17 August Wednesday

നീതി അകലുന്ന ഇന്ത്യ

കോടിയേരി ബാലകൃഷ്ണന്‍Updated: Friday Jul 1, 2022

videograbbed edited image

സ്തോഭജനകമായ നിരവധി സംഭവങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ഗുജറാത്ത് വംശഹത്യയുടെ ഇരകൾക്കുവേണ്ടി നിലപാട് എടുത്തവരെ, സുപ്രീംകോടതി വിധിയുടെ മറവിൽ കാരാഗൃഹത്തിൽ അടച്ചിരിക്കുകയാണ് കേന്ദ്രഭരണത്തിന്റെ തണലിൽ ഗുജറാത്ത് പൊലീസ്. ഇതിനോട് ഓരോ രാഷ്ട്രീയ പാർടിയും സംഘടനയും സ്വീകരിക്കുന്ന നയം മാറ്റുരയ്ക്കപ്പെടുന്ന സന്ദർഭമാണിത്.

2002ലെ ഗുജറാത്ത് വംശഹത്യയിൽ അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ അക്രമികൾ നടത്തിയ കൂട്ടക്കൊലയാണ് സുപ്രീംകോടതിയിലെ കേസിന് ആധാരം. കോൺഗ്രസ് എംപിയായിരുന്ന ഇക്ബാൽ ഇസഹാൻ ജാഫ്രി ഉൾപ്പെടെ 69 പേരെയാണ് കശാപ്പ് ചെയ്തത്. രണ്ടായിരത്തിലധികം പേരെ കൊന്നൊടുക്കിയ വംശഹത്യയിലെ ഒരേട്. ഈ സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി അടക്കം 63 ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ജാഫ്രിയുടെ വിധവ സകിയയും മറ്റുള്ളവരും നൽകിയ ഹർജി സുപ്രീംകോടതി നിരാകരിച്ചു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷകസംഘം (എസ്എടി) മോദിക്കും മറ്റുള്ളവർക്കും ക്ലീൻചിറ്റ് നൽകിയിരുന്നു. അതിന് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അംഗീകാരം നൽകി. മാത്രമല്ല, സകിയ ജാഫ്രിയെ സഹായിച്ചവരെ വേട്ടയാടാൻ നിർദേശിക്കുകയും ചെയ്തു. അത് കോടതിയുടെ പരിധിവിട്ട അസാധാരണ നടപടിയാണ്. ജുഡീഷ്യറിയുടെ നീതിബോധത്തെത്തന്നെ ചോദ്യംചെയ്യുന്ന വിധിയായി അത്.

സുപ്രീംകോടതി ഉത്തരം നൽകേണ്ടി വരും


കോടതിവിധിയുടെ മറപറ്റി മുൻ ഡിജിപി 75 വയസ്സുള്ള ആർ ബി ശ്രീകുമാറിനെയും മനുഷ്യാവകാശ പ്രവർത്തക ടീസ്‌ത സെതൽവാദിനെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. സഞ്ജയ് ഭട്ടിനെതിരായ കുരുക്ക് മുറുക്കി. ഗുജറാത്ത് വംശഹത്യയുടെ ചരിത്രം രേഖപ്പെടുത്തുമ്പോൾ അതിൽ മനുഷ്യത്വത്തിന്റെ മുഖങ്ങളായി തെളിയുന്ന പേരുകളാണ് ഇവരുടേത്. നീതിയുക്തമായ നിലപാട് എടുക്കുന്ന നിർഭയനായ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്രീകുമാർ. അദ്ദേഹം തികഞ്ഞ ഹിന്ദുമത വിശ്വാസിയാണ്. മഹാഭാരതത്തിലും രാമായണത്തിലും വേദങ്ങളിലും അഗാധമായ പാണ്ഡിത്യമുള്ള ആൾ. ‘ഗുജറാത്ത് ബിഹൈൻഡ് ദി കർട്ടൻ’ എന്ന പുസ്തകത്തിലൂടെ വംശഹത്യയുടെ ഉള്ളറകൾ വെളിപ്പെടുത്തിയ ആൾ.

