്. വീട്ടിലേക്ക് ഫോണ്‍ വിളിച്ചാല്‍ സുര്‍ജിത്തുതന്നെ ഫോണെടുത്ത് സംസാരിക്കുന്നത് പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. 

പ്രവര്‍ത്തനനിരതനായിരുന്നു സുര്‍ജിത്. എം ബി അദ്ദേഹത്തെ വിളിക്കാറുണ്ടായിരുന്നത് 'പന്തയക്കുതിര'യെന്നാണ്. അദ്ദേഹം ക്ഷീണിതനാണെന്ന് കേള്‍ക്കുക അപൂര്‍വമായിരുന്നു. പ്രവൃത്തി ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ്, പ്രായത്തില്‍ ചെറുപ്പമായ ഞങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതായിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറി, പ്ളാറ്റ്ഫോം വിട്ട ട്രെയിനിലേക്ക് ബാഗ് വലിച്ചെറിഞ്ഞ് ചാടിക്കയറുന്ന സംഭവങ്ങളും പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ഏത് പ്രതികൂലാവസ്ഥയെയും അനുകൂലമാക്കിമാറ്റാന്‍ ശേഷിയുള്ള അചഞ്ചലനായ ശുഭാപ്തിവിശ്വാസിയാണ് സുര്‍ജിത്. 1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഒരു കോണ്‍ഗ്രസിതര സര്‍ക്കാരിന് രൂപംനല്‍കണമെങ്കില്‍ ബിജെപിയുടെ പിന്തുണ അതിനാവശ്യമാണ്. ഈ ഘട്ടത്തില്‍ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ സുര്‍ജിത് പറഞ്ഞു, ഇടതുപക്ഷമോ ബിജെപിയോ സര്‍ക്കാരില്‍ ചേരുന്നില്ല; മറിച്ച് ഇരുകൂട്ടരും സര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുമെന്ന്.  ഈയൊരൊറ്റ പ്രസ്താവനയാണ് പിന്നീടുള്ള രാഷ്ട്രീയചര്‍ച്ചയുടെ ഗതി തിരിച്ചുവിട്ടത.് പരിഭ്രമത്തിലാഴ്ന്ന ബിജെപി മനസ്സില്ലാമനസ്സോടെ പുറത്തുനില്‍ക്കാന്‍ തയ്യാറാവുകയും ചെയ്തു. 

ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന തന്റെ നിര്‍ദേശം 1996ല്‍ കേന്ദ്ര കമ്മിറ്റി നിരസിച്ചപ്പോള്‍ സുര്‍ജിത്തിന് വിഷമമുണ്ടായിരുന്നു. അന്നേദിവസം വൈകിട്ട് ഞാനും സഹപ്രവര്‍ത്തകരും സുര്‍ജിത്തിനെ സന്ദര്‍ശിച്ചപ്പോള്‍, ആ മുഖത്ത് നിരാശയുടെ ഒരു കണികപോലും ദൃശ്യമായിരുന്നില്ല. സഖ്യത്തിന് നേതൃത്വം നല്‍കുന്നതിന് അനുയോജ്യനായ മറ്റൊരു നേതാവിനെ കണ്ടെത്താന്‍ മറ്റു പാര്‍ടി നേതാക്കളുമായി സജീവചര്‍ച്ചയില്‍ മുഴുകിയിരുന്നു അദ്ദേഹം.

സുര്‍ജിത്തിന്റെ മുമ്പില്‍ ഒരു മടിയുമില്ലാതെ ആര്‍ക്കും മനസ്സ് തുറക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ക്കും അദ്ദേഹം ചെവികൊടുക്കുമായിരുന്നു. അദ്ദേഹത്തോട് വിയോജിക്കുന്നുവെങ്കില്‍ മടിയേതുമില്ലാതെ അത് നിങ്ങള്‍ക്ക് തുറന്നുപറയാം. അത്തരമൊരു ആത്മവിശ്വാസം സുര്‍ജിത് നിങ്ങള്‍ക്ക് നല്‍കും. 

അദ്ദേഹവുമൊത്ത് വര്‍ഷങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും ക്രുദ്ധനാകുന്നത് കണ്ടിട്ടില്ല. 2004ലാണെന്ന് തോന്നുന്നു, സുര്‍ജിത്തിനൊപ്പം ലുധിയാനയിലേക്ക് ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോയപ്പോള്‍ ഞാനും അനുഗമിച്ചു. വൈകിട്ടാണ് ഡല്‍ഹിയിലേക്ക് മടക്കം. ലുധിയാന സ്റ്റേഷനില്‍ എത്തിയപ്പോഴാണ് രാവിലെ നഗരംവിട്ട ശതാബ്ദി എക്സ്പ്രസിനാണ് ടിക്കറ്റ് എടുത്തതെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. തീര്‍ത്തും ശാന്തനായി സുര്‍ജിത് പറഞ്ഞു. 'വേവലാതിപ്പെടാനൊന്നുമില്ല' എന്ന്.  വൈകിട്ടത്തെ ശതാബ്ദി വന്നപ്പോള്‍ ഞങ്ങള്‍ അതില്‍ കയറി. ഭാഗ്യമെന്ന് പറയട്ടെ, എക്സിക്യൂട്ടീവ് ക്ളാസില്‍ രണ്ട് സീറ്റ് ലഭ്യമായി. പണം അടച്ച് ആ സീറ്റില്‍ ഇരുന്ന് യാത്ര ആരംഭിച്ചു. ഡല്‍ഹിയില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാളുടെയോ അത് പരിശോധിക്കുന്നതില്‍ എനിക്കുവന്ന വീഴ്ചയോ സുര്‍ജിത്തിനെ പ്രകോപിപ്പിച്ചില്ല. ഇത്തരം സംഭവങ്ങളൊക്കെ സര്‍വസാധാരണമാണെന്നായിരുന്നു സുര്‍ജിത്തിന്റെ പ്രതികരണം

(സിപിഐ എം കേന്ദ്രകമ്മിറ്റി ക്ഷണിതാവാണ് ലേഖകന്‍)

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top