31 January Tuesday

ഗവർണർ ആരുടെ 
ഭരണഘടനയാണ്‌ പാലിക്കുന്നത്‌; അഡ്വ. ഐ ബി സതീഷ്‌ എഴുതുന്നു

അഡ്വ. ഐ ബി സതീഷ്‌Updated: Wednesday Oct 19, 2022

ഗവർണറെ വിമർശിക്കുന്ന സംസ്ഥാന മന്ത്രിമാരെ പിൻവലിക്കുമെന്ന കേരള ഗവർണർ ഡോ. ആരിഫ് മൊഹമ്മദ് ഖാന്റെ ട്വീറ്റ്  വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണല്ലോ. തന്റെ സർക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാംകുറിച്ച്‌, ജനങ്ങളിൽ തികച്ചും തെറ്റിദ്ധാരണ പരത്തുന്ന നീക്കങ്ങളാണ്‌ ഗവർണർ തുടർച്ചയായി സ്വീകരിക്കുന്നത്‌. നയപ്രഖ്യാപനം വായിക്കില്ലെന്ന സമീപനംമുതൽ കഴിഞ്ഞദിവസം മന്ത്രിമാരെ നീക്കുമെന്നതുവരെ എത്തിനിൽക്കുന്ന കേരള ഗവർണറുടെ പരാമർശങ്ങൾക്കും തീരുമാനങ്ങൾക്കും എന്തെങ്കിലും  തരത്തിലുള്ള ഭരണഘടനാ പിൻബലമുണ്ടോ. വിവിധ സംസ്ഥാനങ്ങളിലെ ഭരണ അട്ടിമറിയും അതിലൊക്കെ കേന്ദ്ര ഭരണകക്ഷിക്ക്‌ അനുകൂലമായ തരത്തിലുള്ള നീക്കങ്ങളുമെല്ലാം തുടർച്ചയായി രാജ്യം കണ്ടു. ഭരണഘടനാപദവി വഹിക്കുന്ന ഗവർണർമാരെ തുറന്ന രാഷ്‌ട്രീയലക്ഷ്യങ്ങൾക്കായി കേന്ദ്രം ദുരുപയോഗിക്കുന്നത്‌ നഗ്നമായ യാഥാർഥ്യമായി. ഫെഡറൽ സംവിധാനത്തിൽ ഗവർണറുടെയും മന്ത്രിസഭയുടെയും ഉത്തരവാദിത്വം ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്‌.

കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്രകോൺഗ്രസുമായും പിന്നീട്‌ വിസി നിയമനവുമായി ബന്ധപ്പെട്ടും അദ്ദേഹം ആക്ഷേപങ്ങൾ ചൊരിഞ്ഞു. അടുത്തകാലത്ത്‌ ആർഎസ്‌എസ്‌ മേധാവിയെ നേരിട്ടുകണ്ട്‌ ചർച്ച നടത്തിയതും ആർഎസ്‌എസിന്റെ പരിപാടിയിൽ പങ്കെടുത്തതുമെല്ലാം ചേർത്തു വായിക്കുമ്പോൾ ഡോ. ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ സർക്കാർവിരുദ്ധ നടപടികൾക്കു പിന്നിൽ എന്തെന്ന്‌ തികച്ചും വ്യക്തം. കേരള സർവകലാശാലാ സെനറ്റ്‌ അംഗങ്ങളെ പിൻവലിച്ച നടപടിക്കു പിന്നാലെയാണ്‌ മന്ത്രിമാരെ പുറത്താക്കുമെന്ന തരത്തിലുള്ള ഭീഷണിയും. ഇതേ ഗവർണറാണ്‌ കേരള വിസി നിയമനത്തിനുള്ള  സെർച്ച് കമ്മിറ്റിയുടെ കാലാവധി ചട്ടവിരുദ്ധമായി നീട്ടിയത്‌. മൂന്നംഗ സെർച്ച്‌ കമ്മിറ്റിയിലേക്ക്‌ രണ്ടുപേരെ മാത്രംവച്ച്‌ അദ്ദേഹം ഉത്തരവിറക്കിയതും നിയമപരമല്ല.