ഗുജറാത്ത് കേസുകൾ അന്വേഷിച്ച എസ്എടി തലവൻ ആർ കെ രാഘവന്റെ നിലപാട് കേസുകളെ അട്ടിമറിക്കുന്നതാണെന്ന് ശ്രീകുമാർ വ്യക്തമാക്കിയിരുന്നു. അതാണ് ഇപ്പോൾ കുറ്റമായിരിക്കുന്നത്. ഇതേ രാഘവനെ, മോദിക്ക് ക്ലീൻചിറ്റ് നൽകിയതിനു പിന്നാലെ, ഇന്ത്യയുടെ ഹൈകമീഷണറായി സൈപ്രസിൽ 2017ൽ കേന്ദ്ര സർക്കാർ നിയോഗിച്ചു. രാഘവന്റെ അന്വേഷണ റിപ്പോർട്ടാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.

  2002ൽ ഗുജറാത്ത് കലാപം നടക്കുമ്പോൾ ഇന്റലിജൻസ് എഡിജിപിയായിരുന്ന ശ്രീകുമാർ അന്നത്തെ മുഖ്യമന്ത്രി മോദിയുമായി നേരത്തെ മുതൽ അടുത്ത് ഇടപഴകിവന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സത്യവിരുദ്ധമായി റിപ്പോർട്ട് നൽകാൻ അദ്ദേഹം വിസമ്മതിച്ചു. ഗുൽബർഗി സൊസൈറ്റി കൂട്ടക്കൊല ഒഴിവാക്കാനായി അക്രമികളെ അമർച്ച ചെയ്യാൻ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഇക്ബാൽ ഇസ്ഹാൻ ജാഫ്രി പലതവണ ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഭരണകൂടം സഹായം നിഷേധിച്ചു. അത് തന്റെ മനസ്സിനെ മുറിപ്പെടുത്തിയതായി ശ്രീകുമാർ പറഞ്ഞിരുന്നു. ഗർഭിണിയായ ഒരു സ്ത്രീയുടെ വയർ വെട്ടിപ്പൊളിച്ച് ഗർഭസ്ഥ ശിശുവിനെ ശൂലംകൊണ്ട് കീറിമുറിച്ച വർഗീയവാദികളുടെ ആനന്ദനൃത്തം ഹിന്ദു ഫിലോസഫിയിൽ ഉൾപ്പെടുന്നതല്ലെന്ന് ആ ഉദ്യോഗസ്ഥൻ ഓർമപ്പെടുത്തിയിരുന്നു. ഇതെല്ലാം എങ്ങനെയാണ് ഭരിക്കുന്നവരെ മനഃപൂർവം പ്രതിക്കൂട്ടിലാക്കുന്ന ഉദ്യോഗസ്ഥ നടപടിയും ഗൂഢാലോചനയും ആകുക. ഇക്കാര്യത്തിൽ സുപ്രീംകോടതി ഭാവിയിൽ ഉത്തരം നൽകേണ്ടിവരും.

മനുഷ്യാവകാശ കമീഷൻ പറഞ്ഞത്‌

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജെ എസ്‌ വർമയുടെ നേതൃത്വത്തിലുള്ള ദേശീയ മനുഷ്യാവകാശ കമീഷൻ ഗുജറാത്തിനെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്നത് സുപ്രീംകോടതി ഗൗരവത്തോടെ ആയിരുന്നല്ലോ പരിഗണിച്ചിരുന്നത്. ഗോധ്ര ദുരന്തത്തെതുടർന്ന് സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന കലാപങ്ങളെ മുൻകൂട്ടി കാണുന്നതിലും മുൻകരുതൽ നടപടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു എന്നായിരുന്നു ജസ്റ്റിസ് വർമയുടെ റിപ്പോർട്ട്. ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്. ഗോധ്ര ദുരന്തം ഹീനമായിരുന്നു. അതുപോലെതന്നെ ഹീനമാണ് അതേതുടർന്ന് സംസ്ഥാനത്തുണ്ടായ രക്തരൂക്ഷിതമായ കലാപം– ജസ്റ്റിസ് വർമ ചൂണ്ടിക്കാട്ടി.  രാഷ്ട്രപതിയായിരിക്കെ കെ ആർ നാരായണനും ഗുജറാത്ത് സർക്കാരിനെ കുറ്റപ്പെടുത്തി രേഖാമൂലം പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതെല്ലാം ഇന്ന്  നിയമത്തിനു മുന്നിൽ കുറ്റകരമായി മാറുന്നത് വിചിത്രമാണ്. അത്തരം റിപ്പോർട്ടുകളുടെയും നിലപാടുകളുടെയും പേരിൽ ജീവിച്ചിരിക്കുന്നവരും പരേതരുമായ മഹത്‌വ്യക്തികളെ പ്രതിക്കൂട്ടിലാക്കുന്നത് എന്തുതരം നീതിയാണ്?

