11 August Thursday

അയിത്തോച്ചാടനപ്രസ്ഥാനത്തിലെ ഐതിഹാസിക സമരം -പ്രൊഫ. ഇ രാജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

ഗുരുവായൂർ സത്യഗ്രഹം നടന്നിട്ട് 90 വർഷം പൂർത്തിയാകുന്നു. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയവും ഉജ്വലമായൊരു ഏടാണ് ഗുരുവായൂർ സത്യഗ്രഹം. അയിത്തോച്ചാടനത്തിനുവേണ്ടി ഒരു സാമൂഹ്യപ്രക്ഷോഭം നടത്തണമെന്ന് അഞ്ചാം കേരള പ്രൊവിൻഷ്യൽ കോൺഗ്രസിന്റെ തീരുമാനമനുസരിച്ച് കെപിസിസിയാണ് സത്യഗ്രഹം സംഘടിപ്പിച്ചത്. ബംഗാളിലെ കോൺഗ്രസ് നേതാവ് സെൻഗുപ്തയുടെ അധ്യക്ഷതയിൽ 1931 മെയ് നാലിനും അഞ്ചിനും വടകരയിൽ നടന്ന സമ്മേളനം പാസാക്കിയ ഒരു പ്രധാന പ്രമേയം ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ഉടനെ നടത്തണമെന്നായിരുന്നു. മഹാത്മജിയുടെ പിന്തുണയും അനുഗ്രഹാശിസ്സുകളും സത്യഗ്രഹത്തിന് ഉണ്ടായിരുന്നു. ജാതി ഭേദമന്യേ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് ക്ഷേത്രത്തിന്റെ ട്രസ്റ്റിയായ സാമൂതിരി രാജാവിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നു സത്യഗ്രഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.

1931 നവംബർ ഒന്നിനാണ് ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചത്. ‘കേരളത്തിന്റെ കെടാവിളക്ക്‌’ എന്ന് ഇ എം എസ്‌ വിശേഷിപ്പിച്ച കേളപ്പനായിരുന്നു സമരത്തിന്റെ പരമോന്നത നേതാവ്. സമരത്തിന്റെ വളന്റിയർ ക്യാപ്റ്റൻ എ കെ ജിയും. മന്നത്തു പത്മനാഭൻ, എൻ പി ദാമോദരൻ, സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നീ പ്രമുഖരും സമരത്തിനു മുൻപന്തിയിൽ ഉണ്ടായിരുന്നു. 1931 നവംബർ ഒന്നിനു തുടങ്ങാൻ നിശ്ചയിച്ച സത്യഗ്രഹത്തിൽ പങ്കെടുക്കാൻ ഒരു ജാഥ പയ്യന്നൂരിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ടു. എ കെ ജിയുടെയും തിരുമുമ്പിന്റെയും നേതൃത്വത്തിലുള്ള ജാഥ വഴിനീളെ ജനങ്ങളെ ഇളക്കിമറിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോയത്.

സത്യഗ്രഹത്തിനു സഹായകമായവിധത്തിൽ പൊതുജന അഭിപ്രായം സ്വരൂപിക്കാൻ 1931 സെപ്തംബർ അഞ്ചിനു ഗുരുവായൂരിൽ സമ്മേളനം നടന്നു. എ കെ ജി, കെ കേളപ്പൻ, കെ മാധവൻ നായർ തുടങ്ങിയവർ സത്യഗ്രഹ പ്രചാരണത്തിനു മുന്നിട്ടിറങ്ങി. 1931 നവംബർ ഒന്നിന്‌ ക്ഷേത്രനടയിൽ സത്യഗ്രഹം ആരംഭിച്ചു. എ കെ ജിയെയും മറ്റും അവിടെ ഉണ്ടായിരുന്ന ‘ക്ഷേത്രസംരക്ഷകർ’ ഇടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. നിലത്തുവീണ എ കെ ജിയെ അഞ്ചുപേർ വളഞ്ഞിട്ട് തല്ലുകയും ചവിട്ടുകയും ചെയ്തു. ഒരു ‘മഹാഭക്തൻ’ ഇവനാണ് തടിയൻ. ഇവനെ പിടിച്ചുനിർത്താൻ പ്രയാസമാണ്. ‘ഇവനെ കൊന്നാലേ രക്ഷയുള്ളൂ’ എന്ന് ആക്രോശിച്ചു. മദ്യപിച്ച് മദോന്മത്തനായ ഒരു ആനക്കാരൻ ആനയെ കിഴക്കേനടയിൽ കൊണ്ടുവന്നു. ആന അലറിക്കൊണ്ട് മുള്ളുവേലിയുടെ ഇടുങ്ങിയ വഴിയിലൂടെ കടന്നു. സത്യഗ്രഹം നടത്തുന്ന എ കെ ജിയും മറ്റും അനങ്ങിയില്ല. അവരെ മുട്ടിയുരുമ്മിക്കൊണ്ട്‌ ആന കടന്നുപോകുന്നത് ആളുകൾ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിന്നു.