1964 ലെ സിപിഐ എം പാർടി പരിപാടിയിൽ ഗവർണർപദവി സംബന്ധിച്ച വ്യക്തമായ അഭിപ്രായം പറയുന്നുണ്ട്‌. ‘പാർലമെന്ററി സംവിധാനത്തിനും ജനാധിപത്യത്തിനും വെല്ലുവിളി തൊഴിലാളിവർഗത്തിൽ നിന്നല്ല. ചൂഷകവർഗത്തിൽനിന്നുമാണ്. ജനങ്ങൾ ജനാധിപത്യസംവിധാനത്തെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങുകയും വൻകിട ബൂർഷ്വാസികളുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തിൽനിന്നും അവർ നീങ്ങിത്തുടങ്ങുകയും ചെയ്യുമ്പോൾ, ഈ വർഗം ജനാധിപത്യവ്യവസ്ഥയുടെ അടിവേരറുക്കാൻ ശ്രമിക്കും’. ഈ നിഗമനങ്ങൾ ശരിവയ്‌ക്കുംതരത്തിൽ ജനാധിപത്യവ്യവസ്ഥയുടെ അടിവേരറുക്കാനുതകുന്ന  ആയുധമായി ഗവർണർപദവി മാറിയിരിക്കുന്നു. അല്ലെങ്കിൽ മാറ്റിയിരിക്കുന്നുവെന്നും പറയാം. 1959ലെ കേരളത്തിലെ അനുഭവങ്ങളാണ് സിപിഐ എമ്മിനെ, മുകളിൽ സൂചിപ്പിച്ച നിരീക്ഷണത്തിൽ എത്തിച്ചതെങ്കിൽ അതിനുശേഷമുള്ള അനുഭവങ്ങളും ഈ അഭിപ്രായം തികച്ചും  ശരിവയ്ക്കുന്നതായിരുന്നു. അടിയന്തരാവസ്ഥ പൗരാവകാശങ്ങളെ നേരിട്ടു നിഗ്രഹിച്ചെങ്കിൽ ഗവർണർമാരുടെ പരിമിതമായ വിവേചനാധികാരത്തിലൂടെ സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ ജനാധിപത്യാവകാശങ്ങളെയും ഭരണഘടന നൽകുന്ന അധികാരത്തെയും നിഷേധിക്കുന്നു. ഈ വസ്തുതയെ കൂടുതൽ ഓർമിപ്പിക്കുന്നതും അരക്കിട്ടുറപ്പിക്കുന്നതുമാണ് ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടുകൾ.

2003ൽ കേന്ദ്രത്തിൽ എൻഡിഎ അധികാരമൊഴിഞ്ഞ് യുപിഎ സർക്കാർ അധികാരമേറിയപ്പോൾ ഹരിയാനയിലെ ബാബുപരമാന്ദ്, ഗോവയിൽ കാദർ നാഥ് സാഹ്നി, ഗുജറാത്തിൽ കൈലാട് പതിമിത്ര, ഉത്തർപ്രദേശിൽ വിഷ്ണുകാന്ത്ശാസ്ത്രി എന്നീ ഗവർണർമാരെ പുറത്താക്കി. ഇത്‌ വിവാദമായപ്പോൾ  കോൺഗ്രസ്‌ നേതാവായിരുന്ന ശിവരാജ് പാട്ടീൽ തുറന്നുപറഞ്ഞു. ‘‘ആ ഗവർണർമാർ ആശയപരമായി ഞങ്ങളോട് യോജിപ്പില്ലാത്തവരായതുകൊണ്ടാണ് മാറ്റിയതെന്ന്’-’. അദ്ദേഹത്തിന്റെ സത്യസന്ധത കോൺഗ്രസിന്റെ ജനാധിപത്യ വിരുദ്ധത വെളിവാക്കി.