ഗുജറാത്ത് വംശഹത്യയെത്തുടർന്ന് മോദിയെ ഭരണത്തിൽനിന്നു പുറത്താക്കാൻ കർശന നടപടി എടുക്കാതിരുന്നു എന്ന അപരാധമുള്ള അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി ഒരു മാസത്തിനുശേഷം ഗുജറാത്തിലെത്തി അഹമ്മദാബാദിലെ ഷാ ആലം ദർഗ അഭയാർഥി ക്യാമ്പ് സന്ദർശിച്ചിരുന്നു. അന്ന് വംശഹത്യയെ അതിജീവിച്ച പത്തുപേരെ കണ്ടു. ജാവേദ് ഹസ്സൻ എന്ന പന്ത്രണ്ടുവയസ്സുകാരൻ തന്റെ ബാപ്പയെയും ഉമ്മയെയും ഉൾപ്പെടെ 12പേരെ നരോദ് പാട്ടിയായിൽ അക്രമികൾ ചുട്ടുകൊന്ന ഭീകരസംഭവം പൊട്ടിക്കരഞ്ഞുകൊണ്ട് വിവരിച്ചു. ‘ഞങ്ങൾ അവരോട് കൊല്ലരുതേ എന്ന് യാചിച്ചു. അക്രമികൾ കേട്ടില്ല. ഓരോരുത്തരെയായി വീട്ടിൽനിന്ന് വലിച്ച് പുറത്തിട്ടു. ഡീസലും പെട്രോളും ഒഴിച്ച് ഞങ്ങളുടെ കൺമുന്നിലിട്ട് ബാപ്പയെയും ഉമ്മയെയും സഹോദരങ്ങളെയും ചുട്ടുകൊന്നു’– മറ്റൊന്നും പറയാൻ ആ ബാലനു കഴിഞ്ഞില്ല. ഭയാനകമായ കാഴ്ച. അതുകേട്ട് വാജ്പേയി ആ ബാലന്റെ പുറത്തുതട്ടി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ ഇരകൾക്ക് നീതികിട്ടാൻ വാജ്പേയി നടപടിയെടുത്തില്ലെങ്കിലും പരസ്യമായി, സുജന മര്യാദപ്രകാരമായിരുന്നെങ്കിലും അഭയാർഥി ക്യാമ്പിലെ ഇരകളെ ആശ്വസിപ്പിക്കാൻ തയ്യാറായി.

കോൺഗ്രസ്‌ വർഗീയതയ്‌ക്ക്‌ കീഴടങ്ങുന്നു


ജാഫ്രിയുടെ വിധവ സകിയക്ക് നീതികിട്ടാൻ  അവരുടെ കേസിൽ പരാതിക്കാരിയായതിന്‌  ടീസ്‌തയെയും ശ്രീകുമാറിനെയും തടവറയിൽ അടച്ചിരിക്കുകയാണ്. ഈ നടപടി നിയമത്തെ വെല്ലുവിളിക്കുന്നതാണെന്നും ഇവർക്ക് എതിരായ കേസുകൾ പിൻവലിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. എന്നാൽ, വ്യാജരേഖ ചമയ്ക്കൽ, ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ഉള്ളതെന്നും ഈ സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലാത്തതിനാൽ അഭിപ്രായം പറയുന്നില്ലെന്നുമാണ് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞത്. മതനിരപേക്ഷ ജനാധിപത്യ പാർടിയെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് എങ്ങനെ ബിജെപിക്കും അവരുടെ ഹിന്ദുത്വ അജൻഡയ്ക്കും കീഴടങ്ങുന്നു എന്നതിന്‌ ദൃഷ്ടാന്തമാണ് ഇത്.

