18 May Tuesday

വിപുലമായ ഐക്യം, പിന്തുണ, പങ്കാളിത്തം - 
ഹന്നൻ മൊള്ള ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021

സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും വിപുലമായ തോതിൽ നടക്കുന്ന ഏറ്റവും ദെെർഘ്യമേറിയ സമരമായി കർഷകപ്രക്ഷോഭം മാറിയിരിക്കുന്നു. ഏറ്റവും ഐക്യത്തോടെ നടക്കുന്ന സമരവുമാണിത്‌. സാധാരണ ഏതു സമരവും മുന്നോട്ടുപോകുമ്പോൾ ഭിന്നതകൾ ഉണ്ടാകാം. എന്നാൽ, ഈ പ്രക്ഷോഭത്തിൽ അഞ്ഞൂറിൽപ്പരം സംഘടനകൾ ഒറ്റക്കെട്ടായി നൽക്കുന്നു. ഏറ്റവും സമാധാനപരമായി മുന്നേറുന്ന പ്രസ്ഥാനവുമാണ്‌. സർക്കാർ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉയർത്തുന്നു. എന്നാൽ, സമരത്തിനെതിരെ സർക്കാരാണ്‌ ഗൂഢാലോചന നടത്തുന്നതെന്ന്‌ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. രാജ്യത്ത്‌ ഉണ്ടായതിൽ ഏറ്റവും വിശാലമായ പ്രക്ഷോഭവുമായി ഇതു മാറി. എല്ലാ സംസ്ഥാനത്തിലും ജില്ലകളിലും ഗ്രാമങ്ങളിലും പ്രക്ഷോഭത്തിന്റെ അലകളെത്തി.

നൂറു ദിവസമായി തുടരുന്ന സമരം ചരിത്രപരമായ ജനാധിപത്യമുന്നേറ്റമായി. മത, ജാതി വേലിക്കെട്ടുകൾ തകർത്തു. ആർഎസ്‌എസും ബിജെപിയും ഭിന്നിപ്പ്‌ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഈ പ്രക്ഷോഭം പുതിയൊരു സ്വത്വബോധം സൃഷ്ടിച്ചിരിക്കുന്നു, കർഷകൻ എന്നത്‌. എല്ലാ പ്രക്ഷോഭകാരികളും കർഷകൻ എന്ന മതനിരപേക്ഷ ബോധത്തിൽ ഒന്നിച്ചിരിക്കുന്നു. ഉത്തർപ്രദേശിൽ മുസഫർ നഗറിൽ ബിജെപി ജാട്ടുകളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ചു. ഈ പ്രക്ഷോഭം ഇരുവിഭാഗത്തെയും തമ്മിൽ യോജിപ്പിച്ചു. ഹരിയാനയും പഞ്ചാബും കാലങ്ങളായി കലഹത്തിലായിരുന്നു. ഈ സമരത്തിൽ ഹരിയാന ജനത പഞ്ചാബികളെ സ്വീകരിച്ച രീതി ഹൃദ്യമാണ്‌. പഞ്ചാബികളും ഹരിയാനക്കാരും തമ്മിൽ വൻഐക്യം ഉയർന്നുവന്നിരിക്കുന്നു. രാജ്യത്തെ ജനാധിപത്യപ്രസ്ഥാനത്തിന്‌ ഇതു വലിയ നേട്ടമാണ്‌. ഐക്യത്തോടെ പൊരുതാൻ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുന്നു.

സമരത്തിന്റെ തുടക്കംമുതൽ രാജ്യത്തെ തൊഴിലാളിവർഗം പ്രക്ഷോഭത്തിനു പിന്തുണ നൽകുന്നു. കർഷകപ്രക്ഷോഭത്തിന്‌ ആധാരമായ വിഷയങ്ങൾക്ക്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ശക്തമായ പിന്തുണയുണ്ട്‌. സമാനമായ വിഷയത്തിൽ കർഷകരും തൊഴിലാളികളും ഇത്രത്തോളം ഐക്യത്തോടെ നിന്ന കാലം മുമ്പുണ്ടായിട്ടില്ല. മൂന്ന്‌ കാർഷിക നിയമത്തെ തുടർന്ന്‌ കർഷകരുടെ ജീവിതവും ഭൂമിയും കോർപറേറ്റുകളിൽനിന്ന്‌ ഭീഷണി നേരിടുന്നു. നാല്‌ തൊഴിൽ കോഡിന്റെ സാഹചര്യത്തിൽ തൊഴിലാളികൾ രാജ്യത്തെയും വിദേശത്തെയും കോർപറേറ്റുകളുടെ അടിമകളായി മാറും.