1967ലെ നാലാം പാർലമെന്റ് തെരഞ്ഞെടുപ്പുവരെ ഗവർണർപദവി ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കേരളത്തിലൊഴികെ അപരിചിതമായിരുന്നു. കാരണം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസ് തന്നെയായിരുന്നു അധികാരത്തിൽ. പശ്ചിമബംഗാളും കേരളവും ഉൾപ്പെടെ എട്ടു സംസ്ഥാനത്തിൽ മറ്റു രാഷ്ട്രീയ പാർടികൾ അധികാരത്തിൽ വന്നപ്പോഴാണ് ഗവർണർ പദവിയെ കൊടുവാളായി ഉപയോഗിക്കാൻ കോൺഗ്രസ്  തയ്യാറായത്.  വിവിധ സംസ്ഥാനങ്ങളിലെ അനിശ്ചിതത്വത്തിന്റെ മറവിൽ കോൺഗ്രസ് ഗവർണർമാരെ വിദഗ്ധമായി വിന്യസിക്കപ്പെടുന്ന ചതുരംഗക്കരുക്കളാക്കി.

പശ്ചിമബംഗാളിൽ 1967ൽ അജോയ് മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാരിൽ ഭിന്നത ഉടലെടുത്തപ്പോൾ ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് നേതാവ്‌  പ്രഥുല്ല ചന്ദ്രഘോഷിയെ മുഖ്യമന്ത്രിയായി  ഗവർണറായിരുന്ന ധരംവീര ഹുമയൂൺ അവരോധിച്ചു. 1970ൽ അജോയ് മുഖർജിയുടെ രണ്ടാം മന്ത്രിസഭ രാജിവച്ചപ്പോൾ ഏറ്റവുമധികം എംഎൽഎമാരുണ്ടായിരുന്ന ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചുവിട്ടു. 1971ൽ ഭീകരമായ ആക്രമണങ്ങളെ അതിജീവിച്ച്‌ 113 സീറ്റു നേടാൻ സിപിഐ എമ്മിനായി. എന്നാൽ, 280 അംഗ നിയമസഭയിൽ അഞ്ച്‌ അംഗങ്ങൾ മാത്രമുള്ള ബംഗ്ലാ കോൺഗ്രസിന്റെ നേതാവ് അജോയ് മുഖർജിയെ മുഖ്യമന്ത്രിയാകാൻ ക്ഷണിക്കുകയാണ് ഗവർണറായിരുന്ന എസ് എസ് ധവാൻ ചെയ്തത് (അജോയ് മുഖർജി ജ്യോതിബസുവിനോട് മത്സരിച്ചു പരാജയപ്പെട്ട് നിയമസഭാംഗം പോലുമല്ലായിരുന്നു). അവിശ്വാസത്തിലൂടെ ആ മന്ത്രിസഭയെ  പരാജയപ്പെടുത്തിയപ്പോൾ സിപിഐ എമ്മിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചുവിട്ടു. കേന്ദ്രം ഭരിച്ച കോൺഗ്രസ്- –-ബിജെപി സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഒരേ സമീപനം തന്നെയായിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 156 (1) അനുസരിച്ച് ഗവർണർമാരെ എപ്പോൾ വേണമെങ്കിലും പുറത്താക്കാൻ കേന്ദ്ര സർക്കാരിനാകും. അഞ്ചുകൊല്ലമാണ്  കാലാവധിയെങ്കിലും ഏതുനിമിഷവും തിരിച്ചുവിളിക്കപ്പെടാമെന്ന അരക്ഷിതത്വം  ഗവർണർമാരെ ചൂഴ്‌ന്നുനിൽക്കുന്നു. ഈ വസ്തുതയാണ്  കേന്ദ്രം  ഭരിക്കുന്ന പാർടിയുടെ ചെല്ലം ചുമക്കുന്ന വിനീത വിധേയരായി ഗവർണർമാർ മാറുന്നതിന്റെ യഥാർഥ കാരണം.  ‘ഡിസ്‌കവറി ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിൽ ജവാഹർലാൽ നെഹ്‌റു പ്രവിശ്യാ ഗവർണർ സ്ഥാനത്തെ വിമർശിക്കുന്നുണ്ട്. ഡൽഹിയിലോ സിംലയിലോ ഇരുന്നുകൊണ്ട്  വിവിധ പ്രവിശ്യകളെ നിയന്ത്രിക്കാനുള്ള ഉപകരണമാണ് ഗവർണർ സ്ഥാനമെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ ഫെഡറൽഘടനയെ തകിടംമറിക്കുന്ന തരത്തിലാണ് ഗവർണർ പദവി ദുരുപയോഗപ്പെടുത്തുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവും എന്ന കാഴ്ചപ്പാടിന്റെ അന്തകരായി നെഹ്‌റുവിന്റെ പിൻഗാമികൾത്തന്നെ മാറിയിരുന്നു. അതിന്റെ തുടർച്ചയാണ്‌ മോദിഭരണത്തിലും ആവർത്തിക്കുന്നത്‌. ഗവർണർമാരുടെ അധികാരങ്ങൾ ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിലൊന്നായ ഫെഡറൽ സ്വഭാവത്തെ ബാധിക്കാൻ പാടുണ്ടോ എന്നതാണ് ഇന്ന്‌ പ്രസക്തമാകുന്ന ചോദ്യം. യഥാർഥത്തിൽ ഈ വിവേചനാധികാരം ഗവർണറുടേതല്ല മറിച്ച് കേന്ദ്ര സർക്കാരിന്റെ (ഭരിക്കുന്ന പാർടിയുടെ) ഇംഗിതമാണ്‌. അതുകൊണ്ടാണ് ഉത്തർപ്രദേശ് ഗവർണറായിരുന്ന കാലത്ത്‌ സരോജിനി നായിഡു, താൻ സ്വർണക്കൂട്ടിൽ അടയ്‌ക്കപ്പെട്ട പക്ഷിയാണെന്ന് പറഞ്ഞത്.