സത്യഗ്രഹം നടന്നുകൊണ്ടിരിക്കെ ഒരു ദിവസം പി കൃഷ്ണപിള്ള ബലമായി അമ്പലത്തിൽ കടന്നു. ശ്രീലകത്തിനു മുന്നിലുള്ള മണിയടിച്ചു. അന്നുവരെ ബ്രാഹ്മണൻ അല്ലാത്ത ഒരാൾ ആ മണി അടിച്ചിരുന്നില്ല. കാഴ്ചക്കാരിൽ ഒരാളായ ഒരു നായർ കൃഷ്ണപിള്ളയെ മർദിച്ചു. തുടർന്ന് മറ്റു പല ‘ഭക്തരും’ ഈ മർദനത്തിൽ സജീവമായ പങ്കുവഹിച്ചുകൊണ്ട് കൃഷ്ണപിള്ളയെ തല്ലിച്ചതച്ചു. മർദനം മുഴുവൻ സഹിച്ച്‌ കൃഷ്ണപിള്ള നടത്തിയ പ്രഖ്യാപനം‐ ‘ഉശിരുള്ള നായർ മണിയടിക്കും നെറികെട്ട നായർ അവന്റെ പുറത്തടിക്കും’‐ പിന്നീട് ചരിത്രത്തിന്റെ ഭാഗമായി.

എന്നാൽ, ഒരു സത്യഗ്രഹിയുടെനേരെ അന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കൈയേറ്റം നടന്നത് 1931 ഡിസംബർ ഇരുപത്തെട്ടിനാണ്. അന്നാണ് ഒരുകൂട്ടം ‘ഭക്തഭ്രാന്തർ’ എ കെ ജിയെ കൈയുംകാലും കൂട്ടിക്കെട്ടി നിലത്തടിച്ചത്‌. മുഖം ഉൾപ്പെടെ ദേഹമാസകലം മുറിവേറ്റ എ കെ ജി ബോധരഹിതനായി. പ്രകോപിതരായ സത്യഗ്രഹ അനുകൂലികൾ ക്ഷേത്രത്തിനു ചുറ്റുമുള്ള വേലി പൊളിച്ചുമുന്നോട്ടുനീങ്ങി. പൊതുജന രോഷത്താൽ വിരണ്ടുപോയ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രനട അടച്ചിട്ടു. 1932 ജനുവരി ഇരുപതിനാണ് പിന്നീട് ക്ഷേത്രം വീണ്ടും തുറന്നത്. സത്യഗ്രഹത്തോടെ ഗുരുവായൂർ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമായി മാറി. സത്യഗ്രഹികളുടെ ആവശ്യം അംഗീകരിക്കാൻ ആവശ്യപ്പെട്ടുള്ള നിവേദനങ്ങൾ സാമൂതിരിയുടെ മുന്നിൽ കുമിഞ്ഞുകൂടി. പക്ഷേ, സമൂതിരി കുലുങ്ങിയില്ല. ഒരു തീരുമാനമാകാതെ സമരം നീണ്ടുപോയി. ഇതിനിടെ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി റംസെ മക്‌ ഡൊണാൾഡിന്റെ ‘കമ്യൂണൽ അവാർഡിനെതിരെ’ 1932 സെപ്തംബർ 21നു ഗാന്ധിജി മരണംവരെ ഉപവാസം പ്രഖ്യാപിച്ചു. അതുപോലെ ഗുരുവായൂരിൽ താനും മരണംവരെ ഉപവസിക്കുമെന്ന്‌ കേളപ്പനും പ്രഖ്യാപിച്ചു.

ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ 30 വളന്റിയർമാരോടൊപ്പം കേളപ്പൻ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഇ എം എസ് ആദ്യമായി ഒരു പത്രലേഖകൻ എന്നനിലയ്ക്ക് ഈ നിരാഹാരസത്യഗ്രഹം റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്‌. ‘10 മാസം സത്യഗ്രഹം നടത്തി അയിത്തം പോയില്ല. പ്രസംഗിച്ചു; പ്രചാരവേല നടത്തി. പ്രമേയങ്ങൾ പാസാക്കി. ഇതുകൊണ്ടും അയിത്തം അണുപോലും നീങ്ങിയില്ല. ഇളകാത്ത മനസ്സുകൾ ഇളകിയില്ല. കേളപ്പന്റെ ജീവൻ പൊരിഞ്ഞുകിടക്കുന്ന ഈ ആപത്‌ഘട്ടത്തിൽ കൃത്യബോധമുള്ള കേരളീയർ മനുഷ്യത്വത്തിനുമേൽ ബാധിച്ച ഈ ചെളിയെ (അയിത്തം) മായ്‌ച്ചുകളയാൻ ദൃഢപ്രതിജ്ഞരായി ഒത്തുകൂടിയിരിക്കുന്നു.’’ കേരളത്തിന്റെ നിരാഹാരത്തെ ഗാന്ധിജി അംഗീകരിച്ചില്ല. സത്യഗ്രഹം ഉടനെ അവസാനിപ്പിക്കാൻ ഗാന്ധിജി നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ക്ഷേത്രത്തിൽ അവർണരെ പ്രവേശിപ്പിക്കാത്തപക്ഷം താൻ കേളപ്പനോടൊപ്പം നിരാഹാരം അനുഷ്ഠിക്കുമെന്നും ഗാന്ധിജി ഉറപ്പുനൽകി. (ആ ഉറപ്പുപാലിക്കപ്പെട്ടില്ലെന്നത് മറ്റൊരു കഥ) ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ച കേളപ്പൻ 1932 ഒക്ടോബർ രണ്ടിന് നിരാഹാരസമരം അവസാനിപ്പിച്ചു.

ഗുരുവായൂർ സത്യഗ്രഹം പ്രത്യക്ഷത്തിൽ പൂർണ വിജയത്തിൽ എത്തിയില്ലെങ്കിലും അതുകൊണ്ട് ചില നേട്ടമുണ്ടായി എന്നത്‌ വിസ്മരിച്ചുകൂടാ. ഒരുനേട്ടം പൊന്നാനി താലൂക്കിൽ നടന്ന ഹിതപരിശോധനയാണ്‌. ഈ താലൂക്കിൽ ക്ഷേത്രപ്രവേശനത്തെ എത്രപേർ അനുകൂലിക്കുന്നു എന്നറിയാനായിരുന്നു പരിശോധന. പങ്കെടുത്ത 20,163 പേരിൽ 15516 പേർ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. എതിർത്തത് 2579 പേർമാത്രം. 2016 പേർ നിഷ്‌പക്ഷത പാലിച്ചു. സ്ത്രീകളിൽ മഹാ ഭൂരിപക്ഷവും ക്ഷേത്രപ്രവേശനത്തിന് അനുകൂലമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ‘നരകത്തിൽനിന്ന് പൊങ്ങിയ ശബ്ദം’ എന്നും ‘പിശാചിന്റെ ഏട്ടിലെ രണ്ടക്ഷര’മെന്നും വള്ളത്തോൾ മഹാകവി വിശേഷിപ്പിച്ച ജാതിക്കും അയിത്തത്തിനുമെതിരായ ഒരു പൊതുബോധം സൃഷ്ടിക്കുന്നതിന് ഗുരുവായൂർ സത്യഗ്രഹം പ്രേരകമായി എന്നതാണ് അതിന്റെ പ്രസക്തി.

ശ്രീനാരായണ ഗുരു, അയ്യൻകാളി, സഹോദരൻ അയ്യപ്പൻ, ഇ എം എസ്, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ യുഗപ്രഭാവൻമാരായ സാമൂഹ്യപരിഷ്കർത്താക്കളുടെയും അവരുടെ ആശയങ്ങളെ തിരിമുറിയാതെ സൂക്ഷിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനത്തിന്റെയും ശ്രമഫലമായി അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ഒരതിരുവരെ അകറ്റിനിർത്താൻ കേരളീയ സമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. എന്നാൽ, പടിയടച്ചു പിണ്ഡംവച്ചെന്ന്‌ നാം ആശ്വസിച്ച പല ദുരാചാരവും വർധിതവീര്യത്തോടെ രംഗപ്രവേശനത്തിനുള്ള തീവ്രശ്രമത്തിലാണ്.

അപഹാസ്യവും സഹതാപാർഹവുമായ ആശയങ്ങളെ പുനഃപ്രതിഷ്ഠിക്കാനുള്ള തീവ്രശ്രമം വർഗീയ പിന്തിരിപ്പൻ ശക്തികൾ നടത്തുമ്പോൾ അവരുടെ കുഴലൂത്തുകാരായി മാറുകയാണ് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പാരമ്പര്യത്തിന്റെ നേർ അവകാശികളെന്ന്‌ ഊറ്റം കൊള്ളുന്നവർ. ഇവരെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ഓരോ കേരളീയന്റെയും ഇന്നത്തെ കടമ. അതാണ് ഗുരുവായൂർ സത്യഗ്രഹത്തിന്റെ ദീപ്തസ്മരണ നൽകുന്ന സന്ദേശം.

(തൃശൂർ കേരളവർമ കോളേജ്‌ ചരിത്രവിഭാഗം മേധാവിയും പ്രിൻസിപ്പലുമായിരുന്നു ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top