ഈ വിഷയം കേരള നിയമസഭയിൽ ചർച്ചയായപ്പോൾ ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ കോൺഗ്രസ് എംപിയുടെ 85 വയസ്സുള്ള വിധവ സകിയ ജാഫ്രിയുടെ കുടുംബത്തെ അകറ്റിനിർത്തുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും കോൺഗ്രസിന്റെയും നിലപാടിലെ മനുഷ്യത്വരാഹിത്യം മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഗുജറാത്തിലെത്തിയ സോണിയ, സകിയയെയും കുടുംബത്തെയും പരസ്യമായി കാണാൻ തയ്യാറാകാതിരുന്നത് മുഖ്യമന്ത്രി ഓർമപ്പെടുത്തി. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അത് നിഷേധിച്ചു. പക്ഷേ, ആർ ബി ശ്രീകുമാറിന്റെ പുസ്തകത്തിലെ ഇതുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉദ്ധരിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെ സതീശന് ഉത്തരംമുട്ടി. കോൺഗ്രസ് എന്ന കക്ഷി ഹിന്ദുത്വ വർഗീയതയ്ക്കു മുന്നിൽ കീഴടങ്ങി മൃദു ഹിന്ദുത്വത്തിന്റെ കൊടിയുമായി സഞ്ചരിക്കുകയാണ്. ഇത് പരിതാപകരമാണ്.

ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതത്വബോധം വളർത്താനേ വഴിതെളിക്കുന്നുള്ളൂ. ഇതിനിടെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നിരവധി വർഗീയ കുഴപ്പങ്ങൾ ഉണ്ടാകുകയാണ്. രാജസ്ഥാനിലെ ഉദയ്‌പുരിൽ ഒരാളെ കഴുത്തറുത്തു കൊന്നത് ഹീനമായ കുറ്റകൃത്യമാണ്. ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദയെ അനുകൂലിച്ചു എന്ന് ആരോപിച്ചാണ്  നീചമായ കൊലപാതകം. അപരവിദ്വേഷവും അന്യമതനിന്ദയും ഹിന്ദുത്വ വർഗീയതയുടെ പ്രത്യയശാസ്ത്രവും പ്രവർത്തന പരിപാടിയുമാണ്. അതിന്റെ ഭാഗമായാണ് ബിജെപിയുടെ ഭാഗത്തുനിന്നുള്ള പ്രവാചക നിന്ദ. ഇതിനെതിരെ ലോക വ്യാപകമായിത്തന്നെ പ്രതിഷേധം അലയടിക്കുകയാണ്.  എന്നാൽ, ഭരണകൂട പിന്തുണയോടെയുള്ള ഹിന്ദുത്വ വർഗീയതയെ അക്രമാസക്തമായ ന്യൂനപക്ഷ വർഗീയതകൊണ്ട് നേരിടുന്നത് പ്രശ്നപരിഹാരമാകില്ല. അത് അപകടകരമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെയും മതനിരപേക്ഷ ചേരിയെയും ഇത് ദുർബലപ്പെടുത്തും. രാജ്യത്ത് മതമൈത്രിയും മാനവികതയും കാത്തുസൂക്ഷിക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ടുപോകുന്നത് കമ്യൂണിസ്റ്റുകാരും അവരുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണിയുമാണ്. വർഗീയക്കോമരങ്ങൾക്ക് ഉറഞ്ഞുതുള്ളാനുള്ള കുരുതിക്കളമല്ല, ഏകോദര സഹോദരങ്ങളെപ്പോലെ ജനങ്ങൾ ഒന്നിച്ചുജീവിക്കാനുള്ള മണ്ണാണ് ഇന്ത്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top