ഗവർണർപദവി  സംബന്ധിച്ച് വ്യക്തമായ രാഷ്ട്രീയനിലപാട് എന്നും സിപിഐ എമ്മിനുണ്ടായിരുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിദൗർബല്യങ്ങളും ചതിക്കുഴികളും വിശകലനം ചെയ്‌തു തിരിച്ചറിയാൻ സിപിഐ എമ്മിനു കഴിഞ്ഞു. കേന്ദ്ര–-സംസ്ഥാന  ബന്ധത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സർക്കാരിയ കമീഷനിൽ സിപിഐ എം സമർപ്പിച്ച ശുപാർശകൾ അതിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഗവർണർ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആളാകണമെന്ന വാദഗതിയും പലകാലങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. ഇ എം എസ് തന്നെ ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശ്വസ്തരെ അവരോധിച്ച് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജനാധിപത്യാവകാശം കവരാൻ ഗവർണർമാരെ ഉപയോഗിക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ  ഇ എം എസ് പറഞ്ഞതുപോലെ ഗവർണർ പദവി വേണ്ടന്നുവയ്ക്കുകയാണ് വേണ്ടത്. മറ്റൊരർഥത്തിൽ ഇന്ത്യയുടെ ജനാധിപത്യ ശരീരത്തിലെ അനാവശ്യഘടകമായി ഗവർണർപദവി മാറി. താൽക്കാലിക നേട്ടങ്ങൾക്കായി ഗവർണർപദവി തുടർച്ചയായി ദുർവിനിയോഗം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തിൽ ഇ എം എസും സിപിഐ എമ്മും ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൾക്ക്‌ പ്രസക്തിയേറുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top