 

കോർപറേറ്റുകളുടെ ചൂഷണത്തിൽനിന്ന്‌ രക്ഷനേടാനുള്ള പോരാട്ടമാണിത്‌. ആത്മനിർഭറിന്റെ (സ്വാശ്രയത്വം) ഭാഗമാണ്‌ ഈ പരിഷ്‌കാരങ്ങളെന്ന്‌ പ്രധാനമന്ത്രി പറയുന്നു. ഇത്‌ ആത്മനിർഭർ അല്ല കോർപറേറ്റുകൾക്കു മുന്നിലുള്ള വിധേയത്വമാണ്‌.
സ്‌ത്രീകളും പ്രക്ഷോഭത്തിൽ നിർണായക പങ്കുവഹിക്കുന്നു. കർഷകരിൽ വൻതോതിൽ സ്‌ത്രീകളുണ്ട്‌.

കർഷകത്തൊഴിലാളികളിൽ 60 ശതമാനവും സ്‌ത്രീകളാണ്‌. എന്നാൽ, ഫ്യൂഡൽ സംവിധാനത്തിൽ സ്‌ത്രീകളുടെ പേരിൽ ഭൂമിയില്ലാത്തതിനാൽ അവരെ കർഷകരായി സർക്കാർരേഖകൾ അംഗീകരിക്കുന്നില്ല. ഭർത്താവ്‌ മരിച്ചാലും സ്‌ത്രീകൾക്ക്‌ സഹായം ലഭിക്കുന്നില്ല. യുവജനങ്ങളും വിദ്യാർഥികളും പ്രക്ഷോഭത്തിൽ പങ്കാളികളാണ്‌. ചെറുകിട, ഇടത്തരം വ്യാപാരികളും പ്രക്ഷോഭത്തിനു പിന്തുണ നൽകുന്നു.ആദ്യം നിശ്ശബ്ദരായിരുന്ന രാഷ്ട്രീയ പാർടികളും ഇപ്പോൾ പിന്തുണ നൽകുന്നു.

മറുവശത്ത്‌ സർക്കാരിന്റെ നിലപാട്‌ അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും അമിതാധികാരപരവും ഫാസിസ്റ്റ്‌ സ്വഭാവത്തോടെയുള്ളതും തൊഴിലാളി–-കർഷകവിരുദ്ധവുമാണ്‌. പ്രക്ഷോഭത്തെ കടന്നാക്രമിച്ച്‌ തകർക്കാനാണ്‌ സർക്കാർ ശ്രമിച്ചത്‌. കർഷകരെ തടയാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു. കർഷകർ സംയമനം പാലിച്ചു. സമാധാനമുണ്ടെങ്കിൽ കർഷകർ വിജയിക്കും, അക്രമമുണ്ടായാൽ മോഡി വിജയിക്കും–-ഇതാണ്‌ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം. സമാധാനകാംക്ഷികളും കഠിനാധ്വാനികളും നിശ്ചയദാർഢ്യമുള്ളവരുമാണ്‌ കർഷകർ.


 

പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ സർക്കാർ പല രീതിയിൽ ശ്രമിച്ചു. പ്രധാനമന്ത്രി മുതൽ ആർഎസ്‌എസിന്റെ സാധാരണ പ്രവർത്തകർവരെ പ്രക്ഷോഭത്തിനെതിരെ പ്രചാരണം നടത്തി. എല്ലാം പരാജയപ്പെട്ടു. ജനങ്ങളുമായി സംസാരിക്കേണ്ടത്‌ ജനാധിപത്യ സർക്കാരിന്റെ കടമയാണ്‌. സർക്കാർ തുടക്കത്തിൽ നടത്തിയ ചർച്ച പ്രഹസനമായിരുന്നു. നിയമങ്ങൾ അംഗീകരിക്കില്ലെന്ന്‌ കർഷകർ ആദ്യംതന്നെ വ്യക്തമാക്കി. സർക്കാർ ഏതാനും ഭേദഗതികൾ അടിച്ചേൽപ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഭേദഗതികൾ വഴി നിയമങ്ങളുടെ സ്വഭാവം മാറ്റാൻ കഴിയില്ല. ഇപ്പോൾ 40 ദിവസമായി ചർച്ചയില്ല. കർഷകനേതാക്കളെ ഫോണിൽ വിളിക്കാൻ പോലും പ്രധാനമന്ത്രിക്ക്‌ സമയമില്ല. കർഷകരും സർക്കാരും തമ്മിലുള്ള വിഷയമാണിത്‌. ഇതിൽ ഏജന്റുമാരുടെ ആവശ്യമില്ല.

ഇതുപോലൊരു പ്രക്ഷോഭം മുമ്പുണ്ടായിട്ടില്ല. നേരത്തെ നടന്ന സമരങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല. ഭാവിയിൽ ഏതു സമരം ഉണ്ടായാലും ഈ പ്രക്ഷോഭം പരാമർശിക്കേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top